ഒരു വ്രതമാസസന്ധ്യയില്‍

റഫീക്ക് അഹമ്മദ്‌

14 Aug 2012

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടേതടക്കം മൂന്നോ നാലോ മുസ്‌ലിം കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു ഗ്രാമത്തില്‍. അതുകൊണ്ടുതന്നെ നോമ്പ്, പെരുന്നാള്‍ മുതലായവ ഏറെക്കുറെ കുടുംബപരമായ ചില ചടങ്ങുകള്‍ എന്ന നിലയില്‍ പരിമിതപ്പെട്ടിരുന്നു. നോമ്പുമാസം ആരംഭിക്കുന്നത് ഞാനറിയാറുള്ളത് പുലര്‍കാലങ്ങളില്‍ ബാപ്പയുടെ ഖുര്‍ ആന്‍ പാരായണത്തിന്റെ നേര്‍ത്ത ഈണത്തില്‍നിന്നാണ്. ബാല്യത്തില്‍ ആസ്ത്മാ രോഗം കൊണ്ട് വളരെ ക്ലേശിച്ചിരുന്നതിനാല്‍ രാത്രികള്‍ മിക്കവാറും നിദ്രാഹീനങ്ങളായിരുന്നു. നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നതു നോക്കി ജനലഴികളില്‍ പിടിച്ച് ഞാന്‍ നില്‍ക്കും. ഏഴാകാശത്തിനപ്പുറത്തെ അജ്ഞാതലോകങ്ങളെക്കുറിച്ച്അന്നേരങ്ങളില്‍ ഞാന്‍ സങ്കല്‍പ്പിയ്ക്കും. ആകാശം കടയപ്പെട്ട പഞ്ഞിപോലെ ആയിത്തീരുകയും നക്ഷത്രങ്ങള്‍ ചിതറപ്പെടുകയും പര്‍വ്വതങ്ങള്‍ കടപുഴങ്ങുകയും ചെയ്യുന്ന ഖിയാമം നാളിനെക്കുറിച്ചുള്ള ഭയാനക ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോകും. നിദ്രയും ഉണര്‍വും കെട്ടുപിണയുന്ന പുലര്‍കാലങ്ങളില്‍ മന്ദതാളത്തിലുള്ള ഖുര്‍ ആന്‍ ആലാപനം സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാത്ത അലൗകികമായ ഏതോ അവസ്ഥകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകും.

ഓര്‍മ്മകളില്‍ അങ്ങനെ വിശേഷിച്ച് തങ്ങിനില്‍ക്കാവുന്ന ഒന്നും നോമ്പുമായി ബന്ധപ്പെട്ട് ഇല്ല. എങ്കിലും എല്ലാ റംസാന്‍ മാസത്തിലും അറിയാതെ മനസ്സിലേക്ക് കടന്നുവരുന്ന ഒന്നുണ്ട്. അത് കുറിച്ചിടാന്‍ ശ്രമിക്കുകയാണിവിടെ.

