എന്റെ പൊന്നുതട്ടാന്‍

രഘുനാഥ് പലേരി

08 Aug 2013


എന്നോ എപ്പോഴോ എന്തുകൊണ്ടോ എന്തിനുവേണ്ടിയോ മനസ്സു പിടിച്ചുനിര്‍ത്താന്‍ മറന്ന ഒരു ഞൊടിക്കുള്ളില്‍ പ്രാണനില്‍നിന്നും പ്രസരിച്ച ഒരിറ്റ് സ്‌നേഹ വെളിച്ചത്തില്‍ കണ്ണില്‍ ഇരുട്ടു കയറിയ എന്റെ പൊന്നുതട്ടാന്‍ അയലത്തെ സുന്ദരിയായ പണിക്കത്തിപ്പെണ്ണിനെ മതിമറന്നങ്ങ് സ്‌നേഹിച്ചുപോയി.
എന്താ ചെയ്യാ. പറ്റിപ്പോയി.
ഉരുക്കിയ പൊന്‍തരി ഉരുകിയുറച്ചതുതന്നെ.
ഉരുക്കുന്നതിനു മുന്‍പുള്ള മാറ്റ് കുറയാത്ത അവസ്ഥയില്‍ എത്തിക്കാന്‍ ഇനി
ഏതു തട്ടാന്‍ വിചാരിച്ചാലും നടക്കില്ല. മനസ്സെന്ന മൂശയെ എത്ര ശ്രമിച്ചാലും
ശുദ്ധമാക്കാന്‍ കഴിയില്ല.
അതുകൊണ്ട് എന്റെ പൊന്നുതട്ടാന്റെ പ്രണയം ആരും അറിഞ്ഞില്ല.
തട്ടാനത് ആരോടും തട്ടിയതും മുട്ടിയതും ഇല്ല.
നിഴല്‍പോലെ കൂടെ നടന്ന സ്വന്തം അനിയത്തിയോ, സ്‌നേഹമെന്ന സ്വര്‍ണം ഉരുക്കിയൊഴിച്ച് ജന്മം തന്ന അച്ഛനോ, പത്തരമാറ്റായി പ്രസവിച്ച് കിന്നരി ധരിപ്പിച്ച് വളര്‍ത്തിയെടുത്ത അമ്മയോ അതറിഞ്ഞില്ല. അറിഞ്ഞതും രസിച്ചതും ആ സ്‌നേഹമൊരു ആനന്ദസാഗരമാക്കി ആറാടി നിന്നതും പ്രണയിനി ചമഞ്ഞ സ്‌നേഹലത മാത്രം. അവള്‍ക്കാ പ്രണയം ഒരു സ്വര്‍ണഖനിയായിരുന്നു. അവളും അവനും ഒരുമിച്ചുള്ള ജീവിതം മനസ്സെന്ന മൂശയിലിട്ടുരുക്കി നടന്ന എന്റെ പൊന്നുതട്ടാനെ തരാതരം നോക്കി അവള്‍ കുഴിച്ചു. ഇഷ്ടംപോലെ രത്‌നവും പവിഴവും കട്ടു. ഒടുക്കം ഒരു കൈക്കുടന്ന സ്വര്‍ണംപോലെ അവനെ വാരിയെടുത്ത് ഉരുക്കി പതംവരുത്തി പുതിയ പൊന്‍പണ്ടം തീര്‍ത്ത് നാടു മുഴുവന്‍ നോക്കിനില്‌ക്കേ അശേഷം കുറ്റബോധമില്ലാതെ മേലാകെ അലങ്കരിച്ച് സ്വന്തം ചന്തം രുചിച്ചു തിമര്‍ത്തു.
അവളാണ് സ്‌നേഹലത.
അതാണ് സ്‌നേഹലത.

