നാം എന്തുകൊണ്ടാണ് ഒരു ഹിന്ദുവാകുന്നത്?

ആചാര്യ എം.ആര്‍ .രാജേഷ്‌

05 Nov 2012

ഈ ചോദ്യത്തിനു രണ്ടു ഉത്തരമാണുള്ളത്. ഒന്ന് ചേലാകര്‍മം ചെയ്ത് നിങ്ങളൊരു മുസ്ലീം ആയിട്ടില്ല. രണ്ട്, ജ്ഞാനസ്‌നാനം ചെയ്ത് നിങ്ങളൊരു കൃസ്ത്യാനിയും ആയിട്ടില്ല.
അതുകൊണ്ട് കേവലം യാദൃശ്ചികമായി മാത്രം നിങ്ങളൊരു ഹിന്ദുവായിപ്പോയി. ഇങ്ങനെയാണോ നാം ഹിന്ദുവാകേണ്ടത്?
നാം ഹിന്ദുവാകേണ്ടത് കൃത്യമായ ആചരണങ്ങള്‍ കൊണ്ടാണ്. അല്ലാതെ മറ്റുള്ളവരെ ചീത്ത പറഞ്ഞുകൊണ്ടല്ല നാം നേട്ടം കൈവരിക്കേണ്ടത്?
നമുക്ക് കൃത്യമായ ആചരണമുണ്ടോ?
ഉണ്ട്.
അത് ഏറെ തിരക്കു പിടിച്ച ഇക്കാലഘട്ടത്തില്‍ സാധ്യമാണോ?

ഏതു തിരക്കിലും കേവലം ഇരുപതുമിനുട്ടു നേരം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ആചരണം നമുക്കുണ്ട്. നമുക്ക് ഇത്തരത്തിലുള്ള യാതൊരു ആചരണവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ആചരണമില്ലാത്തതുകൊണ്ടാണ് നമുക്ക് ഒരു മേഖലയിലും വിജയിക്കാന്‍ കഴിയാത്തത്. ഇന്ന് ഒന്നിലും സ്വന്തമായൊരു കാഴ്ചപ്പാട് ഈ സമൂഹത്തിനില്ലാതെ വന്നിരിക്കുന്നു. ഒന്നാമതായി ഒരാള്‍ ഒരു കച്ചവടം തുടങ്ങുകയാണെന്നിരിക്കട്ടെ. അതേ സ്ഥലത്തു അടുത്തു തന്നെ മറ്റൊരാള്‍ അതേ കച്ചവടം ചെയ്യാന്‍ തുടങ്ങും. അങ്ങനെ ഒന്നരമാസം കൊണ്ട് അഞ്ചു ഒരേ തരത്തിലുള്ള കച്ചവടങ്ങള്‍ ഒരേ സ്ഥലത്തു നാം ആരംഭിക്കും. കാരണം ഒരാള്‍ തുടങ്ങി. അതു ലാഭകരമാണെന്നു തോന്നി. ഉടന്‍ അനുകരണവും ആരംഭിച്ചു. ഇങ്ങനെ ഉള്‍ക്കാഴ്ചയില്ലാതെ ആരംഭിക്കുന്ന ഏതും സംരംഭവും വൈകാതെ അടച്ചു പൂട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം സ്വന്തമായി ഉള്‍ക്കാഴ്ചയില്ല. അതിനാല്‍ മറ്റൊരാളുടെ വെളിച്ചത്തില്‍ നമുക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഈ ഉള്‍ക്കാഴ്ച എങ്ങനെയാണു കിട്ടുക എന്നതാണ് പ്രധാനമായ പ്രശ്‌നം.

