പുകവലി വിരോധം

അഷ്ടമൂര്‍ത്തി

19 Nov 2012

ഈ വര്‍ഷത്തെ ലോകതൊഴിലാളിദിനം. ചൈനയിലെ ഏതോ പ്രദേശത്ത് ഒരു വിവാഹം നടക്കുന്നു. മോതിരമാറ്റത്തിനു ശേഷം വധു വാങ് ഷൂയിങ് ആദ്യം ചെയ്തത് സിഗററ്റ് ലൈറ്ററെടുത്ത് വലിച്ചെറിയുകയായിരുന്നുവത്രേ. രാജ്യത്തെ വിവാഹാനുഷ്ഠാനങ്ങളില്‍ അവള്‍ ചെയ്യേണ്ടിയിരുന്നത് വരന്റെ ചുണ്ടത്തുള്ള സിഗററ്റിന് അരുമയോടെ തീ പറ്റിച്ചുകൊടുക്കുകയായിരുന്നു. അതിനു പകരമാണ് വാങ് ഷൂയിങ് ഇപ്പണി ചെയ്തത്.

''എന്തൊരഹമ്മതി'' എന്നു ആക്രോശിയ്ക്കും മുമ്പ് അറിയുക: അത് ചൈനയില്‍ നടപ്പാകുന്ന പുതിയ നിയമത്തിന്റെ നാന്ദിയായിരുന്നു. 2011 മേയ് ഒന്നിന് അവിടെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നു.

വിവാഹച്ചടങ്ങുകളില്‍ വരന്റെ ചുണ്ടത്തെ സിഗററ്റിന് തീ കൊളുത്തിക്കൊടുക്കുന്നത് നമുക്കിടയില്‍ ആചാരമല്ലെങ്കിലും വിവാഹപ്പന്തലുകളില്‍ നിരത്തിവെയ്ക്കാറുള്ള വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമായിരുന്നു സിഗററ്റ്. സ്ഥിരമായി വലിയ്ക്കാത്ത എന്നേപ്പോലുള്ളവര്‍ പോലും വിവാഹപ്പന്തലുകളില്‍ എത്തുമ്പോള്‍ പെട്ടെന്ന് പുകവലിക്കാരായി മാറാറുണ്ട്. 1999-ല്‍ കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതോടെ ഇത്തരം അസ്ഥിരവലിക്കാരുടെ കൊറ്റാണ് ആദ്യമായി നിലച്ചുപോയത് എന്നു തോന്നുന്നു. ജോലിയ്ക്കിറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പു വരെ കത്തിച്ച ഒരു സിഗററ്റ് കയ്യില്‍ വേണം എന്ന് നിര്‍ബ്ബന്ധമുള്ളവരാണ് നമ്മള്‍ മലയാളികള്‍. ഈ ശീലത്തിനും വിഘാതമായി കേരളഹൈക്കോടതി വിധി. ആ വിധിയ്ക്കു ശേഷം കേരളത്തില്‍ സിഗററ്റ് കച്ചവടം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്.

സിഗററ്റ് വലിയ്ക്കുന്നത് തികച്ചും മാന്യമായി കണക്കാക്കപ്പെട്ടിരുന്നു നമ്മുടെ നാട്ടില്‍. മുഖത്തെ വരമീശയും തലയിലെ കുരുവിക്കൂടും മലയാളത്താന്റെ ട്രേഡ് മാര്‍ക്കായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലും കയ്യില്‍ പരിമളം പരത്തുന്ന സിഗററ്റ് കൂടിയുണ്ടെങ്കിലേ ലക്ഷണമൊത്ത ആണാവൂ. മുതിര്‍ന്നു എന്ന് മറ്റുള്ളവരെയും തന്നെത്തന്നെയും ബോധ്യപ്പെടുത്താന്‍ അതിനു കഴിഞ്ഞിരുന്നു. അതിനു ബീഡി പോരാ താനും. 'മുറപ്പെണ്ണ്' എന്ന ചിത്രത്തില്‍ കേശവന്‍കുട്ടി വെക്കേഷനില്‍ വീട്ടിലെത്തുമ്പോള്‍ സൂത്രത്തില്‍ സിഗററ്റു വലിയ്ക്കുന്നുണ്ട്. കാമുകി കുഞ്ഞുലക്ഷ്മി അതു കണ്ടുപിടിച്ച് അയ്യോ, ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്നു ചോദിയ്ക്കുമ്പോള്‍ കാമുകന്‍ പറയുന്നു: ''ഈ സിഗററ്റ് എന്ന സുന്ദരരവസ്തുവിനെ നീ ബീഡി എന്നു വിളിച്ച് അപമാനിയ്ക്കരുത്.'' (ഈ സംഭാഷണമെഴുതിയ എം. ടി. വാസുദേവന്‍ നായര്‍ സ്ഥിരമായി വലിയ്ക്കുന്നത് ബീഡിയാണെന്നത് പരസ്യമായ രഹസ്യം.)

