ചില ചാണക്യസൂക്തങ്ങള്‍

22 Oct 2012

ചാണക്യന് ശാരീരകസൗന്ദര്യമില്ലായിരുന്നു. കുറ്റം പറയുന്നവര്‍ക്ക് അദ്ദേഹം കാണാന്‍ കൊള്ളാത്തവനാണെന്ന് വിളിച്ചുപറയുന്നതില്‍ യാതൊരു മടിയുമില്ലായിരുന്നു. എന്നാല്‍ ആ സൗന്ദര്യം തൊലിക്കടിയിലായിരുന്നു. ബുദ്ധി, വിവേകം, രചനാത്മകം, ഉല്‍ഭവം, ചിന്താശക്തി, അറിവ്, രാജനീതി, ഗൂഢനീതി, ആസൂത്രണം എന്ന് വേണ്ട എല്ലാത്തിന്റെയും അതികഠിനമായതും മുമ്പ് ആരിലും തന്നെ കണ്ടിട്ടില്ലാത്ത വൈഭവം ചാണക്യനുണ്ടായിരുന്നു. ചില ചാണക്യസൂക്തങ്ങള്‍

മന്ദബുദ്ധിയായ ശിഷ്യനെ പഠിപ്പിക്കുക, ദുഷ്ടസ്ത്രീയെ പരിപാലിക്കുക, ദീനന്‍മാരോട് സഹവസിക്കുക എന്നീ കാരണങ്ങളാല്‍ പണ്ഡിതന്‍ പോലും ദുഃഖ പാത്രമാകും.

അപഥസഞ്ചാരിണിയായ ഭാര്യ, കാപട്യം നിറഞ്ഞ മിത്രം, എല്ലാ കാര്യങ്ങളിലും മറുപടി തരുന്ന ജോലിക്കാരന്‍, പാമ്പിന്റെ വാസം ഇവയുള്ള വീട്ടില്‍ താമസിക്കുന്നത് മരണതുല്യമാണ്.

ആപത്ത് കാലത്തേക്ക് വേണ്ടി പണം സൂക്ഷിക്കണം, ഭാര്യയെ ധനത്തെക്കാള്‍ ശ്രദ്ധയോടെ സംരക്ഷിക്കണം, എന്നാല്‍ ഇവ രണ്ടിനെക്കാള്‍ ഉപരി സ്വരക്ഷ നോക്കണം.

യാതൊരു സ്ഥലത്ത് ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവരക്ഷ ചെയ്യാനുള്ള ഉപായം ഇല്ലയോ, ബന്ധുബലം ഇല്ലയോ, വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലയോ അങ്ങിനെയുള്ളിടത്ത് താമസിക്കരുത്.

ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യണം. ഹിംസിക്കാന്‍ വരുന്നവനെ ഹിംസിക്കുന്നതില്‍ ദോഷമില്ല. ദുഷ്ടന്മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണം.

നദി, ആയുധധാരി, കൊമ്പ് നഖം ഇവയുള്ള ഹിംസ്രമൃഗങ്ങള്‍, സ്ത്രീകള്‍, രാജകുടുംബാഗങ്ങള്‍ ഇവരെ വിശ്വസിക്കരുത്.

ജീവനോപായം, ഭയം, ലജ്ജ, ദാക്ഷിണ്യം, ത്യാഗശീലത ഇവ ഇല്ലാത്ത സ്ഥലത്തെ ആളുകളുമായി യാതൊരു ഇടപാടും അരുത്.

കഠിനമായ ജോലികളില്‍ വേലക്കാരനെയും, സങ്കടങ്ങളില്‍ ബന്ധുക്കളെയും, ആപല്‍ഘട്ടങ്ങളില്‍ മിത്രങ്ങളെയും, സമ്പത്ത് നശിക്കുമ്പോള്‍ ഭാര്യയേയും അറിയാം.

വിരൂപയാണെങ്കില്‍ പോലും അവനവന്റെ സമാന കുലത്തില്‍ ജനിച്ച കന്യകയെ വിവാഹം കഴിക്കുക. സുന്ദരിയും സുശീലയും ആണെങ്കിലും നീചകുലത്തില്‍ നിന്നും അരുത്.

രോഗം, പട്ടിണി, ശത്രുപീഡ, രാജസന്നിധാനം, ശ്മശാനം ഇവയിലെല്ലായിടത്തും ആര് കൂട്ടുണ്ടോ അവരാണ് ബന്ധു.

നിശ്ചയമായവയെ ഉപേക്ഷിച്ചു നിശ്ചയമില്ലാത്തതിന്റെ പിറകെ പോകുന്നവര്‍ക്ക് നിശ്ചയമായവയും നഷ്ടമാകും. അനിശ്ചിതമായവ നേരത്തെതന്നെ നഷ്ടമാണുതാനും.

