പ്രവാചകഃ ബലദേവാനന്ദ സാഗരഃ

സി.ശ്രീകാന്ത്‌

31 Jul 2012

പഴയ റേഡിയോ പെട്ടിയുടെ സ്റ്റേഷന്‍ സൂചി എല്ലാ വൈകുന്നേരങ്ങളിലും കൃത്യസമയത്ത് ആ പോയിന്റില്‍ വന്നുനിന്നു. ഡല്‍ഹി നിലയത്തില്‍നിന്ന് അപ്പോള്‍ ഗംഭീര ശബ്ദത്തില്‍ വേദഭാഷ ഇന്ത്യയൊട്ടാകെ കേട്ടു- ''സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ''. സംസ്‌കൃതം അറിയാത്തവര്‍പോലും ഒരു ശീലമെന്നപോലെ ആകാശവാണിയിലേക്ക് കാത് കൂര്‍പ്പിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി വൈകുന്നേരങ്ങളിലെത്തുന്ന സംസ്‌കൃത വാര്‍ത്ത റേഡിയോ ഓര്‍മകളുടെ ഭാഗമായത് അങ്ങനെയാണ്. ഇതിനുപിന്നിലെ വാര്‍ത്താവതാരകന്‍ ബലദേവാനന്ദ സാഗര്‍ ഇന്നും അത് തുടരുന്നു. സ്വരംകൊണ്ട് മലയാളികള്‍ക്ക് പരിചിതനായ ഇദ്ദേഹം കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി. അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ബലദേവാനന്ദ സാഗര്‍.

കഴിഞ്ഞ 38 വര്‍ഷമായി ആകാശവാണി ദില്ലി നിലയത്തിലൂടെയും പത്തുവര്‍ഷത്തോളമായി ദൂരദര്‍ശനിലൂടെയും കേള്‍ക്കുന്ന ഇദ്ദേഹത്തിന്റെ ശബ്ദം ഇന്ന് സംസ്‌കൃത ഭാഷയുടെതന്നെ പര്യായമാണ്. സംസ്‌കൃത പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സംസ്‌കൃതഭാരതി' യെന്ന സംഘടനയുടെ ഡല്‍ഹി അധ്യക്ഷനാണ് ഇദ്ദേഹം.

കേരളത്തില്‍ സംസ്‌കൃത ഭാഷയ്ക്ക് വേണ്ടത്ര പ്രധാന്യം കിട്ടുന്നില്ലെന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ''പാഠ്യപദ്ധതിയില്‍പ്പോലും ഈ പ്രൗഢഭാഷ നിര്‍ബന്ധമല്ലെന്നതാണ് അവസ്ഥ. മറ്റു പല സംസ്ഥാനങ്ങളിലും പാഠ്യപദ്ധതികളില്‍ രണ്ടാം ഭാഷ സംസ്‌കൃതമാണ്. കേരളത്തില്‍ സംസ്‌കൃത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയം കഴിഞ്ഞു. ഭാരതീയരായ നാം സംസ്‌കൃതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്'' - അദ്ദേഹം പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഗസ്റ്റ് അധ്യാപകന്‍ കൂടിയായ ബലദേവാനന്ദന്റെ ജീവിതം തന്നെ സംസ്‌കൃതഭാഷയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ദൂരദര്‍ശനും ആകാശവാണിക്കും വേണ്ടി നിരവധി സംസ്‌കൃത നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ്.

പുത്തന്‍ വാക്കുകളും പ്രയോഗങ്ങളുമൊക്കെ വേദഭാഷയിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് ഇപ്പോള്‍ ബലദേവാനന്ദ സാഗര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നിരവധി ഇംഗ്ലീഷ് സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ സംസ്‌കൃതം ഇദ്ദേഹമുണ്ടാക്കി. ഇന്റര്‍നെറ്റ് - അന്തര്‍ജാല, മൊബൈല്‍ഫോണ്‍ - ജംഗമദൂര ഭാഷ, ഇ-മെയില്‍- വൈദ്യുതപത്ര, സ്മാര്‍ട്ട് കാര്‍ഡ്- സ്മാര്‍ത്തപത്ര ഇങ്ങനെ നീളുന്നു ഇദ്ദേഹം സംഭാവനചെയ്ത പുതു സംസ്‌കൃതപദങ്ങള്‍. ദില്ലി നിലയത്തിനും മലയാളികളുടെ വൈകുന്നേരങ്ങള്‍ക്കുമിടയിലെ അകലം കുറച്ച ഈ ശബ്ദം ഇന്നും മുഴങ്ങുകയാണ്; വേദഭാഷയ്ക്കും ദൈനംദിന ജീവിതത്തിനുമിടയിലെ അകല്‍ച്ച കുറയ്ക്കാനും ഭാരതസംസ്‌കൃതി മടക്കിക്കൊണ്ടുവരാനുമായി.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education