ചരിത്രത്തില്‍ സിംഹാസനമിട്ട് പാലിയം

ടി.സി.പ്രേംകുമാര്‍

03 Sep 2012

രാജവംശത്തോളം തന്നെ പ്രൗഡിയുണ്ടായിരുന്നു കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാര്‍ക്ക്. സാഹസികതകളുടെയും ധീര ദേശാഭിമാനത്തിന്റെയും ആത്മവീര്യം നിറയുന്നു പാലിയം വീരഗാഥകളില്‍. വിപ്ലവകരമായ പല വിളംബരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഈ തറവാട്ടുകാര്‍ക്ക് ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്.

ബ്രിട്ടീഷ് റസിഡന്റ് മെക്കാളെ പ്രഭുവിന്റെ പോഞ്ഞിക്കരയിലെ കൊട്ടാരം ആക്രമിച്ച് കാവല്‍ ഭടന്മാരെയെല്ലാം വധിക്കുകയും ജയിലഴികള്‍ തുറന്നുവിട്ട് നാടിന്റെ മക്കളായ തടവുകാരെ മോചിപ്പിക്കുകയും ചെയ്ത ഒരു വീരേതിഹാസമുണ്ട് -പാലിയം ഗോവിന്ദന്‍ വലിയച്ചന്‍. ഒന്നര നൂറ്റാണ്ടുകാലം പഴയ കൊച്ചി മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിച്ച് നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ കുറിച്ചവരാണ് പാലിയത്ത് കോമിയച്ചനും ഗോവിന്ദന്‍ വലിയച്ചനും പിന്‍മുറക്കാരും. അവരുടെ വീരഗാഥകളുടെ സ്മൃതികള്‍ ഇപ്പോഴും നിറയുന്നുണ്ട് ചേന്ദമംഗലത്തെ പുരാതനമായ പാലിയം കൊട്ടാരക്കെട്ടുകളില്‍.

ഒട്ടേറെ പടപ്പുറപ്പാടുകളുടേയും ഭരണതന്ത്രജ്ഞതകളുടേയും ഭൂപ്രഭുത്വത്തിന്റേയും രാജകീയ നാള്‍വഴികള്‍ പാലിയത്തിനുണ്ട്. 'അച്ചന്‍' എന്ന സ്ഥാനപ്പേരിന്റെ അധികാരവും അലങ്കാരവും ഇന്നും പേറുന്നവരാണ് പാലിയം തറവാട്ടുകാര്‍.

ചരിത്രത്തിന്റെ കുത്തൊഴുക്കുകളില്‍ പാലിയം ഭരണം അസ്തമിച്ചെങ്കിലും ചരിത്രരേഖകളില്‍ അതിനുള്ള അധീശത്വത്തിന് മങ്ങലേറ്റിട്ടില്ല. നാട്ടുരാജ്യങ്ങള്‍ പരസ്​പരം കലഹിച്ചിരുന്നകാലം. കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ ആക്രമണം ഒഴിവാക്കുന്നതിന് സഹകരണ ഉടമ്പടിയുണ്ടാക്കി. 1754 ല്‍ ഉണ്ടാക്കിയ ഈ സന്ധിപത്രം 'അച്ചന്‍ പ്രമാണം' എന്ന പേരില്‍ ഇപ്പോഴും വാഴ്ത്തപ്പെടുന്ന നയതന്ത്രരേഖയാണ്.

അതിസാഹസികതകളുടേയും ധീരദേശാഭിമാനത്തിന്റേയും ആത്മവീര്യം ഉണര്‍ത്തുന്ന നാടുവാഴിത്തത്തിന്റെയും നന്മകളാണ് പാലിയം വീരഗാഥകള്‍ ഓരോന്നും. ചേന്ദമംഗലത്തെ ഓരോ വീഥിക്കും ഓരോ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും.

അവര്‍ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി നടത്തിയ പാലിയം സത്യാഗ്രഹ സമരനാളുകളും എ.ജി.വേലായുധന്റെ രക്തസാക്ഷിത്വവുമാകും മുതിര്‍ന്ന തലമുറയ്ക്കുള്ളത്. 'ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത്' എന്നു പ്രഖ്യാപിച്ച വിപ്ലവാത്മകമായ വിളംബരവും പാലിയത്തിന്റെ ഓര്‍മകളില്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നുണ്ട്.

പറവൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്ററിനപ്പുറം ഭരണിമുക്കും കഴിഞ്ഞ് പാലിയം നടയിലെത്തിയാല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആലും ആല്‍ത്തറയും. ആ വലിയാന പന്തലിനുമുണ്ട് ഗാംഭീര്യം.

തച്ചുശാസ്ത്രപ്രകാരമാണ് നിര്‍മിതി. പുതിയ തൃക്കോവ് ശിവക്ഷേത്രം. നടയിലെ വിളക്കുകാലില്‍ ചുറ്റിയിട്ടിരിക്കുന്ന എടുത്താല്‍ പൊങ്ങാത്ത 'കൊണ്ടോട്ടി ചങ്ങല'. തുരുമ്പു കയറാത്ത ഈ ഭീമന്‍ ചങ്ങലയ്ക്കുമുണ്ടിവിടെ അപസര്‍പ്പക കഥകളെ വെല്ലുന്ന പരിണാമഗുപ്തി.കുട്ടിക്കുറുമ്പനായിരുന്ന പാലിയം കുട്ടികൃഷ്ണനും ഉത്സവപറമ്പുകളെ കൊലവിളികളുയര്‍ത്തി ഇളക്കിമറിച്ചിരുന്ന പാലിയം ഗംഗാധരനും ശാന്തസ്വഭാവിയായ പാലിയം ചന്ദ്രശേഖരനും പാലിയം ചന്ദ്രമതിയും ഒക്കെ മദപ്പാടുകാലത്ത് നടനാലിലും പേറിയ ചങ്ങലയാണിത്. ക്ഷേത്രത്തിനരികെ മൂന്നര ഏക്കറോളം വിസ്തൃതിയില്‍ നിറഞ്ഞു കിടക്കുന്ന പാലിയം കൊട്ടാരക്കെട്ടുകള്‍. നാലു നൂറ്റാണ്ടിന്റെ ഭൂതകാലം പേറുന്ന മനോഹരമായ നാലുകെട്ട്. ഇരുനിലകളിലുള്ള പാലിയം തറവാടാണിത്. പാലിയം കുഞ്ഞമ്മമാരും 16ല്‍ താഴെ പ്രായമുള്ള കുട്ടികളും വസിച്ചിരുന്നിടം. ഭക്ഷണസമയത്തല്ലാതെ ഇവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കാവല്‍ ഭടന്മാര്‍ വാളേന്തി നിന്നിരുന്ന തറവാട്ടുമുറ്റമാണിത്.

ഡച്ചുകാര്‍ ഡച്ച് ശില്പമാതൃകയില്‍ പണിതീര്‍ത്തു നല്‍കിയ കോവിലകം, എട്ട് ഇരുനില മാളികകള്‍, പുരുഷന്മാര്‍ താമസിച്ചിരുന്ന ആറ് മഠങ്ങള്‍, ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇരുനില മാളികകള്‍, മൂന്ന് ക്ഷേത്രങ്ങള്‍, 16 ഓളം കുളങ്ങള്‍, അത്രയും തന്നെ കിണറുകള്‍. 100 മുറി മാളിക എന്നിവ അടങ്ങുന്നതാണ് പാലിയം സമുച്ചയം.

100 മുറികളുള്ള പുതിയ മാളിക ഇപ്പോള്‍ അടഞ്ഞു കിടക്കുന്നു. 18 കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. ഭാഗം വച്ചപ്പോള്‍ മൂന്നു താവഴിയ്ക്കാണ് നല്‍കിയത്. വിഷുവിന് പാലിയം കുടുംബസംഗമം നടക്കുമ്പോള്‍ മാത്രം ഇവരെത്തും.

കോവലകമായിരുന്നു പാലിയത്തച്ചന്റെ ഭരണസിരാകേന്ദ്രം. കരം പിരിവ് മുതല്‍ കരുതല്‍ ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം, ന്യായവിചാരങ്ങള്‍ നടത്തിയിരുന്ന പീഠം, ദേവദാരു തുടങ്ങിയ ഔഷധവീര്യമുള്ള മരങ്ങള്‍കൊണ്ട് നിര്‍മിച്ച സപ്രമഞ്ചകട്ടില്‍ എന്നിവ ഇപ്പോഴുമുണ്ട്. ഭരണസിരാ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കൊച്ചിയില്‍ പാതി പാലിയം എന്നൊരു പഴമൊഴി തന്നെ ഉണ്ടായിരുന്നു. പാലക്കാട് മുതല്‍ കോട്ടയം വരെ വ്യാപിച്ചു കിടന്നിരുന്ന ഭൂസ്വത്ത്, 41 ക്ഷേത്രങ്ങള്‍, ഏഴാനകള്‍ തുടങ്ങി രാജവംശത്തിന് കിടപിടിക്കുന്ന സ്വത്തായിരുന്നു പാലിയത്തിന്റേത്.