ഹിന്ദുധര്‍മ്മരഹസ്യം വാങ്ങാം

രണ്ടു കണ്ണു കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. മൂന്നാമതൊരു കണ്ണു കൂടി അവശ്യം വേണം. സാധാരണ കാഴ്ച കൊണ്ട് സമൃദ്ധിയുണ്ടാക്കാന്‍ കഴിയില്ല. ശിവന് മൂന്നു കണ്ണുകളുണ്ടായിരുന്നു. എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ 'കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്' വേണമെന്നു പറയും. ഈ കണ്ണ് നമുക്ക് ഉണ്ടായാല്‍ നാം രക്ഷപ്പെടും. ഇതുകൊണ്ടാണ് നാം ശിവനാകണം എന്ന് പ്രാചീനശാസ്ത്രങ്ങള്‍ പറഞ്ഞത്.
ശിവോളഹം ശിവനാണു ഞാന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ. നമ്മുടെ ഉള്ളില്‍ ശിവനുണ്ട്. 'ശീവോഭൂത്വാ ശിവംയജേത്' എന്ന സൂത്രവാക്യം തന്നെ ഇതാണു പറയുന്നത്. ശിവനായി ഭവിച്ച് ശിവനെ പൂജിക്കണം എന്നാണ് ഇതിനര്‍ത്ഥം. ആ ശിവനെ തൊട്ടറിയണം. അപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത വിജ്ഞാനവും കാഴ്ചപ്പാടുകളും പതുക്കെപ്പതുക്കെ നമ്മുടെ ഉള്ളില്‍ നിന്നു കിനിഞ്ഞിറങ്ങും. അതാണ് 'തപസ്സ്' എന്നു പറയുന്നത്. ആ തപസ്സിന്റെ രഹസ്യവും ശീലവും പിന്നീടു പറയാം. അത് എത്ര സരളമാണെന്നു അപ്പോള്‍ നമുക്ക് ബോധ്യമാകും. എത്ര ലളിതമാണ് ഭാരതീയ പാരമ്പര്യങ്ങള്‍ എന്നും അതെത്രമാത്രം ശാസ്ത്രയുക്തമാമെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും. പലരും പറയാറുണ്ട് ഹിന്ദുമതം സങ്കീര്‍ണമാണെന്ന്. അത് എവിടെ തുടങ്ങണമെന്നറിയില്ലെന്ന്. അത് പരന്നുകിടക്കുന്നതാണെന്നു പറയുമ്പോള്‍ പോലും അതിനൊരു തുടക്കമുണ്ട്. സാഗരത്തിന് എങ്ങനെയാണോ കൃത്യമായ തുടക്കമുള്ളത് അതേപോലെ. സാഗരം ബൃഹത്താണ്. എന്നുവെച്ച് അതിനു തുടക്കമില്ലേ? ഉണ്ട്.

സരളമാണ് ഹിന്ദുമതവും വേദവുമൊക്കെ. സൂര്യന്‍ കിഴക്കുദിക്കുന്നെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞാല്‍ മനസ്സിലാകും. കാരണം അതു സരളമാണ്. സരളമെന്ന പോലെ അത് അഗാധവുമാണ്. പക്ഷേ കൃത്യമായ പഠനം വേണം. ഒപ്പം സാധനയും. സാധനാരഹിതമായ വേദപഠനംകൊണ്ട് ഒന്നും നേടാനാവില്ല. വേദപഠനം ഒരു വ്രതമാണെന്നു പറയുന്നതു അതുകൊണ്ടാണ്. അല്ലാതെ ഒരു ജോലിയുമില്ലെങ്കില്‍ കുറച്ചു വേദപഠനം ആകാം; കുറേ പ്രഭാഷണങ്ങളാകാം എന്ന മട്ടിലല്ല. അഗാധമായ പഠനപാഠനം അതിന്നാവശ്യമാണ്.

അതിനൊരു തുടക്കമുണ്ട്. 'ആചാരപരമോധര്‍മ' എന്നു ഒരു സൂക്തിയുണ്ട്. ആചരണമാണ് പരമമായ ധര്‍മമെന്നു സാരം. എന്താണ് ഈ ആചരണം? ദിവസവുമുള്ള തപസ്സ്. ആ തപസ്സ് ഒരു കൊച്ചുവിളക്കാണ്. വലിയ ഇരുട്ടിലാണ് നാമിപ്പോള്‍ ഉള്ളത്. ആ ഇരുട്ടില്‍ വലിയൊരു പ്രകാശം നമുക്കു കിട്ടാന്‍ പ്രയാസമാണ്. അതുമല്ലെങ്കില്‍ അത്തരമൊരു പ്രകാശം ഉല്‍പാദിപ്പിക്കാന്‍ നമുക്കു സ്വയം കഴിയില്ല. ശരി. ഇപ്പോള്‍ ഒരു ചെറുദീപം നിങ്ങള്‍ക്കു കിട്ടുന്നു. ആ ദീപം കൊണ്ട് നിങ്ങള്‍ക്ക് ചുറ്റിലുമുള്ള രണ്ടടി കാണാം. അതാണ് ചെറിയൊരു സാധന. രണ്ടടി നടക്കുക. അപ്പോള്‍ തുടര്‍ന്നുള്ള രണ്ടടിയുടെ പ്രകാശം കാണാം. വീണ്ടും രണ്ടടിയ്ക്കു കൂടിയുള്ള പ്രകാശം. അങ്ങനെ നിങ്ങള്‍ക്ക് മൈലുകള്‍ താണ്ടി മുന്നേറാം. ഇതു തന്നെയാണ് സാധന അഥവാ തപസ്സ്. സാധന, തപസ്സ്, ജപം തുടങ്ങി അനേകം വാക്കുകള്‍ ഇപ്പോഴുണ്ട്.
ഈ വാക്കുകളെല്ലാം ഏറെ തെറ്റിദ്ധാരണയുണ്ടാക്കപ്പെട്ടവയാണ്. കാരണം ഒരു കാലത്ത് ഈ പദങ്ങള്‍ക്കുണ്ടായ അര്‍ത്ഥമേയല്ല ഇപ്പോഴവയ്ക്കുള്ളത്. സാധന എന്നു കേള്‍ക്കുമ്പോള്‍ അതെന്തോരു 'സാധനം' ആണെന്ന തോന്നലാണ് എല്ലാവര്‍ക്കും. തപസ്സ് എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക താടിയും മുടിയും നീട്ടി 'സാധുബീഡി' പരസ്യത്തിലുള്ള ഒരാളെയാണ്. ജപമെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഒന്നരലക്ഷം ജപിക്കുന്ന കഥയാണ്. ഒന്നരലക്ഷവും മൂന്നുലക്ഷവും ഒക്കെ ജപിക്കണമെന്ന് ഒരു ശാസ്ത്രവും വാസ്തവത്തില്‍ ആവശ്യപ്പെടുന്നില്ല. ദൈനംദിന ജീവിതത്തെ പ്രകാശമാനമാക്കാന്‍, രണ്ടടി മുന്നോട്ടുവെയ്ക്കാന്‍ ഉള്ള ഒരു പദ്ധതി. അതു വളരെ സരളമാണ്. അത് ഘോരമായ ഒന്നല്ല. ഒരുപക്ഷേ നമുക്കതിനെ ബ്രഹ്മചര്യം എന്നുവിളിക്കാം.