സ്ത്രീകള്‍ക്ക് ആഹാരം രണ്ട് ഇരട്ടി, ലജ്ജ നാല് ഇരട്ടി, സാഹസം ആറ് ഇരട്ടി, കാമം എട്ട് ഇരട്ടി.

ദുഷ്ടമായ ആചാരം ഉള്ളവര്‍, പാപദൃഷ്ടികള്‍, ദുഷ്ടമായ സ്ഥലത്ത് വസിക്കുന്നവര്‍, ദുര്‍ജനങ്ങള്‍ ഇങ്ങിനെ ഉള്ളവരുടെ മിത്രങ്ങള്‍ ഇവര്‍ പെട്ടെന്ന് നശിക്കുന്നു.

തീര്‍ത്ഥയാത്രകൊണ്ടോ ക്ഷേത്രദര്‍ശനം കൊണ്ടോ ദുഷ്ടന്റെ സ്വഭാവത്തിന് മാറ്റമുണ്ടാവില്ല, മദ്യമൊഴിക്കുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുക തന്നെ ചെയ്യും.

ഭാര്യാ വിയോഗം, സ്വന്തക്കാരില്‍ നിന്നുമുള്ള അപമാനം, യുദ്ധത്തില്‍ രക്ഷപെട്ട ശത്രു, ദുഷ്ടനായ രാജാവിനെ സേവിക്കേണ്ടി വരിക, ദാരിദ്ര്യം, വിവരംകെട്ട മനുഷ്യരുടെ സഭ ഇവ തീയുടെ സഹായം ഇല്ലാതെ തന്നെ ശരീരം ദഹിപ്പിക്കും.

നദീതീരത്തുള്ള വൃക്ഷം, മറ്റുള്ളവരുടെ വീട്ടില്‍ പാര്‍ക്കുന്ന ഭാര്യ, മന്ത്രിയില്ലാത്ത രാജാവ് ഇവര്‍ പെട്ടന്ന് നശിക്കുന്നു.

വിപ്രന് വിദ്യയും, രാജാവിന് സൈന്യവും, വൈശ്യനു ധനവും, ശൂദ്രന് പരിചരണ ശേഷിയും ബലമാണ്.

എല്ലാ മലകളിലും മാണിക്യമോ, എല്ലാ ആനകളിലും മുത്തോ, എല്ലായിടത്തും സന്യസികളോ, എല്ലാ വനങ്ങളിലും ചന്ദനമോ കാണുകയില്ല.

ലാളിക്കുന്നതിനാല്‍ വളരെ ദോഷങ്ങളും, അടിക്കുന്നത് കൊണ്ടു വളരെ ഗുണങ്ങളും ഉണ്ട്. അതിനാല്‍ മക്കളെയും ശിഷ്യന്മാരെയും അടിക്കുകയേ ചെയ്യാവൂ, ലാളിക്കരുത്.


ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്. സംതൃപ്തി ഏറ്റവും വലിയ ആനന്ദവുമാണ്. ദുരാഗ്രഹത്തേക്കാള്‍ വലിയ രോഗമില്ല. അനുകമ്പയേക്കാള്‍ വലിയ മതവിശ്വാസവുമില്ല.

വിസ്തൃതമായൊരു മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍ക്കിടയില്‍ പശുക്കുട്ടി തെറ്റുപറ്റാത്തവിധം സ്വന്തം അമ്മയെ കണ്ടെത്തുന്നു. കര്‍മ്മഫലവും ഇതുപോലെ കര്‍മ്മിയെ പിന്തുടരുന്നു.

ലോകത്തില്‍ ബന്ധങ്ങള്‍ പലതരമാണ്. ഓരോന്നും നമുക്കേറ്റവും അമൂല്യവുമാണ്. അതിലേറ്റവും ശക്തവും ദൃഢവുമായ ബന്ധം സ്‌നേഹമാണ്. നോക്കൂ, വണ്ടുകള്‍ മരം തുരന്ന് വീടുണ്ടാക്കുന്നു അത് താമരപ്പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ബന്ധിതമായിത്തീരുന്നു. കാരണം മറ്റൊന്നുമല്ല പൂവിനോടുള്ള സ്‌നേഹം.

പണം ധൂര്‍ത്തടിക്കുന്നവന്‍, വഴക്കുണ്ടാക്കുന്നവന്‍, എപ്പോഴും പരാതിപ്പെടുന്നവന്‍, വ്യഭിചരിക്കുന്നവന്‍ ഇവര്‍ വേഗത്തില്‍ നശിക്കുന്നു.

ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം കിട്ടില്ല.

(ചാണക്യനീതി എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education