ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം...

രവിമേനോന്‍

17 Oct 2012

'മുല്ലശ്ശേരി'യുടെ അകത്തളത്തിലെ തണുപ്പുള്ള നിലത്തിരുന്ന് തബലയില്‍ താളവിസ്മയം തീര്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍... കട്ടിലില്‍ ചെരിഞ്ഞു കിടന്ന്, വിരലുകള്‍കൊണ്ട് പതുക്കെ കിടക്കയില്‍ താളമിട്ട് ആ 'പ്രകടനം' അറിഞ്ഞാസ്വദിക്കുന്ന മുല്ലശ്ശേരി രാജുവേട്ടന്‍. സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്റെ 'ഒറിജിനല്‍.'

കാല്‍നൂറ്റാണ്ടു പഴക്കമുണ്ട് ആ കാഴ്ചയ്ക്ക്. കോഴിക്കോട് ചാലപ്പുറത്തെ ഓടുമേഞ്ഞ കൊച്ചുവീട്ടിലേക്കു സംഗീതവും സംഗീതജ്ഞരും സംഗീതാസ്വാദകരും രാപകലെന്നില്ലാതെ ഒഴുകിയെത്തിയിരുന്ന കാലം. അന്നത്തെ മുല്ലശ്ശേരിയുടെ ആത്മാവിന്റെ ഭാഗമായിരുന്നു അത്തരം സംഗീതസദിരുകള്‍. പാതി തളര്‍ന്ന ശരീരത്തിനുള്ളില്‍, കലാകാരന്‍മാരെയും കലയെയും സ്‌നേഹിക്കുന്ന വലിയൊരു മനസ്സ് എന്നും കാത്തുസൂക്ഷിച്ച രാജുവേട്ടന്‍, 'കഥകള്‍ ഉറങ്ങുന്ന' തന്റെ കിടക്കയില്‍ കിടന്ന് രാജകുമാരനെപ്പോലെ ആ സംഗീതപ്രവാഹം നുകരുന്ന കാഴ്ച എന്റെ ഏറ്റവും ദീപ്തമായ കൗമാരസ്മരണകളില്‍ ഒന്നാണ്.

താളപ്രകടനത്തിനൊടുവില്‍ തബലിസ്റ്റിനെ ചൂണ്ടി, പതിവുശൈലിയില്‍ കുസൃതി കലര്‍ത്തി രാജുവേട്ടന്റെ ചോദ്യം: 'നിനക്കറിയുമോ ഇവനെ? ഫറോക്കിലെ പുലിയാണ്. പൂതേരി രഘു.' സൗഹൃദം നിറഞ്ഞ ചിരിയോടെ എഴുന്നേറ്റുവന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയ യുവാവ് എന്റെ അവശേഷിച്ച സംശയങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ആ വാചകം വിനയപൂര്‍വം പൂരിപ്പിച്ചു: 'രഘുകുമാര്‍ എന്നും പറയും. മ്യൂസിക് ഡയറക്ടര്‍...' ചുണ്ടില്‍ എരിയുന്ന സിഗരറ്റും മൂളിപ്പാട്ടുമായി രാജുവേട്ടന്റെ കട്ടിലിന്റെ ഓരത്തു ചെന്നിരുന്ന രഘുകുമാറിനെ കൗതുകത്തോടെ നോക്കിനില്‌ക്കേ ഓര്‍മയില്‍ വന്നുനിറഞ്ഞത് രണ്ടു മനോഹരഗാനങ്ങള്‍: ധീരയിലെ 'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ.' പിന്നെ പൊന്‍തൂവല്‍ എന്ന ചിത്രത്തിലെ 'കണ്ണാ ഗുരുവായൂരപ്പാ.' രണ്ടിന്റെയും ശില്പി ഒരാള്‍തന്നെ: എനിക്കു മുന്നിലിരിക്കുന്ന ഈ ഫറോക്കുകാരന്‍.

