മാതൃഭൂമി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്ക്‌

03 Nov 2012


കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഡോ. എം. ലീലാവതി, ദേശീയവും വിദേശീയവുമായ കവിത, നോവല്‍, ചെറുകഥ, വേദാന്തം, ഇതര സാഹിത്യശാഖകള്‍ എന്നിവയെ മുന്‍നിര്‍ത്തി വേറിട്ട നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്. അധ്യാപനമേഖലയിലെ അനുകരണീയമായ ശൈലിക്കുടമയായ ലീലാവതി, കാവ്യനിരൂപണമേഖലയിലെ പുനര്‍വായനകളിലൂടെ കൃതികളുടെ കാലാതീതമായ ആന്തരികലോകത്തെ വീണ്ടെടുക്കുകയാണ്. പക്വവും പ്രസന്നവുമായ ഈ നിരൂപണരീതിയില്‍ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തും ഒരുപോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു.

സാഹിത്യഗവേഷണ പഠനങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് പുതുഭാവുകത്വത്തോട് സംവദിക്കുന്ന രീതി എം. ലീലാവതിയുടെ പ്രത്യേകതകളിലൊന്നാണ്. 1950- കളില്‍ത്തന്നെ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായ എം. ലീലാവതി, മലയാള കവിതയിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ സാംസ്‌കാരികലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിരൂപകയാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

പൗരാണികമായ പ്രമേയങ്ങളുടെ പുനര്‍വായനകളില്‍ ആ കൃതികളുടെ സ്ത്രീപക്ഷ വായനകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഡോ. എം.ലീലാവതി പ്രാധാന്യം നല്കിയിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍, വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലിയും അവരുടെ പ്രത്യേകതയാണ്. ഇത് ഒരേസമയം ലാവണ്യശാസ്ത്രപരവും സൈദ്ധാന്തികവുമായ സവിശേഷതകളെ ഇണക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഡോ. എം.ലീലാവതിയുടെ സാഹിത്യ നിരൂപണം വ്യക്തിഹത്യയിലധിഷ്ഠിതമായിരുന്നില്ല. അതുകൊണ്ടുതന്നെ പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായ ശൈലിയായി അവരുടെ നിരൂപണരീതി വിലയിരുത്തപ്പെടുന്നു.

മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യം ഡോ. എം.ലീലാവതിയുടേതാണ്. 1950കളില്‍ത്തന്നെ സാഹിത്യ, സാംസ്‌കാരിക സംവാദങ്ങളില്‍ ശ്രദ്ധേയയായ എം.ലീലാവതി 2012ലും എഴുത്തില്‍ സക്രിയയാണ്. എഴുത്തിന്റെ ആദ്യകാലങ്ങളിലെ അക്കാദമികമായ മികവും ഭാഷാപരമായ ലാളിത്യവും ഊഷ്മളതയും ഇപ്പോഴും നിലനിര്‍ത്താന്‍ ലീലാവതിക്ക് കഴിയുന്നു.

കേരളത്തിന്റെ സാംസ്‌കാരികചരിത്രം ഡോ. എം.ലീലാവതിയെ വിലയിരുത്തുക നിരൂപക എന്ന നിലയില്‍ മാത്രമല്ല; അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്‌കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളില്‍കൂടിയാണ്. എഴുത്തിലും വ്യക്തിപരമായ ഇടപെടലിലും എം.ലീലാവതി പുലര്‍ത്തുന്ന മിതത്വവും പക്വതയും ശാസ്ത്രീയാന്വേഷണരീതിയും അക്കാദമിക, ഗവേഷണ മേഖലകള്‍ക്ക് മാതൃകകൂടിയാണെന്നും സമിതി വിലയിരുത്തി.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജന പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എസ്. ഗുപ്തന്‍നായര്‍ അവാര്‍ഡ്, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, കൊല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പുരസ്‌കാരം നല്‍കും.

മദ്രാസ് യൂണിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. കവിതയും ശാസ്ത്രവും, വര്‍ണരാജി, മലയാള കവിതാ സാഹിത്യചരിത്രം, കവിതാരതി, ജി.യുടെ കാവ്യജീവിതം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, ചെറുകാടിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, അസുരവിത്ത് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, കവിതാധ്വനി തുടങ്ങി അനവധി ശ്രദ്ധേയ നിരൂപണഗ്രന്ഥങ്ങള്‍ ഡോ. എം. ലീലാവതിയുടെ സംഭാവനയായിട്ടുണ്ട്. പ്രമുഖ ശാസ്ത്രലേഖകനായിരുന്ന പരേതനായ സി.പി. മേനോനാണ് ഡോ. ലീലാവതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തൃക്കാക്കരയില്‍ താമസിക്കുന്നു.

'ബാലാമണിഅമ്മയുടെ കവിതാലോകങ്ങള്‍ ' വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education