ദക്ഷിണാമൂര്‍ത്തിയുടെ ആത്മകഥയില്‍ നിന്ന്‌

ദക്ഷിണാമൂര്‍ത്തി

03 Aug 2013

സംഗീതപ്രേമികളുടെ മനസ്സില്‍ എന്നും ജീവത്തായി നില്‍ക്കുന്ന നാമവും രൂപവുമാണ് ദക്ഷിണാമൂര്‍ത്തി. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളുടെ മധുരവും സുഗന്ധവും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തലമുറകള്‍ പ്രാണവായുപോലെ ആ ഗാനവീചികളെ ഉള്‍ക്കൊള്ളുകയും അതിന്റെ ആസ്വാദ്യതയില്‍ അഭിരമിക്കുകയും ചെയ്യുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം. അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഗുരുസന്നിധിയില്‍

വൈക്കത്തപ്പാ ശരണം.
ആ നാമം ഉച്ചരിക്കാതെ ഒരു നിമിഷംപോലും ജീവിക്കാന്‍ വയ്യ. പ്രാണവായുവാണത്. എന്റെ നാഡീസ്​പന്ദനമാണത്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സപ്താക്ഷരി.
ഇപ്പോള്‍ വയസ്സ് 84. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട മിഴികളില്‍ വൈക്കത്തപ്പന്റെ തേജോമയരൂപം ഇപ്പോഴും മങ്ങലേല്ക്കാതെ തെളിയുന്നു.
പിന്നിട്ട പാതയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മധുരിക്കുന്ന ഒരായിരം ഓര്‍മകള്‍ ആനന്ദസാഗരത്തില്‍ ആറാടിക്കുന്നു. എത്രയെത്ര മുഗ്ദ്ധമായ അനുഭവങ്ങള്‍!
വൈക്കത്തപ്പന്‍ എപ്പോഴും എന്റെ മുന്നിലും പിന്നിലുമുണ്ട്. ഒരു
കൊച്ചുകുട്ടിയെപ്പോലെ എന്നെ ഭഗവാന്‍ ലാളിച്ചും കൈപിടിച്ചും ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോയി. പ്രശസ്തി വാരിക്കോരിത്തന്നു. അനുഗ്രഹം വര്‍ഷിച്ചു. എന്നെ സംഗീതമാക്കി മാറ്റി. എല്ലാം വൈക്കത്തപ്പന്റെ ലീലകള്‍. ആ ഇച്ഛയ്ക്കു മുന്നില്‍ ഞാന്‍ കേവലമൊരു ഉപകരണം മാത്രം. ഒരു പാഴ്മുളംതണ്ട്. അതില്‍ വൈക്കത്തപ്പന്‍ ഗാനാമൃതം അഭംഗുരം നിറയ്ക്കുകയാണ്.
വൈക്കത്തപ്പാ ശരണം.
അമ്മയുടെ ചുണ്ടില്‍ നിന്ന് ഈണത്തില്‍ ഒഴുകുന്ന താരാട്ടുപാട്ടു കേട്ടാണ് എന്റെ ഹൃദയകമലം സംഗീതത്തിന് വേണ്ടി വിടര്‍ന്നത്. അമ്മ നല്ലപോലെ പാടുമായിരുന്നു. അമ്മയുടെ അച്ഛനും സംഗീതമുണ്ടായിരുന്നു.
ഭാഗവതരായിരുന്ന അദ്ദേഹത്തിന്റെ ആലാപനവും എന്നില്‍ സംഗീതാഭിരുചി വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ടാവണം. എന്റെ സഹോദരങ്ങളെ ഉറക്കുവാന്‍ അമ്മ താരാട്ടു പാടുമായിരുന്നു. കൊച്ചുകുട്ടിയായിരുന്ന എന്റെ മനസ്സിലും ആ ഈണങ്ങള്‍ കുളിരുകോരിയിട്ടു. അമ്മയ്‌ക്കൊപ്പം ഞാനും പാടാന്‍ തുടങ്ങി. എന്റെ വാസന കണ്ടറിഞ്ഞ അമ്മ പാട്ടുപാടിത്തന്ന് പ്രോത്സാഹിപ്പിച്ചു. സ്‌നേഹമയിയായ അമ്മ മുലപ്പാലിനോടൊപ്പം സംഗീതത്തിന്റെ മധുരവും പകര്‍ന്നുതരികയായിരുന്നു. അയല്‍വീട്ടില്‍ ഭാഗവതര്‍ വന്ന് കുട്ടികളെ പാട്ടുപഠിപ്പിച്ചിരുന്നു. അവിടെ പാടുന്നത് ഇവിടെ കേള്‍ക്കും. അതുകേട്ടാണ് അമ്മ പാട്ടുപഠിച്ചത്. ഒരു തവണ കേട്ടാല്‍ മതി അമ്മയ്ക്കത് ഹൃദിസ്ഥമാകും.
