കുഞ്ഞുണ്ണിയുടെ പ്രിയ പുസ്തകങ്ങള്‍ (എന്റെയും)

പ്രിയ.എ.എസ്‌

04 Mar 2013


എന്റെ മകന്‍, ഒരു പുസ്തകത്തിലൂടെ ആദ്യമായി പരിചയപ്പെട്ട കഥാപാത്രത്തിന്റെ പേര് മൊയ്‌ന.
അന്നവന് രണ്ടുവയസ്സ് കഷ്ടി. മൊയ്‌നയെ കഥയുടെ പാത്രത്തിലാക്കിയിരിക്കുന്നത് മഹാശ്വേതാ ദേവി.തര്‍ജ്ജമപ്പാത്രത്തിലാക്കിയിരിക്കുന്നത് നമ്മുടെ സ്വന്തം സക്കറിയ.ചിത്രങ്ങള്‍ കന്‌യികാ കിനി.തൂലികാ ബുക്‌സിന്റെ ആ പുസ്തകത്തിന്റെ പേര് ഒരു എന്തിനെന്തിന് പെണ്‍കുട്ടി (ദ വൈ വൈ ഗേള്‍).ആ പ്രസിദ്ധീകരണത്തെ മലയാളത്തിലെത്തിച്ചിരിക്കുന്നത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്.

'സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും' ബുക് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഒരു എന്തിനെന്തിന് പെണ്‍കുട്ടി എന്ന ഈ പുസ്തകത്തിലെ ചോദ്യചിഹ്നരൂപത്തിലെ എഴുത്തും പുഴരൂപത്തിലെ എഴുത്തും കണ്ട് വല്ലാതെ മോഹിതയായ ഞാന്‍, എന്റെ കുട്ടിയുടെ പ്രായവും വകതിരിവും ഒന്നും കണക്കാക്കാതെ അവനെ ആ പുസ്തകത്തിലേക്ക് കൈപിടിച്ചിറക്കി.അവന്റെ ആദ്യ കൂട്ടുകാരി ആ ആദിവാസിപ്പെണ്‍കുട്ടിയാണ്.മീന്‍ സംസാരിക്കാത്തതെന്ത് ,നക്ഷത്രങ്ങളില്‍ വളരെയെണ്ണം സൂര്യനേക്കാള്‍ വലുതാണെങ്കില്‍ എന്തുകൊണ്ടാണവ കണ്ടാല്‍ ചെറുത് എന്നെല്ലാമുള്ള മൊയ്‌നാ-സംശയങ്ങള്‍ എഴുതിയിരിക്കുന്നത് രണ്ടുപേജു കവിഞ്ഞുകിടക്കുന്ന ഒരു വലിയ മീന്‍-വാല്‍രൂപത്തിനകത്താണ്.എന്നെ വശീകരിച്ച ആ പേജിലേക്ക് നോക്കിനോക്കിയിരിക്കെ, എന്റെ കുട്ടിക്കാലം വാ,വേണേല്‍ വന്ന് തൊട്ടോ എന്നു പറഞ്ഞ് എനിക്ക് മുന്നിലൂടെ ഓടിക്കളിച്ചു .

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തിന്റെ മുദ്രാവാക്യമായിരുന്നത് റഷ്യന്‍ കഥാപ്പുസ്തകങ്ങളും കവിതാപ്പുസ്തകങ്ങളുമാണ്. ചുവന്ന നിറമുള്ള പ്രഭാത് ബുക്ക് ഹൗസ് ഞങ്ങള്‍ കുട്ടികള്‍ക്കു തന്ന സ്വപ്നങ്ങള്‍ക്ക് പതിനേഴായിരത്തെട്ട് നിറങ്ങളുണ്ടായിരുന്നു..

താളുകള്‍ പിഞ്ഞിപ്പോയിട്ട് ബൈന്‍ഡ് ചെയ്‌തെടുത്ത ഒരു പുസ്തകം ആണ് ദാ എന്റെ മുന്നില്‍.അലക്‌സേയ് ലാപ്‌ത്യെവ് എഴുതിയ കുട്ടികള്‍(ഗ്രന്ഥകാരന്റെ ചിത്രങ്ങളോട് കൂടിയത്) .പലമാതിരി കുട്ടികളെക്കുറിച്ചുള്ള രണ്ടുവരിക്കവിതയും കവിത വിശദമാക്കിക്കൊണ്ടുള്ള ചിത്രത്തോടും കൂടിയപുസ്തകം.. ഇതിലെ കുട്ടികള്‍ മനുഷ്യക്കുട്ടികളല്ല, പക്ഷിക്കുഞ്ഞുങ്ങളും മൃഗക്കുഞ്ഞുങ്ങളുമാണ്.

