വാര്‍ത്തകള്‍ ഓര്‍ക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍

15 Sep 2012

തിരുവനന്തപുരം: മലയാളികളെ വാര്‍ത്തകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശബ്ദത്തിന്റെ ഉടമയായ ഡല്‍ഹി ആകാശവാണിയിലെ മാവേലിക്കര രാമചന്ദ്രന്‍ ശംഖുംമുഖത്തെ വാടക കെട്ടിടത്തിലെ ഏകാന്തതയിലാണ്.

തന്റെ ശബ്ദംക്കൊണ്ട് മാത്രം മലയാളികള്‍ക്കിടയില്‍ ഇടം നേടിയവരിലൊരാള്‍ രാമചന്ദ്രന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും.
തലയെടുപ്പോടെ ജീവിച്ച മാവേലിക്കര രാമചന്ദ്രന് ഇപ്പോള്‍ തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കാപ്പുറത്ത് വന്നുപെട്ട രോഗമാണ് അതിന് കാരണം.

കഴുത്തിന് അനുഭവപ്പെട്ട വേദന മാറ്റാന്‍ ഡോക്ടറെകണ്ടു. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ചത് ശരീരത്തിനെ ബാധിച്ചു. കഴുത്ത് ഉയര്‍ത്താന്‍ കഴിയില്ല, പഴയ ശബ്ദത്തിന് മങ്ങലേറ്റിട്ടുണ്ട്. പക്ഷേ ജീവിതക്ലേശമൊന്നും ഓര്‍മകളുടെ ഹരിതശോഭയ്ക്ക് മങ്ങലേല്പിച്ചിട്ടില്ല.
മാവേലിക്കര പച്ചടിക്കാവില്‍ പി.ജി.കെ.പിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ് രാമചന്ദ്രന്‍, വാര്‍ത്താവായനയുടെ ലോകത്ത് ആകസ്മികമായാണ് രാമചന്ദ്രനെത്തിയത്. പൊതുജനങ്ങളെ ശബ്ദഭംഗിയിലൂടെ വാര്‍ത്ത അറിയിച്ച ഇദ്ദേഹത്തിന് ചില ചിട്ടവട്ടങ്ങളുണ്ട്.

ഒരു വാര്‍ത്താ വായനക്കാരന്‍ വികാരഭരിതനോ ക്ഷോഭിതനോ ആകരുത്. മറ്റൊരു വ്യക്തിയോട് സ്വകാര്യ സംഭാഷണം നടത്തുന്ന തരത്തിലാണ് വാര്‍ത്ത വായിക്കേണ്ടത്. തീവണ്ടി അപകടത്തില്‍ നിരവധിപേര്‍ മരിച്ച സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തീവ്രവികാരത്തോടെ പറയരുത്.

വിധിയെ പഴിക്കരുത്. അവ നമ്മെ പിടികൂടുന്നത്‌യാദൃശ്ചികമായാണ്. മലയാള സിനിമയിലെ പല അതികായന്‍മാരോട് അടുത്ത ബന്ധം പുലര്‍ത്തിയത്- പിന്നീട് അഭിനേതാവിന്റെ റോളിലുമെത്തി.

അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ അഭിനയിച്ചതു മുതല്‍ ഒരിടത്ത് ഒരു ഫയല്‍മാന്‍ വരെ രാമചന്ദ്രന്റെ അഭിനയ പ്രതിഭയെ വരച്ചു കാട്ടുന്നു. സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ച രാമചന്ദ്രന്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ പതറുന്നില്ല.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പഠിച്ചു. രാജ്യമാകെ കണ്ണിയറ്റു പോകാത്ത സുഹൃത് ബന്ധം, അവിവാഹിതനായ ഇദ്ദേഹത്തിന് ജീവിതത്തില്‍ പുസ്തകങ്ങള്‍ കൂട്ടാണ്. 70 കഴിഞ്ഞ ഈ മാന്ത്രികശബ്ദത്തിന്റെ ഉടമ ശംഖുംമുഖത്തെ ഏകാന്ത വാസത്തില്‍ നിന്ന് മാറാനുള്ള തീരുമാനത്തിലാണ്.

നിരവധി വാര്‍ത്തകള്‍ വായിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ഒപ്പമുണ്ടായിരുന്ന ജോണ്‍ എബ്രഹാം എന്നീ പ്രതിഭാശാലികളുടെ മരണവാര്‍ത്ത വായിച്ചപ്പോള്‍ ഹൃദയം വിങ്ങി. എന്നാല്‍ വാര്‍ത്തയില്‍ അവ സ്​പര്‍ശിക്കാതെ വായിച്ചു. പിന്നീട് സ്റ്റുഡിയോയില്‍ നിന്നിറങ്ങി ഒറ്റക്കുപോയി കരഞ്ഞു തീര്‍ത്തു. ഉറ്റസുഹൃത്തുക്കളുടെ വേര്‍പാട് തനിക്ക് ആഘാതമായിരുന്നു- രാമചന്ദ്രന്‍ ഓര്‍ക്കുന്നു.

കേരള സര്‍ക്കാര്‍ കള്‍ച്ചറല്‍ പബ്ലിക് അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിലും സിനിമ, നാടകം, എന്നിവയുടെ ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറ്റുള്ളവരെ വിലകുറച്ച് കാണരുത്. എല്ലാപേരിലും മൂല്യമുണ്ട്. അവ മനസ്സിലാക്കി നാം പ്രവര്‍ത്തിക്കണം. എങ്കില്‍ അവര്‍ ജീവിതം വിജയം നേടും. വിധിയെ പഴിക്കരുത്. നേടാന്‍ ശ്രമിക്കുക, വിജയിക്കും. തലകുനിച്ച് പുഞ്ചിരിച്ച് തന്റെ വാക്കറുമെടുത്ത് രാമചന്ദ്രന്‍ വളരെ ബദ്ധപ്പെട്ട് ശംഖുംമുഖത്തെ വീട്ടില്‍ നിന്ന് പതിയെ പടിയിറങ്ങി; ഞാനിവിടെയുണ്ടെന്ന് തലസ്ഥാന നഗരത്തെ അറിയിക്കാന്‍ !
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education