എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണി മാറ്റൂ

19 Dec 2012

ചില കടംകഥകള്‍ വായിക്കാം.

ഇരുവരി ഈരായിരം കടം
പല്ല്
ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ
മാവ്

ഇലകാരക കോരക പൂ ചന്ന ചിന്ന, കായ് കച്ച പിച്ച
കയ്പക്ക

ഇലത്തുമ്പിലിളകാതെയിരിക്കുന്നോന്‍
ഇളം വെയിലത്തൊളി തട്ടിത്തിളങ്ങുന്നോന്‍
പുലരിക്കും മണിമാല കൊരുക്കുന്നോന്‍
മഞ്ഞുതുള്ളി
ഇല പന്തലുപോലെ, പൂവ് ശംഖ് പോലെ
തടി പാലം പോലെ, കായ് വിരലുപോലെ
വാഴ

ഇലനുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട
കൂര്‍ക്ക

ഇലപായ പോലെ തടി തൂണുപോലെ
വാഴ

ഇലയില്ലാത്ത വള്ളിയില്‍ വെളിച്ചം തരും കായ
ഇലക്ട്രിക് ബള്‍ബ്

ഇലയില്ല, പൂവില്ല, കായില്ല, കരിവള്ളി
തലമുടി

ഇലയില്ലാത്ത വള്ളിയില്‍ പൂവില്ലാത്ത കായ
ബള്‍ബ്

ഇലയില്ലാ മരത്തില്‍ നിന്ന് പൂക്കള്‍ കൊഴിയുക
നാളികേരം ചിരകുക

ഇലയില്ലാ, കൊമ്പില്ലാ മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍
ചിലപ്പം പെറുക്കിത്തിന്നാം
ഉരല്‍

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ കുഞ്ഞിതെയ്യം തുള്ളിതുള്ളി
അരി തിളയ്ക്കുക

ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ പത്തായിരം പാമ്പുകള്‍ പിന്നാലെ
തലമുടി

ഇല്ലി കരകര, ഇല്ല കരകര ഇല്ലി മേലായിരം രസക്കുടുക്ക
നെല്ലിക്ക

ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു
മിന്നാമിനുങ്ങ്

ഇല്ല മരത്തേല്‍ ഒരു കിണ്ടിവെള്ളം
തേങ്ങ

ഇല്ല മരത്തേല്‍ മഞ്ഞപ്പക്കി
കശുമാങ്ങ
ഇവിടെ ഞെക്കിയാല്‍ അവിടെ കത്തും
ബള്‍ബ്

ഇവിടെ ഞെക്കിയാല്‍ അവിടെ കറങ്ങും
ഫാന്‍

ഇവിടെ തിരിച്ചാല്‍ അവിടെ കരയും
റേഡിയോ

ഇപ്പോ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവെ വെള്ളം
കരിക്ക്

ഇവിടെ ഓതിയാല്‍ അവിടെ അലറും
ഉച്ചഭാഷിണി

ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം
തീക്കട്ട

ഇവിടുന്ന് ഉരുണ്ടുരുണ്ട് ഈച്ചക്കാട്ടേക്ക്
കുരുമുളക്

ഈരഞ്ചു തേരുള്ള വീരന്റെ പുത്രന്റെ ബന്ധൂന്റെ ശത്രൂന്റെ
ഭാര്യേടെ പേരിന്റെ മദ്ധ്യത്തിലമ്പോടു ചേര്‍ത്തോതണം 'മ'
താമര

ഉച്ചാണ്ടി മരക്കൊമ്പില്‍ കരിപൂച്ച കണ്ണു തുറിപ്പിച്ചിരിക്കുന്നു
ഞാവല്‍പ്പഴം

ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കുപോയി
കൈതച്ചക്ക

ഉച്ചിക്കുടുമ്മനും, പെരുവയറനും, നരയനും ചന്തയ്ക്കു പോയി
കൈതച്ചക്ക, മത്തങ്ങ, കുമ്പളങ്ങ

ഉടലില്ലാത്തതിനൊരുനൂറു പല്ല്
ഒറ്റാല്‍

ഉടുതുണിയില്ലാത്തോന്‍ കുടചൂടി നില്‍ക്കുന്നു
തെങ്ങ്

ഉണങ്ങിയ മരത്തില്‍ നിന്ന് തെളിഞ്ഞ പൂവ്
ഉരല്‍

ഉണങ്ങിയ മരത്തില്‍ നിന്ന് തെളിഞ്ഞ പൂകൊഴിഞ്ഞു
തേങ്ങ ചിരകുക

ഉണ്ണാത്തമ്മയ്ക്ക് പെരുവയറ്
വൈക്കോല്‍ത്തുറു

ഉണ്ണുനീലിപെണ്ണിന് ഒരിക്കലേ പേറുള്ളു
വാഴ

ഉണ്ടപ്പെണ്ണിനു നൈലോണ്‍സാരി
ചെമന്നുള്ളി

ഉണ്ടപ്പെട്ടിയില്‍ ചന്ദ്രക്കല്ല്
കാഞ്ഞിരക്കായ്

ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാല്‍ ഒടുങ്ങില്ല, കൊടുത്താലിരട്ടിക്കും
അറിവ്

