മോണിക്കാ സെലസ് നോവലെഴുതുന്നു

പി.എസ്. കൃഷ്ണകുമാര്‍

14 Jun 2013

1990-ല്‍ പതിനാറാം വയസ്സില്‍ റോളണ്ട് ഗാരോയില്‍ ലോക ഒന്നാംനമ്പര്‍താരം സ്റ്റെഫിഗ്രാഫിനെ വീഴ്ത്തി ഫ്രഞ്ച്ഓപ്പണ്‍ കിരീടം, കുറഞ്ഞപ്രായത്തില്‍ ഈ കിരീടം നേടിയ റെക്കോഡ്, പിന്നെ വിസ്മയവേഗത്തില്‍ കരിയര്‍ഗ്രാഫിന്റെ ഉയര്‍ച്ച, ഇതിനിടെ ടെന്നീസ് മൈതാനത്തില്‍നിന്നുണ്ടായ ആക്രമണത്തിനിടെ കത്തിക്കുത്തില്‍ മുതുകിനേറ്റ പരിക്ക്, തുടര്‍ന്ന് അര്‍ബുദബാധയുടെ സൂചനകള്‍, ദീര്‍ഘകാലം നീണ്ടുനിന്ന ചികിത്സമൂലം കരിയര്‍തന്നെ നിലച്ച അവസ്ഥ, ഇപ്പോഴിതാ എഴുത്തുകാരിയായി വീണ്ടും മുഖ്യധാരയിലേക്ക്...

ഇത് മോണിക്കാ സെലസ് എന്ന ടെന്നീസ് വിസ്മയത്തിന്റെ ജീവിതഗാഥകള്‍. ടെന്നീസ് രംഗത്തുനിന്ന് ഏറെ അകന്ന 39-കാരിയായ മോണിക്ക ഇപ്പോള്‍ രചനയുടെ ലോകത്താണ്. ഒരു ടെന്നീസ് അക്കാദമിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇവര്‍ എഴുതുന്ന നോവലിന്റെ വിഷയം. 'ദി അക്കാദമി ഗെയിം ഓണ്‍' എന്നാണ് പുസ്തകത്തിന്റെ പേര്. ''ഈ രചനാവഴികള്‍ എനിക്ക് ഏറെ ആശ്വാസം നല്‍കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും കുറിച്ചുള്ള അവബോധം ഇപ്പോള്‍ എനിക്കുണ്ട്. ജീവിതം ഒട്ടനവധി പ്രശ്‌നങ്ങളാണ് നമുക്ക് വെച്ചുനീട്ടുന്നത്. അവ ഭംഗിയായി കൈാര്യംചെയ്യാന്‍ ഞാനിപ്പോള്‍ പഠിച്ചുകഴിഞ്ഞു'' - ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മോണിക്ക പറഞ്ഞു.

''അതെ, നഡാല്‍ കരിയറിലെ എട്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും സെറീന വില്യംസ് രണ്ടാം ഫ്രഞ്ച്കിരീടവും നേടുമ്പോള്‍ മുന്‍കാല ഒന്നാംനമ്പര്‍ ടെന്നീസ്താരമായ ഞാന്‍ എന്റെ രണ്ടാമത്തെ പുസ്തകം രചിക്കുകയാണ്. ഇത് ജീവിതം കാണിച്ചുതരുന്ന വിരോധാഭാസമാകാം''- മോണിക്ക വികാരാധീനയായി പറയുന്നു. സ്‌കോളര്‍ഷിപ്പിന്റെയും മറ്റും പിന്‍ബലത്തില്‍ ഒരു ടെന്നീസ് സ്‌കൂള്‍ അക്കാദമിയില്‍ കയറി ഉയരങ്ങള്‍ കീഴടക്കുന്ന 12-കാരിയായ മായയാണ് നോവലിലെ മുഖ്യ കഥാപാത്രം. തന്റെ ജീവിതത്തോട് സാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് മോണിക്ക ഈ നോവലില്‍ വരച്ചുകാട്ടുന്നത്. ജെയിംസ് ലാറോന്‍ എന്ന ഒരാളോടൊപ്പം ചേര്‍ന്നാണ് മോണിക്ക പുസ്തകം രചിക്കുന്നത്. കഠിനാധ്വാനംചെയ്ത് അര്‍പ്പണബോധത്തോടെ കളിച്ചാല്‍ ടെന്നീസില്‍ ഉയരങ്ങള്‍ കീഴടക്കാമെന്ന സന്ദേശമാണ് മോണിക്ക ഈ പുസ്തകത്തിലൂടെ നല്‍കുന്നത്.

