ആഫ്രിക്ക എന്തെന്നറിയിച്ച അച്ചെബി

23 Mar 2013

അബുജ: ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചിന്‍വാ അച്ചെബി (82) ബോസ്റ്റണില്‍ അന്തരിച്ചു. 1990 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ഒരു കാറപകടത്തെത്തുടര്‍ന്ന് അരയ്ക്കുകീഴെ തളര്‍ന്ന അവസ്ഥയിലായിരുന്നു. 1958-ല്‍ പ്രസിദ്ധപ്പെടുത്തിയ 'തിങ്‌സ് ഫാള്‍ എപ്പാര്‍ട്ട്' അടക്കം 20ലധികം നോവലുകള്‍ രചിച്ചിട്ടുണ്ട്. 50 ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത തിങ്‌സ് ഫാള്‍ എപ്പാര്‍ട്ട് മലയാളത്തില്‍ 'സര്‍വവും ശിഥിലമാവുന്നു' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'നോ ലോങ്ങര്‍ അറ്റ് ഈസ്', 'ആരോ ഓഫ് ഗോഡ്', 'മാന്‍ ഓഫ് ദ പീപ്പ്ള്‍ ആന്റ് ഹില്‍സ് ഓഫ് സാവന്ന' എന്നിവയാണ് മറ്റ് പ്രധാന രചനകള്‍. 2007-ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ അധ്യാപകനായിരുന്നു.

ആഫ്രിക്ക എന്തെന്നറിയിച്ച അച്ചെബി
നൈജീരിയയിലെ അബുജ വിമാനത്താവളത്തിന് വെളിയില്‍ നാലുകൊല്ലം മുമ്പുള്ള ഫിബ്രവരിയിലെ ഒരു പ്രഭാതത്തില്‍ വാദ്യഘോഷങ്ങളോടെ ജനം തടിച്ചുകൂടി. ഏതെങ്കിലും രാഷ്ട്രനേതാവിനെയോ ചലച്ചിത്രതാരത്തെയോ റോക്ക് ഗായകനെയോ സ്വീകരിക്കാനായിരുന്നില്ല അത്. അമേരിക്കയില്‍ നിന്ന് ജന്മനാട്ടിലെത്തുന്ന പ്രിയപ്പെട്ട സാഹിത്യകാരനെ, ചിന്‍വാ അച്ചെബിയെ എതിരേല്ക്കാനെത്തിയതായിരുന്നു അവര്‍. 1990-ല്‍ കാറപകടത്തില്‍പ്പെട്ട് അരയ്ക്കുതാഴെ തളര്‍ന്നുപോയ അച്ചെബിയുടെ രണ്ടാം മാതൃരാജ്യ സന്ദര്‍ശനമായിരുന്നു അത്. അതായിരുന്നു, 'ആഫ്രിക്കയെ പുറംലോകത്തെ അറിയിച്ചയാളെ'ന്ന് നെല്‍സണ്‍ മണ്ടേല വിളിച്ച അച്ചെബിയുടെ അവസാന നൈജീരിയാ സന്ദര്‍ശനം.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അടിമത്തത്തില്‍നിന്ന് സ്വതന്ത്രമാകാന്‍ ആഫ്രിക്ക തയ്യാറെടുത്തുകൊണ്ടിരുന്ന അമ്പതുകളിലാണ് അച്ചെബി എഴുത്തുതുടങ്ങിയത്. ജോസഫ് കാന്റഡിനെയും ജോയ്‌സ് കാരിയെയും പോലുള്ളവരുടെ ആഫ്രിക്കയെപ്പറ്റിയുള്ള രചനകള്‍ ആ ഭൂഖണ്ഡത്തിന്റെ നേരെഴുത്തുകളല്ലെന്ന തോന്നലായിരുന്നു അതിനുള്ള പ്രചോദനം. 1958-ല്‍ ആദ്യ നോവല്‍ പുറത്തെത്തി. ഇംഗ്ലീഷ് ഭാഷയിലായിരുന്നു രചന. സ്വന്തം വംശത്തിന്റെ സാംസ്‌കാരിക അതിജീവനപ്പോരാട്ടത്തിന്റെ കഥപറഞ്ഞ 'തിങ്‌സ് ഫോള്‍ എപ്പാര്‍ട്ട്' എന്ന ആ നോവല്‍ മലയാളമുള്‍പ്പെടെ അമ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അഡിച്ചിയെപ്പോലുള്ള പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരുടെ പ്രചോദനവും ഊര്‍ജവും അച്ചെബയാണ്.