കോഴിക്കുഞ്ഞ് ഒരു ചുവന്ന പൂമ്പാറ്റയെയും പിടിച്ച് പട്ടിക്കുട്ടന്റെ അടുത്തു ചെന്ന് ചോദിക്കുകയാണ്,
ചെന്നിറമാര്‍ന്നീ സമ്മാനം
ഇഷ്ടപ്പെട്ടോ ചെറുനായേ?

ഒരു സീബ്രാക്കുഞ്ഞന്റെ കഴുത്തിനു പുറകിലൊരു തുമ്പി.സീബ്രാക്കുഞ്ഞന്‍ പകപ്പോടെ കാല് പൊക്കിപ്പാടുകയാണ്,
തുറിച്ചുനോക്കി ഞാന്‍ ചുറ്റും
തുമ്പീ തുമ്പീ നീയെവിടെ?

കവിതയേക്കാള്‍ എത്രയോ വലുതാണ് ഓരോ ചിത്രവും.മറന്നാലും മറക്കാന്‍ പറ്റാത്തവ.എത്ര വലിയ കൊമ്പന്‍ മീശക്കാരായെന്നോ ഉണ്ടക്കണ്ണിമാരായെന്നോ പറഞ്ഞിട്ടും ഭാവിച്ചിട്ടും യാതോരു കാര്യവുമില്ല, മന്ത്രം ജപിച്ച് സര്‍വ്വരേയും കുട്ടികളാക്കാന്‍ പറ്റും അലക്‌സേയ് ലാപ്‌ത്യെവ് ജന്മം നല്കിയ ഈ പാട്ടുകുട്ടികള്‍ക്ക്.
ഇപ്പോഴും ഞാന്‍ ഒരു കാര്യവുമില്ലാതെ സ്വയം രസിച്ച് , ഉറക്കെ പാടാറുണ്ട്,
'തണ്ണിമത്തന്‍ തുഞ്ചത്തിന്‍ മേല്‍
ആടിരസിച്ചു ചുണ്ടെലികള്‍'

അന്ന് ഞങ്ങളുടെ ഹീറോ, കുട്ടിക്കഥകളും ചിത്രങ്ങളും എഴുതിയ വി.സുത്യേയെവ് ആണ്. ഒരു കൈ കൊണ്ട് എഴുതുകയും അതേ സമയം തന്നെ മറ്റേ കൈ കൊണ്ട് ,എഴുതിയതിനു ചേരുന്ന പടം വരക്കുകയും ചെയ്തിരുന്ന ആള്‍ എന്ന് പുസ്തകത്തിലെ കുറിപ്പ്.അതുകണ്ട സമയം മുതല്‍, വരയും എഴുത്തും ഒരേ സമയം നടത്തുക എന്ന ദുഷ്‌ക്കരമോഹം എന്നെ പിടികൂടി.ഞാനിപ്പോഴും സങ്കടപ്പെടുന്നു എനിക്കങ്ങനെ ആകാന്‍ പറ്റാത്തതില്‍. ഞാനെഴുതുന്ന കുട്ടിക്കഥകള്‍ക്ക് ഞാന്‍ തന്നെ ചിത്രം വരക്കുന്ന ഒരു ജന്മം,അതിനായി ഞാന്‍ സദാ മോഹിക്കുന്നു.

കുട്ടിക്കഥകളും ചിത്രങ്ങളും 21-1-1978 ല്‍ വാങ്ങിയതാണ്.ഉടമസ്ഥരുടെ പേര്- വിവരങ്ങളും (സുദീപ്.എസ്,പ്രിയ.എ.എസ്) വാങ്ങിയ ഡേറ്റും അമ്മയുടെ അക്ഷരത്തില്‍ മുന്‍പേജില്‍ എഴുതിയിട്ടുണ്ട്. എന്റെ മകന്‍ ആദ്യമായി താനേ വായിക്കാന്‍ പഠിച്ച പുസ്തകവും ഇതാണ്.പേജുകള്‍ മഞ്ഞയായിപ്പോയ ഒരു പഴഞ്ചന്‍ പുസ്തകം.ഈ റഷ്യക്കാരെങ്ങനെയാണ് ദൈവമേ,ഇത്രമേല്‍ കഥാസമ്പന്നരായത്?