ഓണവും റംസാനും അക്കുറി ഒരുമിച്ചായിരുന്നു. മഴ നനവുള്ള പകലന്തിയുടെ മൂടിക്കെട്ടിയ ആകാശം. റോഡരികിലായിരുന്നു ഞങ്ങളുടെ വീട്. ഒരു ഉമ്മറത്തിണ്ണയുണ്ട്. മുളയഴികളുള്ള തട്ടിക അവിടെ തൂക്കിയിട്ടിരുന്നു. അവിടെയാണെന്റെ ഇരിപ്പ്. ഇലക്ട്രിക് വിളക്ക് അക്കാലത്ത് ങ്ങളുടെ ഗ്രാമത്തില്‍ എത്തിയിട്ടില്ലെന്നാണ് ഓര്‍മ്മ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാല്യത്തിന്റെ ഓര്‍മ്മകളത്രയും നേര്‍ത്ത സാന്ധ്യവെളിച്ചം പരന്നതാണ്. നോമ്പുതുറ കഴിഞ്ഞിരുന്നു. അടുക്കളയില്‍ പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍. മുനിഞ്ഞുള്ള എന്റെ ഇരിപ്പിന്റെ കാഴ്ചവട്ടത്തിലൂടെ പലതും കടന്നു പൊയ്‌ക്കൊണ്ടിരുന്നു. പെരുന്നാളും ഓണവും ഒരുമിച്ചു വരുന്നതുകൊണ്ടായിരിക്കണം സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് എന്തൊക്കെയോ സൗജന്യങ്ങള്‍അനുവദിച്ചിട്ടുണ്ടായിരുന്നു.
റേഷന്‍ വാങ്ങിപ്പോകുന്നവരുടെ നിര അവസാനിച്ചു. പിന്നെയും നേര്‍ത്ത മങ്ങൂഴത്തിലൂടെ രണ്ടുപേര്‍ പരവശപ്പെട്ടു വരുന്നത് ഞാന്‍ കണ്ടു. രണ്ട് വൃദ്ധകള്‍. രണ്ടുപേരുടേയും തലയില്‍ സാമാന്യം ഭാരമുള്ള സഞ്ചികളുണ്ട്. വേഷംകൊണ്ടറിയാം ഒരാള്‍ മുസ്‌ലിമും മറ്റെയാള്‍ ഹിന്ദുവുമാണ്. ഇരുവരും പരിക്ഷീണര്‍. വളരെ പ്രയാസപ്പെട്ടാണവരുടെ നടത്തം. ഞങ്ങളുടെ വീടിന് ഏതാനും വാര അകലെ എത്തിയപ്പോഴേക്കും മുസ്‌ലിംവൃദ്ധ ഇനി നടക്കാന്‍ വയ്യെന്ന വിധം കുഴഞ്ഞ് വഴിയരികില്‍ ഇരിപ്പായി. മറ്റേയാള്‍ എന്തു ചെയ്യണമെന്നറിയാതെ ചുറ്റിനും പകച്ചു നോക്കുന്നുണ്ടായിരുന്നു. അവര്‍ ഞങ്ങളുടെ വീട് കണ്ടെന്നു തോന്നുന്നു.
'ബടെ ആളില്ല്യേ...?' മുറ്റത്തു വന്ന് അവര്‍ വിളിച്ചു ചോദിച്ചു. അടുക്കളയില്‍നിന്ന് ഉമ്മ പുറത്തേക്കുവന്നു. ഉമ്മയെ കണ്ടതോടെ അവരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു വെളിച്ചം വിടര്‍ന്നു. 'ആമിനുമ്മാ ഇങ്ങട് പോന്നോളൂ. ഇത് ഇങ്ങടെ കൂട്ടക്കാരന്ന്യാ'. ഉമ്മയോടായി അവര്‍ തുടര്‍ന്നു. 'ഇന്റെ കൂടെള്ളതാണേയ് തള്ള. അയിന് നോല്‍മ്പ്ണ്ട്. നോല്‍മ്പെറക്കാന്‍ കൊറച്ച് വെള്ളത്തിനാ...'

അപ്പോഴേക്കും മുസ്‌ലിംവൃദ്ധ മുറ്റത്തെത്തി. രണ്ടു പേരെയും ഉമ്മ അകത്തേക്കു വിളിച്ചിരുത്തി. നോമ്പു തുറക്കാന്‍ പരിമിതമായ ചില വിഭവങ്ങളേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളു. തരിക്കഞ്ഞി എന്നു വിളിക്കുന്ന റവ കാച്ചിയ പായസം പോലുള്ള ഒരു പാനീയം രണ്ടു ഗ്ലാസ്സുകളില്‍ പകര്‍ന്ന് ഇരുവര്‍ക്കും ഉമ്മ നീട്ടി. 'ഇയ്ക്ക് വേണ്ടെന്റെ ഉമ്മാരെ. അയിന് കൊടുത്തോളൂ...' 'അയിന്റെ കാര്യം വല്യ കഷ്ടാണേയ്' എന്നെ നോക്കിക്കൊണ്ടാണവര്‍ പറഞ്ഞത്. 'മൂന്ന് ആണ്‍മക്കളുണ്ടാര്‍ന്നതാ. മൂന്നും പോയി. ആകപ്പാടെ ള്ളത് ഒരു പെണ്ണാ. അയിനെപ്പൊ കെട്ട്യോന്‍ വീട്ടില് കൊണ്ടാക്കീരിക്ക്യാ. പെണ്ണിനാണെങ്കില് പള്ളേലുംണ്ട്. തള്ള്യോട് ഞാമ്പറഞ്ഞതാ പോരണ്ടാ, ഞാന്‍ എങ്ങനേങ്കിലും എത്തിച്ചോളാന്ന്. അത് സമ്മതിക്കണ്ടെ''.

