'ആന്റി'ഹീറോ

20 Sep 2012

സിനിമയില്‍ പ്രശസ്തനാവുന്നതിന് മുന്‍പ് അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞിട്ടുള്ള നടനാണ് ജയസൂര്യ.
സിനിമയുമായി ബന്ധമുള്ള ആരെക്കണ്ടാലും സ്വയം പരിചയപ്പെടുത്തി ചാന്‍സ് ചോദിക്കലായിരുന്നു, അക്കാലത്ത് ജയസൂര്യയുടെ പ്രധാന പരിപാടി.

ഒരിക്കല്‍, ഒരു റസ്റ്റോറന്റില്‍ വെച്ച് കുറച്ച് സിനിമക്കാരെ ജയസൂര്യ കണ്ടുമുട്ടി. പതിവുപോലെ എന്തെങ്കിലും ചെറിയ വേഷം തരണമെന്ന് അഭ്യര്‍ഥിച്ചു. ജയസൂര്യയെ സൂക്ഷിച്ചുനോക്കിയ സംവിധായകന്‍ പറഞ്ഞു: 'എന്റെ അടുത്ത പടം ഉടനെ തുടങ്ങുകയാണ്. അതില്‍ നിനക്ക് ആന്റിഹീറോയുടെ വേഷം തരാം.'

ബന്ധപ്പെടാന്‍ വീട്ടിലെ ഫോണ്‍നമ്പര്‍ കൊടുത്ത്(അന്ന് മൊബൈല്‍ ഫോണുകള്‍ ഇത്ര സാധാരണമായിരുന്നില്ല) തിരിച്ചുപോകുമ്പോള്‍ ജയസൂര്യ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ചെറിയൊരു വേഷമാണ്
ചോദിച്ചത്. കിട്ടിയതോ ആന്റിഹീറോയുടേതും.
മിമിക്രി പരിപാടിക്കൊന്നും പോകാതെ ജയസൂര്യ കുറേദിവസം കാത്തിരുന്നെങ്കിലും സിനിമക്കാരുടെ വിളി വന്നില്ല.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു പ്രോഗ്രാമിനുപോയ ജയസൂര്യ നാലഞ്ചു ദിവസങ്ങള്‍ക്കുശേഷം തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കേട്ടത് നടുക്കുന്ന വാര്‍ത്തയായിരുന്നു: ഷൂട്ടിങ്ങിനു ചെല്ലാന്‍ പറഞ്ഞ് നാലുദിവസം മുന്‍പ് അവര്‍ വിളിച്ചിരുന്നു.
തകര്‍ന്ന മനസ്സോടെ ജയസൂര്യ പടത്തിന്റെ ലൊക്കേഷനിലെത്തി.
സംവിധായകന്‍ ദേഷ്യത്തോടെ ജയസൂര്യയോടു പറഞ്ഞു: 'താനെന്തു പണിയാടോ കാണിച്ചത്? താന്‍ വരാത്തതുകൊണ്ട് രണ്ടു ദിവസം ഷൂട്ടിങ് മുടങ്ങിയില്ലേ? തനിക്കു പകരം ഈ പയ്യനെ തപ്പിയെടുക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടെന്നോ?'
'പക്ഷേ, സാറെനിക്ക് തരാമെന്നു പറഞ്ഞത് ആന്റിഹീറോയുടെ വേഷമല്ലേ?' ജയസൂര്യ സംശയിച്ചു.

'ങ്ങാ, ആന്റിഹീറോയുടെ വേഷംതന്നെ. എന്നു വെച്ചാല്‍ ഷക്കീലാന്റിയുടെ ഹീറോ.' സംവിധായകന്‍ വിശദീകരിച്ചു.
അപ്പോഴാണ് ജയസൂര്യയ്ക്ക് ശ്വാസം വീണത്.
ഷക്കീലയുമൊത്തുള്ള ആ വേഷം ചെയ്തിരുന്നെങ്കില്‍...!

കുറിപ്പ്: സെക്‌സ് പടങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക് പിന്നീട് മുഖ്യധാരാസിനിമകളില്‍ അവസരം കിട്ടാറില്ല.