ഉണ്ടാക്കുന്നവനുപയോഗിപ്പീല, ഉപയോഗിപ്പോനറിയുന്നില്ല
ശവപ്പെട്ടി

ഉണ്ണിരിപ്പെണ്ണിന് ഒരിക്കലേ പേറുള്ളു
വാഴ

ഉടുതുണിയില്ലാത്ത സുന്ദരി കുട ചൂടി പട്ടഌന്‍ച്ചോട്ടില്‍ നില്ക്കുന്നു
കൂണ്‍

ഉടല്‍ പക്ഷി, തല ചെന്നായ്, തലകീഴായ് ജീവിതം
വവ്വാല്‍

ഉണ്ണാത്തക്കുടലെല്ലാം വയറ്
വൈക്കോല്‍ത്തുറു

ഉറക്കത്തിലും കണ്ണു തുറന്നിരിക്കുന്നവന്റെ
പേരു പറയാത്തവര്‍ക്ക് പന്തീരായിരം കടം
മീന്‍

ഉറക്കമുണ്ട് കണ്ണടയ്ക്കില്ല
മത്സ്യം

ഉരുട്ടാം പിരട്ടാം എടുക്കാന്‍ വയ്യ
കണ്ണ്

ഉരുണ്ട പെട്ടിയില്‍ പരന്ന ആമാട
കാഞ്ഞിരക്കുരു

ഉരുളന്‍ കാളയെ അറക്കാന്‍ ചെന്നപ്പോള്‍
സൂചിക്കൊന്‍ കുത്തിയകറ്റി
നാരകം

ഉദിച്ചുവരുന്ന സൂര്യഭഗവാനെ പിടിച്ച് രണ്ടടിച്ച് വെള്ളത്തില്‍ താഴ്ത്തി
ഇരുമ്പ് പഴുപ്പിച്ച് തല്ലുന്നത്

ഉരിയരി വെച്ചു, കുറുകുറെ വെന്തു, ഉള്ളരി വാങ്ങി
ഭഗവാനുണ്ടു, ഭഗവതിയുണ്ടു എന്നിട്ടും ഒരു പറ ചോറ് ബാക്കി
ചുണ്ണാമ്പ്

ഉരുണ്ടുരുണ്ടുണ്ണാക്കാന്‍ കുട്ടികളെ കരയിക്കാന്‍ മിടുക്കന്‍
കുരുമുളക്

ഉള്ളില്‍ ചെന്നാല്‍ കൊള്ളക്കാരന്‍
മദ്യം

ഉള്ളില്‍ ചെന്നാല്‍ പിച്ചും പേയും
മദ്യം

ഉള്ളുവെള്ളി പുറമെ പച്ചക്കുപ്പായം മാനത്തോളം വാല്
മുള

ഉള്ളിലൊന്നൂല്യാത്തോനെല്ലുണ്ടൊരു നാനൂറ്
ഒറ്റാല്‍

ഊതിയാലണയത്തില്ല, മഴയത്തുമണയില്ല
എണ്ണകൂടാതീ വിളക്കു കത്തും
ബള്‍ബ്

ഊരിയ വാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം
കറന്ന പാല്‍

എങ്ങും തിങ്ങി നടക്കും ആര്‍ക്കും പിടി കൊടുക്കില്ല
വായു

എടുത്ത വെള്ളം എടുത്തേടത്തു വച്ചൂട
പാല്‍

എടുത്തിട്ടുപുറത്തു കയറി പൂ കൊഴിച്ചു
തേങ്ങ ചിരകല്‍

എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍
കുട

എട്ടെല്ലും ഒരു കൊട്ട കുടലും
കയറ്റുകട്ടില്‍

എട്ടേകാല്‍ നിലത്തിലൊരു വണ്ടിക്കണ്ടം വണ്ടിക്കണ്ടത്തില്‍ വള്ളിക്കാട്
വയര്‍

എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം
കൃഷ്ണമണി

എണ്ണക്കുഴിയിലൊരുരുളന്‍ കല്ലു കറുത്തിട്ട്
കൃഷ്ണമണി

എത്തിയാലും എത്തിയാലും എത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍
നക്ഷത്രങ്ങള്‍