അമ്മയുടെ സഹോദരന്മാരായ എന്റെ അഞ്ച് അമ്മാവന്മാരും സംഗീതത്തില്‍ താത്പര്യമുള്ളവരായിരുന്നു. കുട്ടിയായ എന്നെ എടുത്ത് അമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴും തിരിച്ചുകൊണ്ടുവരുമ്പോഴുമെല്ലാം അവര്‍ പാട്ടുപാടാറുണ്ടായിരുന്നു. എന്നെക്കൊണ്ട് പാടിക്കുകയും ചെയ്യും. അതും എന്റെ സംഗീതവാസനയെ വളര്‍ത്തി. എല്ലാം അമ്മാവന്മാര്‍ പറഞ്ഞുകേട്ട അറിവാണ്. സംഗീതമയമായ ഒരു കുടുംബത്തില്‍ അങ്ങനെ ഞാന്‍ പാടിയും പാട്ടുകേട്ടും വളര്‍ന്നു.
ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്കല്‍ തെക്കേമഠത്തിലാണ് ഞാന്‍ ജനിച്ചത്. 1919 ഡിസംബര്‍ 9ന്. അച്ഛന്‍ ഡി.വെങ്കിടേശ്വരയ്യര്‍. അദ്ദേഹം ബാങ്ക
ഉദ്യോഗസ്ഥനായിരുന്നു. അമ്മ പാര്‍വതിയമ്മാള്‍. ഭക്തയും സാത്വികയുമായ ഒരു പാവം വീട്ടമ്മ. സ്‌നേഹിക്കാന്‍ മാത്രമേ അവര്‍ക്കറിയുമായിരുന്നുള്ളൂ. മക്കളില്‍ മൂത്തവന്‍ ഞാന്‍. എനിക്ക് താഴെ രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും. സപ്തസ്വരങ്ങള്‍ പോലെ ഏഴുപേര്‍.
ഒഴിവുകിട്ടുമ്പോഴെല്ലാം അമ്മ എന്നെ പാട്ടുപഠിപ്പിക്കും. ആ വാത്സല്യം എത്രയായിരുന്നു എന്ന് വിവരിക്കാന്‍ വാക്കുകളില്ല. ആറു വയസ്സായപ്പോഴേക്കും ഞാന്‍ അമ്മയില്‍ നിന്ന് ഇരുപത്തേഴ് കീര്‍ത്തനങ്ങള്‍ പഠിച്ചു.
പ്രഥമ ഗുരു അമ്മതന്നെ: ''തസൈ്യ ജനനൈ്യ നമഃ''
പറയത്തക്ക സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും എനിക്കില്ല. അക്കാലത്ത്
അതത്ര കാര്യമായി എടുക്കുകയും ചെയ്തിട്ടില്ലായിരുന്നു. ഫോര്‍ത്ത് ഫോം വരെ തിരുവനന്തപുരത്ത് കിള്ളിപ്പാലം സ്‌കൂളിലും സിക്‌സ്ത്ത്‌ഫോം വരെ തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിലുമായി പഠിച്ചു. ഒരു വിധത്തില്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസുവരെ എത്തി. ആ കടമ്പ കടക്കാന്‍
പറ്റിയില്ല. അച്ഛന് തിരുവനന്തപുരത്തായിരുന്നു ജോലി. അതുകൊണ്ടാണ് അവിടെ പഠിച്ചത്.
