കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണി

എം.എന്‍ . കാരശ്ശേരി

01 Sep 2010

മ്മുടെ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്താണ് എന്നതിനെപ്പറ്റി, നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ ആന്ധ്യമുണ്ട് എന്നാണ് എന്റെ വിമര്‍ശനം. സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, കുത്തകമുതലാളിത്തം തുടങ്ങീ അനവധി പ്രതിയോഗികളെ നമ്മുടെ പാര്‍ട്ടിക്കാര്‍ നമ്മുടെ മുമ്പാകെ കാണിക്കുന്നുണ്ട്. എന്റെ നോട്ടത്തില്‍ ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു വര്‍ഗ്ഗീയതയാണ്. നമ്മള്‍ ആലോചിക്കേണ്ടതാണ്, അഴിമതിയാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. സാമ്രാജ്യത്വമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. മുതലാളിത്തമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. നിങ്ങള്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും. ഒരു കാര്യമേ പറയുന്നുള്ളൂ, ഒരു അഴിമതിക്കാരനായ ഭരണാധികാരി അധികാരത്തില്‍ നിന്ന് പോയാല്‍ അല്ലെങ്കില്‍ അയാളുടെ കാലം കഴിഞ്ഞാല്‍ അല്ലെങ്കില്‍ അയാളുടെ പാര്‍ട്ടി തോറ്റാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു. വര്‍ഗ്ഗീയത കൊണ്ട് എടുക്കുന്ന ഒരു കളിയും അങ്ങനെ അവസാനിക്കാന്‍ പോകുന്നില്ല .

ഓര്‍ത്തിരിക്കേണ്ട ഒരു തീയ്യതിയാണ് 1946 ആഗസ്റ്റ് 16. ബംഗാളില്‍ വിഭജനത്തെ ആവശ്യപ്പെട്ടുള്ള വര്‍ഗ്ഗീയ കലാപം അന്നാണ് ആരംഭിച്ചത്. എന്താണ് നമ്മള്‍ അതില്‍ നിന്ന് പഠിച്ചത് ? ഹിന്ദുഭൂരിപക്ഷമുള്ള ഇന്ത്യാരാജ്യത്തില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്നാണ് അന്ന് നമ്മള്‍ പറഞ്ഞത്. അങ്ങനെയാണ് പാക്സ്ഥാന്‍ പ്രമേയം എന്ന് പിന്നീട് ചരിത്രം വിളിക്കുന്ന പ്രമേയം വരുന്നത്. 1946-ല്‍ direct action എന്ന് പറയും, ഇനി വിഭജനമല്ലാതെ വേറൊരു വഴിയില്ല -വിഭജക്കപ്പെട്ടു , ഒരാഴ്ച കൊണ്ട് മരിച്ചത് ഒരു ലക്ഷം പേരാണ്. അന്നത്തെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷമാണ്. രണ്ട് ലോകമഹായുദ്ധത്തില്‍ അത്രയും അഭയാര്‍ത്ഥികള്‍ ഉണ്ടായിട്ടില്ല. ഇവിടെ എവിടെയാണ് മുസ്ലീങ്ങള്‍ ...?

പാകിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ് മുഹമ്മദലി ജിന്ന ആക്രമിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീട്ടം കൊണ്ടാണ് ഗസ്‌കര്‍ എന്ന് പേരായ തീവ്രവാദി സംഘടനയുടെ പ്രതിനിധിയുടെ കഠാരിമുനയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നത്. 1953-ല്‍ പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനെ റാവല്‍ പിണ്ടിയില്‍ വെടിവെച്ച് കൊന്നു. എത്ര പ്രധാനമന്ത്രിമാരാണ്, എത്ര പ്രസിഡണ്ടുമാരാണ് അവിടെ കൊല്ലപ്പെട്ടത് ! 1971-ല്‍ ഈ പാകിസ്ഥാനില്‍ 30 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു എന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, കിഴക്കന്‍ പാകിസ്ഥാനെതിരായിട്ട് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യുന്നു..! ഇവിടെ എവിടെപ്പോയി മതം ? എവിടെപ്പോയി വികാരം ..?