സ്‌നേഹം, പ്രണയക്കൊടുങ്കാറ്റായി ഇറുകുന്ന കണ്ണിലും ഉരുക്കുന്ന ചിരിയിലും പ്രകാശമാക്കി ജ്വലിക്കുന്ന സ്‌നേഹലത. ഉരുകുന്ന ഇത്തിരിപ്പൊന്ന് കൈവെള്ളയില്‍ കണ്ടതും എത്ര പെട്ടെന്നാണ് അതിമോഹിയായ അച്ഛനും അമ്മയും അവള്‍ക്ക് കൂട്ടായത്. അറിയാത്ത ജ്ഞാനം ഗണിച്ച് ഗ്രാമം മുഴുവന്‍ ഭൂതഭാവി തിരുത്തിക്കൊടുക്കുന്ന അച്ഛന്‍പണിക്കര്‍ക്ക് എന്റെ പാവം തട്ടാന്‍ എത്ര പെട്ടെന്നാണ് അടുത്ത വീട്ടിലെ സഹോദരസ്‌നേഹമുള്ള തട്ടാനായി മാറിയത്. കള്ളനു നിഴലായി നടന്ന് സ്വന്തം മകളുടെ നേട്ടം മാത്രം ലക്ഷ്യം വെക്കുന്ന പണിക്കത്തിഅമ്മയ്ക്ക് അവനൊരു വിളക്കിയെടുക്കാന്‍ പാകത്തിലുള്ള സുന്ദരവിഡ്ഢിയായി മാറിയത്.
പക്ഷേ അവരാരും അറിഞ്ഞില്ല.
തട്ടിയ സ്‌നേഹം തിരിച്ചുതട്ടാന്‍, തട്ടാന്‍ അറിയുന്നവനു കഴിയും.
എന്റെ പൊന്നുതട്ടാന്‍, തട്ടാന്‍ അറിയുന്നവനാണ്.
അവന്‍ പത്തരമാറ്റുള്ള ശുദ്ധ തട്ടാനാണ്..
ചതിയുടെ കണ്ണഞ്ചിക്കുന്ന പ്രഭയില്‍ മനസ്സ് വിഭ്രമിച്ചുനിന്നുപോയ ഒരു നിമിഷം, അവനു വേണ്ടി മാത്രം കാലം കാല്‍ച്ചുവട്ടിലെ മൂശയില്‍ ഉരുക്കിയൊഴിച്ചതത്രയും അവന്‍ തട്ടി. പറിച്ചെടുത്ത സ്‌നേഹവും ഒടിച്ചെടുത്ത ജീവിതവും അവന്‍ അവനുതന്നെ തിരിച്ചു തട്ടി.

*
എല്ലാറ്റിനും സാക്ഷിയായി നിന്ന സത്യമറിയുന്ന വെളിച്ചപ്പാട് തട്ടാന്‍ തട്ടിയെന്നു വിളിച്ചുപറയുമ്പോള്‍ ഗ്രാമം തിരിച്ചെടുക്കുന്നത് മനസ്സെന്ന സുവര്‍ണച്ചെപ്പില്‍നിന്നും കാണാതെപോയ സ്‌നേഹത്തിന്റെ പത്തരമാറ്റാണ്.
തട്ടുന്നവനല്ല തട്ടാന്‍.
തട്ടാന്‍ വഴികൊടുക്കാത്തവനാണ് തട്ടാന്‍.
ആ തട്ടാനെ തിരിച്ചറിയാത്തവര്‍ക്ക് എന്തും തട്ടാനേ അറിയൂ.
നന്മയുടെ മധുരം നിറഞ്ഞ സ്‌നേഹപ്പൂക്കള്‍ മൊട്ടിടുംമുന്‍പ് എനിക്കെന്നു
പറഞ്ഞ് നുള്ളാനേ അറിയൂ.
ഇതെന്റെ പൊന്നുതട്ടാന്റെ കഥ.
മാറ്റു കുറയാത്ത സ്‌നേഹത്തിന്റെ കഥ.
ഞങ്ങളുടെ ശ്രീനിവാസനെ ആദ്യമായി നായകനാക്കി എനിക്കും സത്യന്‍ അന്തിക്കാടിനും നിര്‍മാതാവായ മുദ്ര ശശിക്കും വെള്ളിത്തിര പൊന്നാക്കി മാറ്റാന്‍ സാധിച്ച അപൂര്‍വ കഥ.
ഇതുപോലൊരു തിരക്കഥ എനിക്കിനിയും എഴുതാന്‍ സാധിക്കണേ എന്നു മാത്രം ഞാന്‍ എന്നും ആഗ്രഹിക്കുന്നു..
എത്ര ഭംഗിയായാണ് എന്റെ തിരക്കഥ സത്യന്‍ തിരിശ്ശീലയിലെ പ്രകാശമാക്കിയത്. എനിക്കെത്ര തവണ കണ്ടാലും കൊതി തീരാത്ത പൊന്‍സിനിമയാക്കിയത്.
നന്ദി. ഒരുപാട് നന്ദി.