സ്‌കൂള്‍ ഫൈനല്‍ തോറ്റതോടെ പഠിപ്പു നിര്‍ത്തി. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും കണക്കിലുമൊന്നും അന്നും ഇന്നും എനിക്ക് താത്പര്യമില്ല. നെപ്പോളിയന്‍ ജനിച്ച വര്‍ഷവും ക്ലിയോപാട്ര കല്യാണം കഴിച്ച തീയതിയുമെല്ലാം ഓര്‍ത്തിട്ട് നമുക്കെന്ത് പ്രയോജനം? എന്നെ ചരിത്രം പഠിപ്പിച്ചിരുന്നത് നല്ല സംഗീതജ്ഞാനമുള്ള ഒരു അയ്യര്‍ സാറായിരുന്നു. പരീക്ഷയ്ക്ക് ഒരു ചോദ്യത്തിനുപോലും ഉത്തരം അറിയാത്തതിനാല്‍ ഞാന്‍ പരീക്ഷാ കടലാസില്‍ ഒന്നുരണ്ട് വര്‍ണങ്ങള്‍ ഭംഗിയായി വിസ്തരിച്ച് എഴുതിവെച്ച് സ്ഥലം വിട്ടു. പരീക്ഷാഫലം വന്നു. ഞാന്‍ തോറ്റിരിക്കുന്നു. എന്നാല്‍ പിന്നെ വര്‍ണങ്ങള്‍ പാടി ജീവിക്കാമെന്നു വെച്ചു.
ഫോര്‍ത്ത് ഫോമില്‍ ആയിരുന്നപ്പോഴാണ് ശാസ്ത്രീയ സംഗീതപഠനം ആരംഭിച്ചത്. തിരുവനന്തപുരത്തെ ശ്രീവെങ്കിടാചലം പോറ്റിയാണ് ഗുരു. എന്നും ക്ലാസുണ്ടാവും. ഉപേക്ഷ വരുത്തില്ല. വരുത്താന്‍ ഗുരു സമ്മതിക്കുകയുമില്ല. നിത്യവും സാധകം ചെയ്യണം. നല്ല ക്ലേശമുണ്ട്. നല്ലപോലെ
പാടിയാല്‍ എപ്പോഴെങ്കിലും ഗുരുനാഥന്‍ 'ഭേഷ്' എന്ന് അഭിനന്ദിക്കും.
അതുമതി. ധാരാളം. വലിയൊരു പ്രോത്സാഹനമാണത്. പിന്നെ, തുടര്‍ന്ന് പഠിക്കാനും പാടാനും എന്തൊരുത്സാഹമാണെന്നോ? ഗുരുനാഥന്റെ സ്‌നേഹപൂര്‍ണമായ ഉപദേശം ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്: ''നീ കിണറ്റിലെ വെള്ളമാണ് മുഴുവന്‍ ഊറ്റിക്കൊടുക്കണം. നെല്ലിപ്പലക
വരെ വാര്‍ത്തുകൊടുക്കുക. നിനക്ക് പുതിയ ഉറവ കിട്ടിക്കൊണ്ടിരിക്കും.'' എത്ര ശരിയാണത്! 'പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ'
ഒരു ശിഷ്യനെ ഒരു ഗുരുനാഥനും ഇത്രയേറെ അനുഗ്രഹിച്ചിട്ടുണ്ടാവില്ല. എന്നെ അദ്ദേഹവും പത്‌നിയും മകനെപ്പോലെയാണ് കരുതിയിരുന്നത്. ''ടേ.... രാജാ....'' എന്നാണ് അവരെന്നെ വിളിക്കുക. ആ വലിയ നാദോപാസകന്റെ ശിഷ്യനാകാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും ഉയര്‍ച്ചയ്ക്കും നിദാനം ആ ഗുരുനാഥന്റെ അനുഗ്രഹമാണ്.
അദ്ദേഹം മരിച്ചിട്ട് പത്തുനാല്പതു വര്‍ഷമായിക്കാണും. അദ്ദേഹ
ത്തിന്റെ പടം ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ആ പാദങ്ങളില്‍ മനസ്സുകൊണ്ട് നമസ്‌കരിച്ചശേഷമേ കച്ചേരി തുടങ്ങാറുള്ളു.
