ഇവന്‍ ബ്രഹ്മാവിന്റെ പുത്രന്‍

കെ. ശ്രീജിത്ത്‌

05 Jun 2013


അസമിന് ബ്രഹ്മപുത്ര നദിയല്ല, 'നദ'യാണ്. അത് സ്ത്രീയല്ല, പുരുഷനാണ്. ബ്രഹ്മാവിന്റെ പുത്രന്‍ . ആ അര്‍ഥത്തിലാണ് ഈ നദയ്ക്ക് ബ്രഹ്മപുത്ര എന്ന പേരുവീണത്. നദികളെ ദൈവപുത്രന്മാരെപ്പോലെ ആരാധിക്കുന്ന ഒരു സംസ്‌കാരത്തെയും അതിന്റെ വിലപിടിച്ച ഉപലബ്ധികളെയും കുറിച്ച് ...

രാവിലെ നേര്‍ത്ത മഞ്ഞുണ്ടെങ്കിലും ദൂരെ മലനിരകള്‍ കാണാം. നല്ല തണുപ്പുണ്ട്. വിരലിലെണ്ണാവുന്ന ആളുകളേ കടത്തുബോട്ടിലുള്ളൂ. അതുണ്ടാക്കുന്ന ഓളങ്ങളൊഴിച്ചാല്‍ നദി ശാന്തമാണ്. അസമിന്റെ താഴ്‌വരകളിലൂടെ അത് നിര്‍ബാധം ഒഴുകുന്നു. ഇത് ബ്രഹ്മപുത്ര. അസമിന്റെ ആത്മാവ്. കണ്ണെത്താദൂരം നിറഞ്ഞൊഴുകുന്നു. ഒരു വേനലിനും അതിനെ വറ്റിക്കാനാവില്ല.
അസമിന് ബ്രഹ്മപുത്ര നദിയല്ല. 'നദ'യാണ്. സ്ത്രീയല്ല. പുരുഷനാണ്. ബ്രഹ്മാവിന്റെ പുത്രനാണിവന്‍. ആ അര്‍ഥത്തിലാണ് ഈ നദയ്ക്ക് ബ്രഹ്മപുത്ര എന്ന പേരുവീണതെന്ന് അസമുകാര്‍ പറയുന്നു.

പുഴകള്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളാണ്. ജീവനും ജീവിതവും നാമ്പിടുന്നിടങ്ങള്‍. കലയും സംഗീതവും ഊര്‍ജം നേടുന്ന ജീവല്‍പ്രവാഹങ്ങള്‍. ബ്രഹ്മപുത്രയുടെ ഓളങ്ങള്‍ താരാട്ടിവളര്‍ത്തി രാജ്യത്തിനു നല്‍കിയ രണ്ട് പ്രതിഭകളുണ്ട്. ഇന്ദിരാഗോസ്വാമിയും ഭൂപേന്‍ ഹസാരികയും.

'രുദാലി' സിനിമയിലെ പ്രശസ്തമായ ഗാനങ്ങള്‍ കേള്‍ക്കുന്നവരുടെയുള്ളില്‍ ഒരു നദിയൊഴുകും. കുളിരേകുന്ന, പതഞ്ഞൊഴുകുന്ന ഒരു നദി. ഓരോ ഗാനവും കേള്‍ക്കുമ്പോഴും ആ നദിക്ക് ഭാവം പകരും. അതില്‍ പുതിയ ഓളം ഇളകും. കാരണം ആ ഈണം സൃഷ്ടിച്ചത് ബ്രഹ്മപുത്രയെ ഉള്ളില്‍ കൊണ്ടുനടന്ന ഒരു മനുഷ്യനാണ്. ഭൂപേന്‍ ഹസാരിക. അദ്ദേഹത്തിന് നദിപോലെയൊഴുകുന്ന ഒരു പേരുകിട്ടിയത് കേവലം യാദൃച്ഛികത മാത്രമായിരിക്കാം. ബ്രഹ്മപുത്രയുടെ ഗായകകവി എന്ന വിളിപ്പേരുള്ള അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും ഈ നാടിന്റെ സംഗീതവും അത്രമേല്‍ ചേര്‍ന്നിരിക്കുന്നു ബ്രഹ്മപുത്രയോട്.

'അപൂര്‍ണമായ ആത്മകഥ'യെഴുതിയ ഇന്ദിരഗോസ്വാമി എന്ന മഹതിയായ എഴുത്തുകാരിയും ഏതെങ്കിലും നദിയെ ഉള്ളില്‍ കൊണ്ടുനടന്നിട്ടുണ്ടെങ്കില്‍ അതും ഈ 'നദ'യാകും. അവരുടെ ബ്രഹ്മപുത്ര.

