ഉറങ്ങാന്‍ മറന്നുപോകാറുള്ള ഒരു വായനക്കാരന്‍

എന്‍.ഇ. സുധീര്‍

04 Jun 2012


ബള്‍ഗേറിയന്‍ എഴുത്തുകാരനായ എല്യാസ് കാനേറ്റിയുടെ വിശ്വപ്രസിദ്ധനോവലായ ഓട്ടോ ദ ഫേയിലെ പ്രധാന കഥാപാത്രമാണ് പ്രൊഫസര്‍ കീന്‍. ഗ്രന്ഥോന്മാദിയായ ഈ പ്രൊഫസര്‍ ആയിരക്കണക്കിനു പുസ്തകങ്ങള്‍ അടുക്കിവെച്ച തന്റെ സ്വകാര്യലൈബ്രറിയില്‍ ആഹ്ലാദത്തോടെ കഴിഞ്ഞുകൂടി. അദ്ദേഹം പുസ്തകങ്ങളെ സ്‌നേഹിക്കുന്നത് ആശയങ്ങളടങ്ങിയ നിധികളെന്ന നിലയിലാണ്.

പി. ഗോവിന്ദപ്പിള്ളയുടെ വീട്ടിലെ ലൈബ്രറിയില്‍ കടന്നുചെല്ലുമ്പോഴൊക്കെ ഞാനോര്‍ത്തുപോവാറുള്ളത് കാനേറ്റിയുടെ നോവലിലെ ഈ പ്രൊഫസറെയാണ്. പി.ജിയും പുസ്തകങ്ങളെ സ്‌നേഹിക്കുന്നത് അറിവിന്റെയും ആശയങ്ങളുടെയും കലവറകളെന്ന നിലയിലാണ്. നന്നേ ചെറുപ്പത്തിലേ തുടങ്ങിയ ആശയങ്ങളോടും അറിവിനോടുമുള്ള ഈ ആര്‍ത്തി ഒരു കുറവും വരാതെ ഈ ജീവിതാസ്തമയ കാലത്തും പി.ജിയില്‍ നിലനില്ക്കുന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പി.ജിയെ കാണാന്‍ എ.കെ.ജി. സെന്ററിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നപ്പോള്‍ എന്റെ കൈയിലൊരു പുസ്തകമുണ്ടായിരുന്നു. ഇഷ്യൂസ് ഇന്‍ ട്വന്റിയത് സെന്‍ച്വറി വേള്‍ഡ് ഹിസ്റ്ററി എന്ന ആ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയപ്രതിസന്ധികളെപ്പറ്റിയുള്ള രാഷ്ട്രമീമാംസാ വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് തയ്യാറാക്കിയ ഒരു പാഠപുസ്തകമായിരുന്നു. പി.ജിക്ക് അറിയാത്തതായി അതിലൊന്നും കാണില്ല. അതിലുള്ളതിലും എത്രയോ അധികം ഇരുന്ന ഇരുപ്പില്‍ പറഞ്ഞുതരാന്‍ അദ്ദേഹത്തിനു കഴിയും. എന്നാലും പി.ജി. കൗതുകത്തോടെ അതെന്നില്‍നിന്ന് വാങ്ങി മറിച്ചുനോക്കി. പിന്നെ ഞങ്ങള്‍ പലതും സംസാരിച്ചിരുന്നു. മടങ്ങാന്‍ നേരത്ത് പി.ജിയുടെ നോട്ടം വീണ്ടും എന്റെ കൈയിലെ പുസ്തകത്തിലേക്കായി. എന്നിട്ടൊരാത്മഗതംപോലെ പറഞ്ഞു: 'തരക്കേടില്ലെന്ന് തോന്നുന്നു. എന്തെങ്കിലും പുതിയതു കാണാതിരിക്കില്ല. ചില റഫറന്‍സിനുപകരിക്കും.' പി.ജിക്ക് ആ പുസ്തകത്തെ വേണ്ടെന്നു വെക്കാന്‍ മനസ്സുവരുന്നില്ലെന്നര്‍ഥം. ഇതാണ് പി. ഗോവിന്ദപ്പിള്ള. കുട്ടികള്‍ക്ക് ചോക്‌ളേറ്റിനോടെന്നപോലുള്ള ഒരുതരം ആര്‍ത്തിയാണ് 87കാരനായ ഈ മനുഷ്യന് പുസ്തകങ്ങളോട്. വാര്‍ധക്യം മൂലമുള്ള അവശതകള്‍ക്കിടയില്‍ ഏറെ ക്ലേശിച്ചാണ് അദ്ദേഹമിപ്പോള്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നത്. കണ്ണും കാതും പിണങ്ങിയിട്ട് കാലമേറെയായി. ഒരുകാലത്ത് പി.ജിയുടെ മുഖമുദ്രയായിരുന്ന തോള്‍സഞ്ചി താങ്ങാനുള്ള കരുത്ത് ഇന്നാ തോളിനില്ല. കാലുകള്‍ക്ക് വേഗതയില്ല; കൈകള്‍ക്ക് വിറയലുണ്ട്. ക്ഷീണമില്ലാത്തതായി ഒന്നേയുള്ളൂ ആ ശരീരത്തില്‍, മസ്തിഷ്‌കം. പുതിയ ആശയങ്ങളെയും അറിവിനെയും കാത്തുകൊണ്ട് അതിപ്പോഴും മുന്‍പെന്നത്തേയുംപോലെ ജാഗ്രത്തായി ഉണര്‍ന്നിരിക്കുന്നു.

