ലാവലിന്‍ ഇടപാടിന്റെ പിന്നാമ്പുറങ്ങള്‍

08 Jan 2013

വിവാദമായ ലാവലിന്‍ ഇടപാടില്‍ അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെയും ഉന്നത ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പങ്ക്
രേഖകളുടെയും തെളിവുകളുടെയും പിന്‍ബലത്തോടെ തുറന്നുകാണിക്കുകയാണ് 'ലാവ്‌ലിന്‍ ഇടപാടും അഴിഞ്ഞുവീണ പൊയ്മുഖങ്ങളും' എന്ന പുസ്തകത്തിലൂടെ കെ.ആര്‍. ഉണ്ണിത്താന്‍. കമ്പോള മൂലധനത്തിനും നവ ലിബറല്‍നയത്തിനുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊരുതുമ്പോള്‍ ഒരു സി.പി.എം. സര്‍ക്കാര്‍ മറിച്ചൊരു സമീപനം സ്വീകരിക്കുകയും അരുതാത്തത് ചെയ്യുകയുമാണ് ലാവലിന്‍ ഇടപാടിലൂടെ ഉണ്ടായതെന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു

രാഷ്ട്രീയമണ്ഡലത്തില്‍ ഏറെ വിവാദങ്ങളും ഒച്ചപ്പാടുകളും സൃഷ്ടിച്ച ഒന്നാണ് ലാവലിന്‍ കേസ്. പ്രതിസ്ഥാനത്ത് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനുണ്ട് എന്നതുമാത്രമല്ല വിവാദങ്ങള്‍ക്ക് അടിസ്ഥാനം. സി.പി.എം. എന്ന രാഷ്ട്രീയപ്രസ്ഥാനത്തെത്തന്നെ അടിമുടി ഉലയ്ക്കാനും വിഭാഗീയത ആളിപ്പടര്‍ത്താനും ഈകേസ് ഇടയാക്കിയത് സമീപകാല ചരിത്രമാണ്.

കേരളത്തിലെ വൈദ്യുതിവകുപ്പും കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനും ചേര്‍ന്നുണ്ടാക്കിയ ധാരണാപത്രവും അത് സംസ്ഥാന ഖജനാവിനുണ്ടാക്കിയ ഭീമമായ നഷ്ടവുമാണ് കേസിനാധാരം. കേസിന്റെ സാധുതയല്ല, അതിലെ രാഷ്ട്രീയമാണ് പൊതുമാധ്യമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത്. വസ്തുതകള്‍ എന്തെന്നറിയാതെ നടത്തുന്ന അത്തരം ചര്‍ച്ചകള്‍ ശൂന്യതയിലവസാനിക്കുന്നു. ആരോപണം ഉന്നയിക്കുന്നവരും അത് നേരിടുന്നവരും ഇരുട്ടില്‍ തപ്പുകയാണ്.

ഈ ഘട്ടത്തിലാണ് 'ലാവലിന്‍ ഇടപാടും അഴിഞ്ഞുവീണ പൊയ്മുഖങ്ങളും' എന്ന കെ.ആര്‍. ഉണ്ണിത്താന്റെ പുസ്തകം പുറത്തുവരുന്നത്. ലാവലിന്‍ വിഷയത്തെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്നയാളാണ് ഉണ്ണിത്താന്‍. കാരണം ലാവലിന്‍ ഇടപാടുകള്‍ നടക്കുന്ന കാലത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കോര്‍പറേറ്റ് ഓഫീസില്‍ മര്‍മപ്രധാനമായ സ്ഥാനത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി ജോലിനോക്കിയ ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൈയിലുള്ളതും ലഭിച്ചതുമായ വിവരങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തോടെ അദ്ദേഹം നിരത്തുന്നു. അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെ മാത്രമല്ല, അന്നത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പങ്കും ഇതില്‍ അക്കമിട്ട് വിവരിക്കുന്നു. കമ്പോളമൂലധനത്തിനും നവ ലിബറല്‍നയത്തിനുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊരുതുമ്പോള്‍ ഒരു സി.പി.എം. സര്‍ക്കാര്‍ മറിച്ചൊരു സമീപനം സ്വീകരിക്കുകയും അരുതാത്തത് ചെയ്യുകയുമാണ് ലാവലിന്‍ ഇടപാടിലൂടെ ഉണ്ടായതെന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു.