രാജഭരണത്തിന്റെ അസ്തമയത്തോടെ പാലിയം പ്രതാപം അസ്തമിച്ചെങ്കിലും കൊച്ചിയിലെ ഏറ്റവും വലിയ ജന്മിത്വത്തിന് ഉടമ പാലിയം ആയിരുന്നു. 1936ല്‍ പാലിയം സ്വത്ത് വിളമ്പരത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1956ലെ വസ്തുഭാഗവും 1970ലെ ഭൂപരിഷ്‌കരണ നിയമവും വന്നതോടെ ഒരു ചരിത്രകാലഘട്ടത്തിനു കൂടി രേഖകളില്‍ സിംഹാസനമൊരുങ്ങുകയായിരുന്നു.

പുസ്തകരൂപത്തില്‍ പാലിയം ചരിത്രം

പാലിയത്തെ സംഭവബഹുലമായ നൂറ്റാണ്ടുകളുടെ ചരിത്രം പുസ്തകമാക്കുകയാണ്. മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസര്‍ രാധാദേവി എഴുതിയ 'പാലിയം ചരിത്രം' അച്ചടി പൂര്‍ത്തിയായി. ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകമിറക്കുന്നുണ്ട്. ചരിത്രകാരനായ എം.ജി.എസ്. നാരായണന്റേതാണ് അവതാരിക.
ക്രിക്കറ്റിന്റെ ലോകത്ത് താരമായിരുന്ന തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന പി.രവിയച്ചനും പ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ പി.നരേന്ദ്രനും ഒക്കെ പാലിയത്തിന്റെ വര്‍ത്തമാനകാലത്തിന്റെ പതാകയേന്തുന്നു.

ബാംഗ്ലൂരില്‍ താമസിക്കുന്ന റിട്ട. ഭാരത് പെട്രോ ഇലക്‌ട്രോണിക്‌സ് റിട്ട. ചീഫ് എന്‍ജിനിയര്‍ പി.വി.കെ.അച്ചനാണ് (95) ഇപ്പോഴത്തെ പാലിയം വലിയച്ചന്‍. പാലിയം ട്രസ്റ്റിയും അദ്ദേഹമാണ്. ഭരണനിര്‍വഹണ ചുമതല ഏല്പിച്ചിട്ടുള്ളത് മാനേജരായ പി.കൃഷ്ണബാലനച്ചനേയാണ്. കടവന്ത്ര പഞ്ചവടിയില്‍ താമസിക്കുന്ന പത്മാവതി കുഞ്ഞമ്മ (96) യാണ് പാലിയത്തെ തലമുതിര്‍ന്ന കുഞ്ഞമ്മ.

ഭാഗാധാരത്തില്‍ ഏഷ്യയിലെ വമ്പന്‍

പാലിയം സ്വത്തുക്കള്‍ ഭാഗം വച്ചത് 1956 ലാണ്. തറവാട്ടില്‍ 213 അംഗങ്ങള്‍ ഉണ്ടായിരുന്ന കാലത്താണ് ആളോഹരി ഭാഗം നടന്നത്. 9 വാള്യങ്ങളും 15 പട്ടികകളും 2436 കടലാസുപുറങ്ങളുമുള്ള ഭാഗാധാരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭാഗപത്രമായാണ് അറിയപ്പെടുന്നത്. 92 താവഴികളിലുള്ള കാരണവന്മാര്‍ ഒപ്പിടേണ്ടതുണ്ടായിരുന്നു. ഒരുപേജില്‍ തന്നെ വേണ്ടിയിരുന്നത് 92 ഒപ്പുകള്‍. ഇത് അപ്രായോഗികമായതിനാല്‍ ഒപ്പിടാന്‍ 12 പേരെ രേഖാമൂലം അധികാരപ്പെടുത്തി. അവര്‍ മൂവായിരത്തോളം ഒപ്പുകളിടാനും ദിവസങ്ങളെടുത്തു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education