ആകാശവാണി കോഴിക്കോട്.. ഇപ്പോള്‍ സമയം....

ദിനേശന്‍ കരിപ്പള്ളി

12 Nov 2012

ദീര്‍ഘകാലം ചെലവഴിച്ച കോഴിക്കോട് ആകാശവാണി നിലയത്തിലെ സമ്പന്നമായ ഓര്‍മകളിലേക്ക് കവി ശ്രീധരനുണ്ണി...

1969 നവംബറിലെ ഒരു സായാഹ്നം. അറബിക്കടലില്‍ നിന്ന് സദാ വീശിയെത്തുന്ന ഇളംകാറ്റിനൊപ്പം ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ഡ്യൂട്ടിറൂമിലേക്ക് ഒരു സന്ദര്‍ശകന്‍ വന്നുകയറി.
''കുഞ്ഞനന്തനുണ്ടോ?'' - ഡ്യൂട്ടി ഓഫീസറും കോഴിക്കോട്ടുകാരിയുമായ പത്മിനിയോട് ചോദിക്കവെ, സന്ദര്‍ശകന്റെ നാവ് കുഴഞ്ഞു.
തെല്ലിട പകച്ചുപോയെങ്കിലും പൊടുന്നനെ 'കുഞ്ഞനന്തന്‍ നായര്‍' എന്ന തിക്കോടിയനെക്കുറിച്ച് ഓര്‍ത്ത പത്മിനി വിനയപൂര്‍വം മറുപടി നല്കി:
''ഉണ്ടല്ലോ, മോളിലാ... ആര് വന്നൂന്ന് പറയണം?''
''രാമന്‍ന്നാ എന്റെ പേര്. ചേര്‍ത്തലയില്‍ നിന്നാ''
-ആടിയുലഞ്ഞ്, ഊര്‍ന്നു പോവാനൊരുങ്ങുന്ന മുണ്ട് അരയിലുറപ്പിച്ച്, ലഹരികലര്‍ന്ന ചിരിയോടെ ആഗതന്‍ ഡ്യൂട്ടിറൂമിന്റെ വിശാലതയില്‍ കണ്ണയച്ച് നിന്നു.
പത്മിനി ധൃതിപ്പെട്ട് മുകള്‍നിലയിലെ മുറിയിലേക്ക്. അവിടെ ജോലിയില്‍ മുഴുകിയിരിക്കുന്ന തിക്കോടിയന്‍ സാറിന് 'രാമന്‍' എന്ന സന്ദര്‍ശകന്റെ വിവരം കൈമാറി.
''ആരപ്പാ ഈ രാമന്‍'' എന്ന ആത്മഗതവുമായി തിക്കോടിയന്‍ പടികളിറങ്ങി താഴേക്ക്.
തിക്കോടിയന്റെ വരവ് കണ്ടതും 'ആടിയുലയുന്ന' സന്ദര്‍ശകന്‍ കൈകള്‍ രണ്ടും അന്തരീക്ഷത്തിലേക്കെറിഞ്ഞ്, സാമാന്യം ഉച്ചത്തില്‍ ശ്ലഥമായ ഈണത്തോടെ പാട്ട് തുടങ്ങി:
''തിക്കോടിയാ, തിക്കോടിയാ..... സിന്ധുഗംഗാനദിതീരം
വളര്‍ത്തിയ തിക്കോടിയാാാ.....!''
''ഓഹോ..... പഹയാ, നീയായിരുന്നോ.....!''
സന്ദര്‍ശകനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് തിക്കോടിയന്റെ ചോദ്യം. മുറിയില്‍ ചിരിയുടെ കടലിരമ്പം. ആഗതനെയും കൂട്ടി, ഉത്സാഹത്തോടെ തിക്കോടിയന്‍ മുകളിലേക്കു പോവുന്നതിനിടെ-അടുത്തിരുന്ന, ആയിടെ മാത്രം ജോലിയില്‍ പ്രവേശിച്ച ചെറുപ്പക്കാരനോട് ഡ്യൂട്ടി ഓഫീസര്‍ പത്മിനി ആകാംക്ഷയോടെ തിരക്കി:
''അതാരാ..... ഉണ്ണീ?''
''മനസ്സിലായില്ലേ, വയലാര്‍ രാമവര്‍മ്മ!'' - കവി കൂടിയായ ചെറുപ്പക്കാരന്റെ മറുപടി കേട്ടതും സീറ്റില്‍ നിന്ന് ചാടിയെണീറ്റ് അവര്‍ തലയില്‍ കൈവെച്ചു:
''യ്യോ... എനിക്കാളെ മനസ്സിലായില്ല!''
ആ ശബ്ദത്തില്‍ തെളിഞ്ഞ ആദരവിന്റെ മൂര്‍ച്ച, നാലു പതിറ്റാണ്ടിനിപ്പുറവും ഓര്‍മയില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലെന്ന് ആകാശവാണിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും അറിയപ്പെടുന്ന കവിയുമായ ശ്രീധരനുണ്ണി സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ലക്ഷദ്വീപ് നിലയങ്ങളിലായി 35 വര്‍ഷം നീണ്ട കര്‍മകാണ്ഡത്തിനു ശേഷം സേവനത്തില്‍ നിന്ന് വിരമിച്ച്, കോഴിക്കോട്ട് മാങ്കാവിലുള്ള 'ശ്രീനിലയ'ത്തില്‍ എഴുത്തും വായനയുമായി വിശ്രമജീവിതം നയിക്കുന്ന ശ്രീധരനുണ്ണി, ആകാശവാണിക്കാലത്തെ സമ്പന്നമായ ഓര്‍മയുടെ തേനറകള്‍ തുറക്കുകയാണിവിടെ...

