എം.ടി.വാസുദേവന്‍ നായര്‍ക്ക് കെ.പി.കേശവമേനോന്‍ പുരസ്‌കാരം സമ്മാനിച്ചു

10 Nov 2012

ആലത്തൂര്‍ : തരൂര്‍ കെ.പി.കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്റെ കെ.പി.കേശവമേനോന്‍ പുരസ്‌കാരം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു.

ഐക്യകേരളശില്പിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി.കേശവമേനോന്റെ ജന്മനാട്ടില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയിലായിരുന്നു പുരസ്‌കാരസമര്‍പ്പണം.

കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെയും ആധുനിക മലയാളപത്രപ്രവര്‍ത്തനത്തിന്റെയും കുലപതിയായിരുന്നു കെ.പി. കേശവമേനോനെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഞ്ചുരൂപവീതം ഷെയര്‍പിരിച്ച് ദേശീയപ്രസ്ഥാനത്തിന്റെ മുഖപത്രമായാണ് കേശവമേനോന്‍ മാതൃഭൂമി തുടങ്ങിയത്.

ഒരുഘട്ടത്തില്‍ ഹൈക്കമ്മീഷണര്‍സ്ഥാനം വേണ്ടെന്നുവെച്ച് മാതൃഭൂമിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത കര്‍മധീരന്‍. കേശവമേനോന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ വാസുദേവന്‍നായര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വി.എസ്. പറഞ്ഞു.

അപ്രിയസത്യങ്ങള്‍ പറയുന്ന നിര്‍ഭയനായ നേതാവും ദാര്‍ശനികനായ പത്രാധിപരുമായിരുന്നു കെ.പി. കേശവമേനോനെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി.പി. മുഹമ്മദ് എം.എല്‍.എ. പറഞ്ഞു. കെ.പി. കേശവമേനോന്റെ 34-ാം ചരമവാര്‍ഷികത്തില്‍ നടത്തിയ ചടങ്ങില്‍ മാതൃഭൂമി തൃശ്ശൂര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി.

കെ.പി.കേശവമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ അഭയനാഥ്മാരാരുടെ അഷ്ടപദിയോടെയാണ് ചടങ്ങ് തുടങ്ങിയത്. തരൂര്‍പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത അധ്യക്ഷയായി. പുരസ്‌കാരത്തെക്കുറിച്ച് ജൂറി ചെയര്‍മാന്‍ മുണ്ടൂര്‍ സേതുമാധവന്‍ വിശദീകരിച്ചു. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ., ജൂറി അംഗങ്ങളായ ഡോ.പി. മുരളി, വി.കെ. ഭാമ, ഗ്രാമപ്പഞ്ചായത്തംഗം കെ. ചന്ദ്രിക, കോമ്പുക്കുട്ടിമേനോന്‍സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് ടി.കെ. ദാമോദരന്‍കുട്ടി, വിവേകാനന്ദ ആര്‍ട്‌സ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് എക്‌സിക്യുട്ടീവംഗം കെ. കൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി ഇ.പി. ചിന്നക്കുട്ടന്‍ നന്ദിയും പറഞ്ഞു.

പുരസ്‌കാരം ഏറ്റവും വലിയ ബഹുമതി - എം.ടി

ആലത്തൂര്‍: കെ.പി.കേശവമേനോനെന്ന മഹാരഥന്റെ പേരിലുള്ള പുരസ്‌കാരം ജീവിതത്തിലെ ഏറ്റവുംവലിയ ബഹുമതിയെന്ന് എം.ടി. വാസുദേവന്‍നായര്‍.
തരൂര്‍ കെ.പി.കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.
22 വര്‍ഷം തന്റെ പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പങ്കുവെച്ചാണ് എം.ടി. തുടങ്ങിയത്. ഒരുവേള വികാരാധീനനായി.

'കേശവമേനോന്‍ തനിക്ക് പത്രാധിപര്‍ മാത്രമല്ല. ആദ്യമായി ജോലിതന്ന് ജീവിതത്തിലേക്കും എഴുത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ ഒരു രക്ഷിതാവ്. വേദനിക്കുന്നവര്‍ക്ക് എന്നും സാന്ത്വനമേകിയ മനുഷ്യസ്‌നേഹി.' ഏറെ പുരസ്‌കാരങ്ങള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍, എന്റെ രക്ഷിതാവിന്റെ പേരിലുള്ള ഈ പുരസ്‌കാരം ഏറ്റവുംവലിയ ബഹുമതിയായി കരുതുന്നെന്നും എം.ടി പറഞ്ഞു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education