ഇന്ന് ആലോചിച്ചാല്‍ മനസ്സിലാവും, ഇത്തിരിയെങ്കിലും സമാധാനമായിട്ട് ഇസ്ലാം മതവിശ്വാസിയായി ജീവിക്കാന്‍ പറ്റിയ ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഗുജറാത്തിലെ നരേന്ദ്ര മോഡി തുടങ്ങിയ അനേകം അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ രാജ്യത്ത് ഇപ്പോഴും താരതമ്യേന അവനവന്റെ മതവിശ്വാസവുമായി ജീവിക്കാന്‍ സാധിക്കും. ഈ തീവ്രവാദം കൊണ്ട്, മതത്തെ ഈ തരത്തില്‍ രാഷ്ട്രീയവല്‍ക്കരിച്ചത് കൊണ്ട് എന്താണ് കിട്ടിയത് എന്ന് ആലോചിക്കണം. 21-ന് അധ്യാപകന്റെ കൈയ്യിന് വെട്ടിയ ഒരു വെട്ട് ഇന്നും തുടര്‍ന്ന് വരും.1000 കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കുരിശ്ശ് യുദ്ധങ്ങളുടെ കഥ, സദ്ദാമിനെ ആക്രമിക്കാന്‍ വേണ്ടി പോകുമ്പോള്‍ ബുഷിന്റെ നാവിലേക്ക് വരികയാണ് , its a crusade എന്ന്. അതുകൊണ്ട് വര്‍ഗ്ഗീയത കൊണ്ട് ചെയ്യപ്പെടുന്നത് ഒന്നും മറന്ന് പോകാനുള്ളതല്ല, മാറിപ്പോവാനുള്ളതല്ല. ഒരു കൊല പത്ത് കൊലയെ പുനരുല്‍പ്പാദിപ്പിക്കും. അപ്പോള്‍, നമ്മള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വര്‍ഗ്ഗീയതയാകുന്നു. നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോള്‍ തന്നെ ഇത് തുടങ്ങിയിരുന്നു .ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഇതിനുത്തരവാദികള്‍ എന്ന യാതൊരു ആന്ധ്യവും എനിക്കില്ല .

1925-ല്‍ തന്നെ ആര്‍.എസ്സ്.എസ്സ് ഉണ്ടാവുന്നു, ഇത് ഹിന്ദു രാഷ്ട്രമാണ് എന്ന് പറഞ്ഞിട്ട്. ഇത് ഒരു സെക്യുലര്‍ രാഷ്ട്രമാണ് എന്ന് പറയേണ്ടിയിരുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും അടിയാളവര്‍ഗ്ഗക്കാരുമാണ്. അതല്ല പറഞ്ഞത്, അതല്ല മനസ്സിലായത്. മനസ്സിലായത് നമുക്ക് എത്രയെളുപ്പം അധികാരം നേടാം, എത്രയെളുപ്പം പ്രധാനമന്ത്രിയാവാം, എത്രയെളുപ്പം പ്രസിഡണ്ടാവാം എന്നുള്ളതാണ് . ജിന്നയുടെ ജീവചരിത്രത്തില്‍ 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് പാകിസ്ഥാന്‍' എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് .സ്വാതന്ത്ര്യകാലത്തിന്റെ കൂടെ വന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ അതിന്റെ തുടര്‍ച്ചയായി വന്ന രാഷ്ട്രവിഭജനങ്ങളുടെ തെറ്റില്‍ നിന്ന് അതിന്റെ അബദ്ധത്തില്‍ നിന്ന് നമ്മള്‍ ഇന്ത്യക്കാര്‍, എല്ലാ മതക്കാരും എന്താണ് പഠിച്ചത് ..?

ഗാന്ധിജി പറഞ്ഞിട്ടുണ്ട്, ഇരുഭാഗത്തുമുള്ള വര്‍ഗ്ഗീയ വാദികള്‍ ഒരേ പന്തിയില്‍ നിന്നാണ് ഊണ് കഴിക്കുന്നതെന്ന്, communalism inter dines. എത്ര ശരിയാണത്....! ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നമ്മളെ പറഞ്ഞ് പറ്റിച്ചതാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരേ പോലെയല്ല എന്ന്. ഇന്ന് മനസ്സിലാവുന്നുണ്ട്, ബോബെയില്‍ 10 മനുഷ്യന്‍മാരാണ് 3 ദിവസം 100 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്, 10 പേര്‍ക്ക് സാധിക്കുമത്. അമേരിക്കയുടെ wtc തകര്‍ക്കാന്‍ 10 ആള്‍ മതി. കാരണം ടെക്‌നോളജി വളര്‍ന്നു. അനവധി സൗകര്യങ്ങള്‍ ഉണ്ടായി. അപ്പോള്‍ ഏത് രാഷ്ട്രത്തേയും എത്ര വലിയ സൈന്യത്തേയും വെല്ലുവിളിക്കാന്‍ ഒന്നോ രണ്ടോ ആളുകള്‍ മതിയെന്ന ഒരു അവസ്ഥാവിശേഷം വന്നു. അപ്പോഴും ന്യൂനപക്ഷവര്‍ഗ്ഗീയത ഒരു കുഴപ്പവും ഇല്ല, കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാലോ വോട്ട് പോകും, അതാണ് കാര്യം.

