ലാലേട്ടനും ഞാനും

ഷഹബാസ് അമന്‍

19 Feb 2013


മോഹന്‍ലാലിനോട് എന്തോ ഒരിഷ്ടം തോന്നിയിട്ടുണ്ട്, ശരിയാണോ?

ടി.പി. ബാലഗോപാലന്‍ വെറും 50 രൂപയാണ് സ്വന്തം പെങ്ങളുടെ കല്ല്യാണആവശ്യത്തിലേക്കു സംഭാവന ചെയ്തത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ ആ കല്യാണത്തിനു മുന്‍പോ പിന്‍പോ അങ്ങനെയൊരവസ്ഥ ഉണ്ടായിട്ടില്ല. 50 രൂപയുടെ ആ കാലം ആരുടെജീവിതത്തിലും പിന്നെ തിരിച്ചുവരുന്നില്ല. ജീവിതത്തിലെ ഒറിജിനല്‍ സെന്റിമെന്റല്‍ കണ്‍ടന്റ് എന്നുപറയുന്നത് യഥാര്‍ഥത്തില്‍ കഴിഞ്ഞതൊക്കെ കഴിഞ്ഞു എന്നതാണ്. അഞ്ചുവര്‍ഷം മുന്‍പു വരെ ഞാന്‍ ഒരു ടി.പി. ബാലഗോപാലന്‍ ആയിരുന്നു.

രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നു. ഒരു പണിയുമില്ലാതെ അന്തരീക്ഷത്തില്‍ മുട്ടിത്തിരിയുന്നു. ചോറും തിന്ന് കിടക്കാന്‍ രാത്രി ഒരു കള്ളനെപ്പോലെ വീട്ടിലേക്കു കേറി വരുമ്പോള്‍ വലിഞ്ഞുമുറുകി നില്‍ക്കുന്ന വീടു കണ്ടാല്‍ ആര്‍ക്കായാലും പേട്യാവും. നമ്മുടെ യൗവ്വനം ചോദ്യചെയ്യപ്പെട്ടേക്കാം എന്നുള്ളതുകൊണ്ട് ഞാനെന്നും ലാലേട്ടനെ കൂട്ടിയാണു വീട്ടിലേക്കു പോവാറ്. സുന്ദരന്റെ വീഡിയോ ഷോപ്പില്‍ ലാലേട്ടനുണ്ടാകും.

വീട്ടിലേക്കുള്ള വഴിയില്‍ എന്റെ ത്വക്കത്ത് ലാലേട്ടനും കൈയില്‍ മെഴുകുതിരി ടോര്‍ച്ചുമുണ്ടാകും. ലാലേട്ടനെ നമ്മള്‍ 9.30ന് നടുമുറിയിലേക്കിറക്കിവിടുന്നു. പിന്നെ ലാലേട്ടന്റെ ഒരൈറ്റമാണ് അവിടെ നടക്കുന്നത്. വളയുന്നു... പുളയുന്നു.. ഇറങ്ങിയോടുന്നു.. മുട്ടിത്തിരിയുന്നു.. ചമ്മുന്നു.. വഷളാകുന്നു... നാണം കെടുന്നു... ഹാളില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.

നിന്റെ ഭാവി പരിപാടി എന്താണെന്നു ചോദിച്ച് നമ്മെ പീഡിപ്പിക്കാനുള്ളവരൊക്കെ കൂടിയാണു ചിരിക്കുന്നതെന്നോര്‍ക്കണം. 'ഒന്നുമില്ല. ഒരു ചെറിയ വിശേഷം. എന്റെ അമ്മ മരിച്ചുപോയി..' (നാടോടിക്കാറ്റ്) എന്നു ലാലേട്ടന്‍ പറയുമ്പോള്‍ നട്ടപ്പാതിരയ്ക്കു ഒരു വീട് നടുങ്ങുന്നു. സങ്കടം ചങ്കിന്റെ ചക്കില്‍ കുടുങ്ങുന്നു. അര്‍ധരാത്രി 12 മണിയോടെ ഷോ തീരുന്നു.

