കള്ള് ചെത്തും കളമൊഴിയുന്നു

സി.സരിത്‌

13 Sep 2012

മികച്ച സേവനവേതനവ്യവസ്ഥകളോടെ ഏറെ ഉയരങ്ങളിലായിരുന്നു അടുത്ത കാലം വരെ കള്ളുചെത്ത് തൊഴില്‍മേഖല. എന്നാല്‍ ബീഡിവ്യവസായം പോലെ കള്ളുചെത്തും അതിന്റെ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ ബാക്കിവെച്ച് പതിയെ താഴേക്കിറങ്ങുകയാണ്

കള്ള് വടക്കന്‍ കേരളത്തിന് ലഹരിപാനീയം മാത്രമല്ല. ഇവിടത്തെ രാഷ്ട്രീയവും ഐതിഹ്യവുമായെല്ലാം കള്ളും കള്ളുചെത്തുതൊഴിലാളികളുടെ ജീവിതവും ഇഴചേര്‍ന്നുകിടക്കുന്നു. ആരാധനാമൂര്‍ത്തിയായ മുത്തപ്പന്റെ ഇഷ്ട പാനീയമാണ് ലഹരി നുരയുന്ന കള്ള്. മുത്തപ്പന്റെ ഐതിഹ്യത്തിലും കള്ളിനും കള്ളുചെത്തുകാരനും സ്ഥാനമുണ്ട്. ഇനി രാഷ്ട്രീയം. ബീഡിത്തൊഴിലാളികളെ പ്പോലെ കണ്ണൂരിലെയും കാസര്‍കോട്ടെയും ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അണയാത്ത ആവേശവും കരുത്തും ചെത്തുതൊഴിലാളികളുടെ പങ്കാളിത്തവുമായും ചേര്‍ന്നുനില്‍ക്കുന്നതാണ്. എ.കെ.ജി., ഇ.എം.എസ്., പി.കൃഷണപിള്ളയടക്കമുള്ള കമ്യൂണിസ്റ്റ് സ്ഥാപകരെ ഒളിവില്‍ പാര്‍ക്കാന്‍ കൈമെയ് മറന്നു സഹായിച്ച കള്ളുചെത്തുകാരന്‍ പൊക്കന്റെ സ്മരണകള്‍ കമ്യൂണിസ്റ്റ് വേദികളില്‍ ഇപ്പോഴും ഇരമ്പാറുണ്ട്.

മികച്ച സേവനവേതനവ്യവസ്ഥകളോടെ ഏറെ ഉയരങ്ങളിലായിരുന്നു അടുത്ത കാലം വരെ ഈ തൊഴില്‍മേഖല. എന്നാല്‍ ബീഡിവ്യവസായം പോലെ കള്ളുചെത്തും അതിന്റെ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ ബാക്കിവെച്ച് പതിയെ താഴേക്കിറങ്ങുകയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20 ശതമാനം തൊഴിലാളികള്‍ കള്ളുചെത്തുമേഖലയില്‍നിന്ന് കൊഴിഞ്ഞുപോയി. അതേസമയം ആരും പുതുതായി ഈ രംഗത്തേക്കു കടന്നുവരുന്നില്ല. പഴയതുപോലെ കള്ള് സമൃദ്ധമായി ലഭിക്കാത്തതാണ് തൊഴിലാളികള്‍ രംഗം വിടാന്‍ പ്രധാന കാരണം. ഇന്ന് 30 വയസ്സിനു മുകളിലുള്ളവര്‍ മാത്രമാണ് ഈ രംഗത്തുള്ളത്. ആറേഴു വര്‍ഷം മുമ്പുവരെ കള്ളുചെത്ത് ലൈസന്‍സ് നേടിയെടുക്കാന്‍ മത്സരമായിരുന്നു. ഇന്ന് കഥമാറി.

തെങ്ങിനെ ബാധിക്കുന്ന മണ്ഡരി പോലുള്ള രോഗവും കാലാവസ്ഥാ വ്യതിയാനവും ആണ് കണ്ണൂര്‍ ജില്ലയില്‍ കള്ളു കിട്ടുന്നത് കുറയാന്‍ പ്രധാന കാരണം. ചെത്തുന്ന തെങ്ങിന് മുന്‍കാലങ്ങളിലെപ്പോലെ വളമിടലും മറ്റും നടത്താത്തതും കള്ള് കുറയാനിടയാക്കുന്നു. അപകടസാധ്യതയുള്ള തൊഴിലായതുകൊണ്ടും പുതിയ തലമുറ ഈ തൊഴില്‍ ചെയ്യാന്‍ മടിക്കുന്നു. രണ്ടാഴ്ച മുമ്പ് മമ്പറത്തെ ഒരു കള്ളുചെത്തുതൊഴിലാളി തെങ്ങില്‍നിന്നു വീണു മരിച്ചിരുന്നു.

