അത്തര്‍സാഹിബും കറുത്ത പെട്ടിയും

ബാബു ഭരദ്വാജ്‌

04 Aug 2012

പ്രവാസികളുടെ മടയിലേക്ക് ആ അത്തറുകച്ചവടക്കാരന്‍ ഇടയ്ക്കിടെ കറുത്ത ചതുരന്‍പെട്ടിയും തൂക്കി കടന്നുവന്നു. വലിയങ്ങാടിയിലും മിഠായിത്തെരുവിലും ഞാന്‍ കണ്ടിട്ടുള്ള അതേ വേഷത്തില്‍. കറുത്ത തുര്‍ക്കിത്തൊപ്പി, ഷര്‍ട്ടിന്റെ മുകളില്‍വെച്ച് ഇടത്തോട്ട് ഉടുത്ത മുണ്ട്, വീതിയുള്ള മലപ്പുറം ബെല്‍ട്ട്- അതിന്റെ പാറ്റന്റും തുര്‍ക്കിക്കായിരിക്കണം. ഇളം തവിട്ടുനിറത്തില്‍ ചളിപുരണ്ട ഒരു തുര്‍ക്കിക്കോട്ട് അയാളുടെ അവശതകളെ പൊതിയുന്നുമുണ്ട്. അയാള്‍ കടന്നുവരുമ്പോള്‍ സുഗന്ധത്തിനുപോലും ഏതൊക്കെയോ അപൂര്‍വ പരിമളങ്ങളുടെ ധ്വനിയുണ്ടായിരുന്നു. ചില ജീവിതങ്ങള്‍ അങ്ങനെയാണ്- അവരുടെ ദൗത്യം ഏതവസ്ഥയിലും ഏതു സ്ഥലത്തും ഏതു കാലത്തും മാറുന്നില്ല. അവര്‍ ചെെന്നത്തുന്ന സ്ഥലങ്ങളൊന്നും അവരെ മാറ്റുന്നില്ല. ഒരേ നുകത്തിനു കീഴില്‍ ഒരേ ഉഴവുചാലില്‍ ഒരേ ചക്കിനു ചുറ്റി അവര്‍ അവസാനംവരെ കറങ്ങിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ തലമുറകളിലേക്ക് നീളുന്ന ഒരു കറക്കമായിരിക്കും അത്. അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കോഴിക്കോട്ട് പട്ടുതെരുവില്‍ സുഗന്ധച്ചെപ്പുകളുമായെത്തിയ അല്‍ഖാത്തിമിയുടെ ഏറ്റവും ഒടുവിലത്തെ കണ്ണി.

അഹമ്മദ്കുട്ടി സാഹിബിന്റെ ജീവിതവൃത്താന്തം എന്നെ ഒരുപാട് അഹമ്മദ്കുട്ടിമാരിലേക്കാണ് എത്തിക്കുന്നത്. അവര്‍ പലരാവാം. എന്നാല്‍, അവരെല്ലാം ഒന്നുതന്നെ. അവരുടെ സ്വഭാവവും ജീവിതചര്യകളും രീതികളും ഒന്നുതന്നെ. എത്ര വിറ്റാലും ആ പെട്ടിയിലെ അത്തറുകുപ്പികള്‍ അതേപോലെയിരിക്കും. രാത്രിയുടെ നാലാംയാമത്തില്‍ ഏതു മലക്കുകളും ഗന്ധര്‍വന്മാരുമാണ് ആ കുപ്പികളില്‍ പരിമളം നിറയ്ക്കുന്നത്? *'പൂമണം പൂക്കളില്‍ ചേര്‍ത്ത ഏത് പുരാതനപ്രേമകഥകളുടെ കോരിത്തരിപ്പുകള്‍' ആണതില്‍ വന്നു നിറയുന്നത്!

