ഭരത് ഗോപിയുടെ ഭരതസ്മരണ

29 Jul 2013

ജൂലായ് 30 - നിറങ്ങള്‍ അഭ്രപാളികളിലേക്ക് വാരിവിതറിയ സംവിധായകന്‍ ഭരതന്റെ പതിനാറാം ചരമവാര്‍ഷികം.

ഒരു സംവിധായകന്റെ ചിത്രങ്ങള്‍ക്കുവേണ്ടി പല തിരക്കഥാകൃത്തുക്കള്‍ രചന നടത്താറുണ്ട്. അതുപോലെത്തന്നെ ഒരു സംവിധായകന്റെ പല ചിത്രങ്ങള്‍ക്കുവേണ്ടി ഒരേ കഥാകൃത്തുതന്നെ തിരക്കഥകള്‍ രചിക്കുന്നതായും കണ്ടിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തിലാണ് ഭരതനും ജോണ്‍പോളും.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിരണ്ടിലാണെന്നു തോന്നുന്നു, ജോണ്‍പോളിനെ ഞാനാദ്യമായി ഔപചാരിക പരിചയത്തിലൂടെ ബന്ധപ്പെടുന്നത്. അതിനുമുമ്പ് നന്നായി കേട്ടിരുന്നു. ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് അറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം, നേരില്‍ക്കണ്ട നേരം ജോണിനെ എനിക്ക് പരിചയപ്പെടുത്താന്‍ ഭരതന്‍ ഒരുങ്ങിയപ്പോള്‍ എന്തോ ഒരു പൂര്‍വബന്ധം തോന്നിയതും. 'പാളങ്ങള്‍' ആയിരുന്നു ചിത്രം. ഒരു ഭരതന്‍-ജോണ്‍പോള്‍ തിരയൊരുക്കം. വേണു, സറീന വഹാബ്, ലളിത, ഞാന്‍ എന്നിങ്ങനെ അഭിനേതൃനിര. ഭരതന്‍-ജോണ്‍പോള്‍ കൂട്ടായ്മയുടെ ആരംഭമായി ആ ചിത്രം ഞാന്‍ കണക്കാക്കുന്നു.

ഒരപൂര്‍വ ബന്ധംതന്നെയായിരുന്നു ജോണും ഭരതനും തമ്മിലുണ്ടായിരുന്നത്. ഇതെങ്ങനെയെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും, കഥാപരമായോ തിരക്കഥാപരമായോ അവര്‍ക്കിരുവര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായി കണ്ടിട്ടില്ല. ഒരുപക്ഷേ, സിനിമയുടെ കാര്യത്തില്‍ ഇരുവര്‍ക്കും സമാന മനച്ചേര്‍ച്ചയുണ്ടായതുകൊണ്ടാവാം. അതുകൊണ്ടുതന്നെ ചിത്രീകരണ വേളകളില്‍ ജോണിന്റെ സാന്നിധ്യം എപ്പോഴും കാണപ്പെട്ടിരുന്നു.

