നാടറിഞ്ഞ് ജീവിക്കാം...!!!

21 Aug 2012

ആഗസ്ത് 22: നാട്ടറിവ് ദിനം. അനുനിമിഷം വികസിക്കുകയാണ് അറിവിന്റെ ലോകം. ശിലായുഗ മനുഷ്യന്‍ നാനോ യുഗത്തില്‍ എത്തുമ്പോള്‍ അറിവ് കൂടുതല്‍ സൂക്ഷ്മമാവുന്നു. തന്റെ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ച് അതിന്റെ പെരുമാറ്റനിയമങ്ങള്‍ മനസ്സിലാക്കിയാണ് മനുഷ്യന്‍ വളര്‍ന്നത്. ആദിമമനുഷ്യന്‍ അറിവ് നേടിയത് പരീക്ഷയ്ക്ക് വേണ്ടിയായിരുന്നില്ല, ജീവിക്കാന്‍ വേണ്ടിയായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍ മാത്രമായിരുന്നു അവന് ലബോറട്ടറി. എന്ത്? എങ്ങനെ? എപ്പോള്‍? എത്ര? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളിലൂടെ അവന്‍ പ്രകൃതിയെ നേരിട്ടു. കാലം മാറി. ലോകത്തെങ്ങുമുള്ള അറിവ് സ്വന്തം വിരല്‍ത്തുമ്പിന്റെ ചലനത്താല്‍ അറിയാനും അറിയിക്കാനും നമുക്ക് സാധിക്കും.
എങ്കിലും നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയ സത്യങ്ങള്‍ കാലത്തിന് നിഷേധിക്കാനാവില്ല. ഓരോ ഇലയും ഓരോ പൂവും അവന്‍ നിരീക്ഷിച്ചറിഞ്ഞു.

കാറ്റ്, കടല്‍, വെള്ളം, ചെടി, ജന്തുജാലങ്ങള്‍ തുടങ്ങി എല്ലാറ്റിലും അവന്റെ കണ്ണെത്തി. ചിന്തയെത്തി. കടങ്കഥകളിലൂടെ, ചൊല്ലുകളിലൂടെ, ശൈലികളിലൂടെയെല്ലാം ഈ അറിവുകള്‍ നമുക്കു മുന്നില്‍ തുറന്നിടുന്നു. സമൂഹം കാലത്തിലൂടെ നേടിയെടുത്ത ഈ അറിവനുഭവങ്ങളെ സംരക്ഷിക്കുകയെന്നതും പരിചയപ്പെടുകയെന്നതും നാട്ടറിവുദിനത്തിന്റെ ഓര്‍മപ്പെടുത്തലാണ്.

നാട്ടറിവുകളുടെ വഴികള്‍
പശുവിന്റെ പ്രായം:
പശുക്കളുടെ കൊമ്പില്‍ രൂപപ്പെട്ടുവരുന്ന വളയത്തിന്റെ എണ്ണം നോക്കിയാണ് പശു എത്ര പ്രസവിച്ചു എന്നും പ്രായമെത്രയായെന്നും മനസ്സിലാക്കുന്നത്. ഓരോ പ്രസവത്തിലും കൊമ്പില്‍ ഒരു വലയം രൂപപ്പെടും.

ആനലക്ഷണം:
എപ്പോഴും ചെവിയാട്ടുകയും ചെവികള്‍ വിശറിപോലെ ഇരിക്കുകയും ചെയ്യുന്ന ആനകള്‍ നല്ല ലക്ഷണമാണ്. ചെവിയാട്ടാത്തതും കൃഷ്ണമണികള്‍ ഇളക്കാത്തതുമായ ആനകളെ സൂക്ഷിക്കണം.

മഴപ്പാറ്റകള്‍:
കറുത്ത ചെറിയ ഈയ്യാമ്പാറ്റകള്‍ ഉയരത്തില്‍ പറന്നുപൊങ്ങിയാല്‍ മഴ പെയ്യും. വെളുത്തവയാണെങ്കില്‍ മഴയ്ക്ക് സാധ്യത കുറവാണ്. തുമ്പികള്‍ കൂട്ടത്തോടെ താഴ്ന്നുപറന്നാലും മഴപെയ്യാന്‍ സാധ്യതയുണ്ട്. തവളകള്‍ കൂട്ടമായി ശബ്ദിക്കുന്നതും മഴവില്ല് ഉദിക്കുന്നതും ആസന്നമായ മഴയെ സൂചിപ്പിക്കുന്നു.

