'ഞാന്‍ മീശ എടുത്തു എന്നുള്ള കാര്യംകൂടി ഒന്നു പറഞ്ഞേക്കണേ.'

ശ്രീനിവാസന്‍

08 Aug 2013

'പാവം പാവം രാജകുമാരന്‍ ' എന്ന ഏറെ പ്രശസ്തമായ ശ്രീനിവാസന്‍ സിനിമയുടെ തിരക്കഥയില്‍ നിന്ന് ചില ഭാഗങ്ങള്‍

പാര്‍ക്ക് ബെഞ്ചിലിരിക്കുന്ന ശങ്കരേട്ടനും അരവിന്ദനും സുജനപാലനും ഗംഗനും. ഗോപാലകൃഷ്ണന്‍ കൈമാറിയ കത്ത് ശങ്കരേട്ടന്‍ പൊട്ടിച്ച് വായിക്കാന്‍ തുടങ്ങുന്നു. ആകാംക്ഷയോടെ മറ്റുള്ളവര്‍.
ശങ്കരേട്ടന്‍: എന്റെ രാധികയ്ക്ക്. (മറ്റുള്ളവര്‍ മൂളിക്കൊണ്ട് അത് ശരിവെക്കുന്നു)എങ്ങനെ തുടങ്ങണം, എങ്ങനെ എഴുതണം എന്നെനിക്കറിയില്ല. മുജ്ജന്മങ്ങളില്‍ നമ്മളിതുപോലെ കമിതാക്കളായിരിക്കണം. (മറ്റുള്ളവര്‍ ചിരിക്കുന്നു.) അല്ലെങ്കില്‍ ഈ സമാഗമത്തിന് ഈശ്വരന്‍ കളമൊരുക്കില്ലല്ലോ? (കത്തിലേക്ക് സൂക്ഷിച്ചുനോക്കി) പിന്നെന്താണിത് ഹിന്ദുസ്ഥാനിയോ? (കത്ത് സുജനപാലന് കൈമാറുന്നു.)
സുജനപാലന്‍: (ഉച്ചത്തില്‍) ഹിന്ദി! (കത്ത് വായിക്കാന്‍ തുടങ്ങുന്നു) പ്രഥമ് ദര്‍ശന്‍മെ പ്യാര്‍. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. വന്നു കണ്ടു കീഴടക്കി. എന്റെ ഓമനേ നീയൊരു നാലുമണിപ്പൂവാണ്. (എല്ലാവരും ചിരിക്കുന്നു) എന്റെ ഹൃദയകവാടം തുറന്നുവന്ന പഞ്ചവര്‍ണക്കിളിയാണ് നീ. (വീണ്ടും ചിരിക്കുന്നു)
ശങ്കരേട്ടന്‍: ഇവന്റെ രണ്ട് പെഗ്ഗടിച്ചതിന് എന്തെല്ലാം സഹിക്കണം.
സുജനപാലന്‍: ഓ മേരെ ജീവന്‍ സാഥീ. മേ തുജേ പ്യാര്‍ കര്‍ത്താ ഹും. മേ തുജേ ബഹുത് പ്യാര്‍ കര്‍ത്താ ഹൂം.
ഗംഗന്‍: (ചിരിച്ചുകൊണ്ട്) കാമുകന്റെ ഹൃദയകവാടം തുറന്നിട്ടിരിക്കുകയാണ്. വായിക്ക്... വായിക്ക്...
സുജനപാലന്‍: നമ്മുടെ പേരുകള്‍ തമ്മില്‍ എന്തു ചേര്‍ച്ച. ഗോപാലകൃഷ്ണനും രാധികയും. ഹഹഹ.
അരവിന്ദനും ശങ്കരേട്ടനും: (ഒരേ സ്വരത്തില്‍) അതെന്താണത്?
ഗംഗന്‍: ചിരി എഴുതി വെച്ചിരിക്ക്യാ( നാലുപേരും പൊട്ടിച്ചിരിക്കുന്നു) വായിക്കാന്‍ നല്ല രസമുണ്ട്.
സുജനപാലന്‍: ...കുട്ടിയ്ക്കറിയോ? എന്നെ വീട്ടില് വിളിക്കുന്ന ഓമനപ്പേര് കണ്ണന്‍ എന്നാണ്.
ശങ്കരേട്ടന്‍: (ഇടയ്ക്കു കയറി) ഇവനെയോ? ദൈവമേ, നിന്റെ പരീക്ഷണം!
സുജനപാലന്‍: കണ്ണനും രാധയും. രാധയും കണ്ണനും. എക്‌സ്‌ക്ലമേഷന്‍ മാര്‍ക്ക്. നമ്മുടെ അനുരാഗനദി നിര്‍വി
ഘ്‌നം ഒഴുകിയൊഴുകി എന്നാണ് കല്യാണസാഗര
ത്തില്‍ ചെന്നുപതിക്കുക.
ശങ്കരേട്ടന്‍: പിന്നേയ്. ഇതെവിടെെയങ്കിലും കൊണ്ടുപോയി പതിപ്പിച്ചില്ലെങ്കീ നമ്മള് വളരെ ബുദ്ധിമുട്ടും.
അരവിന്ദന്‍: അയ്യോ, അത്ര പെട്ടെന്നങ്ങ് പതിപ്പിച്ചാല്‍ പറ്റില്ല ശങ്കരേട്ടാ. ഈ എക്കൗണ്ടില് കൊറച്ചു കാലം നമ്മുടെ കാര്യങ്ങളൊക്കെ കുശാലായിട്ടങ്ങ് നടന്നുപോവേണ്ടതാ.
(സുജനപാലനോട്) മാഷ് വേഗം മറുപടി എഴുതാന്‍ നോക്ക്.
ഗംഗന്‍: മറുപടിക്ക് പറ്റിയ ചില പോയന്റ്‌സ് കിട്ടീട്ടുണ്ട്. റെഡിയായിക്കോ.