മതേതരത്വം നിലനിര്‍ത്തേണ്ട ആവശ്യം മതവിരുദ്ധന്‍മാര്‍ക്കല്ല, മത വിശ്വാസികള്‍ക്കാണ്. മതവിശ്വാസികളെ പറഞ്ഞ് പറ്റിക്കുകയാണ് പുരോഹിതന്‍മാര്‍. ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ അവര്‍ തങ്ങളുടെ പൗരോഹിത്യഭരണം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. മതമൗലീകവാദം എന്നല്ല വാസ്തവത്തില്‍ അതിനെ വിളിക്കേണ്ടത്, മതമൗലവീകതാവാദം എന്നാണ് .

1979-ല്‍ ഇറാനില്‍ ഇസ്ലാമിക റെവല്യൂഷന്‍ വിജയിച്ചു, എന്താണ് സംഭവിച്ചത് ? ഷാ എന്ന അവിടുത്തെ പാവചക്രവര്‍ത്തി അമേരിക്കയുടേയും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടേയും പപ്പറ്റ് ആണ്. കച്ചവടമാണിത്. ലോകത്തിലെ എല്ലാ കച്ചവടത്തിലും വില്ക്കുന്നവന്‍ പറയുന്നതാണ് വില. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുടെ കച്ചവടത്തില്‍ വില്ക്കുന്നവനല്ല, വാങ്ങുന്നവന്‍ പറയുന്നതാണ് വില. സൗദി അറേബ്യ എത്ര രൂപയ്ക്ക് എണ്ണ കൊടുക്കണമെന്ന് അമേരിക്ക പറയും. സൗദി അറേബ്യ ആ വിലയ്ക്ക് കൊടുക്കേണ്ടി വരുന്നു. ഈ കച്ചവടത്തില്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന ഒരു പണി അമേരിക്ക പരോക്ഷമായി ചെയ്യുന്നുണ്ടാവും. കാരണം അവിടെയൊക്കെ ജനാധിപത്യം വന്നാല്‍ ബുദ്ധിമുട്ട് അമേരിക്കക്കാണ. നമ്മള്‍ കാണുന്ന മിക്ക അറബി നാടുകളിലും ഒന്നുകില്‍ രാജാക്കന്‍മാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ പട്ടാളക്കാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ ഏകാധിപതി ഭരിക്കുന്നു. അതിനൊക്കെ പിന്തുണ കൊടുക്കാന്‍ ഒരു അമേരിക്കയുമുണ്ട് . അപ്പോള്‍ നമ്മള്‍ ഒക്കെ അനുഭവിക്കുന്ന ഇവിടുത്തെ എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയതയുടേയും ഭീകരവാദത്തിന്റേയും എല്ലാ ചൂടും അതിന്റെ വേവും മുഴുവന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അദൃശ്യഇടപെടലാണ്. ആധുനിക കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതില്‍ ഏറ്റവും വലിയ പങ്കുള്ളത് 1959-ലെ വിമോചനസമരത്തിനാണ്. ആ വിമോചനസമരത്തിന് പിറകിലുണ്ടായത് അമേരിക്കയാണെന്ന് എന്നത് തെളിഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ അശ്ലീലം അങ്ങനെയാണ് അരങ്ങേറിയത്. പിന്നെ അത് കഴിഞ്ഞ് എന്തൊക്കെ കാര്യങ്ങള്‍ നടന്നു...!

എന്താണ് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം..? അവര്‍ക്കെന്തൊക്കെയോ പ്രശ്‌നങ്ങുണ്ട്. അതവരുടെ ഭരണത്തിന്റേയോ കച്ചവടത്തിന്റേയോ എന്തെങ്കിലുമായിരിക്കും. അത് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം എന്നല്ല നമ്മളോട് പറയുന്നത്, പാശ്ചാത്യരും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നം എന്നാണ്. സൗദി അറേബ്യയിലേയോ ഗള്‍ഫിലേയോ എണ്ണ രാജാവ് അല്ലങ്കില്‍ അവിടുത്തെ അധികാരിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായി അത് ഇന്ത്യയിലെ മുസ്ലീമിനെ എങ്ങനെ ബാധിക്കാനാണ് ... ? ഇത് ആലോചിക്കാന്‍ വയ്യാത്ത രീതിയില്‍ കാര്യങ്ങള്‍ വൈകാരികമാകുന്നു, അല്ലെങ്കില്‍ വൈകാരികമാക്കുന്നു. ചൈനക്കാരും ജപ്പാന്‍കാരും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് നമ്മളെ ബാധിക്കാത്തതും പാശ്ചാത്യരും അറബികളും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മെ ബാധിക്കുകയും ചെയ്യുന്നതിന്റെ കാരണവും ഈ വികാരം തന്നെയാണ്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education