മറ്റൊരു തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഈ ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തില്‍ മറ്റൊരു തെറ്റിദ്ധാരണയാണിത്. വാക്കുകളുടെ അര്‍ത്ഥം നേരെ മനസ്സിലാകാത്തതാണ് ഇതിനൊക്കെ കാരണം. ഉദാഹരണമായി 'വെള്ളം' എന്ന പദം എടുക്കുക. വെള്ളം എന്ന പദത്തിന് എന്താണ് അര്‍ത്ഥം? വെള്ളമെന്നു തന്നെ. എന്നാല്‍ 'വെള്ളമടിക്കുക' എന്നാല്‍ വെള്ളം കുടിക്കുക എന്നല്ല അര്‍ത്ഥം. അവന്‍ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്ന വാക്യത്തിനാകട്ടെ ഈ അര്‍ത്ഥങ്ങളൊന്നുമല്ല ഉള്ളത്. അതായത് സാധാരണ വെള്ളം എന്ന വാക്കിനു പോലും ഇന്ന് അര്‍ത്ഥം തീരെ മാറിപ്പോയിരിക്കുന്നുവെന്നു സാരം. ഇങ്ങനെ നോക്കുമ്പോള്‍ നമുക്കു നഷ്ടമായ നിരവധി അര്‍ത്ഥങ്ങളാണ് ഇന്നു കാണുന്ന പല അനാചാരങ്ങളും. അര്‍ത്ഥമൊന്നു വേറെ. ആചരണം ഒന്നു വേറെ എന്ന നിലയിലാണ്.

ബ്രഹ്മത്തില്‍ ചരിക്കുന്നതാണ് ബ്രഹ്മചര്യം. അതും ലൈംഗികബന്ധവും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാവിലെ ഉണരുന്നു. ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോള്‍ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാന്‍ സദാ നമസ്‌കരിക്കുന്നു. പല്ലു തേയ്ക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മം നല്ല രീതിയില്‍ പരിലസിക്കുന്നതിന് പല്ലുവേണം. അതിനാല്‍ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലു തേയ്ക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനു വേണ്ടിയാണ്-ശിവനു വേണ്ടിയാണെന്നു സാരം. ശിവനുള്ളപ്പോള്‍ നാം ശരീരത്തെ കുളിപ്പിച്ചു വൃത്തിയാക്കിവെയ്ക്കുന്നു. ഈ ശിവനില്ലെങ്കിലോ അതു ശവമായി. ശിവമില്ലാത്തതാണ് ശവം. ഉള്ളിലുള്ള ബ്രഹ്മത്തെ കുളിപ്പിച്ചു കഴിഞ്ഞാല്‍ പൊട്ടു തൊടീക്കുന്നു. പൗഡറിടുന്നു, പൂമാല ചൂടിക്കുന്നു; ചിലര്‍ കോസ്മറ്റിക്കുകള്‍ വാരിപ്പൂശുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education