അത്രയും കഥാസമ്പന്നമായ ഒരു ലോകം പിന്നെ കുട്ടികളിലേക്കെത്തുന്നത് ഈ അടുത്തയിടെയാണ്. തീര്‍ച്ചയായും ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നിധി കണ്ടെത്തലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ കഥാസമ്പത്തിനെ ഞാന്‍ ശ്രീ പദ്മനാഭപുരം കൊട്ടാരത്തിലെ നിധിശേഖരത്തേക്കാള്‍ വിലമതിക്കുന്നു. കുട്ടികളുടെ നല്ല കാലം(കുട്ടികളെ വളര്‍ത്തുന്നവരുടേയും.)എന്നേ പറയേണ്ടൂ.

ഒരു എന്തിനെന്തിന് പെണ്‍കുട്ടിക്കഥയിലെ മൊയ്‌നയില്‍ നിന്ന് ഞാനെത്തിയത് മുകുന്ദും റിയാസും എന്ന കഥയിലേക്ക്. ഇന്‍ഡ്യാ-പാകിസ്ഥാന്‍ വിഭജനം വിഷയമായ കുഞ്ഞിക്കഥ ഞാന്‍ വായിച്ചുകൊടുത്തു എന്റെ മൂന്നു വയസ്സുകാരന് .അവന്‍ എനിക്ക് മുഖാമുഖമുഖമായി മടിയിലിരിക്കുകയാണ്.കഥ മുന്നോട്ടു പോകവേ അവന്റെ മുഖം, എന്റെ നെഞ്ചിലേക്ക് ചേര്‍ന്നു ചേര്‍ന്നു വന്നു.അവസാനമായപ്പോഴേക്ക് കുട്ടി വിങ്ങിപ്പൊട്ടി എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു. ഞാനങ്ങ് വല്ലാതായി.എന്തു പറഞ്ഞവനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനിരുന്നു.മതം കെട്ടിയ വേലിക്കപ്പുറം നിന്ന് ഉരുകിയ രണ്ടുകുട്ടികളെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് അവസാനം കഥാകൃത്ത് എഴുതിയിരിക്കുകയാണ്, പിന്നീടൊരിക്കലും മുകുന്ദും റിയാസും കണ്ടുമുട്ടിയിട്ടില്ല.പക്ഷേ ജിന്നത്തൊപ്പി കാണുമ്പോഴെല്ലാം മുകുന്ദ് തന്റെ ഉറ്റ ചങ്ങാതിയെ ഓര്‍ക്കും.മുകുന്ദ് എന്നോട് പറഞ്ഞതാണിത്.മുകുന്ദ് എന്റെ അച്ഛനാണ്.

മതം തരുന്ന മുറിവിനെപ്പറ്റി കുട്ടികള്‍ക്ക് (വലിയവര്‍ക്കും)ഇതിനേക്കാള്‍ ആഴത്തിലൊരു ചിത്രം ആര്‍ക്ക് കൊടുക്കാന്‍ കഴിയും ?കഥയും ചിത്രീകരണവും നടത്തിയ നീന സബ്‌നാനിയ്ക്ക് മുന്നില്‍ ഒരു സാഷ്ടാംഗപ്രണാമം നടത്തണം എന്നു തോന്നിയ നിമിഷം.

അവര്‍ തന്നെ എഴുതിയതാണ്,കുചിയുടെ കഥ. ഏറ്റവും നല്ല കൂട്ടുകാര്‍ എന്നു പുസ്തകത്തിന്റെ പേര്.അതിലെ കുചി എന്ന മരത്തെയും നോക്കി എത്രനേരം വേണമെങ്കിലും ഇരിക്കാം.നിറങ്ങളെ താന്തോന്നിപ്പരുവത്തില്‍ മേയാന്‍ വിട്ടിരിക്കുകയാണ് ചിത്രകാരി.ആ കഥ എന്റെ മകന്‍ മലയാളത്തിലും ഇംഗ്‌ളീഷിലും ഭംഗിയായി പറയും.

കുുുുുചി എന്നു തമന്ന നീട്ടി വിളിക്കുന്നത്,കുചി എന്ന മരം ഷുന്‍-മുന്‍-ഷുന്‍-മുന്‍ എന്ന് മറുപടി പറയുന്നത് എല്ലാമായി അവന്റെ കഥ പറച്ചില്‍ മുന്നേറുമ്പോള്‍ ഞാന്‍ അസൂയപ്പെടും നീനാ സബ്‌നാനി ആകാന്‍ കഴിയാത്തതില്‍. കുട്ടിയുടെ മനസ്സില്‍ ഒരു മരം നടാന്‍, ഇതിനേക്കാള്‍ പറ്റിയ ഒരു പുസ്തകമില്ല.