ട്യൂട്ടോറിയല്‍ കോളേജ്
പകല്‍

താന്‍ രാധികയ്‌ക്കെഴുതിയ കത്തിന് മറുപടി ലഭിച്ച ഗോപാലകൃഷ്ണന്‍ ആ കത്തുമായി വരാന്തയിലൂടെ ഓടി, ആരും കാണാതെ ഒരു മൂലയില്‍ ചെന്നുനില്ക്കുന്നു. അതിനുശേഷം അയാള്‍ കത്തു പൊട്ടിച്ച് വായന തുടങ്ങുന്നു.
രാധിക: (ശബ്ദം) എന്റെ പ്രിയപ്പെട്ട ഗോപേട്ടാ. വിറയ്ക്കുന്ന കൈകളോടെയാണ് ഗോപേട്ടന്റെ കത്ത് ഞാന്‍ കൈപ്പറ്റിയത്. സ്‌നേഹരാഗത്തിന്റെ കൈക്കുമ്പിളില്‍ ഞാന്‍ വെച്ചുനീട്ടിയ എന്റെ തുടിക്കുന്ന ഹൃദയം ഗോപേട്ടന്‍ തള്ളുമോ കൊള്ളുമോ എന്നറിയാതെ ഉള്‍ക്കിടിലത്തോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍.

കടല്‍ത്തീരം
വൈകുന്നേരം

കടല്‍ത്തീരം. സ്വര്‍ണനിറമാര്‍ന്ന സായാഹ്നവെയില്‍. ശാന്തമായ കടല്‍. ഒരു സ്വപ്നദൃശ്യത്തിലെന്നപോലെ... നേരിയ അവ്യക്തതയുടെ മൂടുപടം ദൃശ്യത്തിന് അകമ്പടി സേവിച്ചിരിക്കുന്നു. രാധിക ഇരിക്കുകയും ഗോപാലകൃഷ്ണന്‍ പൂഴിമണലില്‍ കിടക്കുകയും ചെയ്യുന്നു. വിശാലമായ കടല്‍ത്തീരത്ത് ഇരുവരും മാത്രം. കത്തിലെ വാക്കുകള്‍ രാധിക ഗോപാലകൃഷ്ണനോടു നേരിട്ടു പറയുന്നു.
രാധിക: മഴക്കാറ് നീങ്ങി. മാനം തെളിഞ്ഞു. മനസ്സിലെ തിരയടങ്ങി. ഗോപേട്ടന്റെ കത്ത് ഒരു നൂറുവട്ടമെങ്കിലും ഞാന്‍ വായിച്ചുകാണും. എന്തു ഭംഗിയുള്ള കൈ
പ്പട. (ഗോപാലകൃഷ്ണന്‍ മന്ദഹസിക്കുന്നു.) ഹിന്ദിപഠിച്ച ഗോപേട്ടന് മലയാളം ഇങ്ങനേം വഴങ്ങ്വോ? സോറി ഗോപേട്ടാ, എനിക്ക് ഒട്ടും ഹിന്ദി അറിയില്ല. മേരേ ജീവന്‍ സാഥി, മേ തുംസെ പ്യാര്‍ കര്‍ത്താഹും എന്നു പറഞ്ഞാലെന്താ? അതിന്റെ മലയാളം ട്രാന്‍സ
ലേഷന്‍ ഒന്ന് എഴുതി അറിയിക്കുമോ? എനിക്ക് ഒത്തിരി കാര്യങ്ങള്‍ എഴുതണമെന്നുണ്ട്. ഞാനൊരുകാര്യം പറഞ്ഞാല്‍ ഗോപേട്ടന്‍ പിണങ്ങുമോ?