ഗുരുനാഥന് നാലുമക്കളാണ്. മൂന്നാണും ഒരു പെണ്ണും. മൂത്ത മകന്‍ ത്യാഗരാജന്‍ പോറ്റി തിരുവനന്തപുരത്തുണ്ട്. മറ്റു രണ്ടുമക്കളായ ബാലകൃഷ്ണന്‍ പോറ്റിയും പുരുഷോത്തമന്‍ പോറ്റിയും പുതിയ കല്പാത്തിയില്‍ കഴിയുന്നു. അമ്മയും അവരോടൊപ്പമുണ്ട്. ബാലകൃഷ്ണന്‍ പോറ്റിയും (വീണവിദ്വാന്‍), പുരുഷോത്തമന്‍ പോറ്റിയും (ഫിഡില്‍) പാലക്കാട്
ചെമ്പൈ സംഗീത കോളേജില്‍ അധ്യാപകരായി റിട്ടയര്‍ ചെയ്തവരാണ്. അവരുടെ അച്ഛന്റെ ശിഷ്യനായ എന്നെ അവരെല്ലാം ഗുരുവിനെപ്പോലെയാണ് കരുതുന്നത്.

പതിമ്മൂന്നാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലായിരുന്നു എന്റെ ആദ്യത്തെ കച്ചേരിയുടെ അരങ്ങേറ്റം. എം.കെ. ത്യാഗരാജഭാഗവതരും എസ്.ഡി. സുബ്ബലക്ഷ്മിയും സദസ്സിലുണ്ടായിരുന്നു.വെങ്കപ്പന്‍ പിള്ള അണ്ണാച്ചിയാണ് കച്ചേരി സംഘടിപ്പിച്ചത്.
നിറയെ ആളുകളുള്ള സദസ്സ്. മണ്ഡപത്തിലേക്ക് കയറുമ്പോള്‍ നെഞ്ച്പടപടാ എന്നിടിച്ചു. കാലുകള്‍ വിറയ്ക്കുന്നു. തൊണ്ടവരളുന്നതുപോലെ. തലചുറ്റുന്നുവോ? അമ്പലപ്പുഴകൃഷ്ണനെ മനസ്സില്‍ ധ്യാനിച്ചു. ധൈര്യം അവലംബിച്ച് മണ്ഡപത്തില്‍ കയറി. ഗുരു വെങ്കിടാചലം പോറ്റി ഗിഞ്ചറയുമായി അവിടെ ഇരിപ്പുണ്ട്. അത് എന്നില്‍ ധൈര്യത്തെപ്പോലെ അധൈര്യവുമുണ്ടാക്കി. അദ്ദേഹം അടുത്തുണ്ടാകുന്നത് ധൈര്യവും ആശ്വാസവുമാണ്. പക്ഷേ, തെറ്റുപറ്റിയാല്‍ കയ്യോടെ പിടികൂടും എന്ന ചിന്ത ഉള്‍ക്കിടിലമുണ്ടാക്കി. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ജനം കാതോര്‍ത്തിരിപ്പാണ്. സകല ദൈവങ്ങളേയും വിളിച്ച് മനംനൊന്തു പ്രാര്‍ഥിച്ചു. കണ്ണടച്ചിരുന്ന് പാടിത്തുടങ്ങി. കച്ചേരി കഴിഞ്ഞപ്പോള്‍ എല്ലാവരും അഭിനന്ദിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. ഗുരുവിന്റെ മുഖത്തും സന്തോഷത്തിന്റെ
നിലാവു പരന്നിരിക്കുന്നു. ആശ്വാസമായി. എന്റെ കണ്ണുകള്‍ നിറഞ്ഞു.ചുണ്ടുകള്‍ വിതുമ്പി. നിര്‍വൃതിയുടെ നിമിഷങ്ങള്‍. അമ്പലപ്പുഴ കൃഷ്ണനെ മനസ്സാ നമസ്‌കരിച്ചു.

ഭഗവാന് എന്റെ പാട്ട് ഇഷ്ടപ്പെട്ടിരിക്കാം. അതുകൊണ്ടായിരിക്കണം എന്റെ സംഗീത ജീവിതത്തില്‍ അപസ്വരങ്ങളൊന്നും ഉണ്ടാവാതിരുന്നത്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education