ഗാന്ധിജിയും നീലപ്പൊന്മാനും

ഡോ.കെ.രാജശേഖരന്‍ നായര്‍

03 Aug 2012ചെറിയ മഴയുണ്ടായിരുന്നു ഗാന്ധിജയന്തിദിനത്തില്‍ (2 ഒക്‌ടോബര്‍ 2009). അച്ഛന്റെ പഴയ വീടിന്റെ ഒരു ഭാഗം എനിക്കാണ്. ആ ഭാഗത്തെ കുറെ അറ്റകുറ്റപ്പണികള്‍ അത്യാവശ്യമായി നടത്തേണ്ടിവന്നതുകൊണ്ടാണ് അവധിദിവസമായ അന്ന് അവിടേക്കു പോകാന്‍ തയ്യാറായത്. പ്രായോഗികജീവിതത്തെക്കുറിച്ച് അച്ഛനു യാതൊരു താത്പര്യവുമില്ലായിരുന്നു ഒരിക്കലും. നേടാമായിരുന്നു അതിസമ്പന്നത, അദ്ദേഹത്തിനു വേണമായിരുന്നെങ്കില്‍ . അതൊന്നും നേടാതെ ഏറ്റെടുത്ത ജോലികളൊക്കെ അതിപ്രൗഢമായി ചെയ്തുതീര്‍ത്ത് രംഗം വിട്ട (8 മാര്‍ച്ച് 1995) അദ്ദേഹത്തിനു സാധാരണകാര്യങ്ങളിലൊന്നും ശ്രദ്ധയേയില്ലായിരുന്നു. അസാധാരണഭാഗ്യമുണ്ടായിരുന്നതുകൊണ്ട് യാതൊരു ശല്യവുമില്ലാതെ കാലം കഴിഞ്ഞു. ശ്രീബുദ്ധന്റെ മാതിരി സമ്യഗ്ദൃഷ്ടിയും സങ്കല്പവും വാക്കും പ്രവൃത്തിയും ആജീവവും പ്രയത്‌നവും സ്മൃതിയും സമാധിയും (അഷ്ടാംഗമാര്‍ഗം) ജീവിതത്തില്‍ സാധ്യമെന്ന് എനിക്കു കാണിച്ചുതന്നത് അദ്ദേഹമാണ്, എനിക്കത് ചെയ്യാനാവില്ലെങ്കിലും. പക്ഷേ, സാധാരണക്കാരില്‍ ആ സങ്കല്പങ്ങളും പ്രവൃത്തികളും അവശേഷിപ്പിച്ചുപോകുന്നത് പ്രശ്‌നങ്ങളാണ്. കറണ്ടുബില്ലടയ്ക്കണം, വല്ലപ്പോഴും വരുന്ന പൈപ്പുവെള്ളം കയറ്റിനിര്‍ത്തുന്ന ടാങ്കുകളിലെ വാല്‍വ് നേരേ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കണം, വീട്ടിനകവും പുറവും വൃത്തിയാക്കിയിടണം എന്നുള്ള പണികള്‍ക്കന്ന് അച്ഛന് ഒരുപാട് സഹായികളുണ്ടായിരുന്നു. അച്ഛന്‍ അവരോടൊന്നും പറയേണ്ട കാര്യവുമുണ്ടായിരുന്നില്ല. അറിഞ്ഞ് അവര്‍ ചെയ്യും, ചെയ്യണം. അവരൊന്നുമില്ലാത്ത എനിക്ക് കൂലിക്ക് ആള്‍ക്കാരെ നിര്‍ത്താനേയാവൂ. അങ്ങനെ പലതും ആലോചിച്ചുകൊണ്ടാണ് രാവിലെ ശ്രീമതിയുമായി ഇറങ്ങിയത്. എന്തോ ഒരു പ്രത്യേക 'വൈബ്'തോന്നും അവിടേക്കുപോകുമ്പോഴൊക്കെ. ഭാഗ്യത്തിന് ആ മൂഡ് കളയാന്‍ മിക്കപ്പോഴും യാത്രയില്‍ ശ്രീമതി ഒന്നും പറയാറില്ല.