ട്യൂട്ടോറിയല്‍ കോളേജ്
പകല്‍

കടല്‍ത്തീരത്തെ സാങ്കല്പികരംഗത്തില്‍നിന്നും ദൃശ്യം. വീണ്ടും വരാന്തയിലെ മൂലയില്‍ നിന്നുകൊണ്ട് കത്ത് വായിക്കുന്ന ഗോപാലകൃഷ്ണന്‍.
ഗോപാലകൃഷ്ണന്‍: (കത്തിലേക്ക് നോക്കി) പറയൂ...പറയൂ...

കടല്‍ത്തീരം
വൈകുന്നേരം

നേരത്തേ കാണിച്ച സങ്കല്പദൃശ്യത്തിലേക്ക്
രാധിക: പിണങ്ങില്ലെന്ന് ഉറപ്പാണല്ലോ?
ഗോപാലകൃഷ്ണന്‍: ഉറപ്പ്.

ട്യൂട്ടോറിയല്‍ കോളേജ്
പകല്‍

ദൃശ്യം വീണ്ടും ട്യൂട്ടോറിയലില്‍വെച്ച് കത്ത് വായിച്ചുകൊണ്ടിരിക്കുന്ന ഗോപാലകൃഷ്ണനിലേക്ക്,
രാധിക: (ശബ്ദം) ഗോപേട്ടന്റെ മുഖത്തിന് ആ മീശ തീരെ യോജിക്കുന്നില്ല. (ഗോപാലകൃഷ്ണന്‍ ചെറുതായൊന്ന് ചൂളുന്നു.) മീശയില്ലാത്ത ഗോപേട്ടനെയാ എനിക്കിഷ്ടം.

വാടകവീട്
പകല്‍

രാധികയുടെ ശബ്ദം ഈ ദൃശ്യത്തിലേക്ക് ഓവര്‍ലാപ് ചെയ്യുന്നു. വീടിനു പിറകുവശത്തുള്ള ഭിത്തിയിലിരുന്ന് മീശ വടിച്ചുകൊണ്ടിരിക്കുന്ന ഗോപാലകൃഷ്ണന്‍. അയാള്‍ കണ്ണാടിയില്‍ നോക്കി മീശ മുഴുവനായും എടുത്തുകളയുന്നു. പിന്നിലുള്ള വാതില്‍പ്പടിയില്‍ ആ പ്രവൃത്തി നോക്കിനില്ക്കുന്ന അരവിന്ദനും സുജനപാലനും ഗംഗനും. അവര്‍ അമര്‍ത്തിച്ചിരിക്കുന്നു. പുറകില്‍ നിന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്ന ഗോപാലകൃഷ്ണന്‍. അവര്‍ പെട്ടെന്ന് ചിരിയടക്കുന്നു.
സുജനപാലന്‍: എന്തു പറ്റി മാഷേ?
ഗോപാലകൃഷ്ണന്‍: (ജാള്യത മറച്ചുവെച്ച്) രോമം കൊഴിയുന്നുണ്ടോ എന്നൊരു സംശയം. പുഴുനടപ്പാണെന്നും തോന്നുന്നു. (അല്പനിമിഷത്തിനുശേഷം ) ആട്ടെ, എങ്ങനെയുണ്ട്?
ഗംഗന്‍: (മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട്) ഹും.. വൃത്തികേട് മാറിക്കിട്ടി.
അരവിന്ദന്‍: അതേയതേ. മീശയില്ലാതെ മാഷിന്റെ മുഖത്തിന് എന്തൊരു ഭംഗിയാ?
ഗോപാലകൃഷ്ണന്‍ അഭിമാനപൂര്‍വം അത് ശരിവെക്കുന്നു. ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് മൂവരും അകത്തേക്ക്.

റോഡ്
പകല്‍

റോഡരികിലൂടെ നടന്നുവരുന്ന രാധിക. രാധികയെ പ്രതീക്ഷിച്ചെന്നോണം സമീപത്തുള്ള പെട്ടിക്കടയില്‍ നില്ക്കുന്ന ഗോപാലകൃഷ്ണന്‍. അയാള്‍ രാധികയെ കാണുന്നു. നെഞ്ചിടിപ്പിന് ആക്കം കൂടുന്നു. രാധികയ്ക്ക് അഭിമുഖമായി നടക്കുന്ന ഗോപാലകൃഷ്ണന്‍. രാധിക അടുത്തെത്തുമ്പോള്‍ താന്‍ ക്ലീന്‍ ഷെയ്‌വ് ചെയ്തു എന്നറിയിക്കാന്‍വേണ്ടി മുഖംകൊണ്ട് ചില കോപ്രായങ്ങള്‍ കാട്ടുന്നു. അതൊന്നും ശ്രദ്ധിക്കാതെ രാധിക ഗോപാലകൃഷ്ണനെ കടന്നുപോവുന്നു. രാധികയുടെ പ്രതികരണത്തില്‍ ഗോപാലകൃഷ്ണന്‍ തെല്ല് അസ്വസ്ഥനാണ്.

