പത്മപ്രഭാപുരസ്‌കാരം സാറാ ജോസഫിന്

03 Nov 2012

കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരത്തിന് നോവലിസ്റ്റും സ്ത്രീവിമോചന, പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് അര്‍ഹയായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം (അവാര്‍ഡ് തുക 55,000 രൂപയില്‍നിന്ന് ഈ വര്‍ഷമാണ് 75,000 രൂപയാക്കി ഉയര്‍ത്തിയത്).സ്ത്രീപക്ഷത്തുനിന്നുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സാറാജോസഫ്, എഴുത്തിന്റെ മേഖലയില്‍ വ്യത്യസ്തസരണികള്‍ വെട്ടിത്തുറന്ന സര്‍ഗപ്രതിഭയാണെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. കഥ, നോവല്‍, ലേഖനം, പ്രസംഗം, മാധ്യമവിശകലനം തുടങ്ങി വിവിധരംഗങ്ങളില്‍ ഈ എഴുത്തുകാരിയുടെ സാന്നിധ്യം നിറഞ്ഞുനില്ക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടുകളും തുല്യനീതിക്കുവേണ്ടിയുള്ള നിലപാടുകളും അവരുടെ രചനകളുടെ അന്തര്‍ധാരയാണ്. സാംസ്‌കാരികപ്രവര്‍ത്തനം രാഷ്ട്രീയനിരപേക്ഷമല്ലെന്നും എഴുത്ത് അരാഷ്ട്രീയമല്ലെന്നും മലയാളവായനയെ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച എഴുത്തുകാരിയാണ് സാറാജോസഫ് - കെ.പി. രാമനുണ്ണി അധ്യക്ഷനും വിജയലക്ഷ്മി, റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതി അഭിപ്രായപ്പെട്ടു.

ഭാഷയിലും സമൂഹത്തിലും സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും സ്ത്രീയിടങ്ങള്‍ വീണ്ടെടുക്കാന്‍ സാറാജോസഫ് നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. 1980-കളില്‍ കേരളത്തിലെ സ്ത്രീസംഘടനാമുന്നേറ്റങ്ങളുടെ ഭാഗമാകാനും അവയ്ക്ക് സര്‍ഗാത്മകമായ ദിശാബോധം നല്കാനും അവരുടെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പുരുഷമേധാവിത്വത്തോട് ധിഷണാപരമായി കലഹിക്കാനും ജാതി, മത, ലിംഗ, അധികാര വിഷയങ്ങളിലെ സാമ്പ്രദായികമൂല്യങ്ങളെ ചോദ്യം ചെയ്യാനും സാറാ ജോസഫിന്റെ രചനകള്‍ പ്രചോദനമാകുന്നു. സ്ത്രീയുടെ വിപണിവത്കരണത്തിനെതിരെ അവര്‍ സദാ ജാഗരൂകയാണ്. പരിസ്ഥിതിപ്രശ്‌നങ്ങളിലെ ഉള്‍ക്കാഴ്ചയും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവബോധവും അവരുടെ രചനകള്‍ക്ക് ശക്തമായ അടിത്തറ നല്കുന്നു.

പട്ടാമ്പിയിലെ പുന്നശ്ശേരി ശ്രീ നീലകണ്ഠശര്‍മ ഗവ. സംസ്‌കൃത കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, തൃശ്ശൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു സാറാ ജോസഫ്. ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ആതി, ഒതപ്പ്, ഊരുകാവല്‍ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. 'റീടെല്ലിങ് രാമായണ', 'ദ സെന്റ് ഓഫ് ദ അദര്‍ സൈഡ്', 'ജിസ്റ്റ് ഇന്‍ ഗ്രീന്‍' എന്നീ നോവല്‍പരിഭാഷകളും 'ദ മാസ്‌കുലിന്‍ ഓഫ് വെര്‍ജിന്‍' എന്ന കഥാസമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്ത ഡിസംബറില്‍ കല്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും. പ്രശസ്ത എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education