കടല്‍ച്ചെളി ഇളകിയാല്‍:
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്റെ സ്വഭാവവും കാലാവസ്ഥയും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. പഞ്ഞിക്കഷണങ്ങള്‍പോലെ സമുദ്രഭാഗത്തുനിന്നും കോടനൂല്‍ പറന്നിറങ്ങുന്നത് കൊടുങ്കാറ്റിന്റെ സൂചനയായി അവര്‍ കണ്ടു. കടല്‍ ചെളി ഇളകിയാല്‍ ചാകര ഉറപ്പായി.

മരങ്ങളുടെ സ്ഥാനങ്ങള്‍:
മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് ശരിയായ സ്ഥാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാറ്റടിച്ച് വീടിനു മുകളിലേക്ക് വീഴാതിരിക്കുക, ശക്തിയുള്ള വേരുകള്‍ തറയ്ക്കുള്ളിലേക്ക് കടക്കാതിരിക്കുക, ഉറുമ്പുകള്‍, കിളികള്‍ തുടങ്ങിയവയുടെ ശല്യം ഉണ്ടാവാതിരിക്കുക... ഇവയെല്ലാം ഈ ശ്രദ്ധയ്ക്ക് പിറകിലുണ്ട്.

പാരുകള്‍:
മത്സ്യങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് പാരുകള്‍. മുട്ടകള്‍ വിരിയിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള ഇടമായാണ് മത്സ്യങ്ങള്‍ പാരുകള്‍ കണ്ടെത്തുന്നത്. പ്രകൃതിയൊരുക്കുന്ന പാരുകള്‍ക്കൊപ്പം മത്സ്യബന്ധനം ലക്ഷ്യമാക്കി മനുഷ്യര്‍ ഒരുക്കുന്ന കൃത്രിമപ്പാരുകളും ഇപ്പോഴുണ്ട്.

ഓച്ചാട്ടുക:
അയിത്ത ജാതിക്കാര്‍ തങ്ങള്‍ വരുന്നുണ്ടെന്ന് അറിയിക്കാനും സവര്‍ണജാതിക്കാര്‍ അയിത്ത ജാതിക്കാരോട് ദൂരെ മാറിനില്‍ക്കാനും ഉണ്ടാക്കുന്ന ശബ്ദമാണ് 'ഓച്ചാട്ടുക' എന്നത്.

പള്ളിക്കൂട വിശേഷങ്ങള്‍
നിലത്തെഴുത്ത്:
ഹരിശ്രീ കുറിച്ചശേഷം പൂഴിയില്‍ നിലത്തെഴുതി അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന രീതി പണ്ടുണ്ടായിരുന്നു.
കൈയെഴുത്ത്:
മുസ്‌ലിം വിദ്യാര്‍ഥികള്‍ അക്ഷരങ്ങള്‍ പഠിക്കുന്നതിന്റെ തുടക്കം. ഓത്തുചൊല്ലാന്‍ വരുന്ന കുട്ടികളുടെ കൈയില്‍ മുല്ലാക്ക കുറച്ച് വാക്യങ്ങള്‍ എഴുതിക്കൊടുക്കുന്നു.
പൂഴിക്കുടുക്ക:
നിലത്തെഴുത്തിനായി കുട്ടികള്‍ക്ക് പൂഴി കൊണ്ടുപോകാനായി നാളികേരത്തൊണ്ടിലുണ്ടാക്കിയ പാത്രം.
ഓത്തുപള്ളി:
ഇസ്‌ലാം മതപഠനം നടത്തുന്നതിനുള്ള കേന്ദ്രം.
കുടിപ്പള്ളിക്കൂടം:
നാലുവശവും തുറന്ന ഷെഡ്ഡുപോലെയുള്ള വിദ്യാലയങ്ങളാണ് കുടിപ്പള്ളിക്കൂടങ്ങള്‍. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു.
പഞ്ചമ സ്‌കൂളുകള്‍:
താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ വടക്കേ മലബാറില്‍ സ്ഥാപിച്ചവയാണ് പഞ്ചമ സ്‌കൂളുകള്‍.