ശ്യാമ എന്ന ചിത്രത്തിലെ 'ചെമ്പരത്തിപ്പൂവേ ചൊല്ല്' എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ കയറിപ്പറ്റിയതിന്റെ ആഹ്ലാദത്തിലായിരുന്നു അന്ന് രഘു. സിനിമാജീവിതത്തില്‍ രഘുവിന്റെ ആദ്യത്തെ മേജര്‍ ഹിറ്റ്. രഘുവിനു മാത്രമല്ല,

താരതമ്യേന തുടക്കക്കാരിയായ ചിത്രയ്ക്കും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിക്കും വഴിത്തിരിവായി മാറിയ ഗാനം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയഗാനങ്ങളില്‍ ഒന്നായി പല 'ലിസ്റ്റിങ്ങു'കളിലും ഇടംനേടിയ പാട്ട്. പക്ഷേ, എന്തുകൊണ്ടോ രഘുവിന്റെ ആദ്യം പറഞ്ഞ രണ്ടു പാട്ടുകളുടെ ഈണത്തോടായിരുന്നു എനിക്ക് കൂടുതല്‍ സ്‌നേഹം. അക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ ചിരിയോടെ രഘു പറഞ്ഞ മറുപടി ഓര്‍മയുണ്ട്: 'എന്റെയും ഇഷ്ടഗാനങ്ങളാണ് അവ. പക്ഷേ, നമ്മള്‍ വലിയ പ്രതീക്ഷയോടെ ചെയ്യുന്ന പാട്ടുകള്‍ ജനങ്ങള്‍ സ്വീകരിക്കണം എന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്തവ ഹിറ്റാകുകയും ചെയ്യും. ഈ പ്രവചനാതീതസ്വഭാവം തന്നെയാണല്ലോ സിനിമയെ സിനിമയാക്കുന്നത്.'

രണ്ടര പതിറ്റാണ്ടിനിപ്പുറം, രഘു പഴയ നിരീക്ഷണത്തിന്റെ തുടര്‍ച്ചയെന്നോണം പറയുന്നു: 'എത്രയെത്ര പാട്ടുകള്‍ ചെയ്തു. പക്ഷേ, മലയാളികള്‍ ഇന്നും എന്നെ തിരിച്ചറിയുന്നത് രണ്ടു പാട്ടുകളുടെ പേരിലാണ് എന്നു തോന്നാറുണ്ട്: ഒന്ന് 'ചെമ്പരത്തിപ്പൂവേ.' പിന്നൊന്ന് 'പൊന്‍വീണേ...' രണ്ടാമത്തെ പാട്ട് ഇത്രയും ഹിറ്റാക്കിയതിന് പ്രിയദര്‍ശനും മോഹന്‍ലാലിനും കൂടി നന്ദി പറയുന്നു ഞാന്‍. വേദിയില്‍ ആ ഗാനത്തിന്റെ തുടക്കത്തിലെ 'ലാ ലാ ലാ' എന്ന ഹമ്മിങ് പാടിത്തുടങ്ങുമ്പോഴേ സദസ്സ് ഇളകിമറിയാറുണ്ടെന്ന് അടുത്തിടെ ഒരു ടിവി പരിപാടിയില്‍ എം.ജി. ശ്രീകുമാര്‍ പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നി. പാട്ട് ഇന്നും മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നു എന്നാണല്ലോ അതിനര്‍ഥം...'

