ഭാഗ്യങ്ങളുമായി വന്ന നന്ദന
കെ.എസ്.ചിത്ര
27 Sep 2012
ഒരമ്മയുടെ അനിര്‍വചനീയമായ ഭാവങ്ങള്‍ എന്നില്‍ പിറക്കുന്നത് എന്റെ മകള്‍ നന്ദനയുടെ വരവോടെയാണ്. അമ്മയുണ്ടാവുമ്പോഴുണ്ടാകുന്ന പറഞ്ഞാല്‍ തീരാത്ത, മതിവരാത്ത സന്തോഷം നന്ദനയിലൂടെ ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. സ്ത്രീത്വത്തിന്റെ പരിപൂര്‍ണതയുടെ ആ സൗഭാഗ്യം, ഐശ്വര്യത്തിന്റെ ഒരു നിലാപ്പന്തല്‍ തന്നെയായിരുന്നു ഞങ്ങള്‍ക്ക്. പതിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ ജീവിതത്തിന്റെ മരുഭൂമിയില്‍ തളിര്‍ത്ത മരുപ്പച്ച!
നന്ദന പിറക്കും മുമ്പ് താരാട്ടുപാട്ടുകള്‍ പാടേണ്ടിവരുമ്പോള്‍ എന്റെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു. എന്നാല്‍ , ആ വേദനയില്‍ നിന്നും നൂറുപൂക്കള്‍ ഒരുമിച്ച് പിറവിയെടുത്ത് സുഗന്ധം പരത്തുന്നതുപോലെയായിരുന്നു നന്ദന. പിന്നെപ്പിന്നെ, എന്റെ താരാട്ടുപാട്ടുകള്‍ നന്ദനയ്ക്കും കൂടിയുള്ളതായി. എന്റെ പാട്ടുകേട്ടുറങ്ങിയിരുന്ന നന്ദനയ്ക്ക് ഉണര്‍ത്തുപാട്ടാവാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടം ഞാനിനി ആരോടാണ് പറയുക? എങ്ങനെയാണ് ആ വേദനയില്‍ നിന്നും ഞാന്‍ മുക്തിനേടുക?
എട്ടു വര്‍ഷക്കാലം ഞങ്ങളുടെ ജീവന്റെ തന്ത്രികളില്‍ ശ്രുതിമീട്ടിയിരുന്ന നന്ദനയാണ് പൊയ്‌പ്പോയിരിക്കുന്നത്. എന്നെയും വിജയന്‍ ചേട്ടനെയും തനിച്ചാക്കി അവള്‍ എവിടേയ്‌ക്കോ പോയ്മറഞ്ഞിരിക്കുന്നു. ഓരോ വിഷുക്കാലവും നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ മാത്രമാക്കി നന്ദന മറയുമ്പോള്‍ എന്റെ മനസ് ശൂന്യമാവുകയാണ്.
സാധാരണയായി, മക്കളെ തനിച്ചാക്കി യാത്രയാവുന്നത് അച്ഛനോ അമ്മയോ ആണ്. എന്നാല്‍, ഒരിക്കല്‍പ്പോലും അവളെ തനിച്ചാക്കാന്‍ ആഗ്രഹിക്കാതിരുന്ന ഞങ്ങളെ നന്ദന തോല്‍പ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കില്‍പ്പിന്നെ, ചെന്നൈയില്‍ നിന്നും അകന്ന് ദുബായി സുഹൃത്തിന്റെ വില്ലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ഞങ്ങളുടെയെല്ലാം ശ്രദ്ധയില്‍നിന്നും മാറി നന്ദന നടന്നടുക്കുമായിരുന്നോ? ഓര്‍ത്തുനോക്കുമ്പോള്‍, ഇപ്പോഴും ഞങ്ങള്‍ക്ക് ഒന്നും മനസിലാകുന്നില്ല. വലിയ വാതിലുകള്‍ തനിയെ തുറന്ന് സ്വിമ്മിംഗ് പൂളിലേക്ക് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ആലോചിക്കാനാവുന്നില്ല. സ്വിമ്മിംഗ് പൂളിന്റെ വലിയ ഗേറ്റ് നന്ദന എങ്ങനെ തുറന്നു എന്ന ചോദ്യം ഇപ്പോഴും മനസില്‍ ബാക്കിനില്‍ക്കുന്നു.
നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. 2011 ഏപ്രില്‍ 14നും എന്നെ നിര്‍ബന്ധിച്ച് മഞ്ചാടി വച്ച് കണ്ടു കൊണ്ടിരുന്ന നന്ദന, താടിക്കു കൈയും കൊടുത്ത് കമിഴ്ന്നു കിടന്ന് മഞ്ചാടി ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്തെപ്പോഴോ അവള്‍ സ്വിമ്മിംഗ്പൂളിനെക്കുറിച്ച് ചിന്തിച്ചുപോയത് ഏത് ശക്തിയുടെ പ്രേരണ കൊണ്ടാവും? രണ്ട് ദിവസം മുമ്പും അതേ സ്വിമ്മിംഗ്പൂളില്‍ ഞങ്ങള്‍ മകളെ ആവോളം കുളിപ്പിച്ചിരുന്നതാണല്ലോ. എപ്പോഴും കൈയ്യില്‍ സൂക്ഷിച്ചിരുന്ന മഞ്ഞപ്പാവ കൈയില്‍ നിന്നും ഒഴിവാക്കിയതും കാലിലെ ചെരുപ്പ് ഒഴിവാക്കിയതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്ന് തന്നെ വിശ്വസിക്കാനേ എനിക്ക് കഴിയുന്നുള്ളൂ. വിഷുസംക്രാന്തി ദിനത്തിലെ ഉത്തരായനത്തില്‍ എന്റെ മകള്‍ ജലസമാധിയിലേക്ക് പോകുമ്പോള്‍ ഏറ്റവും ശുഭമുഹൂര്‍ത്തത്തിലെ മരണം അവള്‍ക്ക് ലഭിച്ചുവെന്ന് ആശ്വസിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാവുന്നുള്ളൂ. ഭാഗവതത്തില്‍ പറയുന്ന ഏറ്റവും ശുഭകരമായ മരണമുഹൂര്‍ത്തത്തിലായിരുന്നല്ലോ അവള്‍ ഞങ്ങളെ വിട്ടുപോയത്. അത്രത്തോളം നിഷ്‌കളങ്കമായ മനസ്സുള്ള നന്ദന, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളും വിഷമങ്ങള്‍ കാണുന്നുണ്ടാവും, അല്ലേ?
ഓര്‍ത്തുനോക്കുമ്പോള്‍ മരണം വല്ലാത്തൊരു യാഥാര്‍ത്ഥ്യമാണ്. ഭീഷണമായ യാഥാര്‍ത്ഥ്യം! ജീവിതത്തില്‍ നിന്നും വേറിട്ടുള്ളൊരു സത്യമായി മരണമല്ലാതെ മറ്റൊന്ന് ചൂണ്ടിക്കാട്ടുവാന്‍ എളുപ്പമല്ലെങ്കിലും അത് നല്‍കുന്ന വേദന മാറ്റുവാന്‍ എന്തിനാണ് സാധിക്കുക? പുനര്‍ജന്മം സത്യമായിരുന്നെങ്കില്‍, ഇനിയൊരു ജന്മം കൂടി നന്ദനയുടെ അമ്മയാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെങ്കില്‍ ...
(അനുഭവം, ഓര്‍മ, യാത്ര : കെ.എസ്.ചിത്ര എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം
Tags :