മണ്‍മറഞ്ഞ അടയാളങ്ങള്‍
വെള്ളിക്കോല്‍:
പണ്ട് പ്രചാരത്തിലിരുന്ന ഒരു അളവുതൂക്ക ഉപകരണമാണിത്. വെള്ളിയുമായി ബന്ധമൊന്നുമില്ലിതിന്. തേക്കിലോ വീട്ടിയിലോ നന്നായി ചെത്തിമിനുക്കിയെടുക്കുന്ന കോലാണിത്. വള്ളിയില്‍ തൂക്കിയ കോല്‍ എന്ന വള്ളിക്കോലാണ് വെള്ളിക്കോലായി മാറിയത്.
നാഴികവട്ട:
നേരിയ തകിടുകൊണ്ട് നിര്‍മിച്ച ഒരു ചെമ്പുകിണ്ണമാണ് ഇതിനുപയോഗിക്കുക. ഇതിന്റെ അടിഭാഗത്ത് നടുക്ക് ഒരു ചെറിയ സുഷിരമുണ്ടാകും. ഈ കിണ്ണം വെള്ളത്തിനു മുകളില്‍ വെച്ച് ഒരു നാഴികകൊണ്ട് നിറയുന്ന വെള്ളം കണ്ടെത്താം. ഇത്രയും വെള്ളം നിറയുമ്പോള്‍ ഒരു നാഴികയായെന്ന് മനസ്സിലാക്കാം.

മെതിയടി:
മരംകൊണ്ടുള്ള പാദരക്ഷയാണിത്. മുന്നിലും പിന്നിലും അല്പം വീതിയുള്ള മരക്കഷണങ്ങള്‍ വച്ച് ഉയര്‍ത്തും. പെരുവിരലിനും തൊട്ടടുത്ത വിരലിനും ഇടയില്‍, ചേര്‍ത്തുപിടിക്കാന്‍ പാകത്തില്‍ ഒരു മരക്കഷണംകൂടിയുണ്ടാകും.

മാക്കുട്ട:
ഓലകൊണ്ടുണ്ടാക്കിയ സഞ്ചിയാണിത്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന മാക്കുട്ട പച്ചയോലകൊണ്ടാണ് ഉണ്ടാക്കുക. തൂക്കിപ്പിടിക്കാനുള്ള പിടിയും ഓലകൊണ്ടുതന്നെ ഉണ്ടാക്കും.

പാതാളക്കരണ്ടി:
ആഴമുള്ള കിണറ്റില്‍ വീണുപോകുന്ന തൊട്ടിയും കപ്പിയുമെല്ലാം എടുക്കുന്നതിനുവേണ്ടി ഇരുമ്പുകൊണ്ടുണ്ടാക്കിയ ഉപകരണം. ഒരുപാട് ചൂണ്ടക്കൊളുത്തുകളോടെയാണ് പാതാളക്കരണ്ടി ഉണ്ടാക്കുക.

കോരുവല:
ഒരു വളയത്തില്‍ കോണ്‍ ആകൃതിയില്‍ കെട്ടിയുണ്ടാക്കുന്ന വലയാണ് കോരുവല. ആഴം കുറഞ്ഞ ഭാഗത്തുനിന്നും ചെമ്മീന്‍ കോരിയെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

വില്ലുവണ്ടി:
കാളകളെ പൂട്ടി വലിപ്പിച്ചിരുന്ന വണ്ടി. വളച്ചുകെട്ടിയ മേല്‍ക്കൂരയോടുകൂടിയാണ് ഇതുണ്ടാവുക.

വാല്‍ക്കിണ്ടി:
വെള്ളം തീരെ നഷ്ടപ്പെടാതെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇത് ഉപകരിക്കും. പണ്ട് വീടിന്റെ മുന്‍ഭാഗത്തുള്ള ഒരു സ്ഥിരം കാഴ്ചയായിരുന്നു ഇത്.

കേവുവള്ളം:
ജലയാത്രയ്ക്കുള്ള വലിയ തോണികളാണിത്. വെയിലും മഴയും കൊള്ളാതിരിക്കാന്‍ ഇതിന്റെ നടുഭാഗത്ത് വള്ളപ്പുരയുണ്ടാകും.

മുറം:
ധാന്യങ്ങളും മറ്റും പാറ്റി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതാണ് മുറം.

കുണ്ടനിക്കുട:
കൃഷിസ്ഥലങ്ങളില്‍ വെയിലേല്‍ക്കാതിരിക്കാന്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കുട.

തടുക്കുപായ:
വീട്ടില്‍ വിരുന്നുവരുന്നവരെ പൂമുഖത്തിണ്ണയില്‍ സ്വീകരിച്ചിരുത്തുന്നതിനായി ഉപയോഗിച്ചിരുന്നതാണ് തടുക്കുപായ.

കൊട്ടണച്ചോറ്:
ഉലക്കകൊണ്ട് നെല്ലുകുത്തി തവിടുകളയാത്ത അരികൊണ്ട് ഉണ്ടാക്കുന്നതാണ് കൊട്ടണച്ചോറ്.

NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education