'അ'യില്‍ തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍

സമ്പാദനം: യു. രാധാകൃഷ്ണന്‍

10 Sep 2012

അകലെ നടണം, അടുത്തു നടണം
ഒത്തു നടണം, ഒരുമിച്ചു നടണം.

കൃഷിപ്പണിയെ സംബന്ധിച്ച ഒരു പഴമൊഴിയാണിത്. ഞാറുകള്‍ ആവശ്യത്തിന് അകലം നല്‍കി നട്ടാല്‍ മാത്രമെ കൂടുതല്‍ കറ്റയുണ്ടാവുകയുള്ളു. ഞാറുനടേണ്ട സമയത്തുതന്നെ അത് നടണമെന്നാണ് അടുത്തുനടണം ഓര്‍മ്മിപ്പിക്കുന്നത്. ഒത്തുനടണം കൊണ്ട് ഞാറുകള്‍ നടുമ്പോള്‍ അവയുടെ അകലങ്ങള്‍ കൃത്യമായിരിക്കണമെന്നുള്ളതാണ്. വിളകള്‍ പല സമയങ്ങളില്‍ ആവാതിരിക്കുന്നതിനായി ഞാറുകളെല്ലാം ഒരേസമയം നടണമെന്ന് പറയുന്നു.

അഴകില്‍ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം
കാലം ചെല്ലുംതോറും വൈഷമ്യങ്ങള്‍ നിറഞ്ഞ ജീവിതവും സന്തോഷമായി തോന്നും.

അക്ഷരം പലതെങ്കിലും വിദ്യതന്നെ

നാനാത്വത്തില്‍ ഏകത്വം എന്ന വാക്യമാണ് ഇതിന് ആധാരം.

അങ്ങാടി കാണാന്‍ കണ്ണാടി വേണ്ട

പൊതുസ്ഥലങ്ങള്‍ എല്ലാവര്‍ക്കും പരിചയമുള്ളതിനാല്‍ അവിടെ പോകുന്നതിന് ആരുടേയും സഹായം ആവശ്യമില്ല.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

വേണ്ടിടത്ത് പൗരുഷം കാണിക്കാതെ വീട്ടില്‍വന്ന് ബഹളം ഉണ്ടാക്കുക

അങ്ങും കൂടും ഇങ്ങും കൂടും നടുക്ക് തീയ്യും കൊളുത്തും

വിരോധികളുമായി ഇഷ്ടം കൂടി രണ്ടുപേരേയും ചതിക്കുക

അച്ഛന്‍ ആനകേറിയാല്‍ മകന് തഴമ്പുണ്ടാവുമോ

യോഗ്യതയില്ലാത്തവര്‍ കുടുംബമഹത്വം പറഞ്ഞ് ആളാവരുത്

അച്ചനേക്കാള്‍ താഴെയല്ലെ കപ്യാര്

ഗുരുവിനേക്കാള്‍ ശിഷ്യനും, യജമാനനേക്കാള്‍ ജോലിക്കാരും, മാതാപിതാക്കന്‍മാരേക്കാള്‍ മക്കളും ഉയരാന്‍ ശ്രമിക്കുമ്പോള്‍ പറയുന്നത്.

അച്ചിവീട്ടില്‍ നായരും, എച്ചിവീട്ടില്‍ പട്ടിയും,

ഭാര്യവീട്ടില്‍ കഴിയേണ്ടിവരുന്ന ഭര്‍ത്താവിന്റെ സ്ഥിതി.

അഞ്ചാമാണ്ടില്‍ തേങ്ങ, പത്താമാണ്ടില്‍ പാക്ക് (കൃഷി പഴഞ്ചൊല്ല്)

തെങ്ങ്, കവുങ്ങ് കൃഷിയെ സംബന്ധിച്ച്

അഞ്ചിലറിയാത്തവന്‍ അമ്പതിലറിയുമോ

ചെറുപ്പത്തില്‍ പഠിച്ചില്ല. പിന്നെയാണൊ ഈ പ്രായത്തില്‍ പഠിക്കുന്നത്.

അഞ്ചും മൂന്നും ഉണ്ടായാല്‍ അറിയാത്ത പെണ്ണും കറിചമയ്ക്കും

കൈയ്യില്‍ ധാരാളം സമ്പത്തുണ്ടെങ്കില്‍ പരിചയമില്ലാത്ത സ്ത്രീ പോലും കറി ഉണ്ടാക്കിത്തരും

അടക്കമില്ലാത്തതു അടുപ്പില്‍ പോവും

അച്ചടക്കമില്ലാതെ വളരുന്നവര്‍ ആപത്തില്‍ ചെന്നുചേരും

അടങ്ങികിടക്കുന്ന പട്ടിയും
അനങ്ങാതെ കിടക്കുന്ന വെള്ളവും
രണ്ടും സൂക്ഷിച്ചില്ലെങ്കില്‍ അപകടം


അടച്ച വായയിലീച്ച കയറുകയില്ല

ജോലി ചെയ്‌തെങ്കില്‍ മാത്രമെ പ്രതിഫലം ലഭിക്കുകയുള്ളു

അടികൊണ്ടവിദ്യയെ അരങ്ങത്തുള്ളു

ചെറുപ്പത്തില്‍ ശരിയായ ശിക്ഷണം ലഭിച്ചവനെ വളര്‍ന്നാല്‍ വിജയിയാകുകയുള്ളു.

അടിയിരിക്കുന്നിടത്ത്് ചെകിട് കൊടുക്കരുത്

ആപത്തില്‍ സ്വയം ചെന്ന് ചാടരുത്

അടിയ്ക്കാനൊരുകൈ, അണയ്ക്കാനൊരുകൈ

ശരിയായി ശിക്ഷിക്കുന്നവന്‍ രക്ഷിക്കുകയും ചെയ്യും

അടയ്ക്ക മടിയില്‍ വെയ്ക്കാം
അടയ്ക്കാമരം മടിയില്‍ വെയ്ക്കാമോ

ബാല്യകാലത്തു നിയന്ത്രിച്ചുനിര്‍ത്താം. എന്നാല്‍ വലുതായാല്‍ സാധിക്കുകയില്ല

അടി തകര്‍ന്ന കപ്പല്‍ താണുപോകും

അടിസ്ഥാനം ശരിയല്ലെങ്കില്‍ ഏതു വസ്തുവിന്റെയും പ്രവര്‍ത്തനം താളം തെറ്റും

അടിനാക്കില്‍ നഞ്ഞും നുനിനാക്കില്‍ അമൃതം

പുറമെ സ്‌നേഹവും ഉള്ളില്‍ നീചഭാവവും കാണിക്കുക

അടുക്കളത്തലത്തിന് അഴകുവേണ്ട

എവിടേയും പ്രദര്‍ശിപ്പിയ്‌ക്കേണ്ടാത്ത വസ്തുവിന് സൗന്ദര്യം നോക്കേണ്ട കാര്യമില്ല

അടുക്കുന്ന ശ്രമം ഉടയ്ക്കുന്ന നായയ്ക്കറിയില്ലല്ലൊ

ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അത് നശിപ്പിക്കുന്നവനറിയുകയില്ല

അടുത്തവരെ കെടുത്തരുത്
അകന്നവരെ അടുപ്പിക്കരുത്

നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുത്. നിസ്സാരകാര്യത്തിന് അകന്നവരെ വീണ്ടും അടുപ്പിക്കരുത്

അടുപ്പില്‍ തീയെരിയെ അയല്‍വീട്ടില്‍ പോയി തിരികൊളുത്തണോ

തന്നില്‍ തന്നെയുള്ള ശക്തികാണാതെ മറ്റുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചു നടക്കരുത്