ഉബ്രു, കൊടു, അക്കി, തിക്കു പിന്നെ കക്കുവും

1969 ഏപ്രില്‍ ഒന്നിനാണ് ശ്രീധരനുണ്ണി സ്‌ക്രിപ്റ്റ് റൈറ്റര്‍ (ജൂനിയര്‍) തസ്തികയില്‍ ആകാശവാണിയുടെ ഭാഗമാവുന്നത്. 'ബാലലോകം' കൈകാര്യം ചെയ്തു ശ്രദ്ധേയനായ കരുമല ബാലകൃഷ്ണന്‍ (സംവിധായകന്‍ രഞ്ജിത്തിന്റെ അച്ഛന്‍) രാജിവെച്ചുപോയ ഒഴിവിലായിരുന്നു കരാറടിസ്ഥാനത്തിലുള്ള നിയമനം. കുടുംബസുഹൃത്തും ഗുരുതുല്യനുമായ കവി എന്‍.എന്‍. കക്കാട് ആദ്യദിനം തന്നെ ശ്രീധരനുണ്ണിക്ക് മാര്‍ഗദര്‍ശിയായി നിന്നു. കാര്‍ഷികരംഗം പ്രൊഡ്യൂസര്‍ തസ്തികയിലാണ് കക്കാട് അന്ന് പ്രവര്‍ത്തിച്ചിരുന്നത്.

ഒരു തുടക്കക്കാരന്റെ നെഞ്ചിടിപ്പുമായി ആകാശവാണിയിലേക്കു കയറിച്ചെന്ന പി.പി. ശ്രീധരനുണ്ണിയെ വലിയ ഒരു ഹാളിലേക്കാണ് കക്കാട് ആദ്യം നയിച്ചത്. അവിടെ-തൊട്ടടുത്തുള്ള കസേരകളില്‍ ഉറൂബ് (സ്‌പോക്കണ്‍ വേഡ് പ്രൊഡ്യൂസര്‍, ഉറൂബിന്റെ തന്നെ ഭാഷയില്‍-വാചികവാങ്മയ വിഭാഗം നിര്‍മാതാവ്'), അക്കിത്തം (സ്‌ക്രിപ്റ്റ് റൈറ്റര്‍), കെ.എ. കൊടുങ്ങല്ലൂര്‍ (സ്‌ക്രിപ്റ്റ് റൈറ്റര്‍, നാടകവിഭാഗം), തിക്കോടിയന്‍ (പ്രൊഡ്യൂസര്‍, നാടകവിഭാഗം) തുടങ്ങിയ മഹാരഥന്‍മാര്‍. സമീപത്തെ മുറിയില്‍ എഴുത്തുകാരനായ വിനയന്‍ (സംവിധായകന്‍ വി.എം. വിനുവിന്റെ അച്ഛന്‍), ആരോഗ്യവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ യു.എ. ഖാദര്‍. മറ്റൊരു മുറിയില്‍ ലളിത സംഗീത വിഭാഗം തലവനായി തൂവെള്ള ജുബ്ബയും തൂവെള്ളച്ചിരിയുമായി കെ. രാഘവന്‍ മാസ്റ്റര്‍, തൊട്ടടുത്ത് ക്ലാസ്സിക്കല്‍ സംഗീതവിഭാഗം പ്രൊഡ്യൂസര്‍ പഴയന്നൂര്‍ പരശുരാമന്‍.....