അവരെന്തിനാണ് നഗരങ്ങള്‍തോറും താവളങ്ങള്‍ തേടിപ്പോകുന്നതെന്നും അവരെന്തിനാണ് തിരിച്ചെത്തുന്നത് എന്നും നമ്മള്‍ അമ്പരക്കും. അതിശയിക്കാന്‍ ഇനിയും കാരണങ്ങള്‍ ഏറെ. നിരത്ത് മുറിച്ചുകടക്കാനായുള്ള അവരുടെ ഏറെനേരത്തെ കാത്തുനില്‍പ്പ്. അവരുടെ പിന്നാലെ വന്നവര്‍ തിരക്കിട്ട് വാഹനങ്ങള്‍ക്കിടയിലൂടെ അപ്പുറം പൂകുമ്പോള്‍ അവരെന്തിനാണ് അന്തിച്ച്, കടന്നുപോകുന്ന വാഹനങ്ങളെ ഭയത്തോടെ നിരീക്ഷിച്ച് നിരത്തുവക്കില്‍ ത്തന്നെ തരിച്ചുനില്‍ക്കുന്നത്? അവരെന്തിനാണ് മനുഷ്യരുടെ കൂട്ടയോട്ടത്തെ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നത്? ഒരുപാട് പ്രവാസങ്ങളിലൂടെ കടന്നുപോയിട്ടും അവരെന്തിനാണ് തങ്ങളുടെ സ്ഥലകാലങ്ങളില്‍ ബന്ധിതരായത്?
ഈ ബന്ധിതമായ ജീവിതാവസ്ഥകള്‍ തന്നെയായിരിക്കണം അയാളെ പ്രവാസത്തിന്റെ മുറിവുകളോട് ചേര്‍ത്തുവെക്കുന്നത്. തലമുറകളിലേക്കു നീളുന്ന പ്രവാസകാലങ്ങളാണത്. അയാള്‍ എവിടെയും പ്രവാസിതന്നെ. സ്ഥലങ്ങളില്‍നിന്നു മാത്രമല്ല, കാലങ്ങളില്‍നിന്നുപോലും അയാള്‍ പ്രവാസിയാണ്.

ആ നിരത്തൊന്ന് മുറിച്ചുകടന്നാല്‍, അപ്പുറത്തേക്കൊന്നു കടന്നുകിട്ടിയാല്‍ സുഗന്ധംപുരളാന്‍ ഒരുപാട് മനുഷ്യശരീരങ്ങള്‍ കണ്ടേക്കാം. ഒരുപാട് കുട്ടിയുറുമാലുകള്‍ ഉണ്ടായേക്കാം. ഒരുതുള്ളി അത്തറുകൊണ്ട് ഈ ലോകത്തെ സുഗന്ധപൂരിതമാക്കാന്‍ കഴിഞ്ഞേക്കാം. ഒരു ചെറിയ കുപ്പി അത്തറു വാങ്ങാന്‍ ആരെയെങ്കിലും കിട്ടിയേക്കാം. അത്തരം ഒരു പ്രതീക്ഷയിലൊന്നുമല്ല അഹമ്മദ്കുട്ടി സാഹിബ് ഈ ജീവിതദൗത്യം ഏറ്റെടുത്തത്.

ഞാനാദ്യം 'അത്തര്‍സാഹിബിനെ കാണുന്നത് 'ചക്കുള്ളപറമ്പില്‍' ബാപ്പൂട്ടിയുടെ വീട്ടില്‍വെച്ചാണ്. സംശയിക്കേണ്ട, ആ വീട്ടുപേര് വന്നതുതന്നെ ചക്കുള്ളതുകൊണ്ടുതന്നെ. വെളിച്ചെണ്ണയാട്ടി ഉപജീവനം കഴിയുന്നവരാണ് ചക്കുള്ളവീട്ടുകാര്. നിരത്തരികിലെ ആ ചക്ക് എന്റെ ശൈശവസ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അതില്‍ കറങ്ങിയാണ് ഞാന്‍ ലോകം കറങ്ങാനുള്ള ആശയിലെത്തുന്നത്. അന്ന് അത്തര്‍സാഹിബ് ഞങ്ങള്‍ കുട്ടികള്‍ക്കായി ഒരു മാജിക് കാട്ടിത്തന്നു. ഒരുതുള്ളി അത്തര്‍ ഒരു കുപ്പി വെളിച്ചെണ്ണയെ പരിമളതൈലമാക്കി,
ഒരു പക്ഷിത്തൂവല്‍കൊണ്ടയാള്‍ ഞങ്ങള്‍ കുട്ടികളുടെ കൈപ്പടങ്ങളെ സുഗന്ധമയമാക്കി. സുഗന്ധം നിറഞ്ഞ ആ കഥ ഒരു ദുരന്തകഥയാണ്. അന്നാട്ടിയെടുത്ത വെളിച്ചെണ്ണ മുഴുവനും പരിമളതൈലമായി മാറുന്നതിനു മുമ്പ് ബാപ്പുട്ടിയുടെ ബാപ്പ ബീരാന്‍കുട്ടി ചന്തിയിലും തുടകളിലും ആഴ്ചകളോളം നീറ്റിക്കൊണ്ടിരുന്ന മുടിക്കോലിന്റെ ചോരപ്പാടുകള്‍. അത്തര്‍ സാഹിബിന്റെ മനസ്സില്‍നിന്ന് എത്ര തൂത്താലും മാറാത്ത നിന്ദയുടെ കറുത്ത പാടുകള്‍. ബീരാന്‍കുട്ടിയും അത്തര്‍സാഹിബും ഒരേ ചക്കിനു ചുറ്റും കറങ്ങുന്നവരായതുകൊണ്ടായിരിക്കണം പരിമളതൈലത്തിന്റെ അനന്തസാധ്യതകള്‍ കാണാതെപോയത്. ഇന്ന് ആ ചരക്ക് അവിടെയില്ല. പകരം പുതിയ പഞ്ചായത്ത് മീന്‍മാര്‍ക്കറ്റ് മണം പരത്തുന്നു.