സിഗററ്റ് യുവാക്കള്‍ക്ക് ഒരു സുന്ദരവസ്തു തന്നെയായിരുന്നു. പാക്കറ്റില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ വമിയ്ക്കുന്ന മണം കാമുകിമാര്‍ക്കും ഇഷ്ടമായിരുന്നു. ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്ന് കേശവന്‍കുട്ടിയോട് കുഞ്ഞുലക്ഷ്മി ചോദിയ്ക്കുന്നത് ദേഷ്യത്തോടെയല്ല. അല്‍പം പരിഭവത്തോടും അതിലേറെ ആരാധനയോടുമാണ്. കാമുകന്റെ കയ്യില്‍നിന്ന് സിഗററ്റു വാങ്ങി കാമുകി ഒന്നു വലിച്ചുനോക്കുന്നതും ചുമച്ച് വശം കെടുന്നതും അക്കാലത്തെ മലയാള സിനിമയിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. സര്‍ക്കസ്സ് കണ്ടുകൊണ്ടിരിയ്ക്കുന്ന കാണികളുടെ ഓരോരുത്തരുടേയും ഭാവഹാവങ്ങള്‍ അവരറിയാതെ ഒപ്പിയെടുത്തിരിയ്ക്കുന്നു. അതില്‍ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ സൂത്രത്തില്‍ ബീഡി വലിച്ച് പുക പുറത്തുവിടുന്നതു കാണാം. കാണികള്‍ അറിയാതെയായിരുന്നു ആ രംഗങ്ങള്‍ എടുത്തത്. വീട്ടുകാരെ പറ്റിച്ചതിന്റെ സന്തോഷം അവന്റെ മുഖത്തു കാണാം. പക്ഷേ ഷാജിയുടെ കാമറ തന്നെ പറ്റിച്ചത് അവന്‍ അറിയാതെ പോയി.

അവന്റെ കുറ്റമല്ല. കാരണവന്മാരുടെ മുന്നില്‍വെച്ച് സിഗററ്റു വലിയ്ക്കാന്‍ വയ്യ. മുറുക്കിനും പൊടിവലിയ്ക്കും ഒന്നുമില്ലാത്ത പതിത്തമാണ് സിഗററ്റിനുള്ളത്. വലിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അബദ്ധത്തിലെങ്ങാനും കാരണവര്‍ മുമ്പില്‍ വന്നുപെട്ടാല്‍ സിഗററ്റ് വലിച്ചെറിയുകയും പുക കൈകൊണ്ടുതട്ടി മായ്ച്ചുകളയുകയും പതിവുണ്ട് പലരും. പലപ്പോഴും അത് തമ്മില്‍ത്തമ്മിലറിഞ്ഞുകൊണ്ടുള്ള ഒരു കളിയായി മാറാറുണ്ടെന്നത് വേറെക്കാര്യം. കളിയില്‍ പല നിയമങ്ങളും ബാലിശമാണെന്നറിഞ്ഞുകൊണ്ടുതന്നെ പാലിയ്ക്കപ്പെടാറുണ്ടല്ലോ.

