ലോകമലയാളിയുടെ നാട്ടുവര്‍ത്തമാനങ്ങള്‍

ബിജു.സി.പി

17 Oct 2012

നമുക്കറിയാത്ത ലോകങ്ങളില്‍ നിന്നുള്ള വിചിത്ര സുന്ദരമായ കഥകള്‍ ലളിതമായി പറഞ്ഞു തരുന്നു എന്നതാണ് തുമ്മാരുകുടിയുടെ സവിശേഷത. സുപരിചിതമായ നാട്ടുകാര്യങ്ങള്‍ നാം ചിന്തിക്കുകയേ ചെയ്യാത്ത മറ്റൊരു കോണില്‍ നിന്നുള്ള കാഴ്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്

അനാക്കൊണ്ടയെ കാണാന്‍പോയ തുമ്മാരുകുടിയെപ്പോലെ എന്നൊരു ചൊല്ല് മലയാളത്തില്‍ ഇതുവരെ ഇല്ലെങ്കില്‍ ഇനി ഉണ്ടാക്കാവുന്നതേയുള്ളൂ. സംഭവം ഇങ്ങനെ- ജനീവയ്ക്കടുത്ത് ലേസാനിലെ പാമ്പു പ്രദര്‍ശനശാലയില്‍ അനാക്കൊണ്ടയുണ്ട് എന്ന് പരസ്യബോര്‍ഡില്‍ കണ്ടാണ് മുരളി തുമ്മാരുകുടി പാഞ്ഞുപിടിച്ച് അവിടെയെത്തിയത്. യ്ത്തയ്ത്തഎല്ലാ മുറിയിലും അനാക്കൊണ്ട എന്നെഴുതി ആരോമാര്‍ക്കിട്ട ബോര്‍ഡു വെച്ചിട്ടുണ്ട്. അതുകൊണ്ട് അത് ഇപ്പോള്‍ കാണും എന്നു കരുതി ഞാന്‍ മുന്നോട്ടു നടന്നു.യ്ത്തയ്ത്ത നടന്നു നടന്ന് കോഫിഷോപ്പില്‍ എത്തിയപ്പോള്‍ സംശയമായി. അനാക്കൊണ്ടയെകണ്ടതുമില്ല. അനാക്കൊണ്ട എവിടെ? ഞാന്‍ കോഫി ഷോപ്പിലെ മാനേജരോടു തിരക്കി.
അനാക്കൊണ്ട ഇതാണ് സര്‍.
ഏത്?ഈ കോഫി ഷോപ്പിന്റെ പേരാണ് സര്‍ അനാക്കൊണ്ട!!

ഈ സൂപ്പര്‍ ഹിറ്റ് അബദ്ധത്തെക്കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നതിങ്ങനെ- യാത്ര പതിവായ ഒരാള്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നത് അസാധാരണം അല്ല. എന്നെ എത്രയോ പേര്‍ പറ്റിച്ചിരിക്കുന്നു! എന്നാലും ബോര്‍ഡ് വെച്ച് പറ്റിക്കുന്നത് ഇതാദ്യമായാണ്.
ഡോ.മുരളി തുമ്മാരുകുടിയെപ്പോലെ ഇത്രയേറെ ലോകം കണ്ടിട്ടുള്ള മലയാളികള്‍ അധികമുണ്ടാവില്ല. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ (UNEP)ദുരന്തലഘൂകരണ വിഭാഗത്തിന്റെ ചുമതലക്കാരനാണ് അദ്ദേഹം. ലോകമെങ്ങുമുണ്ടാകുന്ന മഹാദുരന്തങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത് അദ്ദേഹമാണ്. ചൈനയിലെ ഭൂകമ്പം, ഹെയ്ത്തിയിലെ ഭൂകമ്പം, ജപ്പാനിലെ സുനാമി തുടങ്ങി ലോകം കണ്ട വലിയ ദുരന്തങ്ങളിലൊക്കെ ചിട്ടയാര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങളുമായി ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സംഘമെത്തിയത് ഡോ.മുരളി തുമ്മാരുകുടിയുടെ നേതൃത്വത്തിലാണ്. ഡോ.മുരളിയുടെ ലോകസഞ്ചാരത്തിനിടയിലെ അനുഭവലോകങ്ങളാണ് തുമ്മാരുകുടി കഥകള്‍ എന്ന ഈ ലേഖന സമാഹാരത്തിലുള്ളത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് അദ്ദേഹം കുറിച്ചിടുന്നത്. അതാകട്ടെ, നര്‍മഭാസുരമായി ഒരു കൊച്ചുവര്‍ത്തമാനത്തിന്റെ ലാഘവത്തോടെയും. സ്വിറ്റ്‌സര്‍ലാന്റില്‍ ജാക്കി മദാമ്മയ്‌ക്കൊപ്പം സോണയില്‍ പൂര്‍ണ നഗ്‌നനായി സോണസ്‌നാനത്തിനിരിക്കുന്നതിനെക്കുറിച്ച് എഴുതുമ്പോള്‍ വെങ്ങോലക്കാരനായ നാടന്‍ മലയാളിയുടെ നാണവും സങ്കോചവും കൃത്യമായി അനുഭവിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. മസ്‌കറ്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തക്കാളി വാങ്ങാന്‍ പോയപ്പോള്‍ മലയാളിയായ വില്പനക്കാരന്‍ സ്വാഭാവികമായെന്നോണം ഇന്ത്യക്കാരോടു പുലര്‍ത്തുന്ന വിവേചനത്തെക്കുറിച്ചെഴുതുമ്പോള്‍ ശക്തമായ രാഷ്ട്രീയ നിരീക്ഷണമായി അതു മാറുന്നു. ഈജിപ്തിലെ ആളെ പിടിക്കുന്ന മുതലയെക്കുറിച്ചുള്ള വിവരണമാകട്ടെ ഒരു ഫാന്റസി പോലെ വിചിത്രസുന്ദരമാണ്.

ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡോ. മുരളി ചരിത്രസംഭവങ്ങള്‍ക്കു നേര്‍സാക്ഷിയാണ്. ലോകമെങ്ങുമുള്ള വിചിത്രമായ ആചാരങ്ങള്‍ക്കു മുന്നില്‍ ഒരു വെങ്ങോലക്കാരന്റെ കൗതുകത്തോടും പോരിമയോടും കൂടിയാണ് അദ്ദേഹം നില്‍ക്കുന്നത്. ആഫ്രിക്കയിലായാലും അമേരിക്കയിലായാലും ജപ്പാനിലായാലും ഇറാഖിലായാലും കാണുന്നതിനെയെല്ലാം തന്റെ പഴയ നാടന്‍ കാഴ്ചകളിലേക്കു കൊണ്ടുവന്നു മുട്ടിക്കാനുള്ള ഒരു വലിയ സൂത്രവിദ്യ അദ്ദേഹത്തിനറിയാം. വഴിവക്കില്‍ നിന്നു മൂത്രമൊഴിച്ചതിനെക്കുറിച്ച് പോലും ഹൃദ്യമായൊരു ലേഖനമെഴുതാന്‍ കഴിയുന്ന വിസ്മയശേഷിയുള്ള എഴുത്തുകാരനാണ് മുരളി തുമ്മാരുകുടി. മാതൃഭൂമി ഇന്റര്‍നെറ്റ് എഡിഷനിലെ തന്റെ പതിവു പംക്തിയില്‍ ഓരോ ലേഖനത്തിനും ലക്ഷത്തോളം വായനക്കാരുള്ള, ലോകമെങ്ങുമുള്ള മലയാളികള്‍ക്കിടയിലെ ഏറ്റവും ജനകീയനായ എഴുത്തുകാരിലൊരാള്‍ കൂടിയാണ് ഡോ.മുരളി.
പല രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുള്ള ജോലിയാണെങ്കിലും ജോലിയുടെ സ്വഭാവം കാരണം ഒരു സന്ദര്‍ശകനെപ്പോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനോ മറ്റു കാഴ്ചകള്‍ കാണാനോ കഴിയാറില്ലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍, ദക്ഷിണ സുഡാനില്‍ പ്രസിഡന്റായിരുന്ന ഡോ.ജോണ്‍ ഗാരംഗ് നാട്ടില്‍ വന്നിറങ്ങുമ്പോള്‍ കണിയൊരുക്കാനായി പശുവിനെ അറക്കുന്നതു കാണാനും റുവാണ്ടയിലെ അടിമ മ്യൂസിയത്തിന്റെ കരളലിയിക്കുന്ന കഥ മനസ്സിലാക്കാനും യാമസുക്രോയിലെ ബസ്ലിക്കയില്‍ പോകാനും കഴിയുന്ന സഞ്ചാരികള്‍ ഉണ്ടാവില്ല. ഡോ.മുരളി തുമ്മാരുകുടിക്ക് ലോകം മുഴുവനുമാണ് ജോലിസ്ഥലം. ജോലിസ്ഥലത്തു കാണുന്ന ഓരോ ചെറിയ കാര്യത്തിലും കൗതുകം കൊള്ളാനും അവ വെങ്ങോലക്കാരനായ നാടന്‍ മലയാളിയുടെ കണ്ണിലൂടെ അവതരിപ്പിക്കാനും കഴിയുന്നതിനാലാണ് ഈ ലേഖനങ്ങള്‍ നമുക്ക് ഹൃദ്യമാകുന്നത്. ലോകവര്‍ത്തമാനങ്ങള്‍ക്കൊപ്പം തനി നാട്ടുവിശേഷങ്ങളും അദ്ദേഹം എഴുതുന്നുണ്ട്. ശ്രീ പത്മനാഭന്റെ നിധി, യേശുദാസ് വയോവൃദ്ധനാണോ? മലയാളം ക്ലാസ്സിക്കല്‍ ഭാഷയാണോ, മന്ത്രിമാരുടെ എണ്ണം തുടങ്ങിയവയൊക്കെ കേരളീയ സാംസ്‌കാരിക ജീവിതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കൂടിയാണ്. 'ഒരു വേലക്കാരന്റെ കഥ', 'വ്യത്യസ്തനായ ഒരു ബാര്‍ബറെ തേടി' തുടങ്ങിയവയൊക്കെ വിദേശത്തെത്തുന്ന മലയാളിയുടെ പോരിമയുടെ നേര്‍ വിവരണങ്ങളാണ്.
നമുക്കറിയാത്ത ലോകങ്ങളില്‍ നിന്നുള്ള വിചിത്ര സുന്ദരമായ കഥകള്‍ ലളിതസുഭഗമായി പറഞ്ഞു വെയ്ക്കുന്നു എന്നതാണ് തുമ്മാരുകുടി കഥകളുടെ സവിശേഷത. നമുക്കു തീര്‍ത്തും പരിചിതമായ നാട്ടുകാര്യങ്ങള്‍ കൂടി അദ്ദേഹം പറയുന്നുണ്ട്. അതു പക്ഷേ, നാം ചിന്തിക്കുകയേ ചെയ്യാത്ത മറ്റൊരു കോണില്‍ നിന്നുള്ള കാഴ്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്.
തുമ്മാരുകുടി കഥകള്‍
ഡോ.മുരളി തുമ്മാരുകുടി
പേജ് 160. വില 125 രൂപ
വ്യൂ പോയിന്റ് തിരുവനന്തപുരം

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT