ധീരതയോടെ വരച്ചോളൂ...

തോമസ് ജേക്കബ്‌

18 May 2013

പാലക്കാട്ടെ കിള്ളിക്കുറിശ്ശിമംഗലത്തുനിന്ന് ആലപ്പുഴയിലെ അമ്പലപ്പുഴവരെ വരയ്ക്കാവുന്ന ഒരു നേര്‍രേഖയിലൂടെ പണ്ടൊരു നമ്പ്യാര്‍ തുള്ളലാടി പോയി. വരച്ചില്ലെന്നേ ഉള്ളൂ, കേരളം കണ്ട ആദ്യത്തെ കാര്‍ട്ടൂണിസ്റ്റായിരുന്നില്ലേ കുഞ്ചന്‍നമ്പ്യാര്‍? അദ്ദേഹം ഓട്ടന്‍തുള്ളലിലൂടെ വരച്ചുകൂട്ടിയ കാരിക്കേച്ചറുകള്‍ ഒന്നോര്‍ത്തുനോക്കൂ... വരച്ചില്ലെങ്കിലും അദ്ദേഹം നിറഞ്ഞാടിയ പ്രദേശങ്ങളിലൊക്കെ കാര്‍ട്ടൂണിസ്റ്റുകളുണ്ടായി.

ഇന്ത്യയില്‍ കാര്‍ട്ടൂണ്‍വരയുടെ തലസ്ഥാനം കേരളമാണെന്ന് ഒരിക്കല്‍ പറഞ്ഞത് നമ്മള്‍ മലയാളികളൊന്നുമല്ല, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരിയാണ്. ഒരിക്കല്‍ മൂന്നായി കിടന്നതുകൊണ്ടാണോ കേരളത്തില്‍ കാര്‍ട്ടൂണുകളുടെ പ്രഭവകേന്ദ്രങ്ങളും മൂന്നായിത്തീര്‍ന്നത്?

ആദ്യത്തേത് പാലക്കാട്. ഒ.വി. വിജയനും കുട്ടിയും രവിശങ്കറും ഉണ്ണിയുമൊക്കെ കരിമ്പനകളുടെ ദൃഢതയോടെ നിലകൊണ്ട നാട്. വിജയന്റെ കാര്‍ട്ടൂണുകളിലെ ഇരുണ്ട ഹാസ്യവും ദാര്‍ശനികതയും ഉണ്ണിയും രവിശങ്കറും ഒരളവോളം പിന്‍പറ്റുകയും ചെയ്തു. മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒരുപോലെ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്ന വിജയന്റെ കാര്‍ട്ടൂണുകളില്‍ ചിത്രത്തെക്കാള്‍ പ്രാധാന്യം വാക്കുകള്‍ക്കാണ്. ചിത്രത്തില്‍ കുറെക്കൂടി ശ്രദ്ധിക്കണമെന്ന ശങ്കറിന്റെ നിരന്തര ഉപദേശം വിജയന്‍ ചെവിക്കൊണ്ടിരുന്നില്ല. കാര്‍ട്ടൂണുകളിലെ ബുദ്ധിപരമായ അംശത്തിന്റെ തെളിച്ചംകൊണ്ട് വിജയന്‍ തന്റെ ചിത്രപരമായ പോരായ്മകളെ പിന്നിലാക്കുകയായിരുന്നു. ശങ്കര്‍ നിരസിച്ച വിജയന്റെ കാര്‍ട്ടൂണുകളില്‍ ചിലത് ന്യൂയോര്‍ക്ക് ടൈംസ് പിന്നീടു പ്രസിദ്ധീകരിച്ചതായി കേട്ടിട്ടുണ്ട്. മൂന്നു കാര്‍ട്ടൂണ്‍ വരച്ചാല്‍ അതിലൊന്നു മാത്രമേ പ്രസിദ്ധീകരണത്തിനയയ്ക്കാവൂ എന്ന് വിജയന്‍ പറയുമായിരുന്നു... ഡല്‍ഹിയിലെ ഇന്ത്യന്‍ എക്‌സ്​പ്രസിലും ചെന്നൈയിലെ ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസിലും പാലക്കാട്ടുകാരാണിപ്പോള്‍ കാര്‍ട്ടൂണിസ്റ്റുകള്‍: ഡല്‍ഹിയില്‍ ഉണ്ണിയും ചെന്നൈയില്‍ രവിശങ്കറും. 2010 അവസാനം ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറാവാന്‍ പ്രഭു ചാവഌഇന്ത്യാ ടുഡേയില്‍നിന്നു പോന്നപ്പോള്‍ രവിശങ്കറെ കൂടെക്കൂട്ടുകയായിരുന്നു.