ഇഗ്‌ബോ വംശത്തിന്റെ ചരിത്രവും ആചാരങ്ങളും ജീവിതരീതിയും ഉമുവോഫിയ എന്ന ഗ്രാമത്തിലെ തലവനും ഗുസ്തി ചാമ്പ്യനുമായ ഒകോങ്‌ക്വോ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അനാവൃതമാവുകയാണ് നോവലില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കോളനി സ്ഥാപിച്ചെത്തിയ ബ്രിട്ടനും ക്രിസ്ത്യന്‍ മിഷനറിമാരും ഇഗ്‌ബോ വംശജരുടെ സാംസ്‌കാരത്തെയും ജീവിതത്തെയും കളങ്കപ്പെടുത്തിയതെങ്ങനെയെന്നതിന്റെ വ്യക്തമായ ചിത്രമുണ്ടതില്‍. അധിനിവേശങ്ങള്‍, അതിന്നിരയാകുന്നവരുടെ മനോവീര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ നേര്‍പകര്‍പ്പുണ്ടിതില്‍. തന്റെ അഭാവത്തില്‍ ഗ്രാമത്തെ വിഴുങ്ങിയ, ആചാരങ്ങളെ നശിപ്പിച്ച വെള്ളക്കാരെ നേരിടാനെത്തിയ ഒകോങ്‌ക്വോയുടെ മനസ്സ് മുറിപ്പെടുത്തിയത് സ്വരക്ഷയ്ക്കായി പോരാടാന്‍ പോലും മറന്നുപോയ സ്വന്തം ജനതയായിരുന്നു. ഒരു വെള്ളക്കാരനെ കൊന്നുപോയെന്ന കുറ്റത്തിന് കാത്തിരിക്കുന്ന വിചാരണയും വിധിയും ഏറ്റുവാങ്ങാന്‍ നില്ക്കാതെ ജീവനൊടുക്കിയ ഒകോങ്‌ക്വോ സ്വന്തം ജനതയ്ക്കിടയില്‍ വീണ്ടും പരിത്യക്തനായി. ജീവിക്കാന്‍ വയ്യാതായാലും ജീവനൊടുക്കരുതെന്ന ഇഗ്‌ബോ പാരമ്പര്യം പാലിക്കാതെ കുലത്തെ മാനംകെടുത്തിയവന്‍ എന്ന പേര് പേറാനായിരുന്നു അയാളുടെ വിധി.

സ്വന്തം ജനത്തിന്റെ കഥയേ എന്നും പറയൂ എന്നത് അച്ചെബിയുടെ നിശ്ചയമായിരുന്നു. ക്രിസ്ത്യന്‍ മിഷനിറിമാരാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഇഗ്‌ബോയായിരുന്നു അച്ചെബിയുടെ പിതാവ് ഇസയ്യ ഒകാഫോ അച്ചെബി. പക്ഷേ, നൈജീരിയയുടെ തനത് ദൈവങ്ങളുടെ ആരാധാനാലയത്തിന്റെ സൂക്ഷിപ്പുകാരനായ വല്യമ്മാവനായിരുന്നു അച്ചെബിയുടെ ആദരം നേടിയത്. വെള്ളക്കാരുടെ അധിനിവേശം നാട്ടുകാരുടെ ജീവിതം മാറ്റിയതെങ്ങനെയെന്ന് അതനുഭവിച്ചവരില്‍നിന്ന് നേരിട്ടുകേട്ടറിയാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയില്‍പ്പെട്ടയാളായിരുന്നു അച്ചെബി. അദ്ദേഹത്തിന്റെ രചനകളെ തെളിമയുള്ളതാക്കിയതും ആ അനുഭവവിവരണങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ഉള്‍ച്ചൂടായിരുന്നു.

'തിങ്‌സ് ഫോള്‍ എപ്പാര്‍ട്ടി'നു പിന്നാലെ നോവലുകളും ലേഖനങ്ങളും കവിതകളുമായി ഇരുപതിലേറെ രചനകള്‍ അദ്ദേഹത്തിന്‍േറതായിറങ്ങി. രാഷ്ട്രീയക്കാരെയും നൈജീരിയന്‍ ഭരണനേതൃത്വത്തെയും നിശിതമായി വിമര്‍ശിക്കുന്നവയായിരുന്നു പലതും.

2007-ല്‍ അച്ചെബിക്ക് മാന്‍ ബുക്കര്‍ സമ്മാനം നല്കിയ ജഡ്ജിങ് കമ്മിറ്റിയംഗമായിരുന്ന ദക്ഷിണാഫ്രിക്കന്‍ നൊബേല്‍ സമ്മാന ജേതാവ് നാദിന്‍ ഗോഡിമറാണ് 'ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവെ'ന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എഴുത്തിന്റെ വഴിയില്‍ ഒട്ടേറെ നേട്ടങ്ങള്‍ തേടിയെത്തിയപ്പോഴും ജന്മനാടിന്റെ പരമോന്നത ബഹുതിയായ 'കമാന്‍ഡര്‍ ഓഫ് ദി ഫെഡറല്‍ റിപ്പബ്ലിക്' സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അതിന്റെ വളര്‍ച്ചകാട്ടാതെ കലഹങ്ങളിലും കലാപങ്ങളിലും ആണ്ടുപോകുന്ന മാതൃരാജ്യത്തെ കണ്ടുള്ള മനോവേദന പരസ്യമായി പ്രകടിപ്പിച്ചാണ് രണ്ട് തവണ സര്‍ക്കാര്‍ ശ്രമിച്ചിട്ടും ബഹുമതി അദ്ദേഹം നിഷേധിച്ചത്.

ഒടുവില്‍ സ്വന്തന്ത്ര നൈജീരിയ കണ്ട ഏറ്റവും വലിയ രക്തരൂഷിത പോരാട്ടത്തിന്റെ ചരിത്രം രചിച്ചാണ് അച്ചെബി വിടവാങ്ങുന്നത്. മൂന്നാണ്ട് നീണ്ടുനിന്ന, 10 ലക്ഷത്തിലേറെപ്പേരെ കുരുതികൊടുത്ത ബയാഫ്രന്‍ യുദ്ധത്തെക്കുറിച്ചെഴുതി 'ദേര്‍ വാസ് എ കണ്‍ട്രി'യാണ് അദ്ദേഹത്തിന്റെ ഒടുവിലെ രചന. 2012-ല്‍ അത് പുറത്തിറങ്ങി.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education