ആദ്യമായി പുകവലിയ്ക്കുന്നത് ഒരു പുളകം തന്നെയാണ്. അച്ഛന്റെ കുറ്റിബീഡി വലിയ്ക്കുന്നതാവും മിക്കവര്‍ക്കും ആദ്യത്തെ അനുഭവം. എന്റെ അച്ഛന്‍ വിവാഹത്തിനു മുമ്പുതന്നെ വലി ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് കുറ്റിബീഡി എന്ന സാധ്യത ഉണ്ടായില്ല. പുകവലിയില്‍ അപ്ഫനായിരുന്നു എന്റെ ആരാധനാപാത്രം. 'പനാമ'യായിരുന്നു അപ്ഫന്റെ ബ്രാന്‍ഡ്. ഇരുപതിന്റെ പാക്കറ്റ് തന്നെ വേണം. തീപ്പെട്ടിയ്ക്കും ബ്രാന്‍ഡ് ഉണ്ടായിരുന്നു. സിംഹത്തിന്റെ തലയുള്ളതുതന്നെ വേണം. വാങ്ങിക്കൊണ്ടുവരുന്നത് എന്റെ ഡ്യൂട്ടി. പകരം മൂക്കില്‍ക്കൂടെ പുകവിടുന്നതും പുക വലയങ്ങളായി ആകാശത്തേയ്ക്ക് വിടുന്നതും കാണിച്ചുതരും. പക്ഷേ എത്രയായിട്ടും ഒരു പുകയെടുക്കാന്‍ അനുവദിച്ചില്ല കാരണവര്‍. അതിനൊക്കെ ഒരു കാലമുണ്ട് കുട്ടാ എന്നായിരുന്നു മറുപടി.

എത്ര കാലമെന്നു വെച്ചാണ് കാത്തിരിയ്ക്കുക? ഒരു ദിവസം എല്ലാവരും ഉറങ്ങിയ ഉച്ചനേരത്ത് ഓപ്പോളും ഞാനും പാത്തും പതുങ്ങിയും പുരയുടെ പിന്‍ഭാഗത്തുപോയി. കയ്യില്‍ പത്രത്തിന്റെ ഒരു കഷണം കരുതിയിരുന്നു. അടുക്കളയില്‍നിന്ന് കൈവശപ്പെടുത്തിയ തീപ്പെട്ടിയും. ഉച്ചയൂണിനും വൈകുന്നേരത്തെ കാപ്പിയ്ക്കുമിടയ്ക്കുള്ള ഇടവേളയായിരുന്നു. അമ്മ ഉണരുംമുമ്പേ തീപ്പെട്ടി അടുക്കളയില്‍ എത്തിയ്ക്കണം. ധൃതിയില്‍ പത്രക്കീറ് രണ്ടാക്കി മുറിച്ചു, ചുരുട്ടി, കൊളുത്തി, വലിച്ചു. മൂക്കിലൂടെ പുക വിടാന്‍ നോക്കി. പുക മാത്രമല്ല, കണ്ണിലൂടെ വെള്ളവും വന്നു. രണ്ടുപേരും ചുമച്ചു വശംകെട്ടു. ഇങ്ങനെയാണെങ്കില്‍ ആണുങ്ങള്‍ ഇത്ര ബുദ്ധിമുട്ടി ഇതു വലിയ്ക്കുന്നതെന്തിനാണെന്ന് ഓപ്പോള്‍ ചോദിച്ചു. സാക്ഷാല്‍ സിഗററ്റു വലിയ്ക്കുമ്പോള്‍ ഇങ്ങെനയാവില്ലെന്നും അതിന് ഒരു പ്രത്യേകസുഖമുണ്ടാവുമെന്നും ഞാന്‍ പറഞ്ഞു. കാലം ഒന്ന് ഒത്തുവരട്ടെ.

പണം കൊടുത്ത് സിഗററ്റു വാങ്ങാനുള്ള വഹ ഏതായാലും അക്കാലത്ത് ഉണ്ടായിരുന്നില്ല. കൊടുംദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലമല്ലേ! കോളേജിലെത്തിയപ്പോഴും അതിനു മാറ്റം വന്നില്ല. ഊരകത്തുനിന്ന് തൃശ്ശൂര്‍ക്ക് ബസ്സുകൂലി 20 പൈസ. തിരിച്ചും. ആകെ നാല്‍പതു പൈസയാണ് പോക്കറ്റിലുണ്ടാവുക. അതില്‍നിന്ന് സിഗററ്റ് എന്ന സുന്ദരവസ്തുവിന് എങ്ങനെ പണം നീക്കിവെയ്ക്കും?