ഗുവാഹാട്ടി നഗരം പിന്നിട്ട് വടക്കന്‍ അസമിലേക്കുള്ള യാത്രയില്‍ കാണാം കണ്ണെത്താദൂരം പരന്നൊഴുകുന്ന ബ്രഹ്മപുത്ര. ഈ കരകാണാ പ്രവാഹത്തെ എന്തിനോടുപമിക്കും? ഒരു ഏകദേശ താരതമ്യത്തിന് കേരളത്തിലെ ഏത് നദിയെ കൂട്ടുപിടിക്കും ? പണ്ടൊരു നിളയുണ്ടായിരുന്നു. 2,900 കി.മീ. നീളവും 38 മീറ്റര്‍ ശരാശരി ആഴവും 120 മീറ്റര്‍ പരമാവധി ആഴവുമുള്ള ബ്രഹ്മപുത്രയ്‌ക്കൊത്തതല്ല 209 കി.മീ. മാത്രം നീളമുള്ള നിള. ഇപ്പോള്‍ തീരേയല്ല. അതിന്റെ കൈവഴികള്‍ക്കുണ്ട് നിളയ്ക്കുണ്ടായിരുന്ന വലിപ്പം. ഈ കൈവഴികളിലാണ് അസമിന്റെ ജലവൈദ്യുത പദ്ധതികളെല്ലാം. എന്നാല്‍, ബ്രഹ്മപുത്രയില്‍ ഒന്നുപോലുമില്ല. കെട്ടിത്തടയാനാവാത്തവണ്ണം വലിപ്പമാണതിന്, ആഴവും.

ദക്ഷിണ ടിബറ്റിലൂടൊഴുകി അരുണാചല്‍ പ്രദേശിലെത്തുന്ന ബ്രഹ്മപുത്രയെ അവര്‍ 'സിയാങ്' എന്നുവിളിക്കും. വസന്തത്തില്‍ ഹിമാലയത്തില്‍ മഞ്ഞുരുകുമ്പോള്‍ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകും. ഭ്രാന്തെടുത്തുള്ള ആ ഒഴുക്കില്‍ തീരങ്ങളെ അവന്‍ കൊണ്ടുപോകും. കൃഷിയെ നശിപ്പിക്കും. ഗുവാഹാട്ടി നഗരപ്രാന്തങ്ങളെ മുക്കിക്കളയും. ലോഹിത്, ധന്‍സിരി, കാമെങ്, റയ്ദക്ക്, ജദാക്ക, ടീസ്റ്റ എന്നീ കൈവഴികളില്‍ അവയ്ക്ക് കൊള്ളാവുന്നതിലധികം വെള്ളം നിറയ്ക്കും. എങ്കിലും ബ്രഹ്മപുത്ര അസംകാരുടെ ജീവാത്മാവാണ്. ഈ 'നദ'യെ ആശ്രയിച്ചാണ് ഓരോ കര്‍ഷകനും കൃഷിയിറക്കുന്നത്. ഈ 'നദ'യില്‍ നിന്നാണ് കൃഷിക്ക് ഏറ്റവുമധികം വെള്ളമുപയോഗിക്കുന്നത്.

ബ്രഹ്മപുത്രയെ ഉപാസിച്ച്, അതിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു ആദിവാസിസമൂഹമുണ്ട് ഇതിന്റെ കരയില്‍. അരുണാചല്‍ പ്രദേശില്‍നിന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറിയ 'മിസിങ്ങു'കള്‍. കൃഷിയാണിവരുടെ ഉപജീവനമാര്‍ഗം. അതിനുള്ള വെള്ളം നല്‍കുന്നത് ബ്രഹ്മപുത്രയും. ആദിമമായ സങ്കല്പങ്ങള്‍ നെഞ്ചേറ്റുന്ന ഇവര്‍ ബ്രഹ്മപുത്രയെ കളങ്കപ്പെടുത്തുന്നില്ല.

നദീതീരത്തെ ഇവരുടെ വീടുകള്‍ ഒരു കാഴ്ചതന്നെയാണ്. മരങ്ങള്‍ തൂണുപോലെ നാട്ടി, അതിനുമുകളില്‍ പണിയുന്ന വീടുകള്‍. അത്യുഗ്രമായ മഴയില്‍നിന്നും വെള്ളപ്പൊക്കത്തില്‍നിന്നും രക്ഷനേടാനുള്ള വഴിയാണിത്. ബ്രഹ്മപുത്ര ഒഴുകുന്നത് കേട്ടാണ് അവര്‍ ഉറങ്ങുന്നത്, ഉണരുന്നതും.