അങ്ങാടിപ്പെണ്ണിന്റെ സംഗീതത്തിനു മാങ്ങയും കറിവേപ്പിലയും സാഹിത്യം

നീചവസ്തുക്കളാണ് നീചന്മാര്‍ക്കു യോജിച്ചത്

അട്ട കുടിച്ചാല്‍ കടലിലെ വെള്ളം വറ്റുമോ

നിസ്സാരന്മാര്‍ വലിയവരെ നശിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ സാധിക്കുകയില്ല

അടുത്താല്‍ നക്കിക്കൊല്ലും
അകന്നാല്‍ ഞെക്കിക്കൊല്ലും

രണ്ടു രീതിയിലായാലും നശിപ്പിക്കുക ദുഷ്ടന്മാരുടെ സ്വഭാവമാണ്

അണലിയെ പിടിച്ച് അണയ്ക്കരുത്

ദുര്‍ജ്ജനങ്ങളുമായി കൂട്ടുകൂടരുത്

അണ്ടിയോടടുത്താലെ മാങ്ങയുടെ പുളി അറിയൂ

ചിലരുടെ സ്വഭാവം കാണുമ്പോള്‍ നല്ലതായി തോന്നും, എന്നാല്‍ അവരുമായി കൂടുതല്‍ അടുക്കുമ്പോഴെ തനിനിറം അറിയുകയുള്ളു.

അണ്ണാനാശിച്ചാല്‍ ആനയാകുമോ

അല്പന്‍ മഹാനെന്നു നടിക്കുന്നു

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ

ജന്മനാലുള്ള സ്വഭാവം എത്രകാലം കഴിഞ്ഞാലും മാറുകയില്ല

അതിലാഭം പെരും ചേതം

അമിതലാഭത്തിലുള്ള ആര്‍ത്തി വലിയ നഷ്ടത്തിന് ഇടയാക്കും

അത്താഴമുരുള പിടിക്കണം

രാത്രിഭക്ഷണം അമിതമാകരുത്

അത്താഴം മുടക്കി പത്തായം നിറയ്ക്കരുത്

പട്ടിണി കിടന്ന് സമ്പാദിക്കരുത്

അത്യാഗ്രഹം ആപത്ത്

അതിമോഹം നാശത്തിലെ കലാശിക്കു

അദൃഷ്ടമില്ലാത്തവന്റെ പാല്‍ പൂച്ച കുടിക്കും

ഭാഗ്യമില്ലാത്തവന്റെ കയ്യിലുള്ളതുകൂടി നഷ്ടപ്പെടും

അധികമായാല്‍ അമൃതും വിഷം

എത്രനല്ല വസ്തുവായാലും കൂടിയാല്‍ ഉപദ്രവം ഉണ്ടാകും

അധികാരിയും തലയാരിയും ചേര്‍ന്നാല്‍ വെളുപ്പോളം മോഷ്ടിക്കാം

അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിചാരിച്ചാല്‍ എന്ത് ദുഷ്പ്രവര്‍ത്തികളും ചെയ്യാം

അനവസരത്തിലെ സത്യമസത്യം

സന്ദര്‍ഭം നോക്കാതെ പറയുന്ന സത്യം അസത്യമായി ചിത്രീകരിക്ക
പ്പെടും

അന്നവിചാരം മുന്നവിചാരം
പിന്നെവിചാരം കാര്യവിചാരം

ആഹാരത്തിന്റെ കാര്യം ആദ്യം. ബാക്കിയെല്ലാം അതുകഴിഞ്ഞിട്ടു മാത്രം.

അന്തിക്കാകാത്ത പെണ്ണും,
ചന്തിക്കാകാത്ത മണ്ണുമില്ല

സന്ധ്യാസമയത്തെ വിളക്കുവെപ്പ് തുടങ്ങിയ കാര്യങ്ങള്‍ അറിയാത്ത സ്ത്രീകളില്ല. ശൗചത്തിന് വെള്ളത്തിന് പകരം ഏതു മണ്ണും ഉപയോഗിക്കാം

