ചരിത്രമാകുവാന്‍ പിറന്ന 'ഓളവും തീരവും'

ജോണ്‍ പോള്‍

02 Apr 2013


പൂര്‍ണമായും ഔട്ട്‌ഡോറില്‍ നിര്‍മിച്ച ചിത്രം എന്നതുതന്നെയായിരുന്നു റോസിയുടെ മുഖ്യ ആകര്‍ഷണം. വേറിട്ട ഒരു മാനം ദൃശ്യങ്ങളില്‍ ചിത്രം പകര്‍ന്നു തന്നു എന്നതും പ്രധാനമാണ്. പതിവു കഥാവഴികള്‍ വിട്ടുള്ള ഒരാഖ്യാനരീതി അവലംബിച്ചും കണ്ടു. പുറമേ ഒന്നും അകമേ മറ്റൊന്നും പേറി നടക്കുന്ന കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍ തീര്‍ക്കുന്ന സന്ധികളിലൂടെയാണ് കഥ വഴിത്തിരിവുകള്‍ താണ്ടിയത്. രൂപതലത്തിലും പ്രമേയതലത്തിലും വ്യത്യസ്തതകള്‍ പുലര്‍ത്തി. പക്ഷേ, അത്രയുമേ അവകാശപ്പെടാനാകുമായിരുന്നുള്ളൂ. അതിനപ്പുറം ഒരു പുതിയ ഉണര്‍വ് സൃഷ്ടിക്കുവാനോ കാലത്തിന്റെ കണക്കുവഴിയില്‍ ഒരേടായി വിളങ്ങിച്ചേരുവാനോ വേണ്ട വക ആ ചിത്രത്തിലുണ്ടായിരുന്നില്ല. വഴിമാറി സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരു ചിത്രവും ചലച്ചിത്രകാരനും. അതിലൊതുങ്ങുന്ന റോസി നേടിയ പ്രസക്തിയും പ്രാമുഖ്യവും. അതു നിസ്സാരമല്ല എന്ന സത്യം ബാക്കിനില്ക്കുന്നു എങ്കിലും!

താരതമ്യേന സംഭാഷണപ്രധാനമായിരുന്നു റോസി. അതാദ്യം തിരിച്ചറിഞ്ഞതും പി.എന്‍. മേനോനാണ്. തുടര്‍ന്നുള്ള ചലച്ചിത്രപ്രയാണത്തില്‍, എം.ടിയുമൊത്തുള്ള സഹവര്‍ത്തിത്വത്തില്‍പ്പോലും സാഹിത്യത്തെയും സിനിമയെയും രണ്ടായി കാണാനുള്ള നിഷ്ഠയില്‍ അദ്ദേഹത്തിനു ശാഠ്യപൂര്‍ണമായ നിര്‍ബന്ധമുണ്ടായിരുന്നു.

'സാഹിത്യത്തോട് എനിക്കു വലിയ കമ്പമില്ല. സിനിമയെന്ന തൊഴിലിനു സാഹിത്യം ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം. ജീവിതപരിചയങ്ങളും വിഷ്വല്‍സിന്റെ റിയലിസവുമൊക്കെ സിനിമയുടെ ആത്മാവാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്; പഠിച്ചുവെച്ചിട്ടുണ്ട്. ഞലാീ്‌ല വേല ഘശലേൃമൗേൃല മിറ ാമസല വേല എശഹാ എന്ന ബര്‍ഗ്മാന്റെ വാചകം എന്റെ മനസ്സിലുണ്ട്. സാഹിത്യത്തില്‍നിന്നും മോചനം നേടിവേണം സാഹിത്യകൃതികള്‍ സിനിമയാക്കുവാന്‍... സാഹിത്യകാരനായതുകൊണ്ട് തിരക്കഥാകാരനാകാന്‍ കഴിയില്ല. വാല്മീകിക്കും വേദവ്യാസനും തിരക്കഥ എഴുതാന്‍ കഴിയില്ലല്ലോ. ടെന്നസി വില്യംസിന്റെ നാടകങ്ങള്‍ സിനിമയിലെയും നാടകങ്ങള്‍ തന്നെയായിരുന്നു. തിരക്കഥ കാണാപ്പുറം പഠിച്ചു സിനിമയെടുക്കുന്ന പണി എനിക്കറിയില്ല. ഏതു സ്‌ക്രിപ്റ്റായാലും സ്വാതന്ത്ര്യം എനിക്കുണ്ടാകണം.'

