കാലം പ്രതിവായനകളെ ആവശ്യപ്പെടുന്നു

സിന്ധു.കെ.വി

30 Nov 2012

അതത് കാലത്തിന്റെ സ്​പന്ദനങ്ങള്‍ തേടി അക്കാലത്തിന്റെ സൃഷ്ടികളിലേക്ക് നാം ചെല്ലാറുണ്ട്. ചരിത്രമോ ഭാഷയോ നരവംശ ശാസ്ത്രമോ സാമൂഹികാവസ്ഥയോ വിഷയമെന്തുമാകട്ടെ ഇഴയോരോന്നായി ഊരിയെടുക്കാറുണ്ട്. കലയും കാലവും തമ്മിലുള്ള ആ കൂട്ടുകൃഷിക്ക് ഇങ്ങേയറ്റത്തൊരു അടയാളപ്പെടുത്തല്‍ കൂടി.വിരല്‍ത്തുമ്പുകളില്‍ ലോകം കൊണ്ടുനടക്കുന്ന ആധുനിക മനുഷ്യന്റെ വിഭ്രമാത്മക ചിന്തകള്‍ മലയാളനോവലിനെ കൂട്ടിക്കൊണ്ടുപോയ പുതിയ മേച്ചില്‍പ്പുറത്ത് നാം ടി ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യെ കണ്ടുമുട്ടുന്നു.

ക്രമരഹിതവും അതേ സമയം വിശാലവുമായൊരു പ്ലോട്ടില്‍ ഗണിത ശാസ്ത്രവും , രാഷ്ട്രതന്ത്രവും ചരിത്രവും നിഗൂഢതകളും വിന്യസിച്ച് അതില്‍ നിന്ന് ക്രമം സൃഷ്ടിക്കുന്നു നോവല്‍. ഭാവനയെന്നോ ഫാന്റസിയെന്നോ വേര്‍തിരിച്ചു പറയാനാകാത്ത ഒരു അനുഭവിക്കലിന്റെ ആഖ്യാനശൈലി തന്നെ ഈ പുസ്തകത്തിന്റെ ഹൈ ലൈറ്റ് . സംഭവ്യതകളും സാധ്യതകളുമാണ് ഈ പുനര്‍വ്യാഖ്യാനത്തിന് ആധാരം. കാര്യകാരണ ബന്ധത്തെ അട്ടിമറിക്കുന്ന സംഭവ്യതയിലൂടെ നോവല്‍ മുന്നോട്ടു നീങ്ങുന്നു. നമ്മുടെ മനസിന്റെ അബോധതലങ്ങളെ വെളിച്ചത്തിടുന്ന കൃതി മനുഷ്യമനസ്സിന്റെ ശരിയായ ചിത്രണം തരുന്നു. കാലത്തിന്റെ സങ്കേതങ്ങള്‍, ചിന്തകള്‍, ആഘോഷങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവ നമുക്കു നേരെ ഒരു കണ്ണാടി പോലെ പിടിച്ച് കാട്ടിത്തരുന്നു. ഒന്നുരണ്ട് അധ്യായങ്ങള്‍ക്കുള്ളില്‍ത്തന്നെ വായനക്കാരനെ കോരപ്പൂട്ടിട്ടു പൂട്ടുന്നുണ്ട് എഴുത്തുകാരന്‍. വായനതീരുമ്പോഴും മുക്തി ആഗ്രഹിക്കാതെ അതിന്റെ ചരിത്രപഥങ്ങളില്‍ അവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