അന്തിയോളം പറഞ്ഞാലും
അന്‍പുകെട്ട വാക്കു പറയരുത്

വാക്കില്‍ സംസ്‌കാരമുണ്ടാവണമെന്ന് ധ്വനി

അന്ധസ്‌നേഹം ദ്വേഷതുല്യം

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കാതെയുള്ള സ്‌നേഹം വിപരീതഫലം ചെയ്യും

അന്നുകൊള്ളുന്നതു പറഞ്ഞാലും
നിന്നു കൊള്ളുന്നതു പറയരുത്

മനസ്സുകളെ ചെറുതായി വേദനിപ്പിച്ചാലും കഠിനവാക്കുകള്‍ കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിക്കരുത്

അന്നം മുടങ്ങിയാല്‍ അഞ്ചും മുടങ്ങും

ഭക്ഷണമില്ലെങ്കില്‍ മരണമെന്ന് സാരം
(അഞ്ചും-പഞ്ചപ്രാണങ്ങള്‍)

അന്യന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തരുത്

മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കുക

അന്യസ്‌നേഹം മലവെള്ളം
ഭര്‍തൃസ്‌നേഹം നിലവെള്ളം

അന്യരുടെ സ്‌നേഹം ക്ഷണികമാണ്. ഭര്‍ത്താവിന്റെ സ്‌നേഹം മാത്രമെ സ്ഥായിയായുള്ളു

അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കരുത്

ആശ്രയിക്കുന്നവനെ കൈവെടിയരുത്

അപ്പനോളം മക്കളായാല്‍ അപ്പന്‍ ശപ്പന്‍

കാര്യം നേടിയാല്‍ സഹായിച്ചവരെ തള്ളിക്കളയുന്ന സ്വഭാവം

അബദ്ധം വാ സുബദ്ധം വാ

തെറ്റായാലും ശരിയായാലും രണ്ടും ഏറ്റു പറയാനുള്ള ചങ്കൂറ്റം

അത്താഴമുണ്ണാന്‍ ചെന്നവര്‍ പണ്ടാരക്കരം തിരക്കണോ

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്

അദൃഷ്ടശാലി മണ്ണുതൊട്ടാലും അത് പൊന്ന്

ഭാഗ്യമുള്ളവര്‍ക്ക് എന്തും ഗുണമായിതീരും

അരച്ചുതരുവാന്‍ പലരുണ്ട്

കുടിപ്പാന്‍ താനേയുള്ളു
നല്ലതും ചീത്തയും വഴി കാണിക്കുവാന്‍ ധാരാളം പേര്‍ ഉണ്ടാവും. അനുഭവിക്കാന്‍ താന്‍ മാത്രമെ ഉണ്ടാവൂ.

അഗ്നി തിന്നു തികട്ടുന്നവനോ അല്ലിത്തണ്ടു തിന്നാന്‍ പാട്

അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിസ്സാരകാര്യങ്ങള്‍ ചെയ്യുവാന്‍ പ്രയാസമില്ല.

അറുവാണി തുനിഞ്ഞാല്‍ നിര്‍വ്വാഹമില്ല

എന്തും ചെയ്യാന്‍ മടിയ്ക്കാത്തവരെക്കുറിച്ച്

അന്യഥാ ചിന്തിനം കാര്യം ദൈവമന്യത്ര ചിന്തയേല്‍

മനുഷ്യന്‍ ഒന്നു കാണുന്നു. ദൈവം മറ്റൊന്ന് കരുതുന്നു.

അമ്മായി ഉടച്ചത് മണ്‍ചട്ടി. മരുമകള്‍ ഉടച്ചത് പൊന്‍ചട്ടി

ഇഷ്ടമുള്ളവരുടെ തെറ്റു നിസ്സാരം. അനിഷ്ടക്കാരുടേതു അപരാധവും.

ആവതു പറഞ്ഞാല്‍ കടുവയും പശുക്കിടാവ്

താണുവീണു കേണപേക്ഷിച്ചാല്‍ ക്രൂരനും ദയാലുവാകും.

അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു

സൂത്രം മനസ്സിലായാല്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education