ബോംബെയിലെത്തി ചെറിയ ജോലിയൊക്കെയായി. വലിയ ആളായി എന്ന ബോധമായി. ഇനി വേണമെങ്കില്‍ ഒരു സിഗററ്റൊക്കെ വലിയ്ക്കാം എന്നായി. കള്ളും കുടിച്ചിട്ടില്ലല്ലോ. സമയം കളയാനില്ല എന്ന് ആശാന്മാര്‍ വിധിച്ചു. പെട്ടെന്നായിക്കോട്ടെ. ഇടത്തെ കയ്യില്‍ റമ്മും വലത്തെ കയ്യില്‍ സിഗററ്റും പിടിപ്പിച്ചു. കൈവിറ കാരണം രണ്ടും തലയ്ക്കു പിടിച്ചില്ല. എന്നാലും ജീവിതത്തില്‍ ഒരു പടവുകൂടി കയറിയല്ലോ എന്ന അഭിമാനിച്ചു.

ഈയിടെ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ നമിത ദേവിദയാല്‍ 'ഡോണ്‍ട് കിഡ് മി ഡാഡി' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെ: Every morning, seven-year-old Anya Goyal wakes up, marches into her parent's bathroom, picks up her father's pack of Benson & Hedges cigarettes, fills the box up with water, and drops it in the dustbin with a flourish. It has become her daily ritual. And her father, an otherwise stentorian Delhi businessman, just watches helplessly. He does not have the guts to protest. He knows she is right. ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്റെ കൂട്ടുകാരന്‍ പ്രഭാകരന്റെ കാര്യമാണ് ഓര്‍മ്മ വന്നത്. ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഇടയ്ക്ക് അവന്‍ നിന്നു. വഴിയോരത്തേയ്ക്കു നീങ്ങി ഒരു സിഗരറ്റ് കൊളുത്തിവലിയ്ക്കാന്‍ തുടങ്ങി. ഇതു പൊതുസ്ഥലമാണല്ലോ എന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഏറിവന്നാല്‍ പോലീസ് പിടിയ്ക്കുമെന്നല്ലേയുള്ളു എന്ന് അവന്‍ പറഞ്ഞു. എന്നാലും സാരമില്ല. വീട്ടില്‍ച്ചെന്നാല്‍ പറ്റില്ല. സിഗററ്റു മുഴുവന്‍ ആസ്വദിച്ചുവലിച്ച് നടത്തം തുടരുമ്പോള്‍ അവന്‍ പറഞ്ഞു: ''സിഗററ്റ് ഒന്നു സ്വസ്ഥമായിരുന്നു വലിയ്ക്കാന്‍ യോഗമുണ്ടായിട്ടില്ല ഇതുവരെ. കുറേക്കാലം അച്ഛനായിരുന്നു. ഇപ്പോള്‍ മകളായി.''

കാരണവന്മാര്‍ നമ്മളെ ബീഡി വലിയ്ക്കാന്‍ അനുവദിയ്ക്കാതിരുന്നത് നമുക്ക് ശ്വാസകോശാര്‍ബ്ബുദം വരുമെന്നു കരുതിയല്ല. പക്ഷേ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ ആരോഗ്യത്തേക്കുറിച്ചൊക്കെ വേണ്ടതില്‍ക്കൂടുതല്‍ ബോധമുള്ളവരാണ്. നമിത ദേവിദയാല്‍ പറയുന്നതും അതാണ്. ആരോഗ്യത്തിനു വിഘാതമായതെന്തും ഉപയോഗിയ്ക്കുന്നതും ഭക്ഷിയ്ക്കുന്നതും കുട്ടികള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. നമ്മള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കേണ്ടത് അവര്‍ തിരിച്ചുപഠിപ്പിയ്ക്കുകയാണ്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education