നമ്പ്യാര്‍ നടന്നുപോയ നാട്ടുവഴിയേ കൂടെക്കൂട്ടിയാല്‍ അടുത്ത കാര്‍ട്ടൂണ്‍ദേശത്തെത്താം.
അതെ. ഓണാട്ടുകര. കാര്‍ട്ടൂണിന്റെ രണ്ടാംകര. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 40 ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട, ആലപ്പുഴ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പന്തളം ഗ്രാമപഞ്ചായത്തും മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി നഗരസഭകളുമൊക്കെ ചേര്‍ന്നുള്ള ഭൂഭാഗമാണ് ഓണാട്ടുകര എന്ന് അറിയപ്പെടുന്നത്. ഒരുകാലത്ത് എള്ളിന്‍പൂവിന്റെ മണം പരന്നിരുന്ന ഓണാട്ടുകരയ്ക്കു സ്വന്തമായുള്ള കാര്‍ട്ടൂണ്‍മഷിമണവും വിലപ്പെട്ടതാണ്. എത്രയെത്ര കാര്‍ട്ടൂണിസ്റ്റുകളാണ് ഇവിടെ പിറന്നതെന്നോ?

കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറില്‍നിന്നാണ് ഓണാട്ടുകര കാര്‍ട്ടൂണ്‍ബ്രഷ് പിടിക്കാന്‍ തുടങ്ങിയത്. മുംബൈയില്‍ ഒരു ഷിപ്പിങ് കമ്പനിയില്‍ ഗുമസ്തനായിരുന്ന കായംകുളംകാരന്‍ ശങ്കറിനെ, പ്രശസ്ത പത്രപ്രവര്‍ത്തകനായ ചെങ്ങന്നൂര്‍കാരന്‍ പോത്തന്‍ ജോസഫ് കണ്ടുമുട്ടിയിടത്താവണം, ഇന്ത്യന്‍ കാര്‍ട്ടൂണ്‍ചരിത്രം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ നിമിത്തത്തിലെത്തുന്നത്. ബോംബെ ക്രോണിക്കിളില്‍ ശങ്കറിന്റെ ഒരു മനോഹര കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പോത്തന്‍ ജോസഫിനെ അതു തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. കാര്‍ട്ടൂണ്‍ വന്ന ആ ദിവസം, ബസ്സില്‍ സഞ്ചരിക്കുന്നതിനിടെ പോത്തന്‍ ജോസഫ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ശങ്കറിനെ കണ്ടു. ഉടന്‍ ബസ് നിര്‍ത്തിച്ച് അദ്ദേഹം ഓടിയെത്തി ശങ്കറിനെ കെട്ടിപ്പിടിച്ചു. പിന്നീട് പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായപ്പോള്‍ ശങ്കര്‍ അവിടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. ശങ്കറെപ്പോലെ മുംബൈയില്‍ ഒരു ഗുമസ്തനായിരുന്നു കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ(കേവി)യും; ഓണാട്ടുകരയില്‍ ഉള്‍പ്പെട്ട ഹരിപ്പാട്ടെ അനന്തപുരം കൊട്ടാരത്തില്‍നിന്നുള്ള കേവി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലായിരുന്നുവെന്നു മാത്രം. ആര്‍ട്ട് സ്‌കൂളിലൊന്നും പഠിക്കാതെ വരച്ചുതുടങ്ങിയ പ്രതിഭ! ശങ്കേഴ്‌സ് വീക്ക്‌ലിയുടെ അവസാനകാലത്ത് അതില്‍ വരച്ചിരുന്ന ബി.ജി. വര്‍മ തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലേതാണ്. പ്രഗല്ഭരായ കെ.എസ്. പിള്ളയും (മാവേലിക്കര പുന്നമൂട്) അബു എബ്രഹാമും (ചെന്നിത്തല ചെറുകോല്‍) അബുവിന്റെ അനന്തരവനായ അജിത് നൈനാനും യേശുദാസനും (ഭരണിക്കാവ്) പി.കെ. മന്ത്രിയും ജോയി കുളനടയും രവി കറ്റാനവുമൊക്കെ ചേര്‍ന്ന് ഓണാട്ടുകരയെത്തന്നെ വലിയൊരു കാര്‍ട്ടൂണ്‍ ക്യാന്‍വാസാക്കിത്തീര്‍ത്തു. കേരളത്തില്‍ ആദ്യമായി പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയത് (കിട്ടുമ്മാവന്‍) യേശുദാസനാണ്; ജനയുഗം വാരികയില്‍ 1959 ജൂലായ് 19 മുതല്‍. മലയാളത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റിന്റെ പിറവിയുമായിരുന്നു അത്. ഇന്ത്യയിലാദ്യമായി പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചയാളിന്റെ പേരിലും നമുക്കു നന്നായി അഭിമാനിക്കാം: കൊല്ലംകാരനായ സാമുവല്‍.