അനുബന്ധം

പോരാ.. അതിമോഹം തന്ന്യാ... പണിക്കര് പിശുക്കനാ... നാറിയാ.. നാല്കാശ് ചിലവാക്കാന്‍ ഇഷ്ടക്കേടുള്ളവനാ എന്നൊക്കെ പറയുന്ന ചില നാട്ടു പ്രമാണികളും, ചില തട്ടാന്മാരും ഇവിടുണ്ട്. അവരൊക്കെ അത് കാണണം. അതെനിക്ക് നിര്‍ബന്ധാ.. (സെന്‍സര്‍ കട്ട്) (പേജ് 48) ഈ സംഭാഷണത്തില്‍ നിന്നും... ചില തട്ടാന്മാരും.. എന്ന വാക്യം എത്ര വിശദീകരിച്ചു കൊടുത്തിട്ടും, സെന്‍സര്‍ ബോര്‍ഡ് മുറിച്ചു നീക്കാന്‍ ആവശ്യപ്പെട്ടു.
അത് ഏതോ സെന്‍സിറ്റീവ് ആയ സെന്‍സര്‍ തട്ടാനെ ഉദ്ദേശിച്ചാണെന്ന സംശയത്താല്‍ ഏതോ മെംബര്‍ എതിര്‍ത്തതാണ് കാരണം. എന്നിട്ട് ...ചില തട്ടാന്മാരും.. എന്ന പ്രയോഗം ...ചില അയല്‍ക്കാരും.. എന്നാക്കേണ്ടി വന്നു.
അപ്പോഴും അയല്‍വക്കത്തെ തട്ടാനെയാണ് അത് ഉദ്ദേശിക്കുന്നതെന്ന് ഏത് തട്ടാനും മനസ്സിലാകും. വിവരമുള്ള തട്ടാന് അതിന്റെ സാരാംശം പിടികിട്ടും. സത്യത്തില്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ സ്വര്‍ണം പൊതിഞ്ഞ് ജീവിക്കുന്നവരാണ് തട്ടാന്മാര്‍. അവര്‍ക്കില്ലാത്ത വിവരക്കേടാണ് എത്രയോ തവണ 'ഒന്നും പൊതിയാതെ...' കാണിച്ച ദൃശ്യങ്ങള്‍ക്ക് വെളിച്ചം നല്കിയ സെന്‍സര്‍ബോര്‍ഡ് തട്ടാന്. പറഞ്ഞിട്ട് കാര്യമില്ല.
മെംബറായാ മാത്രം പോരാ വകതിരിവും വേണ്ടേ...

ഗാനം. ഒന്ന്

വളരെ പെട്ടെന്നാണ് ഒ.എന്‍.വി. ഈ ഗാനം എഴുതിയത്.
കഥയും കഥാപാത്രങ്ങളും അവരുടെ മാനസികനിലയും അതെത്തിച്ചേരുന്ന സന്ദര്‍ഭവും പറഞ്ഞുകൊടുക്കുന്നതോടെ അദ്ദേഹത്തിന്റെ മനസ്സില്‍ ഏത് തട്ടാനും കവിതയുടെ പൊന്മുട്ടയിടും.
മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചി താറാവ്
അതിനെ തവിടു കൊടുത്തു വളര്‍ത്തീ തട്ടാര്..
ആഹാ താമരയല്ലി കൊടുത്ത് ..
ചാമയും എള്ളും കൊടുത്ത്..
കുട്ടിത്താറാവ് ഇന്ന് കടിഞ്ഞൂല്‍ മുട്ടയിട്ടത് പൊന്മുട്ട...
എന്നെഴുതാന്‍ അന്നും ഇന്നും ഒ.എന്‍.വി.ക്കേ കഴിയൂ.
അതുപോലെത്തന്നെയാണ് ജോണ്‍സണും. മാഷുടേത് ശുദ്ധകവിതയാണെങ്കില്‍ കവിത കിനിയുന്ന ശുദ്ധസംഗീതമാണ് ജോണ്‍സന്റെത് സംഗീതമുള്ള കവിതയില്‍ ആ ജോണ്‍സണ്‍സംഗീതവും കലരുന്നതോടെ കേള്‍ക്കുന്ന മനസ്സില്‍ ജീവിതനിറച്ചാര്‍ത്തുകള്‍ നിറയും. ഈ മഹാപ്രതിഭകള്‍ നല്കിയ സംഗീതവും കവിതയും എന്റെ തിരക്കഥയ്ക്ക് ലഭിച്ച പൊന്മുട്ടകളാണ്.

'അച്ഛന്‍
പണ്ട് സ്വര്‍ണാണെന്നും പറഞ്ഞ് അമ്മയ്ക്ക്
കൊടുത്ത ആഭരണങ്ങളെല്ലാം ചെമ്പായിരുന്നില്ലേ...'
ഈ കഥയിലെ ഏറ്റവും നിഷ്‌കളങ്കമായ അച്ഛന്റെ ഒരു ചോദ്യത്തിന് അതിലും പരിശുദ്ധമായ മകന്റെ ഒരു വെളിപ്പെടുത്തലാണ് ഈ ഉത്തരം. (പേജ് 133) സ്‌നേഹിച്ച പെണ്ണ് കൈവിട്ട് പോകാതിരിക്കാന്‍ അവള്‍ മകനോട് നിര്‍ദേശിച്ച ഒരു മാര്‍ഗമാണ്, 'ഭാസ്‌കരേട്ടാ എന്റെ കഴുത്തില്‍ ഒരു താലികെട്ടി താ...' എന്ന്.

