വിവാദ സെമിനാര്‍ റദ്ദാക്കി; തെറ്റ് പറ്റിയെന്ന് സുഗതകുമാരിയോട് മന്ത്രി

02 Nov 2012

തിരുവനന്തപുരം: വിശ്വമലയാള മഹോത്സവത്തിലെ വിവാദ സെമിനാര്‍ റദ്ദാക്കി. സെമിനാറിന്റെ സംഘാടനത്തില്‍ തെറ്റു പറ്റിയെന്ന് മന്ത്രിയുടെ കുറ്റസമ്മതം. തന്നെ അനാവശ്യമായി വിവാദങ്ങളില്‍ വലിച്ചിഴച്ചതിന് സ്​പീക്കറുടെ പ്രതിഷേധം.

വിശ്വമലയാള മഹോത്സവത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന 'നാളത്തെ കേരളം: വികസന കാഴ്ചപ്പാട്' എന്ന സെമിനാറാണ് റദ്ദാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സെമിനാറില്‍ സുഗതകുമാരിയെയാണ് അധ്യക്ഷസ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ചുമതലയില്‍ നിന്ന് സുഗതകുമാരിയെ ഒഴിവാക്കിയതായി സംഘാടകര്‍ കഴിഞ്ഞദിവസം വിളിച്ചറിയിച്ചു. ഇത് വന്‍ വിവാദമായി. ആറുന്മുള വിമാനത്താവളം, എമര്‍ജിങ് കേരള തുടങ്ങിയ വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളായിരിക്കാം തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സുഗതകുമാരി പ്രതികരിച്ചിട്ടുണ്ട്. സെമിനാറില്‍ താന്‍ പങ്കുവയ്ക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങളോട് എതിര്‍പ്പുള്ളവരുടെ സമ്മര്‍ദമാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്നും സുഗതകുമാരി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. സെമിനാറിന്റെ സംഘാടനത്തില്‍ പിഴവ് പറ്റിയതായി മന്ത്രി സമ്മതിച്ചു. എല്ലാവരുടേയും സൗകര്യം നോക്കി മറ്റൊരു ദിവസം സെമിനാര്‍ നടത്തുമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വികസന സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ സുഗതകുമാരിയെ ഭാഷാ സെമിനാറിന്റെ അധ്യക്ഷയാക്കിയിരുന്നു. ഉച്ചയ്ക്കുശേഷം നടന്ന ഭാഷാ സെമിനാറില്‍ സുഗതകുമാരി പങ്കെടുത്തു.

അതേസമയം, സുഗതകമാരിക്ക് പകരം സ്​പീക്കര്‍ ജി.കാര്‍ത്തികേയനെ വികസനസെമിനാറിന്റെ അധ്യക്ഷ സ്ഥാനത്ത് നിശ്ചയിച്ചത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. താന്‍ സെമിനാറില്‍ എത്തില്ലെന്ന് വ്യാഴാഴ്ച രാവിലെ കാര്‍ത്തികേയന്‍ അറിയിച്ചു. സുഗതകുമാരി ടീച്ചറിനെ മാറ്റിയാണ് തന്നെ അധ്യക്ഷസ്ഥാനത്ത് നിശ്ചയിച്ചതെന്നകാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ''സെമിനാറില്‍ അധ്യക്ഷനാകണമെന്ന് എന്നോട് ആവശ്യപ്പെട്ടത് മന്ത്രിയാണ്. സ്​പീക്കര്‍ ആകുന്നതിന് മുമ്പും ഇത്തരം വിവാദങ്ങളില്‍നിന്ന് ഞാന്‍ ഒഴിഞ്ഞുനിന്നിരുന്നു. സ്​പീക്കറെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി''- കാര്‍ത്തികേയന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കേണ്ട പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ എത്തില്ലെന്ന് അറിയിച്ചതോടെ സെമിനാര്‍ റദ്ദാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

സുഗതകുമാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് സെമിനാര്‍ അട്ടിമറിക്കാനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സുഗതകുമാരിയെ ഒഴിവാക്കിയത് തെറ്റായ നടപടിയാണെന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ വ്യക്തമാക്കി.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education