ദൈവത്തോടൊപ്പം നടന്ന ഒരു മനുഷ്യന്‍

എസ്.ജയചന്ദ്രന്‍ നായര്‍

27 Jul 2013

ദൈവത്തോടൊപ്പം നടന്ന മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ ഹ്രസ്വമെങ്കിലും തേജോമയമായ ജീവിതം ഇന്ത്യക്കാര്‍ക്ക് ഒരു ലെജന്‍ഡാണ്.

ബ്രഹ്മസമാജക്കാരനായിരിക്കവെ ദൈവത്തെ തേടി നടന്ന പതിനെട്ടുകാരനായ നരേന്ദ്രനെന്ന വിവേകാനന്ദനുണ്ടായ അത്യപൂര്‍വ്വമായ അനുഭവം ചരിത്രം തിരുത്തുമെന്ന് ആരും കരുതിയിരിക്കുകയില്ല. അശാന്തമായ മനസ്സുമായി, തന്റെ അന്വേഷണത്തിന്നു തൃപ്തികരമായ ഉത്തരം തേടി ഉഴറിയിരുന്ന നരേന്ദ്രന്‍ , അയല്‍വാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടില്‍വെച്ച് ശ്രീരാമകൃഷ്ണനെ കണ്ടിരുന്നു. നരേന്ദ്രന്റെ ഗാനാലാപനത്തില്‍ സന്തുഷ്ടനായ ശ്രീരാമകൃഷ്ണന്‍ , ദക്ഷിണേശ്വരത്തു ചെല്ലാന്‍ യുവാവിനെ നിര്‍ബന്ധിച്ചു. അങ്ങനെ ഒരു നാള്‍ അദ്ദേഹം ദക്ഷിണേശ്വരത്തെത്തിയപ്പോഴാണ് ആ സംഭവം. അവിടെ വെച്ച് പ്രായത്തിന്റെ അപക്വമായ കൗതുകത്തോടെ ശ്രീരാമകൃഷ്ണനോടു നരേന്ദ്രന്‍ ചോദിച്ചു:''മഹാശയാ അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ?'' ആ ചോദ്യവും അതിനുള്ള ഉത്തരവും ഹൈന്ദവ വിശ്വാസത്തിന്റെ നവോത്ഥാനത്തെ കുറിച്ചതായിരുന്നുവെന്ന് അനന്തരസംഭവഗതികള്‍ തെളിയിക്കുന്നു.

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിര്‍ണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. 'നീ വരാന്‍ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പല്‍ കൊള്ളുന്നു.....!''

ശ്രീരാമകൃഷ്ണനില്‍ നിന്നു കൊളുത്തിയെടുത്ത അഗ്നിശിഖയായിരുന്നു സ്വാമി വിവേകാനന്ദന്‍ . ആ ദീപയഷ്ടിയുടെ വെളിച്ചം ഇന്ത്യയുടെ അതിര്‍ത്തി കടന്ന്, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് ആത്മീയാനുഭവമായി മാറി. അത്യാവേശകരമായ ആ കഥ, അതിലളിതമായി എന്നാല്‍ ഗഹനമായി സ്വാമി വിവേകാനന്ദന്‍ എന്ന ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

പതിനാലു ചെറു അധ്യായങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ഈ ഗ്രന്ഥം സ്വാമിവിവേകാനന്ദന്റെ സംഭവബഹുലവും, അത്യാകര്‍ഷവുമായ ജീവിതത്തോടൊപ്പം ഹൈന്ദവ വിശ്വാസത്തിന്റെ നവോത്ഥാനരേഖയായി മാറിയ അദ്ദേഹത്തിന്റെ ജ്ഞാനസാഗരത്തെയും സംക്ഷിപ്തമായി വിവരിക്കുന്നു. താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ആഴത്തിലുള്ള അറിവിനു പുറമെ, ആ മഹാജീവിതത്തെ സമീപിക്കുന്നതില്‍ ഗ്രന്ഥ കര്‍ത്താവ് പുലര്‍ത്തുന്ന അഭിജാതതയും, ആരാധനയും ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്.

വിവേകാനന്ദസൂത്രം എന്നു പൊതുവെ വ്യവഹരിക്കപ്പെടുന്ന, മഹാനായ ആ മനുഷ്യന്റെ നിത്യഭാസുരങ്ങളായ സംഭാവനകളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു., യോഗദര്‍ശനങ്ങളുടെ ആധാരശിലകളായ കര്‍മ്മയോഗത്തിലും, ജ്ഞാനയോഗത്തിലും, ഭക്തിയോഗത്തിലും, രാജയോഗത്തിലും പ്രഫുല്ലമാകുന്ന ഹൈന്ദവ വിശ്വാസത്തിലേക്കു വായനക്കാരനെ കൈപിടിച്ചു നയിക്കുന്ന ഗ്രന്ഥകര്‍ത്താവ്, ബ്രഹ്മത്തിലേക്ക് ഒഴുകി അണഞ്ഞ മഹാപ്രവാഹമായ സ്വാമി വിവേകാനന്ദന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ ജീവിതത്തെ അതിമനോഹരമായാണു പ്രതിപാദിക്കുന്നത്. വിവേകാനന്ദനെ അടുത്തറിയാന്‍ ഇതു വായനക്കാരനെ പ്രാപ്തനാക്കും.
(സ്വാമി വിവേകാനന്ദന്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

സ്വാമി വിവേകാനന്ദന്‍ വാങ്ങാം

സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്

Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education