അതിലവന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. ഒരു താലിക്കെന്താ.. ഇത്തിരി സ്വര്‍ണം പോരേ എന്നവന്‍ പറഞ്ഞത് അവള്‍ക്ക് തീരെ രസിച്ചില്ല. ദുരാഗ്രഹികളായ അച്ഛനും അമ്മയും സ്വീകരിക്കണമെങ്കില്‍ ഒരു താലിമാലയ്ക്ക്‌പോലും പത്തു പവന്‍ വേണമെന്ന് അവള്‍ വാശിപിടിച്ചു. സ്‌നേഹമല്ല സ്വര്‍ണമാണ് അവളെയും അവളുടെ അച്ഛനെയും അമ്മയെയും ആകര്‍ഷിക്കുന്നതെന്ന് അവന് മനസ്സിലായതുമില്ല.
അവന്‍ അവള്‍ ചോദിച്ചതുപോലെ പത്തു പവന്‍ തന്നെ നല്കി. അതവളും അച്ഛനും അമ്മയും ചേര്‍ന്ന് വളരെ സ്വാഭാവികമായി മനസ്സുരുകാതെ കൈക്കലാക്കി. എന്തിനാണ് അവരത് ചെയ്തത്..? അറിയില്ല. അത് കൈക്കലാക്കിയതും പോര, ആ മാല ധരിച്ചുകൊണ്ടുതന്നെ അവള്‍ മറ്റൊരാളെ വിവാഹം കഴിച്ച് അവന്റെ മുന്നിലൂടെ അയാളോടൊപ്പം യാത്രയായി. ആ മാല ധരിച്ചുതന്നെ കൂടെ കിടന്നുറങ്ങി. അയാളുടെ കുഞ്ഞിനെ പ്രസവിച്ചു.

ആ മാല ധരിച്ചുതന്നെ, കുഞ്ഞിന്റെ കാതു കുത്താന്‍ വന്ന അവനെ ഇല്ലാത്ത കുറ്റം പറഞ്ഞ് ഓടിച്ചു. എല്ലാം കണ്ടും സമ്മതിച്ചും കൂടെനിന്നും അവളുടെ അച്ഛനും അമ്മയും ആ മാലയുടെ വേദന രുചിച്ചനുഭവിച്ചു. എന്തിനാണ് അവരത് ചെയ്തത്..? അറിയില്ല. ചിലര്‍ അങ്ങനെയാണ്.

ഒടുക്കം ആ മാല ചെമ്പാണെന്നറിഞ്ഞതും.. ഇതെങ്ങനെ ചെമ്പായി.. എന്നാണ് അവര്‍ ചതിവ് പറ്റിയവിധം സ്വയം ചോദിച്ചതും, ആ മാല തന്നവന്റെ അമ്മയെയും പെങ്ങളെയും നിരാശയോടെ നോക്കിയതും. മാറ്ററിയാന്‍ കഴിയാത്ത പത്തരമാറ്റാണ് മനുഷ്യമനസ്സ്. ആ മാറ്റിന്റെ തിളക്കമാണ്, ഒടുക്കം കഥ അവസാനിക്കേ, മകന്‍ കാമുകിക്ക് സമ്മാനിച്ചത് സ്വര്‍ണമാലയല്ല, സ്വര്‍ണം പൂശിയ ചെമ്പുമാലയാണന്ന് തട്ടാന്‍ ഭാസ്‌കരന്റെ അച്ഛന്‍ അറിയുന്നത്.

എല്ലാം ശുഭമായി പര്യവസാനിക്കും എന്ന് ഉറപ്പുള്ള നന്മയുള്ള ആ മനസ്സിന് പിന്നെ ഒരു കാര്യമേ മകനില്‍നിന്നും അറിയേണ്ടതുള്ളു. സ്‌നേഹം തിരിച്ചറിയാന്‍ കഴിയാതിരുന്ന കാമുകിക്കു വേണ്ടി അവള്‍ ആവശ്യപ്പെട്ടത്ര സ്വര്‍ണം നല്കി ചതിക്കപ്പെട്ട് സ്വന്തം ജീവിതം ആത്മഹത്യയില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കാത്തവിധം, അതൊരു ചെമ്പുമാലയാക്കി സമര്‍പ്പിക്കാനുള്ള ബുദ്ധി മകനെങ്ങനെ കിട്ടി.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education