ഈയൊരു സങ്കല്പവുമായി പി.എന്‍. മേനോനെ എം.ടിയുടെ തിരക്കഥാവഴിയിലേക്കാനയിക്കാന്‍ രാമു കാര്യാട്ടിന്റെ കളരിയില്‍നിന്നും നേടിയ വേറിട്ട ചലച്ചിത്രസങ്കല്പം മാത്രം മൂലധനമാക്കി മുന്നിട്ടിറങ്ങി വന്ന സാഹസികനായ ഒരു നിര്‍മാതാവുമുണ്ടായി, പി.എ. ബക്കര്‍.
റോസി കഴിഞ്ഞുള്ള വറുതിയുടെ നാളുകളില്‍ ബക്കര്‍ തന്നെ തേടിവന്ന കഥ പി.എന്‍. പറഞ്ഞിട്ടുണ്ട്:

ഒരു ദിവസം രാവിലെ പത്തു മണി കഴിഞ്ഞിരിക്കണം. സൂര്യന്‍ ഉയര്‍ന്നു, രംഗനാഥന്‍തെരുവില്‍ നോക്കിനില്ക്കുന്ന എന്നെ പരിഹസിക്കുന്നതുപോലെ! ഒരാള്‍ വീട്ടിലേക്കു കയറിവന്നു. ഞങ്ങള്‍ തമ്മില്‍ വലിയ പരിചയമില്ല. അറിയാമെന്നു മാത്രം. ആ ചിരിയില്‍ ചെറിയൊരാകര്‍ഷണീയത.
'ഒരു പടം ചെയ്യണ്ടേ...?'

അയാള്‍ ഒരു ചോദ്യമെറിഞ്ഞു. കത്തിക്കാളുന്ന തീയില്‍ ഒരു കുടം വെള്ളം. അത്രയ്ക്കു പരിചയമൊന്നും അവകാശപ്പെടാനില്ലാത്ത ആ മനുഷ്യനുമായി സംസാരിച്ചിരുന്നു... ഞങ്ങളുടെ അഭിപ്രായങ്ങള്‍... തീരുമാനങ്ങള്‍ എല്ലാം ഒരുപോലെ...'
'കോംപ്രമൈസ് ഇല്ലാതെ നമുക്കൊരു പടമെടുക്കാം... എന്താ?'
സുഹൃത്തു വീണ്ടും ചോദിക്കുകയാണ്. ഒരു പുതിയ ചിത്രത്തിന്റെ പരിപാടി തീര്‍ച്ചപ്പെടുത്തി...
അവരൊരുമിച്ചു ശോഭന പരമേശ്വരന്‍ നായരെയും കൂട്ടിയാണ് കോഴിക്കോട്ടെത്തി എം.ടിയെ കാണുന്നത്.
എം.ടിയുടെ കഥാപ്രപഞ്ചം പി.എന്നിന് സുപരിചിതമായിരുന്നു.
കര്‍ക്കടകമാസത്തിലെ മഴ പെയ്തപ്പോള്‍ നനഞ്ഞ മണ്ണിന്റെ മണം... ചാണകം തേച്ച വരാന്തകള്‍... ഉണങ്ങിയ ഇലകള്‍ ഇളംകാറ്റിലുലയുമ്പോഴുള്ള നേര്‍ത്ത ശബ്ദം... വേലി കെട്ടിയ ഇടവഴികള്‍... മുക്കുറ്റിപ്പൂവുകള്‍ നിറഞ്ഞുനില്ക്കുന്ന മുറ്റങ്ങള്‍...
ഈ വഴിച്ചാലുകളിലൂടെയായിരുന്നല്ലോ പി.എന്നും ബാല്യകൗമാരങ്ങള്‍ താണ്ടിയത്.
എം.ടിയുടെ ഒരു കഥ ശോഭന പരമേശ്വരന്‍ നായര്‍ നിര്‍ദേശിച്ചിരുന്നു. ഒരു മുസ്‌ലിം കഥ. പണ്ടെങ്ങോ എഴുതിയത്. കഥ മേനോന് ഇഷ്ടപ്പെട്ടിരുന്നു. എം.ടിക്കും സമ്മതം.
എം.ടിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച പി.എന്‍. ഓര്‍ക്കുന്നതിങ്ങനെയാണ്:
പരമു വൈകുന്നേരം എം.ടിയെ കൂട്ടിക്കൊണ്ടുവന്നു. കറുത്ത കരയുള്ള മുണ്ടുടുത്ത, സിംപിള്‍ സ്ലാക് ധരിച്ച ഒരു മനുഷ്യന്‍. ഞാന്‍ കാത്തിരുന്ന എം.ടി. എന്നെ കണ്ടപ്പോള്‍ അകംകൊണ്ടു ചിരിച്ചു. എം.ടി. വല്ലപ്പോഴുമേ ചിരിക്കൂ. ചിരിക്കാത്ത എം.ടിയുടെ മുഖത്ത് ആത്മാര്‍ഥത കണ്ടു.

തങ്ങള്‍ക്കിടയില്‍ മൗനം കനംതൂങ്ങി നിന്ന നിമിഷങ്ങളെ താനെങ്ങനെ അതിജീവിച്ചുവെന്നും പി.എന്‍. ഓര്‍ക്കുന്നു.
എന്റെ ക്ഷമയില്ലാത്ത വാചകമടി എം.ടിയുടെ മൗനം ഇല്ലാതാക്കി. അല്പം മദ്യം കഴിക്കാന്‍ ഞങ്ങള്‍ പരിപാടിയിട്ടു. മദ്യം വന്നു. രണ്ടു പെഗ് അകത്തു ചെന്നപ്പോള്‍ എനിക്കൊരു ഉഷാറു വന്നു. എനിക്കും എം.ടിക്കും ഇടയില്‍ ഉയര്‍ന്നുനിന്ന മതില്‍ ഭയങ്കരമായി തകര്‍ന്നുവീണു. ഞാന്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങി...