പണ്ടു പണ്ട്, വളരെപ്പണ്ട്, എന്റെ കുട്ടിക്കാലത്ത്, പൂക്കാട്ടെ വിശാലമായ വരാന്തയില്‍ മരപ്പലക പാകിയ വീതിയുള്ള അരത്തിണ്ണയില്‍ മരത്തൂണ് ചാരിയിരുന്ന് സാഹിബ് അച്ഛനോട് മണിക്കൂറുകളോളം 'ബിശയം' പറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എത്ര പറഞ്ഞാലും തീരാത്ത ആ വിശേഷങ്ങള്‍ക്ക് കാതോര്‍ത്ത് ഞാനിരുന്നിട്ടുണ്ട്. ഇങ്ങനെ ഓരോയിടത്തും ഒരു ചെറിയ കുപ്പി അത്തറിനൊപ്പം കുറെ മണിക്കൂറുകള്‍കൂടി കൊടുത്താല്‍ ആ പെട്ടിയിലെ അത്തറൊക്കെ എപ്പോള്‍ വിറ്റുതീരുമെന്ന് ഞാന്‍ അമ്പരന്നിട്ടുണ്ട്. അച്ഛന്‍ ചാരുകസേരയില്‍ കിടന്ന് അതൊക്കെ കേള്‍ക്കും. അച്ഛന്റെ യാത്രയ്ക്കിടയിലെ വിശ്രമവേളകളായിരുന്നു അത്. അതിശയം നിറഞ്ഞുനില്‍ക്കുന്ന കണ്ണുകളിലേക്ക് നോക്കി അച്ഛന്‍ ചിരിക്കും, വിളംബംനിറഞ്ഞ ആ ജീവിതത്തിന്റെ പരിമളം അങ്ങനെയാണ് ഞാന്‍ അറിയാന്‍ തുടങ്ങുന്നത്. അതിനു മുമ്പ് അയാള്‍ എവിടെനിന്ന് വരുന്നുവെന്നും എങ്ങോട്ടു പോവുന്നുവെന്നും എനിക്കറിയില്ലായിരുന്നു. വെറ്റിലപ്പാറയിലെ കദീശുമ്മ അയാളുടെ ബീടരാണെന്നും മറ്റും ഞാനറിയുന്നത് പിന്നെയും കുറെക്കഴിഞ്ഞിട്ടാണ്. ഒരു ബീടരില്‍നിന്ന് മറ്റൊരു ബീടരിലേക്കുള്ള യാത്രയാണ് അയാളുടെ ജീവിതത്തിന്റെ കാലഗണനയെന്ന് ഞാനറിയുന്നത് അതിനുശേഷമാണ്. അച്ഛന്‍ വാങ്ങിയ അത്തറുകുപ്പി എവിടെപ്പോയെന്ന് എനിക്കറിയില്ല. അച്ഛനും അമ്മയും മക്കളും അതൊരിക്കലും പൂശിയതുമില്ല.

