പത്രാധിപരായ എംടി

22 Dec 2012


വിശദീകരണങ്ങളേതുമാവശ്യമില്ലാത്ത മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ പത്രാധിപജീവിതത്തെ ഓര്‍മ്മിക്കുന്ന പുസ്തകമാണ് പ്രശസ്ത ചിത്രകാരനായ ജെ.ആര്‍.പ്രസാദ് തയ്യാറാക്കിയ 'പത്രാധിപര്‍ എം.ടി'. എം.ടിയുടെ കര്‍മ്മമണ്ഡലമായ പത്രപ്രവര്‍ത്തനത്തെ ആദ്യമായി വിലയിരുത്തുന്ന പുസ്തകമെന്ന സവിശേഷത പത്രാധിപര്‍ എംടിക്കുണ്ട്. ഒഎന്‍വി, വിഷ്ണുനാരായണന്‍ നമ്പൂതിരി, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ തൊട്ട് സുഭാഷ് ചന്ദ്രന്‍ വരെയുള്ള പ്രശസ്തരായ സര്‍ഗ്ഗാത്മകഎഴുത്തുകാര്‍, വി.രാജഗോപാല്‍, എന്‍.പി.രാജേന്ദ്രന്‍ തുടങ്ങിയ സഹപ്രവര്‍ത്തകര്‍, എം.വി.ദേവന്‍, നമ്പൂതിരി തുടങ്ങിയ ചിത്രകാരന്മാര്‍ എന്നിവരെല്ലാം പുസ്തകത്തിന്റെ ഭാഗമാകുന്നു. ഇരുപതോളം ചിത്രകാരന്മാര്‍ വരച്ച എംടിയുടെ കാരിക്കേച്ചറുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ എം.ടി എന്ന മാധ്യമപ്രവര്‍ത്തകന്‍ വഹിച്ച പങ്കെന്താണെന്നതിനെക്കുറിച്ചുള്ള അടിയാധാരമായി ഈ പുസ്തകം മാറുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതില്‍ എംടി വഹിച്ച ഏറെ വലുതാണെന്നതിനുള്ള സാക്ഷ്യമാണ് ഈ പുസ്തകം. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

സി.വി.ബാലകൃഷ്ണന്‍ എംടിയെക്കുറിച്ചെഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.
മനസ്സിന്റെ കിളിവാതിലിനപ്പുറം

അതീവ ഹൃദ്യമായ കൂടിക്കാഴ്ചക്കുശേഷം നന്ദി രേഖപ്പെടുത്തി പോകാനായി എഴുന്നേറ്റപ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍ ചോദിച്ചു:
''വാസുദേവന്‍നായരെ പരിചയമുണ്ടോ?''
ഇല്ലെന്ന് ഞാന്‍ പറഞ്ഞു.
എന്‍.വി മസൃണമായ പുഞ്ചിരിയോടെ അടുത്ത മുറിയുടെ നേര്‍ക്ക് കൈചൂണ്ടി.
''അവിടെയുണ്ട്, ഒന്നു കണ്ടോളൂ.''
എഴുപതുകളുടെ അവസാനമാണ്. ചെറൂട്ടി റോഡിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ഓഫിസ് കെട്ടിടത്തിലേക്ക് ചെന്നത് മലബാര്‍ കലാപത്തെ തുടര്‍ന്ന് അന്തമാന്‍ നികോബാര്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ടവരുടെ പിന്‍തലമുറയെക്കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായി യാത്രക്കുമുമ്പ് കലാപസംബന്ധിയായ എന്‍.വിയുടെ വിലയിരുത്തല്‍ അറിയാമെന്ന് കരുതിയാണ്. അപ്പോഴേക്കും എന്റെയൊരു കഥ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. അതിന്റെ ധൈര്യത്തിലാണ് ചീഫ് എഡിറ്ററെ കാണാന്‍ ചെന്നത്.

ചീഫ് എഡിറ്ററുടെ മുറിപോലെ വെടിപ്പും അടുക്കുംചിട്ടയും തികഞ്ഞതല്ല എഡിറ്ററുടെ മുറിയെന്ന് ഒറ്റനോട്ടത്തില്‍തന്നെ എനിക്ക് ബോധ്യമായി. തന്റെ ഇരിപ്പിടത്തിലിരുന്ന് ഏതോ കൈയെഴുത്ത് പ്രതിയിലൂടെ കണ്ണോടിക്കുകയായിരുന്നു എം.ടി. അതോടൊപ്പം ബീഡി പുകയ്ക്കുന്നുമുണ്ട്. മേശപ്പുറത്ത് മാറ്ററുകള്‍ കുന്നുകൂടിക്കിടപ്പുണ്ട്. മുറിക്കാകെത്തന്നെ പ്രസാദാത്മകതക്കുപകരം ഒരു പിരിമുറുക്കും.
ഞാന്‍ ഒരു സ്‌കൂള്‍കുട്ടിയുടെ ഭാവത്തില്‍ പേരുപറഞ്ഞപ്പോള്‍ എം.ടി ഇരിക്കാന്‍ ആംഗ്യം കാട്ടി. പേരോര്‍ക്കുന്നുണ്ട്.