1980കളുടെ തുടക്കത്തിലാണ് ഞാന്‍ പി.ജിയെ പരിചയപ്പെടുന്നത്. പ്രൊഫ. എം. കൃഷ്ണന്‍ നായരാണ് എനിക്കദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത്.

കൃഷ്ണന്‍ നായര്‍ യഥാര്‍ഥത്തില്‍ അന്നു പരിചയപ്പെടുത്തിയത് പി.ജിയെ ആയിരുന്നില്ല; അദ്ദേഹത്തിന്റെ തോളിലെ പുസ്തകസഞ്ചിയെ ആയിരുന്നു. 'ഏത് വിഷയത്തിലെയും ഏറ്റവും പുതിയ കൃതികള്‍ ഈ സഞ്ചിയിലുണ്ടാകും. അതുപോലെ ഏതുകാലത്തെ ക്ലാസിക്കും.' കൃഷ്ണന്‍ നായരുടെ അന്നത്തെ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഞാനന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ പുസ്തകശാലയില്‍ ജോലി ചെയ്യുകയായിരുന്നു. അന്നുതൊട്ട് ഞാന്‍ പി.ജിയുടെ പുസ്തകസഞ്ചിയില്‍ ഒരു കണ്ണുവെച്ചു. ആദ്യമൊക്കെ രഹസ്യമായാണ് അതിലെന്തൊക്കെയുണ്ടെന്ന് തപ്പിനോക്കിയിരുന്നത്. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല പി.ജി. പിന്നീട് കടയിലെത്തിയാലുടന്‍ സഞ്ചിയിലെ പുസ്തകങ്ങള്‍ നോക്കിക്കൊള്ളാന്‍ എനിക്കനുവാദം തന്നു. അതൊരു പതിവാക്കി. ഇ-മെയിലും ഇന്റര്‍നെറ്റുമൊന്നും പ്രചാരത്തിലില്ലാത്ത അക്കാലത്ത് അതൊരു സൗഭാഗ്യമായിരുന്നു. ലോകത്തിറങ്ങുന്ന പ്രധാന പുസ്തകങ്ങള്‍ പി.ജി. എവിടെനിന്നെങ്കിലും കൈക്കലാക്കും. പിന്നെ കാണാന്‍ കൊതിച്ചിരുന്ന പഴയ ഗ്രന്ഥങ്ങളും അതിലുണ്ടാവും. പി.ജി. അന്വേഷിച്ചു നടന്നിരുന്ന പല പുസ്തകങ്ങളും ഞാന്‍ പ്രത്യേക ശ്രദ്ധയോടെ വരുത്തിക്കൊടുത്തു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമായി. പി.ജി. പല പുസ്തകങ്ങളെയും എനിക്ക് പരിചയപ്പെടുത്തിത്തന്നു. എഴുത്തുകാരെപ്പറ്റി സംസാരിച്ചു. പലരെയും പി.ജിക്ക് നേരിട്ടറിയാം. പല കൃതികളും നിശ്ചയമായും വായിക്കണമെന്ന് എന്നോടു നിര്‍ദേശിച്ചു. പുസ്തകത്തിന്റെയും പല പ്രസാധകരുടെയും ചരിത്രം വിവരിച്ചുതന്നു. പുസ്തകങ്ങളെയെന്നപോലെ ഞാനെന്ന പുസ്തകക്കച്ചവടക്കാരനെയും പി.ജി. സ്‌നേഹിച്ചു. എനിക്കദ്ദേഹം ഒരുപാടു സ്വാതന്ത്ര്യം തന്നു. പുസ്തകം വാങ്ങിയ വകയില്‍ കടം കൂടിയെന്ന് ഒന്നോര്‍മിപ്പിച്ചാല്‍ അധികം വൈകാതെ തുകയെഴുതാത്ത ഒരു ചെക്കുമായി പി.ജിയെത്തും. കണക്കുനോക്കി ചെക്കെഴുതിയെടുത്തോളൂ എന്നാണ് നിര്‍ദേശം. 'അച്ഛന്‍ ഞങ്ങള്‍ മക്കള്‍ക്കു പോലും ബ്ലാങ്ക് ചെക്ക് തരാറില്ല,' ഒരിക്കല്‍ കൂടെ വന്ന മകന്‍ എം.ജി.രാധാകൃഷ്ണന്‍ അല്പം കുശുമ്പോടെ എന്നോടു പറഞ്ഞു. പി.ജിക്ക് എന്തെങ്കിലും അവാര്‍ഡ് കിട്ടിയെന്നറിഞ്ഞാല്‍ എനിക്കുറപ്പാണ് വൈകാതെ ചെക്കുമായി പി.ജിയെത്തും. സമ്മാനത്തുകകള്‍ എപ്പോഴും പുസ്തകങ്ങളുടെ കുടിശ്ശിക തീര്‍ക്കാനുള്ളതാണ്. പി.ജി. കടയില്‍ വരുന്നത് സന്ധ്യ കഴിഞ്ഞാണെങ്കില്‍ അന്ന് സമയത്തിനു കടയടയ്ക്കാനാവില്ലെന്നോര്‍ത്ത് മറ്റു തൊഴിലാളികള്‍ പിറുപിറുക്കും. അതില്‍ സത്യമില്ലാതില്ല.