രോഷത്തിന്റെ ചോരപ്പാടുകള്‍

20 വര്‍ഷംമുമ്പ് നടന്ന ആ സംഭവം ഇപ്പോഴും സെലസിന്റെ ഓര്‍മയിലുണ്ട്. തന്റെ കരിയര്‍തന്നെ അപകടത്തിലാക്കിയ ആ സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും അവരുടെ വാക്കുകളില്‍ തൊട്ടറിയാനാവും.

1993-ല്‍ ആയിരുന്നു അത്. ഏപ്രില്‍ 30-ന് മോണിക്ക ഹാംബര്‍ഗില്‍ മത്സരത്തില്‍ കളിക്കുകയായിരുന്നു. സെറ്റുകള്‍ക്കിടെയുള്ള ഇടവേളയില്‍ വിശ്രമിക്കാനായി കസേരയിലിരിക്കവെ, പൊടുന്നനെയാണ് അവിടെവെച്ചിരുന്ന പരസ്യബോര്‍ഡുകള്‍ തട്ടിമാറ്റി ഒരാള്‍ അടുത്തേക്ക് ചാടിയെത്തിയത്. ഊരിപ്പിടിച്ച കത്തി അയാള്‍ മോണിക്കയുടെ മുതുകില്‍ കുത്തി. ഒന്നര ഇഞ്ചോളം കത്തി ആണ്ടിറങ്ങി. പിന്നെ ബഹളമായി. നിലവിളികളായി. മോണിക്കയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയെല്ലാം ചരിത്രമാണ്. നിര്‍ഭാഗ്യവതിയായ ഒരു ലോക ഒന്നാംനമ്പര്‍ താരത്തിന്റെ തകര്‍ന്ന കരിയറിന്റെ ജീവന്മരണ പോരാട്ടത്തിന്റെ കഥകള്‍.

ഗുന്തര്‍പാഷെ എന്ന ജര്‍മന്‍കാരനാണ് സെലസിനെ കുത്തിയത്. സ്റ്റെഫിഗ്രാഫിന്റെ കടുത്ത ആരാധകനായിരുന്ന ഇയാള്‍ മോണിക്ക ലോക ഒന്നാംനമ്പര്‍ താരമായതിന്റെ രോഷം തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലെ സത്യം എന്തായാലും പിന്നീടങ്ങോട്ട് മോണിക്ക സെലസിന്റെ ദുരിതകാലമായിരുന്നു. 2009-ല്‍ മോണിക്ക രചിച്ച ആത്മകഥയായ 'ഗെറ്റിങ് എ ഗ്രിപ്പി'ല്‍ ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതിയിട്ടുണ്ട്.

അച്ഛന്റെ മരണം മറ്റൊരു ആഘാതം

ചികിത്സയില്‍നിന്നും കത്തിക്കുത്തിന്റെ ആഘാതത്തില്‍നിന്നും രക്ഷപ്പെട്ട് കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ മോണിക്ക രണ്ടുവര്‍ഷമെടുത്തു. പിന്നീട് ചില ടൂര്‍ണമെന്റുകളൊക്കെ കളിച്ചെങ്കിലും ഒരിക്കലും ഒന്നാംസ്ഥാനത്തേക്കുയരാനായില്ല. 1998-ല്‍ അടുത്ത ആഘാതം അവരെ തേടിയെത്തി. പിതാവും പരിശീലകനും സര്‍വോപരി ഉറ്റ സുഹൃത്തുമായ കരോലി അര്‍ബുദംബാധിച്ച് മരിച്ചു. ഈ സംഭവം അവരെ വീണ്ടും ഉലച്ചു. ജീവിതചിട്ടകള്‍ തെറ്റിയതുമൂലമുണ്ടായ അമിതവണ്ണം അവരെ വീണ്ടും പ്രശ്‌നക്കടലിലാക്കി. ഇതിനിടയിലും 1996-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത് സെലസിന്റെ കരിയറിലെ വെള്ളിരേഖയായി. പക്ഷേ, ആ നേട്ടം അധികം നീണ്ടുനിന്നില്ല. സെലസ് ആരവമുയരുന്ന കളിക്കളം വിട്ടു. പിന്നെ ചില ചടങ്ങുകളിലും മറ്റും പങ്കെടുത്തെങ്കിലും മെല്ലെമെല്ലെ അവരെക്കുറിച്ചുള്ള വിശേഷങ്ങള്‍ ആരും കേള്‍ക്കാതായി...
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education