മഞ്ജുവിന് പകരം മഞ്ജു മാത്രം

മണിയന്‍പിള്ള രാജു

25 Aug 2012

മോഹന്‍ലാല്‍ ആദ്യമായി നടനാകുന്ന സംഭവം ഞാന്‍ പറഞ്ഞിട്ടുണ്ട്. മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയും മൂന്നു കൊല്ലം ബെസ്റ്റ് ആക്ടറുമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു ദിവസം മോഹന്‍ലാല്‍ ആറേഴു പയ്യന്‍മാരുമായി വീട്ടില്‍ വന്ന് സ്‌കൂളില്‍ നാടകം അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. അവരോടു രണ്ടു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞിട്ട് ആയിടെ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കംപ്യൂട്ടര്‍ ബോയ് എന്ന നാടകം ഞാന്‍ എടുത്തു. ഞാനവരെ കംപ്യൂട്ടര്‍ ബോയ് എന്ന നാടകം പഠിപ്പിക്കുന്നു. നാടകം ഞാന്‍തന്നെ സംവിധാനം. മേക്കപ്പും ഞാന്‍തന്നെ.
മോഡല്‍ സ്‌കൂളില്‍ നാടകത്തിനു സാധാരണ പത്താംക്ലാസ്സിലെ കുട്ടികള്‍ക്കാണു സമ്മാനം കിട്ടുക. മോഹന്‍ലാലൊക്കെ അന്ന് ആറാംക്ലാസ് വിദ്യാര്‍ഥികളാണ്.

മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാല്‍, മോഹമല്ലിക (മല്ലികാസുകുമാരന്‍) എന്നിവരാണ് ഒന്നുമുതല്‍ എന്റെകൂടെ പഠിച്ചവര്‍. പ്യാരിലാലിന്റെ അനുജന്‍ എന്ന ബന്ധംവെച്ചാണ് ഞാന്‍ മോഹന്‍ലാലിനെ നാടകം പഠിപ്പിക്കാമെന്നു സമ്മതിച്ചത്. ആ നാടകത്തിനു നല്ല നാടകത്തിനുള്ള അവാര്‍ഡും മോഹന്‍ലാലിന് ബെസ്റ്റ് ആക്ടര്‍ക്കുള്ള സമ്മാനവും കിട്ടി.

അന്നുതൊട്ടു ലാലുമായി എനിക്കു ബന്ധമുണ്ട്. ഞാന്‍ അഡയാറില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വെക്കേഷനു നാട്ടില്‍ വരുമ്പോള്‍ മോഹന്‍ലാലിനെ കാണാറുണ്ടായിരുന്നു. അപ്പോള്‍ ലാല്‍ ഓരോ കാര്യവും ചോദിക്കും. ഇന്‍സ്റ്റിറ്റിയൂട്ടില്‍ എങ്ങനെയാണ് അഭിനയം പഠിപ്പിക്കുന്നത് എന്നൊക്കെ. ഞാന്‍ ഓരോന്നു പറഞ്ഞുകൊടുക്കും. തല കുത്തിമറിയുന്നത്, വീഴുന്നത് തുടങ്ങി അവിടെ പഠിപ്പിക്കുന്നതൊക്കെ കാണിച്ചുകൊടുക്കും.

മുടവന്‍മുകളിലെ ലാലിന്റെ വീടിനടുത്ത് എന്റെയൊരു മാമന്‍ താമസമുണ്ട്. വെക്കേഷനു വരുമ്പോഴൊക്കെ ഞാനവിടെ പോകാറുണ്ടായിരുന്നു. അപ്പോഴാണ് ലാലിനെ കാണുന്നത്. മാമന്റെ മൂന്നു പെണ്‍മക്കളില്‍ ഒരുത്തി കാണാനൊക്കെ നല്ല ഭംഗിയാണ്. അവള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എന്റെ കൈയില്‍ അന്ന് ഒരു ക്ലിക് ത്രീ കാമറയുണ്ട്. അവളുടെ ഫോട്ടോയൊക്കെ എടുക്കുക, അവളുമായി പഞ്ചാരയടി ഇതാണ് എന്റെ ഉദ്ദേശ്യം. പക്ഷേ, മാമനതിഷ്ടമല്ല. അദ്ദേഹം ചതുരവടിവില്‍ സംസാരിക്കുന്ന ആളാണ്. ഒരു ദിവസം മാമന്‍ എന്നെ അടുത്തു വിളിച്ചുപറഞ്ഞു: 'രാജൂ, മകളുടെ കൈ പിടിച്ച്, കതിര്‍മണ്ഡപത്തിനു മൂന്നു വലം വെച്ച് ഇവള്‍ കന്യകയാണെന്നു പറഞ്ഞ് വരന്റെ കൈപിടിച്ച് ഏല്പിക്കണമെങ്കില്‍ ആ അച്ഛന്‍ ഒരുപാടു ഡ്യൂട്ടികള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ടു ഞാന്‍ പറഞ്ഞുവരുന്നത്, നീ തത്കാലം ഇവിടെനിന്നു പോ.'