ബാങ്ക്
പകല്‍

ബാങ്കിനകം. പ്രവൃത്തിസമയം തുടങ്ങിയതേയുള്ളൂ. ആയതിനാല്‍ തിരക്ക് നന്നേ കുറവ്. ജോലിയിലേര്‍പ്പെട്ടിരിക്കുന്ന രാധികയും സഹപ്രവര്‍ത്തകരും. പ്യൂണ്‍ ശങ്കരേട്ടന്‍ ഫയലുകളുമായി അവിടേക്ക് വന്ന് രാധികയ്ക്ക് തൊട്ടരികിലായി ഇരിക്കുന്ന ക്ലര്‍ക്കിന്റെ മേശപ്പുറത്ത് വെക്കുന്നു.
പോവാനൊരുങ്ങുന്ന ശങ്കരേട്ടനോട്,
രാധിക: ശങ്കരേട്ടാ, ഇതൊക്കെ പോസ്റ്റ് ചെയ്യാനുള്ളതാ. (ഏതാനും ഒഫീഷ്യല്‍ ലെറ്ററുകള്‍ കൈമാറുന്നു. തിരികെ ജോലിയിലേക്ക്)
പോവാതെ അവിടെത്തന്നെ നില്ക്കുന്ന ശങ്കരേട്ടന്‍.
ശങ്കരേട്ടന്‍: എന്താ കുട്ടീ, സുഖംതന്നെയല്ലേ. വീട്ടീന്ന് എഴുത്തു
കളൊക്കെ വരാറില്ലേ?
രാധിക: ശങ്കരേട്ടനെന്താ പുതിയൊരു ലോഹ്യമൊക്കെ?
ശങ്കരേട്ടന്‍: ഞാന്‍ ഇതിനുമുന്‍പ് കുട്ടിയോട് ലോഹ്യം കാണിച്ചിട്ടില്ലേ?
രാധിക: ഇല്ല.
ശങ്കരേട്ടന്‍: എന്നാ ഇനിമുതല് ലോഹ്യം കാണിച്ചുകളയാം. എന്താ, സുഖംതന്നെയല്ലേ?
രാധിക: ഓ... ശങ്കരേട്ടന് അസുഖമൊന്നും ഇല്ലല്ലോ?
ശങ്കരേട്ടന്‍: ങാ... കുട്ടീടെ കാരുണ്യംകൊണ്ട് സുഖമായിട്ട് അങ്ങനെ കഴിഞ്ഞുപോവുന്നു.
മനസ്സിലാവാതെ,
രാധിക: എന്റെ കാരുണ്യംകൊണ്ടോ?
ശങ്കരേട്ടന്‍ അതേയെന്ന മട്ടില്‍ തലയാട്ടുന്നു.

ബാങ്കിനു മുന്‍വശം
പകല്‍

രാധിക ഏല്പിച്ച ലെറ്ററുകളുമായി പോസ്റ്റ് ഓഫീസിലേക്കിറങ്ങുന്ന പ്യൂണ്‍ ശങ്കരേട്ടന്‍. സൈക്കിളെടുത്ത് പോവാനൊരുങ്ങുന്നതിനിടെ അയാള്‍ക്ക് മുന്നിലേക്ക് കടന്നുവരുന്ന ഗോപാലകൃഷ്ണന്‍. ഗോപാലകൃഷ്ണന്റെ കൈയില്‍ ഒരു പൊതിയുണ്ട്.
ഗോപാലകൃഷ്ണന്‍: ശങ്കരേട്ടാ...
ശങ്കരേട്ടന്‍: ങാ... ഇതാര് മാഷോ? ഇതെന്താ ഇവിടെ?
ഗോപാലകൃഷ്ണന്‍ പരുങ്ങുന്നു.
ശങ്കരേട്ടന്‍: (മുഖത്തേക്കു നോക്കി) ഇതെന്ത് പറ്റി? മാഷെ മോന്ത നല്ല പുത്തന്‍കലംപോലുണ്ടല്ലോ?
ഗോപാലകൃഷ്ണന്‍: ഞാന്‍ മീശയെടുത്തു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education