'മിസിങ്ങു'കളെപ്പോലെ ബ്രഹ്മപുത്രയെ വിശ്വസിച്ച് ജീവിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. വംശംതന്നെ കുറ്റിയറ്റുപോകുമെന്ന ഭീഷണി നിലനില്‍ക്കുമ്പോഴും ഈ 'നദ'യുടെ മാറില്‍ കുത്തിമറിയുന്ന റിവര്‍ ഡോള്‍ഫിനുകള്‍. ഇന്ത്യയുടെ ദേശീയ ജലജീവി. ഗുവാഹാട്ടി ഐ.ഐ.ടി.ക്കടുത്തുള്ള ഫെറിഘാട്ടില്‍ നഗരത്തിലേക്ക് പോകാന്‍ കടത്ത് കാത്തുനില്‍ക്കുമ്പോള്‍ ഇവ കൂട്ടത്തോടെയെത്തും. ബ്രഹ്മപുത്രയൊരുക്കുന്ന മറ്റൊരു സുന്ദരക്കാഴ്ച.

നിളയെ നെഞ്ചിലേറ്റിയ സാഹിത്യകാരനുണ്ട് നമുക്ക്. എം.ടി. വാസുദേവന്‍ നായര്‍. ഭാരതപ്പുഴയെ ഉപാസിച്ച കവിയുമുണ്ട് - പി. കുഞ്ഞിരാമന്‍ നായര്‍. നമ്മുടെ പുഴകള്‍ അതിനെ പ്രണയിച്ചവരുടെ, ഉപാസിച്ചവരുടെ കണ്‍മുന്നില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ദിര ഗോസ്വാമിയും ഭൂപേന്‍ ഹസാരികയും മണ്‍മറഞ്ഞിട്ടും ബ്രഹ്മപുത്ര ഇവിടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിന്റെ മാറില്‍ മണല്‍ നിറഞ്ഞു. മൈതാനമായി. ഒരു പാടുമവശേഷിപ്പിക്കാതെ വഞ്ചികള്‍ ഒഴുകിയ നിളയില്‍ ഇന്ന് ലോറികളുടെ ടയര്‍പ്പാടുകള്‍! വെള്ളത്തിനു പകരം നദിയില്‍ നിരന്നുനിറയുന്ന ടിപ്പര്‍ ലോറികള്‍. ബ്രഹ്മപുത്രയില്‍ മണ്‍കൂനകളില്ല. അവിടെ നദിയുടെ നെഞ്ചില്‍ നിരത്തിയ ലോറികളില്ല. ഇരുളിന്റെ മറവില്‍ മണല്‍വാരാനെത്തുന്ന മനുഷ്യരുമില്ല. ജീവന്റെ ഭാഗമായ നദിയെ അവര്‍ക്ക് നശിപ്പിക്കാനാവില്ല.

പക്ഷേ, ഭാവിയില്‍ ഈ മഹാനദിയെയും ലാഭക്കൊതിയരുടെ കണ്ണുകള്‍ ഉന്നംവെക്കില്ലെന്ന് പറയാനാവില്ലെന്ന് ഐ.ഐ.ടി. വിദ്യാര്‍ഥിയായ അസംകാരന്‍ ദേവബ്രതോ എന്ന ദേബോ ആശങ്കപ്പെടുന്നു. ബ്രഹ്മപുത്രയുടെ കൈവഴികളായ പുഴകളില്‍ പലതിലും മണല്‍വാരാന്‍ സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നുണ്ടെന്നാണ് ദേബോ പറയുന്നത്.

വലിയ ചരിത്രമുള്ള ഒരു നദിയെ മുപ്പതുകൊല്ലം കൊണ്ട് മൈതാനമാക്കിയവരാണ് മലയാളികള്‍. മുപ്പതുകൊല്ലവും അതില്‍നിന്ന് നാം മണല്‍ വാരി. ഇന്ന് കുഴികള്‍ നിറഞ്ഞ് അവിടവിടെ വെള്ളംകെട്ടിയ ഒരു കരഭൂമിയാണത്. ദേബോയ്ക്കറിയാത്ത കാര്യം. കുഴികളെ നാം പുഴകളെന്ന് വിളിക്കാറില്ല. ഒഴുകുന്നതാണ് പുഴ. ആത്മാവിന്റെ ഭാഗമായ ഒന്നിനെ എങ്ങനെ സംരക്ഷിക്കണമെന്നറിയാന്‍ അസം ജനതയെ കണ്ടു നാം പഠിക്കണം. അവര്‍ ബ്രഹ്മപുത്രയെ കാത്തുസൂക്ഷിക്കുന്നു. ഇതെല്ലാം അറിയുംപോലെ കണ്ണെത്താ ദൂരത്തേക്ക് ആ നദ ഒഴുകിക്കൊണ്ടിരിക്കുന്നു.

മണല്‍വാരുകാരുടെ വണ്ടികള്‍ ബ്രഹ്മപുത്രയില്‍ എത്താതിരിക്കട്ടെ. കാരണം ഇതൊരു സംസ്‌കാരമാണ്. അതിന് അഭംഗുരം ഒഴുകേണ്ടതുണ്ട്.


Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education