ഷൊര്‍ണൂരില്‍ ചെറുതുരുത്തി ടി.ബിയില്‍ ഇരുന്നാണ് എം.ടി. ഓളവും തീരവും എഴുതിയത്. തുറന്നിട്ട ജനാലയ്ക്കരികില്‍ ഏകനായി ഇരുന്നാണ് എഴുത്ത്. പുറത്ത് പി.എന്‍. ഉലാത്തിക്കൊണ്ടിരിക്കും. ചില സമയങ്ങളില്‍ എം.ടി. ഒരു ബീഡി കത്തിച്ചു പുറത്തേക്കു വരും. എഴുതിയ സീനുകളില്‍ ചിലതു പറഞ്ഞുകേള്‍പ്പിക്കും. മറ്റു ചിലപ്പോള്‍ ചോദിക്കും:
'കര്‍ക്കടകത്തിലെ കല്ലായിപ്പുഴയില്‍ ചങ്ങാടം കൊണ്ടുവരുന്ന ബാപ്പുട്ടിയുടെ സീന്‍ എടുക്കാന്‍ കഴിയുമോ?'
രണ്ടാമതൊന്നാലോചിക്കാതെ (അന്തമില്ലാതെ!) പി.എന്നും ബക്കറും പറയും:
'സാധിക്കും.'

ബക്കറിന്റെയും പി.എന്നിന്റെയും ആദ്യചിന്ത ഒരു നല്ല പടമെടുക്കണം എന്നതായിരുന്നു. പണമില്ല. ഉണ്ടാകും. എങ്ങനെയും, എവിടെനിന്നെങ്കിലും ഉണ്ടാകും. ഉണ്ടാക്കും.
ഇടയ്‌ക്കൊരു മന്ത്രംപോലെ ബക്കര്‍ ഉരുവിടും:
'കോംപ്രമൈസ് ഇല്ലാതെ ഈ പടമെടുക്കണം, കേട്ടോ മേനോന്‍!'
ആ വാക്കുകള്‍ കാതില്‍ വീഴുമ്പോള്‍ ഇല്ലായ്മയുടെയും വറുതിയുടെയും ഉത്കണ്ഠകള്‍ വിട്ടു മേനോന്‍ തിരക്കഥയില്‍നിന്നും പുതിയ വിന്യാസങ്ങള്‍ നെയ്യാനിരിക്കും. എം.ടിയുടെ അതുവരെയുള്ള തിരക്കഥകളില്‍ മറ്റു സംവിധായകര്‍ ചെയ്യാന്‍ വിട്ടുപോയ ദൃശ്യതലത്തിലെ പുനര്‍രചനയ്ക്കു പി.എന്‍. ഒരുമ്പെട്ടു. അതാദ്യം അംഗീകരിക്കുകയും അതില്‍ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ടാവുക എം.ടിതന്നെയാവണം. പി.എന്നിനും എം.ടിക്കും ഈയൊരവബോധം ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ് എം.ടിയുടെ മുന്‍ തിരക്കഥകളുടെ ചലച്ചിത്രഭാഷ്യത്തില്‍നിന്നും ഓളവും തീരവും വേറിട്ടു മികവേറി നിന്നത്.

മറ്റു ഭാഷാചിത്രങ്ങള്‍ക്ക്, പ്രത്യേകിച്ചും വിദേശചിത്രങ്ങള്‍ക്ക് പ്രാപ്യമായിരുന്നതും മലയാളചിത്രങ്ങള്‍ക്കു പ്രാപ്യമല്ലാതെ വന്നതില്‍ ഞങ്ങള്‍ ഖിന്നരായിരുന്നതുമായ ദൃശ്യപരമായ വെളിപാടിന്റെ ആദ്യ വീചികള്‍ മലയാള സിനിമ ആ ചിത്രത്തിലൂടെ അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു. അതിനു നിമിത്തവും നിയോഗവുമാകാന്‍ സ്വന്തം സത്തയെ സമര്‍പ്പിച്ചതിന്റെ പേരിലാണ് പിന്നീടു വന്ന ചലച്ചിത്രതലമുറകള്‍ പി.എന്‍. മേനോനെ ഗുരുസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്; അദ്ദേഹത്തെ നേരിലറിയാത്തവര്‍ പോലും അദ്ദേഹത്തോടു വൈകാരികമായ ബന്ധവും അടുപ്പവും പുലര്‍ത്തുന്നത്! അതിനു പശ്ചാത്തലമായി സ്വന്തം സര്‍ഗസത്തയെ നിവര്‍ത്തിച്ചതിന്റെ പേരിലാണ് മലയാളസിനിമയും ഈ മാധ്യമത്തെ ഉപാസിക്കുന്ന തലമുറകളും എം.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education