മാമന്റെ ഈ ഡയലോഗ് എനിക്കു നല്ല രസമായിത്തോന്നി. ഞാനത് അന്നുതന്നെ ലാലിനോടു പറഞ്ഞു. ഇപ്പോഴും ഏതെങ്കിലും കല്യാണസ്ഥലത്തു വെച്ചു കാണുകയാണെങ്കില്‍ ലാല്‍ എന്റെ കൈയില്‍ പതുക്കെപ്പിടിക്കും. എന്നിട്ട് 'കതിര്‍മണ്ഡപത്തിനു മൂന്നു വലംവെച്ച്' എന്ന ഡയലോഗ് അന്നു മാമന്‍ പറഞ്ഞതിനെക്കാള്‍ നന്നായി പറഞ്ഞിട്ട് 'അതുകൊണ്ട് രാജൂ, നീ തത്കാലം ഇവിടെനിന്ന് എണീറ്റു പോ' എന്നു പറയും.

കല്യാണത്തിന്റെ കാര്യം പറയുമ്പോള്‍ ഓര്‍മ വരുന്നത് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയാണ്. ആ സിനിമ നിര്‍മിക്കാനിടയായത് ഒരിക്കല്‍ ടി. രാജീവ്കുമാറുമായി സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു,
'ഇപ്പോള്‍ ഈ സമയത്ത് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരാണ്, ഒരു പെണ്ണിന്റെ കഥ എന്ന സിനിമയില്‍ ഷീല വന്നമാതിരി മഞ്ജു വാരിയര്‍ വന്നാല്‍ തകര്‍ക്കും.'
'രാജുച്ചേട്ടാ, രണ്ടു ദിവസത്തിനകം ഞാനൊരു കഥ പറയാം,' രാജീവ്കുമാര്‍.
രണ്ടു ദിവസം കഴിഞ്ഞ് കുട്ടനാട്ടില്‍ റിവഞ്ചിനു വരുന്ന ഒരു പെണ്ണിന്റെ കഥ രാജീവ്കുമാര്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്.

കഥ കേട്ടപ്പോള്‍ മഞ്ജുവിനും ഇഷ്ടപ്പെട്ടു. സിനിമ പൂര്‍ത്തിയായി. വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ജുവിനെ നാഷണല്‍ അവാര്‍ഡിനുപോലും പരിഗണിച്ചു. മഞ്ജുവാണ് ആ സിനിമയിലെ ഹീറോ. അസാധ്യ അഭിനയമായിരുന്നു അതില്‍ മഞ്ജുവിന്റേത്. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ദിലീപും മഞ്ജുവും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നതായി പിന്നെ അറിഞ്ഞു. മഞ്ജു ദിലീപുമായി സംസാരിച്ചപ്പോള്‍ ദിലീപ് പറഞ്ഞുവത്രേ, 'രാജുവേട്ടന്റെ പടമല്ലേ, ഒരിക്കലും ഈ വേഷം വെണ്ടെന്നു വെക്കണ്ട, മഞ്ജു ഇല്ലെങ്കില്‍ ആവര്‍ ആ പടം വേണ്ടെന്നു വെക്കും.അതുകൊണ്ട് ആ പടം കഴിയട്ടെ' എന്ന്. അതുപോലെതന്നെ സംഭവിച്ചു. ഷൂട്ടിങ് കഴിഞ്ഞു മഞ്ജു വീട്ടില്‍ പോയി പിറ്റേ ദിവസം ഒളിച്ചോടി കല്യാണം കഴിച്ചു. മഞ്ജു ആ സിനിമയില്‍ സിന്ദൂരപ്പൊട്ടു തൊട്ട് അഭിനയിക്കേണ്ടിവന്നെങ്കിലും ആ സിനിമയുടെ ഡബ്ബിങ്ങിനു മഞ്ജു വരുന്നത് വിവാഹശേഷം സിന്ദൂരതിലകവുമിട്ടായിരുന്നു.

ഇന്നും മഞ്ജുവിനു പകരംവെക്കാന്‍ മറ്റൊരു താരമില്ല. ഇത്രയും റേഞ്ചുള്ള മറ്റൊരു മലയാളനടിയെയും ഞാന്‍ കണ്ടിട്ടില്ല. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയ്ക്കു മുന്‍പ് ആറാംതമ്പുരാന്‍ എന്ന സിനിമയില്‍ മഞ്ജു അഭിനയിക്കുമ്പോള്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ക്യാമറയുടെ സൈഡില്‍ മാറിനില്ക്കും - ആ കുട്ടിയുടെ മുഖത്തു മിന്നിമായുന്ന അഭിനയം കാണാന്‍ .
(ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education