ചെന്നൈ പാംഗ്രൂവ് ഹോട്ടലില്‍വെച്ചുള്ള 'പൊന്‍വീണേ'യുടെ കമ്പോസിങ് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു രഘുകുമാര്‍. താളവട്ടത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും ഗാനരചയിതാവ് പൂവച്ചല്‍ ഖാദറും ഉണ്ട് മുറിയില്‍. അഗാധമായ സംഗീതബോധമുള്ള വ്യക്തിയാണ് പ്രിയന്‍. തനിക്കു വേണ്ടത് എന്ത് എന്നതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള സംവിധായകന്‍. പാട്ടിന്റെ സന്ദര്‍ഭം പറഞ്ഞുതരുന്നതോടൊപ്പം അതിന്റെ വര്‍ണപ്പകിട്ടാര്‍ന്ന വിഷ്വല്‍കൂടി നമ്മുടെ മനസ്സില്‍ വരച്ചിടും അദ്ദേഹം. അന്നത്തെ ഇരിപ്പില്‍ അപ്രതീക്ഷിതമായി എന്റെ മനസ്സില്‍ വിരിഞ്ഞ ഒരു സംഗീതശകലം 'ലാ ലാ ലാ' എന്ന മൂളിപ്പാട്ടായി പുറത്തുവന്ന നിമിഷം പ്രിയന്റെ ആഹ്ലാദം നിറഞ്ഞ പ്രതികരണം ഓര്‍മയുണ്ട്: 'ഇത് മതി നമുക്ക്. ഇതാണ് നമ്മുടെ പാട്ടിന്റെ തുടക്കം.' തികച്ചും ലളിതമായ ആ മ്യൂസിക്കല്‍ ബിറ്റിനു നിമിഷങ്ങള്‍ക്കകം 'പൊന്‍വീണേ' എന്ന വാക്കിലൂടെ ചിറകു നല്കുന്നു പൂവച്ചല്‍.. ബാക്കിയുള്ള ഈണവും വരികളും വഴിക്കുവഴിയായി വന്നു.' എ.വി.എം.ആര്‍.ആര്‍. സ്റ്റുഡിയോയില്‍ എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും സ്വരത്തില്‍ പിറ്റേന്ന് റെക്കോഡ് ചെയ്ത ആ ഗാനം വെള്ളിത്തിരയില്‍ മോഹന്‍ലാലും ലിസിയും ചേര്‍ന്ന് അവിസ്മരണീയമാക്കിയത് പിന്നീടുള്ള കഥ.

ഹിറ്റുകളുടെ ശില്പി

മലയാള സിനിമാസംഗീതചരിത്രത്തില്‍ രഘുകുമാര്‍ എന്ന സംഗീതസംവിധായകന്റെ ഇടം എവിടെയായിരിക്കും? രവീന്ദ്രനും ജോണ്‍സണും എം.ജി. രാധാകൃഷ്ണനും വൈവിധ്യമാര്‍ന്ന ശൈലികളുമായി നിറഞ്ഞുനിന്ന എണ്‍പതുകളില്‍ത്തന്നെയാണ് രഘുവിന്റെ മികച്ച ഗാനങ്ങള്‍ ഭൂരിഭാഗവും നാം കേട്ടത്. പക്ഷേ, ഒരിക്കലും ആ കൂട്ടുകെട്ടിനോട് ചേര്‍ത്തു പറഞ്ഞുകേള്‍ക്കാറില്ല രഘുവിന്റെ പേര്. ചെയ്ത പടങ്ങള്‍ താരതമ്യേന എണ്ണത്തില്‍ കുറവായിരുന്നതാകാം ഒരു കാരണം. പക്ഷേ, പരിഭവമൊന്നുമില്ല രഘുവിന്: 'കഴിവു മാത്രമല്ല സിനിമയില്‍ മാനദണ്ഡം. സമയംകൂടി പ്രധാനമാണവിടെ. നമ്മുടെ സമയം നന്നെങ്കില്‍ എല്ലാം ഒത്തുവരും. അങ്ങനെ ഒത്തുവന്ന സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അവ താരതമ്യേന കുറവായിരുന്നു എന്നു മാത്രം. എങ്കിലും ചെയ്ത പാട്ടുകള്‍ പലതും ഇന്നും മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്ന അറിവ് ഏത് അവാര്‍ഡിനെക്കാളും വലിയ അംഗീകാരമായിത്തന്നെ കാണുന്നു ഞാന്‍...'