എത്ര തല്ലുകൊണ്ടാലും നിലവിളിച്ചാലും ഇത്തിരി കണ്ണീര്‍ വരില്ല
ചെണ്ട

എനിക്കെന്റമ്മ തന്നൊരു പായ്
നനച്ചാലും നനച്ചാലും നനയുന്നില്ല
ചേമ്പില

എനിക്ക് അമ്മ തന്ന ചോറുരുള തിന്നിട്ടും തിന്നിട്ടും കഴിയുന്നില്ല
ചുണ്ണാമ്പ്

എന്നില്‍ നിന്നുത്ഭവിച്ചാദ്യജീവന്‍ എന്റെ പേരെന്തെന്നു ചൊല്ലീടാമോ
ജലം

എന്നും കുളിക്കും ഞാന്‍ മഞ്ഞ നീരാടും ഞാന്‍ എന്നാലും ഞാന്‍ കാക്കേ പോലെ
അമ്മി

എന്നുടെ തോളത്തു പത്തു മക്കള്‍, എന്നുടെ കൈതൂങ്ങി പത്തു മക്കള്‍,
എന്നുടെ ഒക്കത്തു പത്തുമക്കള്‍, എന്നുടെ മടി കേറി പത്തുമക്കള്‍,
എന്നുടെ പേരെന്തെന്നു പറയാമോ
പ്ലാവ്

എന്റച്ഛനൊരു കാളയെ കൊണ്ടുവന്നു, കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല
ആമ

എടുത്ത വെള്ളം എടുത്തേടത്തുവെച്ചാല്‍ സ്വര്‍ണ്ണവള സമ്മാനം
കറന്ന പാല്‍

എങ്ങും തിങ്ങി നടക്കും ആര്‍ക്കും പിടികൊടുത്തില്ല
കാറ്റ്

എന്റെ അച്ഛന്റെ പണം എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല
നക്ഷത്രങ്ങള്‍

എല്ലാ മരത്തിലും അണ്ണാന്‍ കയറും, എന്നാല്‍ ഈ മരത്തില്‍ കയറില്ല
പുക

എല്ലുണ്ട്, തൊലിയുണ്ട്, മാംസമുണ്ട്, രോമമുണ്ട്, മൃഗമല്ല, മനുഷ്യനല്ല
തേങ്ങ

എഴുത്തുണ്ട് പുസ്തകമല്ല ചിത്രമുണ്ട് ചുമരല്ല വട്ടത്തിലാണ് ചക്രമല്ല
നാണയം

എന്റെ അമ്മ എപ്പോഴും കുട പിടിച്ചു കുളിക്കുന്നു
ആമ്പല്‍

എല്ലാം കാണും എല്ലാം കേള്‍ക്കും മിണ്ടാട്ടമില്ല മറുപടിയില്ല
കണ്ണും കാതും

എപ്പോഴും വട്ടത്തില്‍ ഒരേ നടത്തം
വാച്ചിന്റെ സൂചി

എന്റെ പുരയില്‍ ഇരുന്നാല്‍ വെയിലും മഴയും കൊള്ളാം
ആകാശം

എല്ലില്ലാ കുഞ്ഞന്‍ പുഴ നീന്തി കടക്കുന്നു
അട്ട

ഏറ്റവും ഉള്ളില്‍ അറബിക്കടല്‍, അതിനു മേലെ വെള്ളിത്തകിട്,
അതിനുമേലെ പൊന്നിന്‍തകിട്, ചുറ്റിലും പൊന്തം പൊന്തം
തേങ്ങ

എല്ലുണ്ടതിന് കാലുണ്ടതിന് വര്‍ഷം തടുക്കാന്‍ കഴിവുണ്ടതിന്
കുട

എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണി മാറ്റൂ
ഓലപ്പുര മേയുക

എന്നുമിടിക്കും ചങ്ങാതി, ചങ്ങാതി ഒന്നുമടിച്ചാല്‍ പാടായി നമ്മുടെ കാര്യം ക്ലോസ്സായി
ഹൃദയം

എന്റച്ഛനൊരപ്പം തന്നതിനൊരു പുറം കറുത്തിട്ടാണൊരു പുറം ചോന്നിട്ടും
ആമ

എന്റമ്മയ്ക്ക് തോളോളം വള
കവുങ്ങ്

എന്റെ കുട്ടിക്ക് എന്നും ചൊറി
കൈതച്ചക്ക

എന്റെ ഒരാന വലിയൊരാന കൊല്ലത്തിലൊരിക്കല്‍ മേയും
പടിപ്പുര

എന്റെ കാളയ്ക്ക് വയറ്റിലൊരു കൊമ്പ്
കിണ്ടി

എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല
ആകാശം

എന്റെ മകനെന്തു ധൃതി കാലത്തു നട്ടു വൈകിട്ടു കൊയ്തു
സൂര്യന്‍

എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തുപോകും
തീ

എല്ലാ കാളയ്ക്കും മണ്ടയ്ക്ക് കൊമ്പ്, എന്റെ കാളയ്ക്ക് പള്ളയ്ക്ക് കൊമ്പ്
കിണ്ടി

(കടങ്കഥ പറഞ്ഞു രസിക്കാം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education