'പാളങ്ങള്‍, മര്‍മരം, ഓര്‍മയ്ക്കായി, സന്ധ്യമയങ്ങുംനേരം' തുടങ്ങിയ ചിത്രങ്ങളാണ് ഭരതന്‍-ജോണ്‍പോള്‍ സംഗമപര്‍വത്തില്‍ അഭിനേതാവായി ഞാന്‍ പങ്കെടുത്ത ചലച്ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ മാത്രം ഉദാഹരണമാക്കിയുള്ള എന്റെ ചിന്തകളിലാണ് ഇവര്‍ തമ്മിലുള്ള ആത്മബന്ധം അടുത്തറിയാന്‍ ഇടവന്നിട്ടുള്ളത്. ചിത്രകാരനായ ഭരതനും ചിത്രകാരനല്ലാത്ത ജോണ്‍പോളും ചിത്രങ്ങളെക്കുറിച്ചും വര്‍ണവിന്യാസങ്ങളെക്കുറിച്ചും സംസാരിക്കുന്നതുകേട്ടിരുന്നപ്പോഴെല്ലാം ജോണും ചിത്രകാരന്‍തന്നെയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെത്തന്നെ, സംഗീതം, ഛായാഗ്രഹണം, ദൃശ്യചിത്രീകരണസ്ഥലങ്ങള്‍, കഥാപാത്രാവിഷ്‌കാരത്തിനു പറ്റിയ നടീനടന്മാര്‍, അവരുടെ വേഷവിധാനം, സംഭാഷണങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ട ഭാവവിന്യാസങ്ങള്‍, ചിത്രസംയോജനം എന്തിന്, വിതരണക്കാര്‍, പ്രദര്‍ശനശാലകളുടെ സൗകര്യാസൗകര്യങ്ങള്‍, ചിത്രീകരണ ദിനങ്ങളില്‍ നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരുക്കേണ്ട സംവിധാനങ്ങള്‍, ധനവിനിയോഗം എങ്ങനെ വേണം എന്ന കണക്കുകൂട്ടലുകള്‍വരെ ഇരുവരും ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോഴൊക്കെ ഭരതന്‍ എന്ന ചലച്ചിത്രകാരന്‍ എന്തൊക്കെയാണോ അതൊക്കെത്തന്നെയല്ലേ ജോണ്‍പോളും എന്ന നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നത്.
മേല്‍ വിവരിച്ച കാര്യങ്ങള്‍കൊണ്ട് ജീവിതസംബന്ധിയായ എല്ലാ കാര്യങ്ങളും ഇരുവരിലും സമാനമായിരുന്നു എന്നു പറയുക വയ്യ. ഭരതന്റെ ജീവിതരീതിയും ജോണിന്റെ ജീവിതക്രമവും രണ്ടുതന്നെയായിരുന്നു. അക്കാര്യത്തില്‍ ഒരിക്കലും ഭരതന് ജോണാകാനോ ജോണിന് ഭരതനാകാനോ ആവുമായിരുന്നില്ല. രണ്ടു രഥ്യകളില്‍ക്കൂടെയുള്ള ഇരുവരുടെയും പ്രയാണം തികച്ചും സമാന്തരംതന്നെയായിരുന്നു. യോജിക്കാന്‍ കഴിയാത്തത്ര ദൂരത്തിലായിരുന്നു, സമാന്തരമെങ്കിലും, ഇരുപാതകളും. ഉദാഹരണങ്ങള്‍ ഏറെയുണ്ട്. നേരിട്ട് ബോധ്യമായ, ഇന്നും പച്ചയായിത്തന്നെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ വിവരിക്കുക ഉചിതമല്ല.

ഇരുവരുടെയും ചിന്താധാരകളും ജീവിതചര്യകളും വളരെയേറെ വ്യത്യസ്തമായിരുന്നു. എത്രയൊക്കെ കഠിനമായ ദിനകൃത്യങ്ങളുണ്ടായിരുന്നാലും, രാവേറെച്ചെന്നുറങ്ങിയാലും വെളുപ്പിന് മൂന്നുമണിക്കും നാലുമണിക്കുമൊക്കെ ഉണര്‍ന്ന് പേനയും കടലാസ്സുമായി രചനയില്‍ മുഴുകുന്ന ജോണ്‍പോളിനെ ഞാനറിഞ്ഞിട്ടുണ്ട്. എന്തുവന്നാലും രാവിലെ ഒമ്പതുമണിക്കുമുമ്പ് ഉണരാന്‍ മടിക്കുന്ന ഭരതനേയും നന്നായറിയുന്നു. ഈ പൊരുത്തക്കേടുകള്‍ ബാഹ്യമായി നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് ഉണര്‍ന്നിരിക്കുമ്പോഴുള്ള ജോണും ഭരതനും ഒന്നായിത്തീരുന്നത് കാണാനാവുന്നതും.

ഇങ്ങനെ പോയാല്‍ പറയാനും എഴുതാനും നാവും പേനയും പോരാതെ വരും.
യാദൃച്ഛികത അതല്ല - ജോണിന്റെ ഈ സംരംഭമാണ്. ഭരതനുവേണ്ടി താന്‍ രചിച്ച തിരക്കഥകളുടെ സമാഹാരം ആസ്വാദകസമക്ഷം എത്തിക്കുവാനുള്ള ജോണിന്റെ ശ്രമം. അത് ജോണിനുമാത്രം അവകാശപ്പെട്ട ഭാഗ്യവുമാണ്. മംഗളം നേരുക മാത്രമാണ് എന്റെ ദൗത്യം.
ഈ പ്രകാശനം ഭരതന്, ജോണിന്റെ മാത്രമല്ല, ചലച്ചിത്രലോകത്തിന്റെ തന്നെ നൈവേദ്യാര്‍പ്പണമാണ്.

ഭരതന്‍ എന്ന വിശ്രുത കലാകാരന്‍ മണ്‍മറഞ്ഞിട്ട് നാളുകളായിരിക്കുന്നു. ഓര്‍മകള്‍ കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ ആ അശ്രുപൂജയ്ക്ക് അകമ്പടിയാവട്ടെ ജോണ്‍പോളിന്റെ ഈ സംരംഭം.

(എന്റെ ഭരതന്‍ തിരക്കഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം

Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education