''ങ്ഹാ, കഥ വന്നിട്ടുണ്ടല്ലോ.''
രണ്ടാമതൊരു കഥ അയച്ചിട്ടുണ്ടായിരുന്നു. എം.ടി അത് കണ്ടതാണ്.
''ഉടനെ കൊടുക്കുന്നുണ്ട്.''
പിന്നെ ചുണ്ടിന്റെ ഒരു കോണിലേക്ക് ബീഡിതിരുകിവെച്ച് എം.ടി ആഞ്ഞ് പുകവലിക്കുകയായി. നിമിഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ഞാന്‍ ഒട്ട് അസ്വസ്ഥനായി. ചോദിക്കാനോ പറയാനോ ഒന്നുമില്ല. ഇനിയും അവിടെ ഇരിക്കുന്നത് ഉചിതമല്ലെന്ന് തോന്നി.
''പോവ്വാ.''
ഞാനെണീറ്റു.
എം.ടി തലയൊന്നനക്കി. ഞാന്‍ ധൃതിയില്‍ പുറത്തുകടന്നു.
ഒരു പത്രാധിപരെന്ന നിലയില്‍ എം.ടിയെ നേരില്‍ക്കണ്ട ആദ്യ സന്ദര്‍ഭത്തെക്കുറിച്ച് ഇതില്‍ കൂടുതലായി വിവരിക്കാനില്ല. എന്റെ ചില കഥകളുടെയെങ്കിലും പ്രഥമ വായനക്കാരന്‍ എം.ടിയായിരുന്നു. അദ്ദേഹം അവയില്‍ എന്തെങ്കിലും തിരുത്തുകള്‍ നടത്തുകയോ ഒന്നുപോലും തിരിച്ചയക്കുകയോ ഉണ്ടായിട്ടില്ല. അയക്കുന്നത് എം.ടിയുടെ പേര്‍ക്കാണെന്നത് തീര്‍ച്ചയായും ഗൗരവബോധമുളവാക്കുന്ന ഒരു ഘടകമായിരുന്നു. മറ്റേതെങ്കിലും പത്രാധിപര്‍ക്കാണ് അയച്ചുകൊടുക്കുന്നതെങ്കില്‍ അത്രയും ജാഗ്രത തോന്നണമെന്നില്ല.

സ്വയം കഥകളെഴുതുന്ന ഒരാള്‍ക്ക് കണിശമായും ഉണ്ടായേക്കാവുന്ന ഇഷ്ടാനിഷ്ടങ്ങള്‍ പ്രസിദ്ധീകരണത്തിനായി രചനകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എം.ടി ഒരിക്കലും പുലര്‍ത്തിയിരുന്നില്ലെന്നതാണ് പത്രാധിപരെന്ന നിലക്ക് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. പരസ്​പരഭിന്നവും മൗലികവുമായ ആഖ്യാനശൈലികള്‍ ദീക്ഷിക്കുന്ന ലോകകഥയെക്കുറിച്ചുള്ള ഗാഢമായ അറിവ് വേദികളില്‍ പങ്കിടുമ്പോള്‍തന്നെ അതിന്റെ സംസ്‌കാരം അദ്ദേഹം പ്രകടിപ്പിച്ചത് പത്രാധിപരുടെ ഇരിപ്പിടത്തിലിരുന്നാണ്.