ജോലിക്കാര്‍ കാത്തുനില്ക്കുകയായിരുന്നു. അവര്‍ക്കുള്ള പണികളൊക്കെ പറഞ്ഞുകൊടുത്തിട്ട് അച്ഛന്റെ പഴയ മുറികളൊക്കെ ഒന്ന് അടുക്കാമെന്നു കരുതി. കേരള യൂണിവേഴ്‌സിറ്റിക്കാര്‍ കൊണ്ടുപോകാതെ തിരഞ്ഞുതള്ളിയ ചിതലരിച്ച, പൊടിഞ്ഞ പഴംപേപ്പറുകളും പുസ്തകങ്ങളും മുകളിലത്തെ മുറിയിലെ അലമാരയിലാണ് കെട്ടിയും കെട്ടാതെയുമൊക്കെ വച്ചിരിക്കുന്നത്. നല്ല പുസ്തകങ്ങളെല്ലാം അവര്‍ കൊണ്ടുപോയതുകൊണ്ട് അവ കാറ്റ്‌ലോഗ് ചെയ്ത് ഭദ്രമായി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലായി അദ്ദേഹത്തിന്റെ അമൂല്യമായ ഗ്രന്ഥശേഖരം. (അതു കൊടുത്തതിനും ഞാന്‍ കുറെ പഴി കേട്ടു- എന്തു നല്ലത് ചെയ്താലും അതിനുമുണ്ടാവുമല്ലോ വിമര്‍ശനങ്ങള്‍). തീരെ പൊടിഞ്ഞ കടലാസുകളൊക്കെ അവര്‍തന്നെ ഭദ്രമായി ചണച്ചരടുകൊണ്ട് കെട്ടിവച്ചതായിരുന്നു. അവയില്‍ ചിലത് കെട്ടഴിഞ്ഞു ചിതറിയതൊക്കെ വീണ്ടും ഒന്നു നോക്കി കെട്ടിവയ്ക്കണമെന്ന് മോഹമുണ്ടായിരുന്നു. അവയൊക്കെ ഒന്നു തൊട്ടാല്‍ മതി, പൊടി പാറി ആസ്ത്മ വരാന്‍ .

തനിച്ചിരിക്കുമ്പോള്‍ കൂട്ടുകാരായി ചിലവ വേണമോ എന്നു ശങ്കിച്ച് ഒരു നിമിഷം ആ കോണിപ്പടിയുടെ താഴെ നിന്നു. മുന്‍വശത്തെ ആ മുറികള്‍ ആദ്യമില്ലായിരുന്നു. വീടു വച്ച് വളരെ പിന്നെയാണ് ആ മുറികള്‍കൂടി കെട്ടിയത്. അതിനു മുന്‍പ് കണ്ണാടിമുറിയായിരുന്നു വീടിന്റെ മുഖപ്പ്. വാതിലിലും വലിയ ജനലിലും കണ്ണാടിപ്പാളികളായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ആ മുറി കണ്ണാടിമുറിയായത്. അവിടെനിന്ന് മുറ്റത്തേക്കിറങ്ങാന്‍ മൂന്നു പടികള്‍. തീരെ കുട്ടിക്കാലത്ത് അതിന്റെ പടിക്കല്‍ ഒന്നും ചെയ്യാതെ ഒരുപാടു നേരം ഞാന്‍ വെറുതെയിരിക്കുമായിരുന്നു. 1940-ല്‍ വെറും കാടായിരുന്ന ആ നാട്ടില്‍ ചെന്ന് അച്ഛന്‍ വിശാലമായ ഭൂമി വാങ്ങി അതിനു നടുവില്‍ അന്നത്തെ തോതില്‍ ഒരു പുത്തന്‍ വീട് വച്ചു. ഒരുമാതിരി നിബിഡമായ വൃക്ഷക്കൂട്ടവും അടിനിടയിലെ വീടും അതിലൊരു ഒരു താപസനും. അച്ഛന്‍ ആ വീട്ടിനിട്ട പേര് വേറൊന്നായിരുന്നെങ്കിലും (കേരളപ്രഭ), അച്ഛന്റെ കൂട്ടുകാരനായിരുന്ന ഭാസ്‌കരന്‍ നായര്‍സാറ് (ഡോ. കെ. ഭാസ്‌കരന്‍ നായര്‍, സുവോളജി പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍) പറയുമായിരുന്നു, 'തപോവന'മെന്ന പേരാവും കൂടുതല്‍ ചേരുന്നതെന്ന്. എല്ലാം കൃത്യമായി വെട്ടിമുറിച്ച് അടുക്കിനു വളര്‍ത്തണമെന്ന ആശയക്കാരനായിരുന്നു ഭാസ്‌കരന്‍ നായര്‍സാറ്. എന്റെ ഓര്‍മയില്‍ ഒരിക്കല്‍പ്പോലും കാട് തെളിയിക്കാന്‍ അച്ഛന്‍ അവിടെ ആളെ നിര്‍ത്തിയിട്ടില്ല. മുറ്റം തൂക്കാന്‍ വന്നിരുന്ന എശക്കിഅമ്മാള്‍ അമ്മയോടു നിത്യവും അരമലയാളത്തില്‍ ആവലാതിപ്പെടും, 'അമ്മാ, ഇന്ത പറമ്പിലെ തൂപ്പ് റൊമ്പ തൊന്തരവ്, ഇന്ത കാട്ടുമരമെല്ലാം വെട്ടി തീ പോടാമ്മാ. ദിനവും എനക്ക് വേല കൊറയും.' അത് ഒരിക്കലും നടന്നില്ല. വീട്ടില്‍ ഒരുപാട് ജോലിക്കാര്‍, അവര്‍ നോക്കിക്കൊള്ളും, അടുക്കളപ്പണിയടക്കമുള്ള എല്ലാ കാര്യങ്ങളും.