പിന്നെ അമ്മപ്പശുവിന്റെ കഥകള്‍. ഇതൊരു സ്വീഡിഷ് പുസ്തകം.അഞ്ചാം പിറന്നാളിന് എന്റെ മകന് അവന്റെ അമ്മാവന്‍ സമ്മാനം കൊടുത്തനൂറായിരം പുസ്തകങ്ങളിലൊന്ന്.

റഷ്യന്‍ കഥകളിലെ ചിത്രങ്ങള്‍ക്കു ശേഷം ഇത്രയേറെ ചിരിച്ചിച്ച, മോഹിപ്പിച്ച,ചിന്തിപ്പിച്ച കഥാചിത്രങ്ങള്‍ വേറെയില്ല.ഒരു പശുവിന് ഇത്രയേറെ നില്പും ഇരിപ്പും കിടപ്പും മട്ടും ഭാവവും ഉണ്ടെന്നോ!ഓരോ ജീവിയിലും നമ്മളെത്തന്നെ കാണാന്‍ പ്രേരിപ്പിക്കുന്നത്ര ഹൃദയവിശാലത ഇതില്‍പ്പരം ഭംഗിയായി എങ്ങനെ പകര്‍ന്നുകൊടുക്കും കുട്ടികള്‍ക്ക്?

കുഞ്ഞുങ്ങളേ,നിങ്ങളുടെ അമ്മമാരും മരത്തില്‍ കയറാന്‍ കൊതിക്കാറുണ്ട്,ഊഞ്ഞാലാടാന്‍ അവര്‍ക്കും എന്താഗ്രഹമാണെന്നോ,സ്ലൈഡിലൂടെ അവരൊന്നൂര്‍ന്നിറങ്ങിയാലെന്താണ് കുഴപ്പം എന്നീ വക ചിന്തകള്‍ ആ അമ്മപ്പശു വഴി കുട്ടികളിലേക്കാട്ടി വിടുകയാണ് കഥാകൃത്ത്. അമ്മയെക്കുറിച്ചുള്ള പൊതുധാരണ അമ്മപ്പശു പൊളിച്ചിടുമ്പോള്‍ ,അത് പൊളി##്ഞുവീഴുന്നത് മുഴുവന്‍ സമൂഹത്തിന്റെയും മുന്നിലാണ്.

നീ ഓര്‍ക്കണം.നീ ഒരമ്മപ്പശുവാണ്. നീ അങ്ങനെയൊന്നും ചെയ്യരുത് എന്ന് സദാ പറയുന്ന കാകന്‍.അതിനെ തരിമ്പും വകവയ്ക്കാത്ത അമ്മപ്പശു.പശോ എന്ന കാകന്റെ വിളിക്ക് തര്‍ജ്ജമക്കാരന് ക്രെഡിറ്റ്. ഞാനൊരു ദിവസം നോക്കുമ്പോള്‍ ,എന്റെ അച്ഛന്‍ കഥ വായിച്ചുകൊടുക്കുന്നു,എന്റെ മകന്‍ കസേരയില്‍ പുളഞ്ഞുകിടന്ന് ചിരിച്ച് മറിയുന്നു.ഈ കഥയിലെന്താണ് ഇത്ര ചിരിക്കാനുള്ള വക എന്നു കൗതുകം പൂണ്ട് അവനുറങ്ങിയ നേരത്ത് ഞാനതും എടുത്ത് ഇരുന്നു.ആ ഇരിപ്പില്‍ ഞാനൊരു ചിരി മരമായി.കുഞ്ഞുണ്ണിമാഷുടെ കഥയിലെ കുട്ടിയെപ്പോലെ ,ഞാനാ ചിരിയും കൊണ്ട് പിന്നെ എത്രപേരുടെ അടുത്തുപോയി, എത്രപേര്‍ക്ക് ആ ചിരി പകര്‍ന്നു കൊടുത്തു,എത്ര പേര് എനിക്കാ ചിരി ഇരട്ടിയായി തിരിച്ചുതന്നു!

എന്റെ മകന്റെ അഞ്ചാം പിറന്നാളിന് അവന്റെ സ്‌ക്കൂളിന് ഞാന്‍ സമ്മാനമായി കൊടുത്തുവിട്ടത് ആ പുസ്തകമാണ്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education