'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്', 'കൈക്കുടന്ന നിറയെ' (മായാമയൂരം), 'പൊന്‍മുരളിയൂതും' (ആര്യന്‍), 'പൂങ്കാറ്റേ പോയി ചൊല്ലാമോ' (ശ്യാമ), 'നീയെന്‍ കിനാവോ' (ഹലോ മൈഡിയര്‍ റോങ് നമ്പര്‍), 'നിന്നെയെന്‍ സ്വന്തമാക്കും', 'ഈ നയനങ്ങള്‍' (വിഷം), 'ഒരു പുന്നാരം' (ബോയിങ് ബോയിങ്), 'മെല്ലെ നീ മെല്ലെ വരൂ' (ധീര), 'മാരിവില്ലിന്‍ ചിറകോടെ' (ചെപ്പ്), 'പോരൂ നീയെന്‍ ദേവീ' (അരം അരം കിന്നരം), 'ഈ കുളിര്‍നിശീഥിനിയില്‍' (ആയിരം കണ്ണുകള്‍), 'മധുമാസചന്ദ്രന്‍' (കാണാക്കിനാവ്)... രഘുകുമാറിന്റെ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്ന ഗാനങ്ങള്‍. ഈ ഗാനങ്ങള്‍ പലതിന്റെയും ശില്പി രഘുവാണെന്ന് എത്രപേര്‍ക്കറിയാം എന്നൊരു ചോദ്യമുണ്ട്. 'കൈക്കുടന്ന നിറയെ' എന്ന ഗാനത്തിന്റെ ക്രെഡിറ്റ് ഒരു പ്രമുഖ ചാനല്‍ അടുത്ത കാലത്ത് എസ്. പി. വെങ്കിടേഷിനു ചാര്‍ത്തിക്കൊടുത്തു കണ്ടപ്പോള്‍ ദുഃഖം തോന്നി. യേശുദാസും എസ്. ജാനകിയും ചേര്‍ന്നു ശബ്ദം നല്കിയ ആ ഗാനം (ഒരുമിച്ചുള്ള അവരുടെ ഏറ്റവും ഒടുവിലത്തെ സൂപ്പര്‍ ഹിറ്റ്) രഘുവിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു ഞാന്‍...

മലയാളസിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ, അസാമാന്യമായ റേഞ്ചിന്റെ ഉടമകളായ രണ്ടു ഗായകരുടെ ആലാപനശൈലികളുടെ 'കെമിസ്ട്രി' ഇത്ര അഗാധമായി നമ്മെ അനുഭവപ്പെടുത്തിയ ഗാനങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്ക് അത്യപൂര്‍വം. പാതിരാവായില്ല, മധുരപ്രതീക്ഷതന്‍, കുങ്കുമപ്പൂവുകള്‍ പൂത്തു, അകലെ അകലെ നീലാകാശം, വൈക്കത്തഷ്ടമിനാളില്‍, എഴുതിയതാരാണ് സുജാത, ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍ തുടങ്ങി യേശുദാസ് ജാനകി സഖ്യം അനശ്വരമാക്കിയ ക്ലാസിക് ഗാനങ്ങളുടെ പട്ടികയില്‍ത്തന്നെയാണ് മായാമയൂരത്തിലെ ഗാനത്തിന്റെയും സ്ഥാനം. ഗായകനും ഗായികയും ഒരുമിച്ച് ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുന്ന പ്രതീതി. ട്രാക്ക് മിക്‌സിങ്ങിന്റെ കാലത്ത് ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയാണ് രഘുവിന്റെ മറുപടി. 'മായാമയൂരത്തിലെ പാട്ടുകള്‍ റെക്കോഡ് ചെയ്യുന്ന വേളയില്‍ ട്രാക്ക് സമ്പ്രദായം നാട്ടുനടപ്പായിക്കഴിഞ്ഞിരുന്നു. ഡ്യൂയറ്റ് പാടുന്നവര്‍പോലും പരസ്​പരം കാണാത്ത അവസ്ഥ. പക്ഷേ, ഈ പാട്ടില്‍ എനിക്കൊരു ഭാഗ്യമുണ്ടായി. ദാസേട്ടനും ജാനകിയമ്മയും ഒരുമിച്ചു മൈക്കിനു മുന്നില്‍നിന്ന് ലൈവ് ആയി പാടുന്നത് കാണാനുള്ള ഭാഗ്യം. രണ്ടു ഗായകരും ഒരേസമയം എ.വി.എം. സ്റ്റുഡിയോയില്‍ എത്തിപ്പെടുകയായിരുന്നു. ആരെങ്കിലും ഒരാള്‍ എത്താന്‍ വൈകിയിരുന്നെങ്കില്‍ ട്രാക്ക് റെക്കോര്‍ഡിങ്ങിനെ ആശ്രയിക്കേണ്ടി വന്നേനെ. ഒരുപക്ഷേ, വിധിനിയോഗമായിരുന്നിരിക്കണം. മറക്കാന്‍ പറ്റാത്ത ഒരു റെക്കോഡിങ് സെഷന്‍.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education