സ്റ്റാറായിട്ടെന്താ?
ഗാന്ധിനഗര്‍ സെക്കന്‍ഡ്‌സ്ട്രീറ്റ് എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു.
സമയം രാത്രി.
വഴിയിലൊരിടത്ത്, കാറിന് കൈകാണിച്ച ഒരു വൃദ്ധനെ മോഹന്‍ലാല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ആള്‍ ലാലിന്റെ അച്ഛന്റെ സുഹൃത്താണ്. പ്രായംചെന്ന മനുഷ്യനല്ലേ, ഈ അസമയത്ത് വണ്ടിയൊന്നും കിട്ടിയില്ലെങ്കിലോ എന്ന ചിന്തയില്‍ കാര്‍ റിവേഴ്‌സെടുപ്പിച്ച് ലാല്‍ വൃദ്ധനെക്കൂടി കയറ്റി.
സ്വയം പരിചയപ്പെടുത്തിയശേഷം വൃദ്ധന്‍ ചോദിച്ചു: 'നിങ്ങളെ മനസ്സിലായില്ല...?'
'ഞാന്‍ സത്യന്‍ അന്തിക്കാട്.'
വൃദ്ധന് ആളെ പിടികിട്ടിയില്ല. സത്യനെയൊക്കെ ആരറിയാന്‍ എന്നമട്ടില്‍ മോഹന്‍ലാല്‍ ഒന്നമര്‍ത്തിച്ചിരിച്ചു.
'അപ്പോ ഇയാളോ?', ചോദ്യം ലാലിനോട്.
'ഞാന്‍ മോഹന്‍ലാല്‍...'
'എവിടാ മോഹന്‍ലാലിന്റെ വീട്?'
'തിരുവനന്തപുരത്ത്.'
'തിരുവനന്തപുരത്തെവിടെ?'
'മുടവന്‍മുകളില്‍.'
'അവിടാരുടെ മോനാ?'
'സെക്രട്ടേറിയറ്റില്‍ ജോലിയുള്ള വിശ്വനാഥന്‍ നായരുടെ...' ലാല്‍ പറഞ്ഞവസാനിച്ചപ്പോഴേക്കും വൃദ്ധന്‍ ഇടപെട്ടു. 'ഓ, മനസ്സിലായി. നിന്റെ ചേട്ടനല്ലേ പ്യാരി. അവനിപ്പം എവിടാ?'
'ഓസ്‌ട്രേലിയയില്‍.' മോഹന്‍ലാലിന്റെ മറുപടി. (അന്ന് പ്യാരിലാല്‍ മരിച്ചിരുന്നില്ല.)
വൃദ്ധന്‍ വിടുന്നില്ല.
'അപ്പോ നിനക്കെന്താ ജോലി?'
കക്ഷിയുടെ ചോദ്യം കേട്ടപ്പോള്‍ മോഹന്‍ലാലിനെക്കാളും ഞെട്ടിയത് സത്യനും ഡ്രൈവറുമാണ്.
'സ്ഥിരം ജോലിയൊന്നുമായില്ല.' മോഹന്‍ലാലിന്റെ നിഷ്‌കളങ്കമായ മറുപടി വന്നു.
ഇത്രയുമായ സ്ഥിതിക്ക് വൃദ്ധനെ ഒന്ന് ഞെട്ടിച്ചേക്കാമെന്ന് കരുതി സത്യന്‍ വണ്ടിയിലെ ലൈറ്റിടുവിച്ചു. കാറിനകത്ത് ഇരുട്ടായതിനാല്‍ ഇത് സാക്ഷാല്‍ മോഹന്‍ലാലാണെന്ന് വൃദ്ധന് മനസ്സിലായിട്ടുണ്ടാവില്ല. ഇപ്പോക്കാണാം കക്ഷിയുടെ ചമ്മല്‍.
പക്ഷേ, ലൈറ്റിട്ടിട്ടും വൃദ്ധന് ഭാവമാറ്റമൊന്നുമില്ല. അനുകമ്പയോടെ
അയാള്‍ തുടര്‍ന്നു:
'ഇതുവരെ ജോലിയൊന്നുമാവാത്തത് കഷ്ടംതന്നെ. വിശ്വനാഥന്‍നായര്‍ സെക്രട്ടേറിയറ്റിലെ വലിയ ഉദ്യോഗസ്ഥനായിട്ടും മകനൊരു ജോലി തരാക്കാന്‍ പറ്റീല്യാച്ചാല്‍...'
കൊച്ചിയില്‍ വൃദ്ധന്‍ ഇറങ്ങിയശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് പറഞ്ഞു: 'വലിയ സ്റ്റാറായിട്ടെന്താ കാര്യം? നാലാള് അറിയില്ലാച്ചാല്‍...'

(ഫണ്‍ മസാല എന്ന പുസ്തകത്തില്‍ നിന്ന്)

ജോക്‌സ് ഓണ്‍ കണ്‍ട്രി-സിനിമാഫലിതങ്ങള്‍ വാങ്ങാം
കോമഡി ടാക്കീസ്-സിനിമാഫലിതങ്ങള്‍ വാങ്ങാം
ഫണ്‍ മസാല-സിനിമാഫലിതങ്ങള്‍ വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education