ഇന്ന് അച്ഛനില്ല, ആ വീടില്ല, മരപ്പലക പാകിയ അരമതിലില്ല, ചാരുകസേരയില്ല, അത്തര്‍ സാഹിബുമില്ല. അച്ഛാ, ഈ മനുഷ്യരും വസ്തുക്കളും എവിടെപ്പോയാണ് ഒടുങ്ങുന്നത്! ആ അത്തറുകുപ്പികളെപ്പോലെ അവയെല്ലാം എവിടെയെങ്കിലും ഓര്‍മയില്‍പ്പുതഞ്ഞ് കിടപ്പുണ്ടാവണം.
എന്റെ ചെറുപ്പകാലത്ത് അത്തറും സുഗന്ധദ്രവ്യങ്ങളും ഇന്നത്തെപ്പോലെ സുലഭമായിരുന്നില്ല. അത്തറുകടകള്‍ അന്ന് നഗരത്തില്‍ ഏറെയുണ്ടായിരുന്നില്ല. ഉള്ള കടകള്‍തന്നെ തേടിപ്പിടിക്കാന്‍ വിഷമമായിരുന്നു. ഇന്ന് നഗരങ്ങളില്‍ അത്തറുകടകളുടെ തെരുവുകള്‍ തന്നെയുണ്ട്. അവിടെ അത്തറും ഊദും, കൊച്ചുബട്ടണമര്‍ത്തി ശരീരത്തിലേക്ക് സ്‌പ്രേ ചെയ്യുന്ന സുഗന്ധദ്രവ്യങ്ങളും എത്ര വേണമെങ്കിലും കിട്ടും. പഞ്ഞിയില്‍ മുക്കി ഉടയാടകളിലോ ശരീരത്തിലോ പുരട്ടുന്ന അത്തര്‍ അഹമ്മദ്കുട്ടി സാഹിബുമാരുടെ പെട്ടികള്‍ കാലം ചെയ്തു. അതിശയിക്കാതെ വയ്യ. അന്നും പെരുന്നാളുകളും കാനോത്തുകളും അത്തറിന്റെ പരിമളം നിറഞ്ഞതായിരുന്നു. ഈ കൊച്ചു പെട്ടികളാണോ ഇത്രയും
പരിമളം ഈ ആഘോഷങ്ങള്‍ക്കു നല്‍കിയത്.

അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കൈകഴുകിയാലും ചോരയുടെ മണം പോവില്ലെന്ന ഷേക്‌സ്​പിയറിന്റെ മാക്ബത്തിലെ വചനം കേള്‍ക്കുമ്പഴേ നമുക്കറിയാം, വാസ്‌കോ ഡ ഗാമയ്ക്കു മുമ്പേ അത്തര്‍ അറേബ്യയിലുണ്ടായിരുന്നെന്നും ഒരു ശരീരാലങ്കാരദ്രവ്യം എന്നനിലയില്‍ അതിനെ ലോകമെങ്ങും പരത്തിയത് അറബികളാണെന്നും. പൂക്കളുടെ ഈ ദിവ്യാത്മാവിനെ കൊച്ചു പേടകങ്ങളില്‍ ഒരുക്കിയത് അറബികളാവില്ലെങ്കിലും ആ സുഗന്ധത്തെ ലോകമെങ്ങും എത്തിച്ചത് അറബികളായിരിക്കണം. അത്തറിന്റെ ചരിത്രപഥം എനിക്കറിയില്ല. ഏഷ്യന്‍ വംശജരായ അറബികളാണോ ആഫ്രിക്കന്‍ വംശജരായ അറബികളാണോ മധ്യധരണ്യാഴി കടത്തി ഈ പരിമളം യൂറോപ്പില്‍ പരത്തിയത്. ഏതായാലും ഈ സുഗന്ധദ്രവ്യങ്ങള്‍ കയറ്റിയ കപ്പലുകള്‍ എല്ലാ കടലുകളിലും പായ വിടര്‍ത്തിയിരുന്നു. മരുഭൂമി മുറിച്ചുകടന്നു മുന്നേറിയ കാരവനുകളില്‍ ഈ പരിമളം ഉണ്ടായിരുന്നു. സ്‌പെയിനിലേക്കുള്ള മൂറുകളുടെ കടന്നുകയറ്റത്തോടെയായിരിക്കണം യൂറോപ്പില്‍ ഈ സൗഗന്ധികച്ചെപ്പ് തുറന്നത്.

കുപ്പിവളകളും മൈലാഞ്ചിച്ചോപ്പും അത്തറില്‍മുക്കിയ കുട്ടിയുറുമാലും നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് കടല്‍കടന്നെത്തിയ അറബികളാണ്. അതുവരെ സുഗന്ധദ്രവ്യങ്ങള്‍ എന്ന് അന്നും ഇന്നും വിവക്ഷിക്കുന്ന ഇഞ്ചിയും കരുകുളകും ഏലവും കറാമ്പൂവുമെല്ലാം നമ്മുടെ ഭക്ഷണവ്യവസ്ഥയുടെ ഭാഗമായിരുന്നു- താംബൂലഗന്ധ സുഗന്ധംപോലും.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education