എല്ലാ ഷെല്‍ഫില്‍നിന്നും താത്പര്യമുള്ള പുസ്തകങ്ങളെല്ലാം പെറുക്കിയെടുത്ത് അദ്ദേഹം ഒരു മൂലയില്‍ ചെന്നിരിക്കും. പിന്നെ ഓരോന്നായി പലതവണ തിരിച്ചും മറിച്ചും നോക്കി സമയമങ്ങനെ നീളും. രാത്രി ഒന്‍പതു കഴിഞ്ഞെന്നോര്‍മിപ്പിച്ചാലേ പി.ജിക്ക് പരിസരബോധം വരൂ. പിന്നെ ധൃതിയില്‍ വാങ്ങാന്‍ തീരുമാനിച്ചവയുമായി കൗണ്ടറിലെത്തുമ്പോള്‍ ഒരാത്മഗതമുണ്ടാകും - 'അതൊന്നും മോശമായതുകൊണ്ടോ, വേണ്ടാത്തതുകൊണ്ടോ അല്ല. പലതും ഫസ്റ്റ് ക്ലാസ് ഗ്രന്ഥങ്ങളാണ്. എല്ലാറ്റിനും കൂടി പണം വേണ്ടേ.' വാങ്ങിയ പുസ്തകങ്ങളെല്ലാം സഞ്ചിയില്‍ തിരുകി മുണ്ടും മടക്കിക്കുത്തി പിന്നെയൊരു നടപ്പാണ്. പെരുന്താന്നിയിലെ സുബാഷ് നഗറിലുള്ള വീട്ടിലേക്ക്. പലതും അന്നുതന്നെ വായിച്ചുതുടങ്ങണം. പകല്‍ മുഴുവന്‍ പൊതുപ്രവര്‍ത്തനം, മീറ്റിങ്ങുകള്‍, പ്രഭാഷണങ്ങള്‍, യാത്രകള്‍, രാത്രി വായനയ്ക്കുള്ളതാണ്. പുസ്തകങ്ങളുടെ കൂടെയിരുന്നാല്‍ അച്ഛന്‍ രാത്രിയില്‍ ഉറങ്ങാന്‍ മറന്നുപോകാറുണ്ടെന്ന് മകള്‍ പാര്‍വതി സാക്ഷ്യപ്പെടുത്തുന്നു.