കാര്‍ട്ടൂണിന്റെ മൂന്നാംകരയ്ക്കു മാത്രമാണു കുഞ്ചന്‍നമ്പ്യാര്‍ ബന്ധമില്ലാത്തത്; വടക്ക് വടകരയ്ക്കടുത്ത തിക്കോടി. തിക്കോടിയന്റെ ദേശം. ബി.എം. ഗഫൂറിന്റെയും നാട്. ശങ്കറിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞാണ് ഗഫൂര്‍ കേരളത്തിലേക്കു മടങ്ങിയെത്തിയത്; യേശുദാസിനെപ്പോലെത്തന്നെ. മാതൃഭൂമിയിലും ദേശാഭിമാനിയിലും സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്ന ഗഫൂറിന്റെ കാര്‍ട്ടൂണുകള്‍ക്കു തീര്‍ച്ചയും മൂര്‍ച്ചയുമേറിയിരുന്നു. ശ്രദ്ധേയ കാര്‍ട്ടൂണിസ്റ്റുകളായ ഇ. സുരേഷും സോമന്‍ കടലൂരും ഇന്നാട്ടുകാര്‍തന്നെ. അല്ല. ഒരു പേര്‍കൂടി പറയാതെ തിക്കോടി പുരാണം പൂര്‍ത്തിയാവില്ല. ഗോപീകൃഷ്ണന്‍. നമ്മുടെ നായകന്‍. ശങ്കറും ഗോപീകൃഷ്ണനും രണ്ട് അപൂര്‍വ സമാനതകള്‍ പങ്കിടുന്നുണ്ട്. ഇരുവരുടെയും കാര്‍ട്ടൂണ്‍വഴിയുടെ മുന്നിലുണ്ട്, ഓരോ അമ്മാവന്‍. രണ്ടു പേരുടെയും കാര്‍ട്ടൂണ്‍ പ്രവേശമാകട്ടെ, ആശാന്റെ നെഞ്ചത്തു ചവിട്ടിയുമായിരുന്നു!

ഒരു നല്ല കാര്‍ട്ടൂണ്‍ പിറക്കുന്ന നിമിഷം അപൂര്‍വസുന്ദരമാണ്. കാര്‍ട്ടൂണിസ്റ്റ് പിറക്കുന്ന നിമിഷമോ? അത്യപൂര്‍വം. ദൈവം ഒരാളുടെ വിധിയുടെ ക്യാന്‍വാസില്‍ ഗൂഢമായ മന്ദസ്മിതത്തോടെ ബ്രഷുകൊണ്ട് ഒരു ചിരിയടയാളം വരച്ചിടുന്ന നിമിഷമാണത്. അങ്ങനെയൊന്നിലേക്ക്:
മാവേലിക്കരയിലെ ഒരു പള്ളിക്കൂടം. ക്ലാസ് സന്ദര്‍ശിക്കാന്‍ വന്ന ഹെഡ്മാഷ് പിള്ളേര്‍ക്കു ജോലി നല്കിയശേഷം കസേരയിലിരുന്ന് ഉറക്കംപിടിച്ചു. കുറിയ ശരീരത്തിലൊരു വന്‍ കുടവയര്‍ എക്‌സ്ട്രാ ഫിറ്റിങ്ങായുള്ള അദ്ദേഹം, കസേരയിലിരുന്നു മേശമേല്‍ കാല്‍ കയറ്റിവെച്ച് ഉറങ്ങുന്നതിനിടയില്‍ മുണ്ട് മുട്ടിനെത്രയോ മുകളിലേക്കു കയറിപ്പോയി.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education