നീലനിശീഥിനി... നിന്‍ മണിമേടയില്‍ ...

വി.ആര്‍ .സുധീഷ്‌

18 Aug 2012

'കള്ളും' 'കള്ളിച്ചെല്ലമ്മ'യും സ്‌കൂള്‍ ലൈബ്രറിയില്‍നിന്ന് എടുത്തു വായിച്ച നോവലുകളാണ്. 'കള്ളിച്ചെല്ലമ്മ' പിന്നെ സിനിമയായി വന്നു. 1969ല്‍. ജി. വിവേകാനന്ദന്റെ നോവലിന് പി. ഭാസ്‌കരന്റെ സാക്ഷാത്കാരം. മലയാളം കണ്ട മികച്ച പാട്ടെഴുത്തുകാരനായ ഭാസ്‌കരന്‍ മികച്ച സംവിധായകനല്ല. പാട്ട് ചിത്രീകരിക്കുന്നതുപോലും മോശം. കാവ്യസുഗന്ധിയായ തന്റെ എത്രയോ പാട്ടുകളെ സ്വന്തം സിനിമകളില്‍ അദ്ദേഹം ചിത്രീകരിച്ചു വികൃതമാക്കി.

പാട്ടിന്റെ ചിത്രീകരണത്തില്‍ പഴയ സംവിധായകരില്‍ ഏറ്റവും ഭാവനാശാലി വിന്‍സെന്റ് തന്നെ. അദ്ദേഹം ക്യാമറവെച്ചാലും മതി പാട്ടിന് അപാരമായ ദൃശ്യസൗന്ദര്യമുണ്ടാകും. യേശുദാസിനും ജയചന്ദ്രനുമിടയില്‍ ഒരു ഗായകന്റെ ശബ്ദം സ്വാഭാവികമായും കൊതിച്ചിരിക്കണം എഴുപതുകളില്‍ മലയാളദേശം. അത് നിറവേറ്റിയത് 'കള്ളിച്ചെല്ലമ്മ'യിലൂടെ വന്ന ബ്രഹ്മാനന്ദന്‍. കെ. രാഘവന്‍ സവിശേഷമായ ആ താരനാദം തിരിച്ചറിഞ്ഞു. എ.എം. രാജയ്ക്കുശേഷം നാം കേട്ട സുന്ദരമായ കാമുകശബ്ദം.
'മാനത്തെക്കായലിന്‍ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണീ... വന്നടുത്തു
താമരക്കളിത്തോണീ...'
ബ്രഹ്മാനന്ദന്‍ വളരെ പെട്ടെന്ന് സ്വീകരിക്കപ്പെട്ടു. മലയാളത്തിന്റെ യുവത്വം ആ പാട്ടുകളില്‍ പ്രണയമറിഞ്ഞു. എഴുപതുകളുടെ ആരംഭത്തില്‍ ബ്രഹ്മാനന്ദന്‍ പാടിയ പാട്ടുകളൊക്കെയും എന്റെ ആത്മഗാനമായിരുന്നു.
'പ്രിയമുള്ളവളേ നിനക്കുവേണ്ടി
പിന്നെയും നവ സ്വപ്‌നോപഹാരം
ഒരുക്കീ... ഒരുക്കീ ഞാന്‍
നിനക്കു വേണ്ടി മാത്രം
ശാരദപുഷ്പ വനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍പോലെ
വിശുദ്ധയായ് വിടര്‍ന്നു നീ - എന്റെ
വികാര രാജാങ്കണത്തില്‍...'

ഇരിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു കൊല്ലം ഉത്സവത്തിന് ബ്രഹ്മാനന്ദന്റെ ഗാനമേളയായിരുന്നു. രാത്രി രണ്ടു മണിക്ക് തുടങ്ങുന്ന ഗാനമേള കേള്‍ക്കാന്‍ പയ്യോളിയില്‍ നിന്ന് ഞങ്ങള്‍ ഇരിങ്ങല്‍വരെ നടന്നു. റേഷന്‍ ഷാപ്പ് നടത്തിയിരുന്ന ശ്രീധരനാണ് ഞങ്ങളുടെ സംഘനേതൃത്വം. ബ്രഹ്മാനന്ദന്റെ വലിയ ആരാധകനാണ് ശ്രീധരന്‍. ഞാന്‍ വടകരയ്ക്ക് പോന്നതില്‍പ്പിന്നെ ഏഴെട്ടു പേജില്‍ എഴുതി നിറച്ച ശ്രീധരന്റെ കത്തുകള്‍ വരും. കത്തിലൊക്കെയും കണ്ട സിനിമയെക്കുറിച്ചും കേട്ട പാട്ടിനെക്കുറിച്ചുമായിരിക്കും. ശ്രീധരനോടൊത്ത് എത്രയോ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒടുവില്‍ കണ്ടത് 'പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍.'

'പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങിനില്‍പ്പൂ ചാരെ
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍...'
ഇരിങ്ങല്‍ ക്ഷേത്രപ്പറമ്പിന്റെ വിശാലതയില്‍ ജനം തിങ്ങിനിറഞ്ഞിരുന്നു. രണ്ടുമണിക്ക് തിരശ്ശീല ഉയര്‍ന്നപ്പോള്‍ സ്റ്റേജില്‍ അതാ നില്‍ക്കുന്നു ബ്രഹ്മാനന്ദന്‍. വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടുമണിഞ്ഞ് ഹൃദയത്തിന്റെ രോമാഞ്ചമായി നവയുവാവ്. 'മാനത്തെ കായലിന്‍' ബ്രഹ്മാനന്ദന്‍ തുടങ്ങി. സ്വന്തം പാട്ടുകള്‍ക്കു പുറമേ മറ്റുള്ളവരുടെ പാട്ടുകളും ബ്രഹ്മാനന്ദന്‍ പാടി. ഹൃദ്യമായ സംഗീതവിരുന്ന്. ഓര്‍മ്മയുടെ സുഗന്ധം.

'താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാ രോമാഞ്ചമായിരിക്കും...
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും
ഏഴിലംപാലപ്പൂവായിരിക്കും.'

കഥാകൃത്ത് സുഭാഷ് ചന്ദ്രനുമായി കൂടുമ്പോള്‍ ഞങ്ങളുടെ സംഭാഷണവിഷയം മുഖ്യമായും പാട്ടാണ്. അതും ബ്രഹ്മാനന്ദന്റെ പാട്ട്. മലയാളം എം.എയ്ക്ക് പഠിക്കുന്ന കാലത്ത് തെരുവോരത്തുനിന്ന് ഒരു കല്‍ത്തൊഴിലാളി പാടിയ പാട്ടിന്റെ വരികള്‍ തന്നെ ചിന്തിപ്പിച്ചുകളഞ്ഞെന്ന് സുഭാഷ്ചന്ദ്രന്‍ ഈയിടെയും പറഞ്ഞു.

'കാവ്യവൃത്തങ്ങളില്‍ ഓമനേ
നീ നവ മാകന്ദമഞ്ജരിയായിരിക്കും.'
മലയാളം എം.എയ്ക്ക് ഒന്നാം റാങ്ക് വാങ്ങിയ സുഭാഷ് ചന്ദ്രനു മാത്രമല്ല മലയാളം അധ്യാപകനായ എനിക്കും മാകന്ദമഞ്ജരിയുടെ വൃത്തം ഇന്നുമറിയില്ല. ബ്രഹ്മാനന്ദന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ആ വൃത്തം പൂര്‍ണ്ണമാകുന്നു. എത്ര നല്ല പാട്ടുകള്‍ പാടി മലയാളിയുടെ മനസ്സ് നിറച്ച ഗായകനാണ് ബ്രഹ്മാനന്ദന്‍! ചലച്ചിത്രലോകം അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തി. അദ്ദേഹത്തിന്റെ കലാരാശിയില്‍ അമാവാസി മൂടി. രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ വേറൊരു അഭ്യാസബലവും സംഘബലവും ഗായകന് വേണം.
'മാരിവില്‍ ഗോപുരവാതില്‍ തുറന്നു
മാലാഖയായി നീ വന്നൂ...
താമരപ്പൂ നാണിച്ചു... നിന്റെ
തങ്കവിഗ്രഹം വിജയിച്ചു...'