സമകാലിക മലയാള ജീവിതം

21-ാം നൂറ്റാണ്ടിലെ വായനയുടെ പൊതുസ്വഭാവം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ്' നോവലിലെ അഞ്ചാം അധ്യായമായ സൊറയില്‍ നാം ഇങ്ങനെ വായിക്കുന്നു. തത്ത്വചിന്താപരമായ മറ്റെല്ലാ കാര്യങ്ങളിലും വായനക്കാര്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത് The School എന്ന സ്ഥാപനത്തിലൂടെയാണ്. സമൂഹത്തിന്റെ മുഖ്യധാരയില്‍ ലൈംഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട് ഈ നോവല്‍ . ദി സ്‌കൂള്‍ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും സമൂഹം ആഘോഷിക്കുകയാണ്. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ് ഇത്തരം The School -ന്റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന ഓര്‍മ്മ വേണം. എന്തിനും മാന്യതയുടെ മറ വേണം' സാല്‍വദോര്‍ ഓപ്ഷന്‍ എന്ന ഹാന്‍ഡ് ബൂക്കിനൊപ്പം വിക്ടോറിയയുടെ വാക്കുകളും ചേരുമ്പോള്‍ പുതിയ കാലത്തിന്റെ സുവിശേഷപുസ്തകത്തിലെ മറ്റൊരധ്യായം കൂടി മറനീക്കുന്നു. 'എല്ലാ പ്ലഷറും വയലന്‍സില്‍ നിന്നാണ് ഉണ്ടാകുന്നത് .സ്‌പോട്‌സ് തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. എതിരാളിയെ എങ്ങനെയും കീഴ്‌പ്പെടുത്തുക മാത്രമല്ലേ ആത്യന്തിക ലക്ഷ്യം? എല്ലാ മത്സരങ്ങളിലും അത് കായിക വിനോദമായാലും കച്ചവട മത്സരമായാലും യഥാര്‍ത്ഥ യുദ്ധങ്ങളായാലും ഹിംസയുടെ ആഘോഷങ്ങളാണ്. എതിരാളിയുടെ കായിക ശേഷിയേയോ ബുദ്ധിശക്തിയേയോ തന്ത്രങ്ങളേയോ പരാജയപ്പെടുത്താനാണ് നമ്മള്‍ ശ്രമിക്കുന്നത്. സമാധാനം നിഷ്‌ക്രിയമായ അവസ്ഥയാണ്. ' ഇട്ടിക്കോരയുടെ ഈ സിദ്ധാന്തങ്ങള്‍ ഇന്നത്തെ ലോകത്തിന്റെ സ്വഭാവം തന്നെയാണെന്ന് തിരിച്ചറിവിലാണ് നാം നോവലിനെ വായിക്കേണ്ടത്. സെന്റിമെന്റ്‌സുകളില്ലാത്ത പുതുലോകം, സ്‌നേഹത്തിലോ അടുപ്പത്തിലോ വിശ്വസിക്കാത്ത ലോകം, ബിന്ദുവിന്റെ അപകടത്തോട് പോലുമുള്ള പ്രതികരണം ശ്രദ്ധിക്കുക. ''Forget about her. We will celebrate..'' നാളെ എനിക്കോ നിനക്കോ ഇതുപോലെ സംഭവിച്ചാലോ? 'The other will behave the same way'' . നിസ്സംഗമായി ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ടുകൊണ്ട് മനുഷ്യമനസ്സിന്റെ സ്വാഭാവിക ചോദനകളെ അംഗീകരിക്കുകയും ജീവിതത്തെ ഒരാഘോഷമാക്കി മാറ്റുകയും ചെയ്യുന്ന ഹൈപ്പേഷ്യന്‍ ഫിലോസഫി. ഒരിക്കല്‍ പൊട്ടിച്ചെറിഞ്ഞാല്‍ ഇല്ലാതാവുന്ന സദാചാരത്തിന്റെ എല്ലാ ചരടുകളും ഊരിയിടുന്നുണ്ട് നോവല്‍. ഹൃദയ ബന്ധങ്ങള്‍ക്കപ്പുറത്ത് ലാഭം മാത്രം നോട്ടമുള്ള ലോകം, ഏത് സത്യവും അട്ടിമറിയിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന പണത്തിന്റേയും അധികാരത്തിന്റെയും മാധ്യമങ്ങളൂടേയും തന്ത്രങ്ങള്‍ എന്നിങ്ങനെയുള്ള ആധുനിക ലോകത്തിന്റെ മുഖം അങ്ങേയറ്റം അനായാസതയോടെയാണ് നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. ലിങ്കുകളിലൂടെ ചുരുളഴിയുന്നതാണ് അധ്യായങ്ങളുടെ ഘടന.

ഹിസ്‌റ്റോറിക്കല്‍ ഫിക്ഷന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്.ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂര്‍ണമായ വിധം കെട്ടുകഥകളോട് കൂട്ടിച്ചേര്‍ക്കുന്ന അപനിര്‍മാണമാണിതിലുള്ളത്. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഹിസ്‌റ്റോറിക്കല്‍ ഫിക്ഷന്റെ രീതികള്‍ വച്ച് ഈ നോവലിനെ സമീപിക്കാനാവില്ല. ചരിത്രത്തിന്റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വിസ്മയിപ്പിക്കുന്നു.

തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ തുറന്നുതരുന്ന അനേകം പടവുകളുണ്ട് നോവലില്‍. വാകോഡി ഗാമയ്ക്കു മുന്‍പ് കേരളത്തില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം നീങ്ങുന്ന ഒരു ചരക്കു വണ്ടി., അവരുടെ ദിശാബോധം, ഹൈപ്പേഷ്യ, കോര പിന്തുടരുന്ന ഹൈപ്പേഷ്യന്‍ സിദ്ധാന്തങ്ങള്‍, ഭാരതീയ ഗണിത ചിന്തകള്‍, മതം, ചരിത്ര നിര്‍മ്മിതിയില്‍ മതങ്ങളുടെ ഇടപെടലുകള്‍, ചിത്രകല, ഹൈപ്പേഷ്യന്‍ സിദ്ധാന്തങ്ങളുടെ സംരക്ഷിക്കപ്പെടല്‍ , കേരളീയ ഗണിത സിദ്ധാന്തങ്ങള്‍, സാമ്പത്തികശാസ്ത്രം, പണം അധികാരം അറിവ് എന്നീ ക്രമത്തിലുള്ള കോരയുടെ വളര്‍ച്ച എന്നിങ്ങനെയുള്ള വളരെ വിശാലമായ പ്ലോട്ട്. ഇതിനെ സമകാലീനമാക്കുന്നത് സേവ്യര്‍ ഇട്ടിക്കോരയുടെ അന്വേഷണവുമായി ബന്ധപ്പെടുത്തിയാണ്.

നഷ്ടപ്പെട്ട തന്റെ ലൈംഗിക ശേഷി തിരിച്ചെടുക്കുന്നതിനായി നടന്ന കോരയുടെ അന്വേഷണം ചെന്നെത്തി നിന്നത് ദി സ്‌കൂള്‍ എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റിലാണ്. ദി സ്‌കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബിന്ദു എന്നീ യുവതികള്‍ (ഉന്നതമായ ചിന്താ ശേഷിയുള്ളവരും മാന്യമായ തൊഴിലികളിലേര്‍പ്പെടുന്നവരും സുന്ദരികളുമാണ് ഇവര്‍.) കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയിലേക്ക് ക്ഷണിക്കുന്നു. തനിക്ക് നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനും തന്റെ പിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ജന്‍മനാട് കാണാനുമാണ് കോര കൊച്ചിയിലേക്ക് വരുന്നത്. കോരയെ പോലെയുള്ള അതിസമ്പന്നനായ അതിഥിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും അതവരെ നിഗൂഢതകളിലേക്കും ആപത്തുകളിലേക്കും നയിക്കുകയും ചെയ്യുന്നു.

കൊച്ചി നഗരത്തിലെ വളരെ ആധുനികമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ' ദി സ്‌കൂള്‍ ' എന്ന ഇസ്റ്റിട്ട്യൂട്ടിന്റെ നടത്തിപ്പുകാരായ മൂന്ന് ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ് ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ ,കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഫ്‌ളോറന്‍സിലുള്ള പിന്മുറക്കാരന്‍ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര ഉത്താരാധുനിക മുഖവുമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസഭോജനത്തിലൂടെ പുതിയ സങ്കേതങ്ങള്‍ അനുവാചകന്‍ തിരിച്ചറിയുന്നത് ഈ മനുഷ്യനിലൂടെയാണ്. ഇറാക്കിനെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട 'സാല്‍വദോര്‍ ഒപ്ഷന്‍' എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ കാലത്ത് അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച് ഒരു സാധു ഇറാക്കി യുവതിയെ അയാള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ കോരയുടെ ലൈംഗികാസക്തി മരവിക്കുകയാണ്. നഷ്ടപ്പെട്ട ലൈംഗികത നേടിയെടുക്കുന്നതിനുള്ള അന്വേഷണത്തോടൊപ്പം എന്തും വില്‍ക്കുക വിറ്റ് ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന് ഉപഭോഗം ചെയ്യപ്പെടുക എന്ന നവ സിദ്ധാന്തം അയാളെ നരമാംസ ഭോജനത്തിലെത്തിക്കുന്നു. കാനിബാള്‍ ഫീസ്റ്റു കഴിഞ്ഞിറങ്ങുന്ന കസ്റ്റമറുടെ മനോഭാവം പോലെ തന്നെ നോവലിന്റെ വായന വായനക്കാരനെയും പുതിയൊരു കാഴ്പ്പാടില്‍ ലോകത്തെ കാണുന്നതിലേക്ക് നയിക്കുന്നു. നരമാംസഭോജനമുള്‍പ്പെടെ ശരീരത്തിന്റെ ആഘോഷങ്ങളെല്ലാം നോവലില്‍ അരാജകമായി ആവിഷ്‌കരിക്കുന്നുണ്ട്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education