വിശ്വമലയാള സമ്മേളനം: പണച്ചെലവില്‍ ചലച്ചിത്രമേളയെ വെല്ലുന്നു

03 Nov 2012

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന എട്ടു ദിവസത്തെ ലോകപ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചെലവ് മൂന്നുകോടി രൂപ. എന്നാല്‍ വെറും മൂന്നു ദിവസത്തെ മലയാള സമ്മേളനത്തിന് സര്‍ക്കാര്‍ അനുവദിച്ചത് രണ്ടുകോടി രൂപ.

വിശ്വമലയാള സമ്മേളനത്തിന്റെ നടത്തിപ്പിലെ കെടുകാര്യസ്ഥതയേയും ധൂര്‍ത്തിനേയും പറ്റി ഉയര്‍ന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ താരതമ്യം. ആറുകോടിരൂപയ്ക്കുള്ള നിര്‍ദേശമാണ് ആദ്യം തയാറാക്കിയത്. എന്നാലിതിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 50 ലക്ഷം രൂപയായിരുന്നു. പിന്നീട് മന്ത്രിസഭ ഒന്നരക്കോടിരൂപ കൂടി അനുവദിച്ചു. പങ്കാളിത്തത്തില്‍ ശുഷ്‌കമായ സമ്മേളനം വിജയമായിരുന്നെന്നാണ് സര്‍ക്കാരിന്റെയും സംഘാടകരുടെയും അവകാശവാദം.

അതിവിപുലമായാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്നത്. ലോകത്തെങ്ങുമുള്ള പ്രശസ്ത സംവിധായകരുടെ 200 ഓളം ചിത്രങ്ങളാണ് വര്‍ഷംതോറും ഈ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്തമായ ഈ ചലച്ചിത്രങ്ങളുടെ പ്രിന്റിന് വന്‍തുക വാടക നല്‍കേണ്ടിവരും. സ്വകാര്യ തിയേറ്ററുകള്‍ ഉള്‍പ്പടെ പത്തുതിയേറ്ററുകള്‍ പത്ത് ദിവസത്തേക്ക് വാടകയ്ക്കടുത്താണ് ചലച്ചിത്രമേള നടത്തുന്നത്.

ഏകദേശം ഒന്‍പതിനായിരത്തോളം പേര്‍ ചലച്ചിത്രോത്സവ പ്രതിനിധികളായി എത്തും. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ക്ക് രജിസ്‌ട്രേഷന് പണം നല്‍കേണ്ടതില്ല. മറ്റുള്ളവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഇനത്തില്‍ എട്ടുലക്ഷത്തോളം രൂപയാണ് സംഘാടകര്‍ക്ക് ലഭിക്കുക. മേളയ്ക്ക് എത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരില്‍ ഇരുന്നൂറോളം പേര്‍ വിദേശത്തും ഇന്ത്യയ്ക്കകത്തുമുള്ള വിശിഷ്ടാതിഥികളായിരിക്കും. ഇവരുടെ എല്ലാ ചെലവുകളും ചലച്ചിത്രോത്സവത്തിന്റെ ഭാഗമാണ്. ജൂറി അംഗങ്ങള്‍ക്കുള്ള ചെലവ് വേറെ.

മേളയുടെ മൊത്തം ചെലവില്‍ 60 ലക്ഷത്തോളം രൂപ വിവിധ സമ്മാനങ്ങള്‍ക്കുമാത്രം വേണ്ടിവരുന്നു. പ്രതിനിധികളുടെ തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്കുള്ള യാത്രയും സൗജന്യമാണ്. ഇത്ര വിപുലമായി നടത്തിയിട്ടും 2011 ലെ ചലച്ചിത്രോത്സവത്തിന്റെ ചെലവ് 3. 16 കോടി രൂപയായിരുന്നു.

എന്നാല്‍ രണ്ടുകോടി അനുവദിക്കപ്പെട്ട മലയാള സമ്മേളനത്തില്‍ പ്രധാനമായും നടന്നത് സെമിനാറുകളാണ്. കനകക്കുന്ന്, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, വി. ജെ. ടി ഹാള്‍ എന്നിങ്ങനെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സ്ഥലങ്ങളായിരുന്നു പ്രമുഖ വേദികള്‍. മൂന്നുദിവസം പ്രഗത്ഭര്‍ പങ്കെടുത്ത കലാപരിപാടികളുമുണ്ടായി. ഇതിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ പന്തലാണ് ഒരുക്കിയത്. കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളുടെ എണ്ണവും കുറവായിരുന്നു. വിദേശ എഴുത്തുകാരുടെ സാന്നിദ്ധ്യം ബെന്‍ ഒക്രിയില്‍ ഒതുങ്ങി.

ചലച്ചിത്രമേളയില്‍ നിന്ന് വ്യത്യസ്തമായി മലയാള സമ്മേളനത്തിനുണ്ടായ ചെലവ് പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കിയതാണ്. മൂന്നുദിവസം 1500 ഓളം പേര്‍ക്ക് ഭക്ഷണം നല്‍കിയതായാണ് കണക്ക്. എന്നാല്‍ ഇതിന് പ്രത്യേക സൗകര്യമൊന്നും വേണ്ടിവന്നില്ല. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ കാന്റീനാണ് ഊട്ടുപുരയാക്കിയത്.

സമ്മേളനം കഴിഞ്ഞതോടെ സാഹിത്യഅക്കാദമി ഭരണസമിതിയില്‍ വിഭാഗീയത രൂക്ഷമായിക്കഴിഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ സമീപനമാണ് സമ്മേളനം പരാജയപ്പെടാന്‍ കാരണമെന്ന് വൈസ്​പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് ആരോപിച്ചിരുന്നു. വൈസ് പ്രസിഡന്റടക്കം അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തോട് സഹകരിച്ചില്ല.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education