യുവതലമുറയ്ക്ക് പ്രചോദനമായി സൈനയുടെ ആത്മകഥ

പി.എസ്. കൃഷ്ണകുമാര്‍

24 Nov 2012

റാക്കറ്റേന്തി ചടുലമായ ചുവടുകളുടെ നേട്ടം എത്തിപ്പിടിക്കുന്ന യുവതലമുറയെയാണ് രാജ്യത്തിനാവശ്യം. അത്തരമൊരു തലമുറയ്ക്ക് പ്രചോദന മേകുകയാണ് എന്റെ ജീവിതലക്ഷ്യം. ആത്മകഥയുടെ അവതാരികയില്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ ഒളിമ്പ്യന്‍ സൈനാ നേവാള്‍ വീണ്ടും വിസ്മയമാകുകയായിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലനേട്ടം എത്തിപ്പിടിച്ച സൈന പക്ഷേ, ജീവിതാനുഭവങ്ങളുടെ തീച്ചൂളകളാണ് പുസ്തകത്തിലൂടെ തുറന്നിടുന്നതെന്ന് നിരൂപകര്‍ പറയുന്നു. 'പ്ലെയിങ് ടു വിന്‍, മൈ ലൈഫ് ഓണ്‍ ആന്‍ഡ് ഓഫ് കോര്‍ട്ട്' എന്നു പേരിട്ടിരിക്കുന്ന പുസ്തകം കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.

''എനിക്കുറപ്പാണ് എല്ലാവര്‍ക്കും പുസ്തകം ഇഷ്ടപ്പെടും. യുവതലമുറയ്ക്ക് ഈ പുസ്തകം ഇഷ്ടപ്പെടുമെന്നും അത് അവര്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ചടങ്ങിന്റെ ഭാഗമായിനടത്തിയ മുഖാമുഖത്തില്‍ സൈന പറഞ്ഞു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ചടങ്ങിലുടനീളം നിറഞ്ഞുനിന്ന സൈനയെ അഭിവാദ്യം ചെയ്യാനും അഭിനന്ദിക്കാനും ടെന്നീസ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരക്കു കൂട്ടുകയായിരുന്നു.

താര നിബിഡമായിരുന്നു ചടങ്ങ്. ഷൂട്ടിങ് താരം ഒളിമ്പ്യന്‍ ഗഗന്‍ നരങ്ങ്, ബാഡ്മിന്റണ്‍ താരം പി. കശ്യപ് തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങിനെത്തി.

ആഖ്യാനരീതിയുടെ വ്യത്യസ്തതകൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത മത്സരങ്ങളില്‍ കോര്‍ട്ടുകളില്‍ തനിക്കനുഭവിക്കേണ്ടിവന്ന മാനസിക സമ്മര്‍ദങ്ങളും അവയെ അതിജീവിച്ച രീതികളും സൈന പുസ്തകത്തില്‍ വിവരിക്കുന്നു. വായിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രചോദനം പകരുമെന്നാണ് നിരൂപകവാദം. ലോക മൂന്നാം നമ്പര്‍ താരം സൈനാ നേവാള്‍ തന്നെയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം.

കളിയില്‍ നിന്ന് വിരമിച്ചാല്‍ പിന്നെ താന്‍ ആരായിരിക്കും എന്നതിനെക്കുറിച്ചും തന്നെ താനാക്കിയവരെക്കുറിച്ചും ചടങ്ങിലും പത്ര സമ്മേളനത്തിലും സൈന വിശദീകരിച്ചു. ബാഡ്മിന്റണ്‍ കരിയര്‍ അവസാനിച്ചാല്‍ പൊതു പ്രവര്‍ത്തകയാകാനാണ് താത്പര്യമെന്നാണ് സൈന പറയുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സൈന ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

''വിജയങ്ങള്‍ എത്തിപ്പിടിക്കുന്നതാണ് കളിയില്‍ തന്നെ മുന്നോട്ടുനയിച്ച ഏറ്റവും വലിയ പ്രചോദനമെന്ന് സൈന പറയുന്നു.'' മികച്ച വിജയങ്ങള്‍ എത്തിപ്പിടിക്കുമ്പോള്‍ അത് ദിവസേനയെന്നോണം കൂടുതല്‍ കൂടുതല്‍ മികവ് ആര്‍ജിക്കുന്നതിന് കാരണമാകുന്നു. തന്റെ അമ്മയും മുഖ്യപരിശീലകന്‍ പുല്ലേല ഗോപീചന്ദുമാണ് തന്നെ താനാക്കിയവര്‍ എന്നും സൈന ഈ വേളയില്‍ ഓര്‍മിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാമര്‍ശങ്ങളും തെളിവുകളും പുസ്തകത്തില്‍ സൈന പ്രതിപാദിക്കുന്നുണ്ട്.

''എന്നെ ബാഡ്മിന്റണ്‍ രംഗത്തേക്ക് എത്തിച്ചതും മികച്ച വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ പ്രചോദനം നല്‍കിയതും അമ്മയാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും നിലപാടുകളുമാണ് ഈ രംഗത്ത് എനിക്ക് ശക്തിപകര്‍ന്നത്. എന്നെ പ്രോത്സാഹിപ്പിച്ചതും വിലയേറിയ പാഠങ്ങള്‍ പറഞ്ഞുതന്നതും ഗോപീചന്ദ് സാറാണ്. ഇവരാണ് സൈന നേവാള്‍ എന്ന താരത്തെ സൃഷ്ടിച്ചത്.'' സൈന പറയുന്നു.

ക്രിക്കറ്റിനെപോലെ ബാഡ്മിന്റണ്‍ ഉള്‍പ്പെടെയുള്ള മറ്റു കളികളെ കൂടുതല്‍ പ്രശസ്തമാക്കുക എന്നതും തന്റെ ദൗത്യമാണെന്ന് സൈന കരുതുന്നുണ്ട്.

Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education