ഏകാന്തത ഇഷ്ടപ്പെടുന്ന എന്റെ സ്വഭാവം രൂപപ്പെട്ടത് അന്നുതൊട്ടാണ്. എനിക്കു കളിക്കൂട്ടുകാരായി അവിടെ വരാന്‍ വളരെ കുറച്ചു പേരേയുണ്ടായിരുന്നുള്ളൂ. ജഡ്ജിന്റെ വീട്ടില്‍നിന്ന് വരുന്ന രണ്ടു കുട്ടികള്‍, ഒരാണും പെണ്ണും പിന്നെ അവരുടെ അടുത്ത വീട്ടിലെ വേറൊരു കുട്ടിയും. സ്‌കൂളില്‍ പോകാന്‍ നേരത്തു മാത്രം അവര്‍ വരും. അല്ലാത്ത സമയത്തൊക്കെ ഞാന്‍ മാത്രം. കണ്ണാടിമുറിയുടെ പടിക്കല്‍ ഇരിക്കുമ്പോള്‍ സത്യത്തില്‍ ഏകാന്തതയൊന്നും എനിക്കു തോന്നാറില്ലായിരുന്നു. ആ മുറിക്കു മുന്‍പില്‍ എന്നും പൂക്കുന്ന രണ്ടു വലിയ കൊന്നകള്‍. ആ പുരയിടത്തിലില്ലാത്ത ചെടികളും വൃക്ഷങ്ങളും കുറവായിരുന്നു. കൂവളവും അരശും വലിയ മുട്ടന്‍പ്ലാവുകളും രണ്ടു സെന്റോളം സ്ഥലത്തു മുഴുവന്‍ വ്യാപിച്ചുവളര്‍ന്ന പുളിയും സീതപ്പഴച്ചെടികളും വലിയ ആത്തകളും ശീലാന്തിയും മഞ്ചാടിയും കുന്നിയും മൂവാണ്ടന്‍മാവുകളും അശോകവും ഇലഞ്ഞിയും കാട്ടീന്തയും ഇരുവലും പേരയും ജാമ്പയും പഞ്ഞി തരുന്ന ഇലഞ്ഞികളും ഒക്കെ ഉണ്ടായിരുന്നു. മിക്ക വൃക്ഷങ്ങളിലും ഉച്ചിവരെ പടര്‍ന്നുകയറിയ വള്ളികളും. ഗേറ്റില്‍നിന്ന് കാറ് കേറിവരാനുള്ള വഴിയൊഴിച്ച് ബാക്കിയെല്ലായിടവും മരങ്ങളും ചെടികളുമായിരുന്നു. നന്ത്യാര്‍വട്ടവും രാജമല്ലിയും നീലയരളിയും മഞ്ഞയരളിയും പൂച്ചെടിയും തുമ്പയും തുളസിയും മാത്രമല്ല, രണ്ടുമൂന്നടി പൊക്കമുള്ള മൂന്നുനാലു കവരങ്ങളുള്ള കള്ളിയും മുള്ളുമുരുക്കുംവരെ ഉണ്ടായിരുന്നു. ഒരു വുഡ് റോസ് വളര്‍ന്ന് ഓടിന്‍പുറത്തേക്കു കയറി. മുറ്റത്ത് വൈരക്കമ്മലുകള്‍പോലെ ഇലഞ്ഞിപ്പൂക്കള്‍. വെറും പാഴ്‌ചെടിയായ ഉമ്മത്തിനുപോലും നല്ല ഭംഗിയുള്ള പൂക്കളാണ്.