''പ്രഗത്ഭരുടെ നിര തന്നെയായിരുന്നു അന്ന് ആകാശവാണിയില്‍. ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍തന്നെ എനിക്ക് പേടി തുടങ്ങി. എന്നാല്‍ എന്റെ എല്ലാ ആശങ്കകളും ഇല്ലാതാക്കുംവിധത്തില്‍ ഹൃദ്യമായിരുന്നു അവരുടെയെല്ലാം സമീപനം'' -ശ്രീധരനുണ്ണി ഓര്‍ക്കുന്നു.
ഓരോ മേശയ്ക്കു മുന്നിലും കൊണ്ടുപോയി നിര്‍ത്തി, വിശദമായിത്തന്നെ കക്കാട് എല്ലാവരെയും പരിചയപ്പെടുത്തി:
''ഇത് ഉബ്രു''-ഉറൂബ് ചിരിച്ചു.
''ഇത് അക്കി''-അക്കിത്തം കൈകൂപ്പി
''ഇതാണ് കൊടു'' -കെ.എ. കൊടുങ്ങല്ലൂര്‍ തലകുലുക്കി.
''ഇദ്ദേഹം തിക്കു''-ചിരിയോടെ തിക്കോടിയന്റെ തിരിച്ചടി. ഉടന്‍ തന്നെയെത്തി :
''പരിചയപ്പെടുത്തുന്നയാള്‍
കക്കു!''

കളിചിരികള്‍ നിറഞ്ഞ പകലുകള്‍

തികച്ചും അനൗപചാരികവും സ്‌നേഹനിര്‍ഭരവുമായിരുന്നു ആകാശവാണിയുടെ അന്നത്തെ അകത്തളം. എല്ലാവരും പരസ്​പരം കളിയാക്കുന്നു, ആകാശത്തിനുചുവട്ടിലെ സകലമാന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു, ആര്‍ത്തു ചിരിക്കുന്നു... അതിനിടെ, ശബ്ദബഹളങ്ങളോടെ താഴെത്തെനിലയിലുള്ള പട്ടരുടെ കാന്റീനിലേക്ക് സംഘംചേര്‍ന്നുള്ള യാത്ര... ആരും മര്യാദാരാമന്മാരായി മുഴുവന്‍ സമയവും സീറ്റിലിരിക്കുന്നില്ല. എല്ലാവരുടെയും മേശപ്പുറത്ത് അടുക്കും ചിട്ടയുമില്ലാതെ കുന്നുകൂടിക്കിടക്കുന്ന ഫയല്‍ക്കൂമ്പാരങ്ങള്‍ - സര്‍ക്കാര്‍ ഓഫീസുകളെപ്പറ്റി ശ്രീധരനുണ്ണി മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന സങ്കല്പങ്ങളുടെ കസ്തൂരിമാമ്പഴം ആദ്യദിനംതന്നെ കാക്കകൊത്തിപ്പോയി.

എന്നാല്‍, തികച്ചും അനൗപചാരികമായ ഈ അന്തരീക്ഷത്തിലിരുന്ന്, അവരെല്ലാം സ്വന്തം കടമകള്‍ കാര്യക്ഷമതയോടെ അതിവേഗം ചെയ്തുതീര്‍ക്കുന്ന കാഴ്ചയും അടുത്തദിനങ്ങളില്‍ അദ്ഭുതാദരങ്ങളോടെ ശ്രീധരനുണ്ണി കണ്ടു.