ഒരു കുടുംബം അതാതു മുറികളിലേക്ക് ഉള്‍വലിയുമ്പോള്‍ 25 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ഒരു തരികിട ഈ ഗ്യാപ്പിലൂടെ പുതപ്പിനുള്ളിലേക്കു വലിയുന്നു.ഒരു വടക്കുകിഴക്കന്‍ യുവാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും അങ്ങനെ നമ്മള്‍ കരപറ്റുന്നു. പില്‍ക്കാലത്ത് ലാലേട്ടന്‍ ലക്ഷപ്രഭുവായി; കോടീശ്വരനായി. ഞാനും വല്യ മോശമല്ലാത്ത നിലയില്‍ എന്റെ കാര്യത്തിനൊക്കെ പോന്നവനായി. പിന്നീടുള്ള രാത്രികളില്‍ ഞാനൊറ്റയ്ക്കാണു വീട്ടിലേക്കുപോയത്.
ലാലേട്ടാ...

ആ ഇടവഴി ഇന്നുമുണ്ട്. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പാമ്പിനെക്കാണുമോ എന്നും പേടിച്ച് നമ്മള്‍ നടന്ന ഇടവഴി.

ലാലേട്ടന്‍ വിലസിയ നടുമുറി അതേപോലെ ഉണ്ട്. ആ ടിവി രണ്ടു തവണ ഇടിമിന്നലേറ്റ് കേടുവന്നിരുന്നുട്ടോ- പക്ഷേ, ഉപ്പ അത് ശരിയാക്കിയിട്ടുണ്ട്. അവര്‍ക്ക് പ്രായമായി. വീടിന് പുറത്ത് കാലം വല്ലാതെ മാറി. നമ്മളും വല്ലാതെ മാറി.

ലാലേട്ടന് ഇത്തിരി തടി കൂടി. ഞാനും കൂടിയിട്ടുണ്ട്. നമുക്ക് പഴയ ടി.പി.ബാലഗോപാലന്‍മാരായി ഒന്നിച്ച് ഇടവഴിയിലൂടെ വീണ്ടും നടക്കണമെന്നൊക്കെയുണ്ട്. പക്ഷേ, ഇപ്പൊ കൈയില്‍ ആവശ്യത്തിന് പൈസയൊക്കെയുണ്ട്. പോരെങ്കില്‍ ഇടവഴിയിലൊക്കെ നിറനിയോണ്‍ ! വീട്ടിലെത്തിയാലോ കുളിക്കാന്‍ വെള്ളം ചൂടാക്കണോ എന്നു പ്രായമായ വാല്‍സല്യം. അപ്പോപ്പിന്നെ അതിന്റെ ആവശ്യം ഇല്ലല്ലോ. നമ്മളെങ്ങനെയൊക്കെയാണോ അങ്ങനെയൊക്കെ മതി. എന്നാലും ലാലേട്ടനോടുള്ള എന്റെ സ്‌നേഹത്തിന് യാതൊരു കുറവും വരില്ല. കടപ്പാടിനും മാറ്റമില്ല- മറക്കരുതല്ലോ നമ്മളെങ്ങെനെ നമ്മളായെന്ന്!

എല്ലാം എല്ലായ്‌പോഴും ഒരേ പോലെയായിരിക്കുകയില്ല
ഒന്നും പഴേപോലെ ആവുകയില്ല. അതിന്റെ ആവശ്യവുമില്ല.

(ഓ അല്ലാഹ് എന്ന പുസ്തകത്തില്‍ നിന്ന്)

നേത്രദാനം മഹാദാനം- മോഹന്‍ലാല്‍ എഴുതുന്നു
പ്രണയപയോധിജലേ...- മോഹന്‍ലാല്‍ എഴുതുന്നു

മോഹന്‍ ലാലിന്റെ യാത്രകള്‍ വാങ്ങാം

BUY AN ACTORS BLOG BOOK

ഹൃദയത്തിന്റെ കൈയൊപ്പ് വാങ്ങാം

ഓ അല്ലാഹ് വാങ്ങാം

Tags :
Print
SocialTwist Tell-a-Friend