പി.ജിയുടെ പുസ്തകശേഖരത്തില്‍ 25000-ലേറെ ഗ്രന്ഥങ്ങള്‍ കണ്ടേക്കുമെന്നാണ് എന്റെയൊരു കണക്ക്. വീടിന്റെ മുകളിലത്തെ നിലയിലെ വിശാലമായ ഹാളാണ് പ്രധാന ലൈബ്രറിയായി ഉപയോഗിക്കുന്നത്. കക്കൂസും കുളിമുറിയുമൊഴിച്ച് ആ വീട്ടിലെ വരാന്തയിലും മറ്റെല്ലാ മുറികളിലും പുസ്തകങ്ങളുണ്ട്. താഴത്തെ നിലയിലെ സ്വീകരണമുറിയില്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മാത്രമാണ് അടുക്കിവെച്ചിട്ടുള്ളത്. അതു മാത്രം വരും അഞ്ഞൂറിലധികം. പി.ജിയുടെ ലൈബ്രറിയില്‍ ഇല്ലാത്ത വിഷയങ്ങളുണ്ടോ? പ്രാചീന ഹൈന്ദവദര്‍ശനം തൊട്ട് നാനോ ടെക്‌നോളജി വരെ അതിനകത്തുണ്ട്. മനുഷ്യസംബന്ധിയായ എല്ലാ വിഷയങ്ങളിലും പി.ജിക്ക് താത്പര്യമുണ്ട്. കമ്യൂണിസവും മതദര്‍ശനവും ദൈവശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും ശാസ്ത്രവും സാഹിത്യവും സാമ്പത്തികശാസ്ത്രവും കലാദര്‍ശനവും അങ്ങനെ സകല വൈജ്ഞാനികമേഖലകളിലുമുള്ള പ്രാമാണികഗ്രന്ഥങ്ങള്‍ തൊട്ട് സാധാരണകൃതികള്‍വരെ അവിടെ സമ്മേളിച്ചിരിക്കുന്നു. ഇത്രയേറെ വിഷയവൈപുല്യമുള്ള ഒരു സ്വകാര്യഗ്രന്ഥശേഖരം ലോകത്തുതന്നെ അപൂര്‍വമായിരിക്കും എന്നാണ് എന്റെയൊരു തോന്നല്‍. ഇതെല്ലാം വായിച്ചു തീര്‍ന്നവയാണെന്ന് പി.ജി. ഒരിക്കലും അവകാശപ്പെടില്ല. ഏറെയും വായിച്ചവ മാത്രമല്ല, പഠിച്ചുതന്നെ കഴിഞ്ഞവയാണ്. വായിക്കാത്തവയിലെന്തൊക്കെയുണ്ടെന്നും പി.ജിക്ക് നല്ല നിശ്ചയംതന്നെ. ഏതു പുസ്തകം ഏത് ഭാഗത്തുണ്ടെന്നും കൃത്യമായറിയാം. ഏതു ഗ്രന്ഥവും എപ്പോള്‍ വേണമെങ്കിലും ആവശ്യാനുസരണം നോക്കിയെടുക്കാനും പി.ജിക്ക് കഴിയും. അതിഗഹനമായ സാങ്കേതികഗ്രന്ഥങ്ങള്‍ മാത്രമാണ് അദ്ദേഹം കൈവെക്കാത്തവയായുള്ളത്. പിന്നെ സ്‌പോര്‍ട്‌സ് പുസ്തകങ്ങളും. ആ ബുദ്ധിക്ക് കീഴടങ്ങാന്‍ മടികാണിച്ച ചില കൃതികളും ആ ഗ്രന്ഥപ്പുരയിലുണ്ടെന്നുവരാം.

അമ്മയാണ് ചെറുപ്പത്തിലേ ഗോവിന്ദപ്പിള്ളയെ വായനയുടെ ലോകത്തേക്കു കടത്തിവിട്ടത്. പാറുക്കുട്ടിഅമ്മ നല്ലൊരു വായനക്കാരിയായിരുന്നു. രാമായണവും മഹാഭാരതവും മറ്റ് ആത്മീയഗ്രന്ഥങ്ങളും അവര്‍ സ്ഥിരമായി വായിച്ചിരുന്നു. അവ കഴിഞ്ഞാല്‍ സമയം കിട്ടുമ്പോഴൊക്കെ കിട്ടാവുന്ന മലയാളനോവലുകളും ആ അമ്മ വായിക്കുമായിരുന്നു. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയായിരുന്നു അമ്മയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendBUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education