അകത്തുള്ളവര്‍ മാത്രമായിരുന്നില്ല, പ്രഗത്ഭര്‍. വിവിധ പരിപാടികള്‍ അവതരിപ്പിക്കാനായി പുറത്തുനിന്നെത്തുന്നവരും വമ്പന്‍മാര്‍ തന്നെയായിരുന്നു.

നരച്ചമുടിയും നരച്ച കുടയും ഒരിക്കലും നരയ്ക്കാത്ത കവിതയുമായി ഇടശ്ശേരി മൂന്നുമാസത്തിലൊരിക്കല്‍ വരും. (മൂന്നുമാസമാണ് പ്രോഗ്രാം കോണ്‍ട്രാക്ടിന്റെ കാലാവധി).

അവസാനകാലത്ത് കണ്ണുകളില്‍ ഇരുട്ടുനിറച്ച വിധിയെ കൂസാതെ, കൃത്യനിഷ്ഠയുടെ പര്യായമായി കെ.പി. കേശവമേനോന്‍, നാലുംകൂട്ടി മുറുക്കി മുണ്ടശ്ശേരിമാഷ്, ചുണ്ടില്‍ റൊമാന്റിക് ചിരിയും കൈയില്‍ കറുത്ത ബാഗുമേന്തി എസ്.കെ. പൊറ്റെക്കാട്ട്, മെലിഞ്ഞ ശരീരത്തിനുള്ളില്‍ നിഷേധത്തിന്റെ തീയുമായി സുകുമാര്‍ അഴീക്കോട്, വേദനകള്‍ക്കുമേല്‍ ചിരിയുടെ മസ്ലീന്‍ മറയിട്ട് ബഷീര്‍, ലഹരിയുടെ ഉന്മാദവുമായി വി.കെ.എന്‍., അധികമൊന്നും സംസാരിക്കാത്ത എം.ടി...


ഉള്‍ക്കണ്ണിന്റെ തെളിച്ചത്തില്‍

പഭാഷണം റെക്കോഡുചെയ്യാന്‍ എത്തുന്ന കെ.പി. കേശവമേനോനൊപ്പം സന്തതസഹചാരിയായി ശ്രീനിവാസനുണ്ടാവും.
12 മണിയെന്ന് നിശ്ചയിച്ചാല്‍ കൃത്യം 11.55-ന് സ്റ്റുഡിയോയില്‍ കേശവമേനോന്‍ എത്തിയിരിക്കും. അവസാനകാലങ്ങളില്‍, കാഴ്ചയില്ലാത്തതുകാരണം എഴുതിവായന പതിവില്ലായിരുന്നു.

'എന്താവിഷയം?' അദ്ദേഹം ചോദിക്കും. ഉറൂബോ കക്കാടോ മറ്റോ വിനയത്തോടെ വിഷയം പറയും.
'തുടങ്ങേണ്ട സമയമായാല്‍ ചുമലിലൊന്ന് തൊട്ടാല്‍മതി'- കേശവമേനോന്റെ നിര്‍ദേശം.
കൃത്യസമയത്ത് ചുമലില്‍ സ്​പര്‍ശമേല്‍ക്കുമ്പോഴേക്കും തുടങ്ങുകയായി, ലാളിത്യത്തിന്റെ ഇളനീര് ചാലിച്ച വാക്കുകളുടെ സുദൃഢപ്രവാഹം.
പത്തുമിനിറ്റ് എത്താറാവുമ്പോള്‍ പ്രഭാഷണം നിര്‍ത്തി, ഒറ്റച്ചോദ്യമാണ്-'പോരെ?'
അണുവിട തെറ്റാത്ത സമയബോധം. റെക്കോര്‍ഡറില്‍നിന്ന് 'പോരെ' മാത്രം മായ്ചാല്‍ മതി, പ്രഭാഷണം റെഡി.

കവിയുടെ കാല്പാടുകള്‍

മൂന്നുമാസക്കരാര്‍കാലാവധിയുടെ പരിമിതികളെ നിരാകരിച്ച്, നീളന്‍ ജുബ്ബയുടെ കീശയില്‍ കവിതയും കടലയുമായി, കാലന്‍കുടയുമേന്തി എപ്പോഴെന്നില്ലാതെ വന്നുദിക്കും പി.കുഞ്ഞിരാമന്‍നായര്‍.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education