ഇത്രയും അധ്വാനശേഷിയും അപകടസാധ്യതയുമില്ലാതെ തന്നെ നല്ല വരുമാനം കിട്ടുന്ന നിരവധി മറ്റു തൊഴില്‍മേഖലകളുള്ളതുകൊണ്ട്പുതുതലമുറ അങ്ങോട്ടു തിരിയുകയാണ്. ഈ തൊഴില്‍ ഉപേക്ഷിക്കുന്നവര്‍ കൂടുതലും നിര്‍മാണമേഖലയിലേക്കും മറ്റുമാണു പോകുന്നത്. അഞ്ചെട്ടു വര്‍ഷമായി പ്രശ്‌നം മുളപൊട്ടിയിട്ട്. ഇപ്പോഴാണ് കാര്യം അതിരുകടക്കുന്നതെന്നു മാത്രം.

കാസര്‍കോട് ജില്ലയില്‍ കള്ള് ക്ഷാമം ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. എന്നാല്‍ അവിടെയും ഈ രംഗത്തേക്ക് പുതിയ തലമുറ കടന്നുവരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാവിയില്‍ ഇവിടെയും ഈ തൊഴില്‍ അന്യംനിന്നുപോകുമെന്നതിന്റെ സൂചനയായി ഇതിനെക്കാണാം.

ജീവിതം ചെത്തിക്കയറിയവര്‍

ഒരു ലിറ്റര്‍ കള്ളിന് 14.50 രൂപയാണ് തൊഴിലാളിക്കു ലഭിക്കുക. എട്ടു ലിറ്റര്‍ കള്ളിന് 174 രൂപ ഡി.എ.യും കിട്ടും. പ്രതിമാസം 240 ലിറ്റര്‍ കള്ളു നല്‍കുന്ന തൊഴിലാളിക്ക് ഡി.എ., ബോണസ്, ഇന്‍സെന്റീവ്, അവധിദിനങ്ങളിലെ ഇരട്ടിക്കൂലി തുടങ്ങിയ ആനുകൂല്യങ്ങളടക്കം 12,000 രൂപയ്ക്കടുത്തു വേതനം ലഭിക്കും. 10 വര്‍ഷം തൊഴില്‍ ചെയ്തയാള്‍ക്ക് 500 രൂപയാണ് പെന്‍ഷന്‍; 20 വര്‍ഷക്കാരന് 700 രൂപയും.

കള്ളുചെത്തുകൊണ്ടു മാത്രം നല്ല ജീവിതസൗകര്യം കെട്ടിപ്പടുത്തവരാണേറെയും. നല്ല വീടു നിര്‍മിച്ചവര്‍, മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് നല്ല ജോലി സമ്പാദിക്കാന്‍ വഴിയൊരുക്കിയവര്‍, സ്ഥലവും വാഹനങ്ങളും സ്വന്തമാക്കിയവര്‍ തുടങ്ങി കള്ളുഷാപ്പിന്റെ നടത്തിപ്പു ചുമതല നേടിയവര്‍ വരെയുണ്ട്. അങ്ങനെ ചെത്തുതൊഴിലാളികള്‍ ജീവിതസൗകര്യങ്ങളില്‍ നാടന്‍പണിയെടുക്കുന്ന മറ്റു തൊഴിലാളികളില്‍നിന്ന് ഏറെ ഉയരത്തിലായിരുന്നു അടുത്തകാലം വരെ. പ്രകാശമാനമായ ആ തൊഴില്‍മേഖലയുടെ വെളിച്ചമാണ്കുറച്ചു വര്‍ഷമായി മങ്ങിക്കൊണ്ടിരിക്കുന്നത്. ഇടവേളകളില്‍ മറ്റു തൊഴിലുകള്‍ ചെയ്താണ് ഇന്നു പലരും ജീവിതത്തിനു നിറം പിടിപ്പിക്കുന്നത്. ''എനിക്ക് രണ്ടുമൂന്നു പശുക്കളുണ്ട്. അതില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടും മറ്റു പണികള്‍ ചെയ്തുമാണ് ഞാന്‍ കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്'' -പിണറായി കിഴക്കുംഭാഗത്തെ കെ.രമേശന്‍ പറഞ്ഞു.
60 വയസ്സാണ് ഈ തൊഴിലില്‍നിന്നു വിരമിക്കാനുള്ള പ്രായം. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ 40ഉം 45ഉം വയസ്സില്‍ത്തന്നെ തൊഴിലുപേക്ഷിച്ചുപോവുകയാണു പലരും.

''കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി കള്ളുചെത്ത് ക്ഷേമനിധി ബോര്‍ഡില്‍ ഫണ്ട് ക്ലോസ് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അപേക്ഷകരില്‍ 60 ശതമാനവും വിരമിക്കല്‍ പ്രായമെത്താതെ തൊഴിലുപേക്ഷിച്ചുപോവുന്നവരാണ്. മുമ്പ് ലക്ഷങ്ങളുടെ ഫണ്ടുണ്ടായിരുന്ന സ്ഥാപനമാണിത്'' -കള്ളുചെത്തുതൊഴിലാളി ജില്ല ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ 12 റേഞ്ചുകളിലായി 367 കള്ളുഷാപ്പുകളാണുള്ളത്. പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ആലക്കോട്, പാപ്പിനിശ്ശേരി, കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍, പിണറായി, മട്ടന്നൂര്‍ എന്നിവയാണു റേഞ്ചുകള്‍. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കു പ്രകാരം 4263 തൊഴിലാളികളാണു കണ്ണൂര്‍ജില്ലയിലുള്ളത്. കള്ളുഷാപ്പുകളിലെ വില്പനത്തൊഴിലാളികള്‍ 677ഉം. പിണറായിയില്‍ രണ്ടു ചെത്തുതൊഴിലാളികളുള്ള വീടുകള്‍ നിരവധിയാണ്. പിണറായി, നാറാത്ത്, മുല്ലക്കൊടി പ്രദേശങ്ങളിലാണ് കണ്ണൂര്‍ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചെത്തുതൊഴിലാളികളുള്ളത്.

ഓരോ ഷാപ്പിലും കുറഞ്ഞത് അഞ്ചു തൊഴിലാളികള്‍ വീതം 50 തെങ്ങുകള്‍ ചെത്തണമെന്നാണു വ്യവസ്ഥ. എന്നാല്‍ ഇതു പാലിക്കാനാകാത്ത അവസ്ഥയില്‍ പല ഷാപ്പുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ മാസം കള്ളുഷാപ്പ് ലേലം നടന്നപ്പോള്‍ പേരാവൂര്‍ റേഞ്ചില്‍ 15 ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ലൈസന്‍സികള്‍ ആരും തയ്യാറായില്ല. ഈ ഷാപ്പുകളില്‍ ആവശ്യത്തിനു കള്ളു കിട്ടാത്തതാണു കാരണം. ഇത്തരത്തില്‍ 15 ശതമാനത്തോളം ഷാപ്പുകളാണ് ജില്ലയില്‍ പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്നതെന്ന് കള്ളുചെത്തുതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) കണ്ണൂര്‍ റേഞ്ച് സെക്രട്ടറി പി.വി.രവീന്ദ്രന്‍ പറഞ്ഞു.

ആവശ്യമായതിന്റെ 50 ശതമാനം കള്ളേ ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുള്ളു. അഞ്ചെട്ടു വര്‍ഷം മുമ്പുവരെ മഴക്കാലത്ത് കള്ള് യഥേഷ്ടം കിട്ടിയിരുന്നു. എന്നാല്‍, മഴക്കാലത്ത് കള്ളിന്റെ ഉപഭോഗം കുറവായിരിക്കും. രണ്ടു കുപ്പി കള്ളിനു ഭക്ഷണം സൗജന്യമായി നല്‍കിയാണ് ആളുകളെ ചില ഷാപ്പുകള്‍ അന്നാകര്‍ഷിച്ചിരുന്നത്.

കാലം മാറി. മഴക്കാലത്തു പോലും കള്ള് ആവശ്യത്തിന് തികയാത്ത സ്ഥിതിയാണിന്ന്. ചില ഷാപ്പുകള്‍ രാവിലെ 11 മണി വരെ മാത്രം പ്രവര്‍ത്തിച്ച് വില്പന നിര്‍ത്തും. സ്ഥിരമായി വരുന്നവര്‍ക്കു വില്‍ക്കാനായി വൈകുന്നേരം അഞ്ചുമണിക്കു വീണ്ടും തുറക്കുകയാണു ചെയ്യുന്നത്. പല ഷാപ്പുകളും കള്ളുവില്പനകൊണ്ടു മാത്രമല്ല മുന്നോട്ടുപോവുന്നത്. നല്ല മത്സ്യവിഭവങ്ങള്‍ ഒരുക്കി ആളുകളെ ആകര്‍ഷിച്ചാണ് ഇവര്‍ പിടിച്ചുനില്‍ക്കുന്നത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education