മുസ്‌ലിംവൃദ്ധ ഒന്നും പറഞ്ഞില്ല. നിര്‍വികാരമായ മിഴികള്‍ ചിമ്മിത്തുറന്നുകൊണ്ട് അവര്‍ നിശ്ശബ്ദമായി റവപ്പായസം കുടിച്ചുകൊണ്ടിരുന്നു. മടിക്കുത്തില്‍നിന്ന് അവര്‍ ഒരു ചെറിയ പൊതിയെടുത്ത് തുറന്നു. വിലകുറഞ്ഞ മിക്‌സ്ചര്‍ ആയിരുന്നു അത്. അവര്‍ എന്നെ മാടിവിളിച്ചു. മോന്‍ ബായോ...
ഞാന്‍ മടിച്ചുനിന്നു. വൃദ്ധ തുടര്‍ന്നു... ആ പെണ്ണ് നോമ്പുതൊറന്നിട്ട് ഒന്നും തിന്നിട്ടുണ്ടാവില്ല. ഓള്ക്ക് വാങ്ങ്യേതാ... അപ്പോഴേക്കും ഉമ്മ എന്തൊക്കെയോ ചില പലഹാരങ്ങള്‍ കൊണ്ടുവന്നുവെച്ചു. മുസ്‌ലിംവൃദ്ധ അത് കൂട്ടുകാരിയുടെ മുന്നിലേക്ക് നീക്കിവെച്ചു.

'ഇയ്‌ക്കൊന്നും വേണ്ടാന്നേയ് ഇങ്ങള് വേഗം കഴിക്കാന്‍ നോക്ക്. കുടുമ്മത്ത് ആ പെങ്കുട്ടി ഒറ്റയ്ക്കല്ലെ. ഈ ഇരുട്ടത്ത് വഴി ഇനി എത്രപോണം ന്നാ വിചാരിച്ചേടക്കണേ...'

'അമ്മുട്ട്യമ്മേ ഇങ്ങളും ഞാനും നാലുമണിക്ക് നിക്കണതല്ലെ വരീല്. ഇങ്ങക്ക് നല്ല പയിപ്പ്ണ്ട്ന്ന് ഇക്കറിയാം. ഇങ്ങള് എടുക്കാതെ ഞമ്മള് കയിക്കൂല.'
പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് രണ്ടു പേരും ഒരേ പാത്രത്തില്‍നിന്ന് പങ്കിട്ട് കഴിച്ചു. പിന്നെ ഇരുള്‍വഴികളിലേക്കിറങ്ങി വിദൂരതയിലേക്കെങ്ങോ വേച്ചുവേച്ച് നടന്നുമറഞ്ഞു. അവര്‍ മറഞ്ഞതിന്റെ പാട് ബാല്യത്തിന്റെ നരച്ച ഓര്‍മ്മച്ചുമരിലേക്കു പടര്‍ന്നു.

ശ്വാസത്തെ അറിയണമെങ്കില്‍ ശ്വാസം മുട്ട് അനുഭവിക്കണം. വിശപ്പിന്റെ ശക്തിയും ഭക്ഷണത്തിന്റെ വിലയും അറിയണമെങ്കില്‍ വിശക്കണം. വ്രതത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. വീണ്ടുമൊരു റംസാന്‍ മാസം വന്നെത്തിയിരിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന റംസാന്‍ വിഭവങ്ങളുടെ ചാനല്‍ക്കാഴ്ചകളാല്‍ സമൃദ്ധമാവുന്ന ദിനങ്ങള്‍.

സംയമനത്തിന്റെയും ത്യജിക്കലിന്റെയും പാഠങ്ങള്‍ എവിടെയോ മറന്നുപോയിരിക്കുന്നു. ഇഫ്താര്‍ പാര്‍ട്ടികളുടെ പേരില്‍ നടക്കുന്ന ഭക്ഷ്യമേളകള്‍ക്കപ്പുറത്ത്, ദുര്‍വ്യയം ചെയ്യപ്പെടുന്ന ആഹാരപാനീയങ്ങളുടെ കൂമ്പാരങ്ങള്‍ക്കപ്പുറത്ത്, ഇരുണ്ട ആ സന്ധ്യയിലേക്കു നടന്നുമറഞ്ഞ തമ്മില്‍ പിണയുന്ന രണ്ട് നിഴലുകള്‍ ഓര്‍മ്മകളിലിപ്പൊഴും ഒളിച്ചുകളിക്കുന്നു.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education