'നീലനിശീഥിനി... നിന്‍ മണിമേടയില്‍
നിദ്രാവിഹീനനായി നിന്നു ഞാന്‍'
'ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവന കുളിരിനോടോ...'
അങ്ങനെയൊരു പാട്ട് ബ്രഹ്മാനന്ദനില്‍നിന്ന് പിന്നീട് കേള്‍ക്കാന്‍ എത്രയോ മലയാളികള്‍ കാത്തിരുന്നിരിക്കണം. പാടാന്‍ ആരും ബ്രഹ്മാനന്ദനെ വിളിച്ചില്ല. ഇടയ്‌ക്കൊരു 'നീല' സിനിമ വന്നു. പേര് 'മലയത്തിപ്പെണ്ണ്.' സംഗീതം ബ്രഹ്മാനന്ദന്‍. ആ സംഗീതം കേള്‍ക്കാന്‍വേണ്ടിമാത്രം ഞാന്‍ 'മലയത്തിപ്പെണ്ണ്' ഒന്നാം ദിവസം കാണാന്‍ പോയി. ഒരു കലക്കുതന്നെ ബ്രഹ്മാനന്ദന്‍ കലക്കി.
'മട്ടിച്ചാറു മണക്കണ് മണക്കണ്
മണവാട്ടി ചമയണ് ചമയണ്
മലയത്തിപ്പെണ്ണു നിന്ന് ചിരിക്കണ്'
റഹ്മാനെയോ വിദ്യാസാഗറിനെയോ അതിശയിക്കും ആ ഫോക്ക് സംഗീതം. 'മലയത്തിപ്പെണ്ണി'ല്‍ ബ്രഹ്മാനന്ദനും ഒരു സോളോ പാടി.
'കളകളം കിളി ചിരിച്ചു പാടണ ചന്ദനച്ചോല
എന്‍ കരളിലെ കിളി
വള കിലുക്കി വന്നൊരു വേള...'
പഴയ ബ്രഹ്മാനന്ദനെ തിരിച്ചുകിട്ടിയെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, 'മലയത്തിപ്പെണ്ണ്' കനിഞ്ഞില്ല. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടും 'മലയത്തിപ്പെണ്ണി'ന്റെ സ്വഭാവം കണ്ട് സംഗീതസംവിധാനത്തിനുപോലും ആരും ബ്രഹ്മാനന്ദനെ വിളിച്ചില്ല.

രണ്ടുവര്‍ഷം മുമ്പ് കെ. രാഘവനെ ആദരിക്കുന്ന ഗംഭീരമായ ചടങ്ങ് ഒരു ദിവസം മുഴുവനായി പാലക്കാട്ടുവെച്ച് നടന്നു. അതിന്റെ രൂപരേഖ എന്റേതായിരുന്നു. പാലക്കാട്ടെ സഹൃദയര്‍ അതൊരു ഉത്സവമാക്കി. സദസ്സിലിരിക്കുന്ന രാഘവന്‍ മാസ്റ്ററുടെ മുന്നില്‍ കൈകൂപ്പി നിന്ന് ബ്രഹ്മാനന്ദന്‍ പാടി. ആ രൂപത്തിന് വാര്‍ധക്യത്തിന്റെ നിഴലുകള്‍. ശരീരം നന്നേ മെലിഞ്ഞിരിക്കുന്നു. ശബ്ദത്തിന് ഒരു പതര്‍ച്ചയുമില്ല.

'തങ്കം നിനക്കുള്ള പിച്ചകമാലയുമായി
സംക്രമ പൂനിലാവിറങ്ങി വന്നൂ...
നിന്‍ കിളിവാതിലില്‍ പതുങ്ങിനിന്നു...'
ഇന്ദ്രപ്രസ്ഥത്തില്‍നിന്ന് മൂന്ന് ലാര്‍ജ് വിഴുങ്ങിവന്ന് സ്റ്റേജിനരികില്‍ ഞാന്‍ ബ്രഹ്മാനന്ദനെ നോക്കി നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം പാടിവന്നപ്പോള്‍ ആ കൈകള്‍ കൂട്ടിപ്പിടിച്ച് ഞാന്‍ ഉമ്മവെച്ചു. പാദനമസ്‌കാരത്തിനായി ഒരുങ്ങിയപ്പോള്‍ ബ്രഹ്മാനന്ദന്‍ എന്നെ തടഞ്ഞു.
'എന്താണിത്...?'
വാക്കുകളുടെ ആഴി തിളച്ചുയരുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ഞാന്‍ പാടി.
'ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവയ്ക്കും
കാര്‍മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ...'
(ആത്മഗാനം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education