കെട്ടിനു പുറത്തുണ്ടായിരുന്ന ഒരു അരളിച്ചെടി വളര്‍ന്ന് വലിയ ഒരു മരമായി. അതിന്റെ ഇലകളില്‍ ചിലതില്‍ രോമമുള്ള പുഴുക്കളുണ്ടാവും. ചില ഇലകളുടെ അടിയില്‍ രണ്ടുമൂന്നു സെന്റീമീറ്റര്‍ നീളമുള്ള തിളങ്ങുന്ന പല നിറമുള്ള കൊക്കൂണുകളും. അവ നിത്യവും ചെന്നു ഞങ്ങള്‍ നോക്കും, എന്ന് ആ കൊക്കൂണ്‍ പൊളിഞ്ഞ് ചിത്രശലഭങ്ങള്‍ പുറത്തു വരുമെന്ന്. ആ ദിവസങ്ങളില്‍ ഞങ്ങള്‍ അവിടെനിന്ന് മാറാതെ നില്ക്കും, അവയുടെ ഈര്‍പ്പമുള്ള ഒട്ടിപ്പിടിച്ച ചിറകുകള്‍ ഉണങ്ങി വേര്‍പെട്ട് അവ പറന്നുപൊങ്ങുന്നതുവരെ. ഒരിക്കല്‍, ഒരിക്കല്‍ മാത്രം അങ്ങനെ കൊക്കൂണില്‍നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ഒരു കൊച്ചുശലഭത്തിന്റെ ചിറകുകള്‍ ചേര്‍ത്ത് ഒന്നു പിടിച്ചു. കരുതിയതല്ല ആ ഭാഗം എന്റെ കൈയില്‍ ഒട്ടി മുറിഞ്ഞുപോകുമെന്ന്. അതിനുശേഷം ഒരിക്കലും അതു ചെയ്തിട്ടില്ല. ഗേറ്റിനടുത്തുണ്ടായിരുന്ന കാടുപോലെ വളര്‍ന്ന കാട്ടീന്തയില്‍ അന്ന് വേറെയൊരിടത്തും കണ്ടിട്ടില്ലാത്ത വലിയ ഒരു വള്ളിച്ചെടി- പാഷന്‍ഫ്രൂട്ട് ചെടി. അതിന്റെ വലിയ മുഴുത്ത പൂക്കളും കായ്കളും ഗേറ്റിനടുത്തും റോഡിലും വീണുകിടക്കും. വല്ലപ്പോഴും പൂക്കുന്ന കള്ളിയും പാഷന്‍ വള്ളിയുമാണ് എനിക്കേറ്റവും പ്രിയം. മറ്റുള്ളവര്‍ക്ക് ഇഷ്ടം നീലാംബരപ്പൂക്കളും ജമന്തിയും മുല്ലപ്പൂവും പിച്ചിയുമൊക്കെയായിരുന്നു.

യേശുക്രിസ്തുവിന്റെ പുണ്യപുഷ്പമെന്നാണ് പാഷന്‍പൂവ് കരുതപ്പെടുന്നത്. അതിന്റെയുള്ളിലെ പൂന്തൊത്തുകള്‍ ക്രിസ്തുദേവന്റെ തലയ്ക്കു ചുറ്റുമുള്ള പ്രഭാവലയവും. (പാഷന്‍പൂവിന് 'പഞ്ചപാണ്ഡവപ്പൂ'വെന്ന് വേറൊരു പേരുകൂടിയുണ്ട്. നൂറു കൗരവന്മാര്‍ ചുറ്റിലും അഞ്ചു പാണ്ഡവന്മാര്‍ നടുക്കും).

കണ്ണാടിമുറിയുടെ പടിയിലിരുന്നാല്‍ മുന്‍വശത്തു വരുന്ന കിളികളെ കാണാം. അവയ്ക്ക് ഞങ്ങളെ ഒരു പേടിയുമില്ലായിരുന്നു. കരിയിലക്കിളിയും ഉപ്പനും പൊന്മാനും കുരുവിയും പലതും മുറ്റത്തോ മതിലിലോ ചെടിക്കമ്പുകളിലോ വന്നിരിക്കും. കലപില ചിലയ്ക്കും. ചിലതു കൊത്തുകൂടും. മുറ്റത്തേക്ക് ഇട്ടുകൊടുക്കുന്ന അരിമണികള്‍ കൊത്തിപ്പെറുക്കാന്‍ തീരെ അടുത്തുവരെ വരും. ചിലതൊന്നും ഇരുന്നുകണ്ടിട്ടേയില്ല.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education