1996-ല്‍ അധികാരത്തില്‍വന്ന നായനാര്‍സര്‍ക്കാറാണ് വൈദ്യുതിപ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇ. ബാലാനന്ദന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. ഗ്രന്ഥകര്‍ത്താവും അതില്‍ അംഗമായിരുന്നു. കമ്മിറ്റി വിഷയം പഠിച്ച് ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച കാര്യമാണ് ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ പ്രതിപാദിക്കുന്നത്. സ്വാശ്രയത്വത്തിലൂന്നിയ വികസനനയത്തിന്റെ അടിക്കല്ലായ ആ റിപ്പോര്‍ട്ടിനെതിരായാണ് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ബോധപൂര്‍വമായി പ്രവര്‍ത്തിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സാങ്കേതിക വിദഗ്ധരല്ലാത്ത ഒരുസംഘത്തെ പിണറായി കാനഡയിലേക്ക് കൊണ്ടുപോവുകയും സി.പി.എമ്മിന്റെ നയത്തിന് വിരുദ്ധമായി ചര്‍ച്ചചെയ്ത് ചില തീരുമാനങ്ങളിലെത്തുകയുംചെയ്തു. മന്ത്രിയെ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ആരുമുണ്ടായിരുന്നില്ല എന്നതിനാല്‍ ലാവലിന്‍ അധികൃതര്‍ പറയുന്നതെല്ലാം കേട്ട് സമ്മതിച്ചു എന്നാണ് ലേഖകന്‍ അഭിപ്രായപ്പെടുന്നത്. തുടര്‍ന്നുണ്ടാക്കിയ കരാറാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്. കണ്‍സള്‍ട്ടന്‍സി കരാറിനുപുറമെ യന്ത്ര സാമഗ്രികള്‍ നല്കാനുള്ള കരാറും ഇവരുമായുണ്ടാക്കി. വാങ്ങാന്‍ കരാറായതിനുശേഷമാണ് യന്ത്രസാമഗ്രികളുടെ വിലപോലും അന്വേഷിച്ചത്. എല്ലാം തീരുമാനിച്ച ശേഷമാണ് പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും അംഗീകാരം തേടിയത്.

ന്യായീകരിക്കാന്‍ കഴിയാത്ത വന്‍വിലകൊടുത്ത് ലാവലിന്‍കമ്പനിയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വാങ്ങിയതിനെ ന്യായീകരിച്ചത് മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായധനമായി 98 കോടി രൂപ ലഭിക്കും എന്ന് വാദിച്ചുകൊണ്ടാണ്. എന്നാല്‍, കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ കരാറുണ്ടാക്കാന്‍ ലാവലിന്‍കമ്പനി തയ്യാറായില്ല. പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെടാതിരുന്നതിന് കാരണമെന്താണെന്നും ലേഖകന്‍ ചോദിക്കുന്നു.

ഈ കരാര്‍ സംസ്ഥാനത്തിനുണ്ടാക്കിയ വന്‍നഷ്ടം സി.എ.ജി. ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് അതിനെ ന്യായീകരിക്കുന്ന കാഴ്ചയാണുണ്ടായത്. കരാറിലെ അപകടങ്ങള്‍ അല്പം വൈകിയാണ് വി.എസ്.അച്യുതാനന്ദന്‍ മനസ്സിലാക്കിയതെന്ന് ലേഖകന്‍ പറയുന്നു.

പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വിവരങ്ങള്‍ക്കും തെളിവുകളായി രേഖകളുടെ പകര്‍പ്പും നല്കിയിട്ടുണ്ട്. ഒഞ്ചിയത്ത് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ബുക്മാന്‍ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. വില 110 രൂപ.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education