അനുവാചകര്‍ അത്രമേല്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം പ്രസിദ്ധീകരണത്തില്‍നിന്ന് തന്നിലെ എഴുത്തുകാരനെ കഴിയുന്നത്രയും മാറ്റിനിര്‍ത്തുകയെന്നതായിരുന്നു പത്രാധിപരുടെ നിഷ്ഠകളിലൊന്ന്. രണ്ടോ മൂന്നോ കഥകളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടിയുടേതായി വന്നു കണ്ടിട്ടുള്ളത്. ദീര്‍ഘരചന 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന യാത്രാവിവരണമായിരുന്നു. ഒരു പംക്തി എഴുതിത്തുടങ്ങുന്നത് ('കിളിവാതിലിലൂടെ') പിന്നീടെപ്പോഴോ ആണ്. സാഹിത്യം, സിനിമ, ഭാഷ, സംസ്‌കാരം, സമൂഹം, യാത്ര എന്നിങ്ങനെ ഒട്ടേറെ മേഖലകളിലൂടെ സാന്ദ്രമായ, കാവ്യാത്മകതയുടേതായ ഒരു ഭാഷാനുഭവം പ്രദാനംചെയ്തുകൊണ്ട് കടന്നുപോയ കുറിപ്പുകള്‍ വായനക്കാരെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. വിലപ്പെട്ട പാഠങ്ങളായിരുന്നു അവയില്‍ പലതും; സാഹിത്യ വിദ്യാര്‍ഥികളെ സംബന്ധിച്ച് വിശേഷിച്ചും. ഇറ്റാലോ കാല്‍വിനോ, മിലാന്‍ കുന്ദേര, അകുതഗാവ, ഹെമിങ്വേ, ബെര്‍ണാഡ് മലെമൂഡ്, ഏലിയാസ് കാനെറ്റി, പാസ്റ്റര്‍നാക്, ബെക്കറ്റ്, അന്ന അഹ്മത്തോവ തുടങ്ങിയ എഴുത്തുകാരുടെ ഉള്‍പ്രേരണകളും സര്‍ഗാത്മക സാക്ഷ്യങ്ങളും ഭാഷക്ക് പരിചയപ്പെടുത്തുമ്പോള്‍ മുമ്പ് കേസരി ബാലകൃഷ്ണപ്പിള്ള നിര്‍വഹിച്ചതുപോലൊരു ചരിത്രപരമായ ദൗത്യം നിറവേറ്റുകയായിരുന്നു എം.ടി. സ്വന്തം ഭാഷയുടെ അതിരുകള്‍ക്കപ്പുറം എന്താണെന്ന് നിരന്തരം അന്വേഷിച്ചിരുന്ന അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ വായനക്കാരുമായി പങ്കിടാനാണ് 'കിളിവാതിലിലൂടെ' ഉദ്യമിച്ചത്. ഒപ്പം നാട്ടുപച്ചപ്പുകളും ഇടശ്ശേരിക്കവിതകളും ഗൃഹാതുരസ്മരണകളും സാമൂഹികമായ ഉത്കണ്ഠകളും അസ്തിത്വത്തിന്റെ വ്യഥകളുമൊക്കെ ഇടക്കിടെ കടന്നുവന്നിരുന്നു. അദ്ഭുതകരവും അതിസുന്ദരവുമായ ഒരു പ്രമേയം മനസ്സില്‍ രൂപംകൊണ്ടുവെങ്കിലും ഇസ്ലാമിക മതമൗലികവാദികളെ ഭയന്ന് അതെഴുതാന്‍ മടിക്കുന്ന സുഹൃത്തായ എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പ് ('പിറക്കാത്ത വചനങ്ങള്‍') തീവ്രമായ ആശങ്ക പ്രകടമാക്കുന്നതായിരുന്നു.

'മാംസം, വെറും മാംസം' എന്നതാകട്ടെ അടുത്തുനിന്ന് കണ്ട ചലച്ചിത്രനഗരമായ കോടമ്പാക്കത്തിന്റെ യാഥാര്‍ഥ്യം തീക്ഷ്ണതയോടെ വരച്ചുകാട്ടുന്നു. മറ്റൊന്നില്‍ പ്രതിപാദിക്കപ്പെടുന്നത് 'അര്‍ധവിരാമ'മെഴുതിയ അമര്‍ത്യാനന്ദയുടെ ആത്മീയവും ഭൗതികവുമായ അന്വേഷണങ്ങളാണ്. ഹൃദയസ്​പര്‍ശിയായ നിരവധി മുഹൂര്‍ത്തങ്ങളും നിരീക്ഷണങ്ങളും അടങ്ങിയിട്ടുണ്ട് ഈ ലഘുപ്രബന്ധങ്ങളിലാകെയും. അവ എഴുതിയത് തിരക്കഥാകാരനോ കഥാകൃത്തോ ആഖ്യായികാകാരനോ ആയ എം.ടിയല്ല. എം.ടിയെന്ന പത്രാധിപരാണ്. അതുകൊണ്ടുതന്നെ, എം.ടിയുടെ എവ്‌റെയില്‍ 'കിളിവാതിലിലൂടെ' വേറിട്ടുനില്‍ക്കുന്നു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education