അച്ഛന്റെ കരുണകള്‍

വി.എസ്. അനില്‍കുമാര്‍

16 Jun 2013

ജൂണ്‍ 16- അച്ഛന്മാരുടെ ദിവസം. ചിന്തയുടെ വെളിച്ചം വിജയന്‍ മാഷിനെ മകനും എഴുത്തുകാരനുമായ വി.എസ്.അനില്‍കുമാര്‍ ഓര്‍മിക്കുന്നു.

മക്കളുടെ വളര്‍ച്ചയില്‍ ഒരു തടസ്സമാകാതിരിക്കാന്‍ അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. ഒന്നിന് പിറകെ ഒന്നായും ചിലപ്പോള്‍ കൂട്ടമായും രോഗങ്ങള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ കാര്യങ്ങളില്‍ വേണ്ടത്ര ഓടിയെത്താന്‍ കഴിഞ്ഞില്ല എന്ന വിഷമം അച്ഛനുണ്ടായിരുന്നു. പക്ഷേ, അച്ഛന്റെ ശ്രദ്ധ സദാ ഞങ്ങളിലുണ്ട് എന്നൊരു വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.

സാമ്പ്രദായിക പിതാക്കന്മാരെപ്പോലെ 'അരുതു'കളുടെ വന്‍ശേഖരവുമായിട്ടല്ല അച്ഛന്‍ ഞങ്ങളില്‍ ഇടപെട്ടത്. അമ്മ ഒരിക്കല്‍ പറഞ്ഞതുപോലെ 'വളര്‍ത്തിയെടുക്കാന്‍ വലിയ പ്രയാസങ്ങളൊന്നും തന്നിട്ടില്ലാത്ത' മൂന്ന് മക്കളെ ഏറെക്കുറെ അവരുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വിടുകയായിരുന്നു അച്ഛന്‍. കുറച്ച് മാര്‍ക്കുകളുടെ വ്യത്യാസത്തില്‍ അനുജത്തി സുജാതയ്ക്ക് വൈദ്യപഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടപ്പോള്‍ അച്ഛന് വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു. അച്ഛന് വിഷമമുണ്ടാകുമ്പോള്‍ അമ്മയ്ക്കും വിഷമമുണ്ടാകും. അച്ഛന് സന്തോഷമുണ്ടാകുമ്പോള്‍ അമ്മയ്ക്കും സന്തോഷം. അത് അങ്ങനെയുള്ള ജീവിതമായിരുന്നു.

സ്‌നേഹദുര്‍ബലമായ സ്വരത്തില്‍ അമ്മ വഴക്കുപറയുമെങ്കിലും വേണ്ടത്ര പഠിക്കാത്തതിനോ അധികമായി കളിച്ചു നടക്കുന്നതിനോ അച്ഛന്റെ മുഖം കറുത്തുകണ്ടിട്ടില്ല. വാസ്തവത്തില്‍ ചുറ്റുവട്ടത്തുള്ള കുട്ടികളുടെ കളിക്കളമായിരുന്നു ആ വീട്. ആദ്യത്തെ ഇരുപത് വര്‍ഷം ജീവിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വാടകവീട്.

ആ വീട് എന്നുവെച്ചാല്‍ 6/107 എന്ന നമ്പറല്ലാതെ മറ്റ് പേരൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ ചാണകവും കരിയും കൂട്ടി കുഴച്ചുതേച്ച തറയായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നില്ല. ഉപയോഗിക്കാനാവാത്ത ഒരു മേല്‍നില ഉണ്ടായിരുന്നു. ആ അട്ടത്തുനിന്ന് കല്ലുണ്ണിയുടെയും എലിയുടെയും മറ്റും ശബ്ദങ്ങള്‍ ഞങ്ങള്‍ കുട്ടികളെ ഭയപ്പെടുത്തിയിരുന്നു. ദൂരെ, പറമ്പിന്റെ കിഴക്കേ മൂലയില്‍ ഒരു കുഴിക്കക്കൂസേ ഉണ്ടായിരുന്നുള്ളൂ. തെക്കുവശത്ത് വീട്ടിലേക്കുള്ള ഇടവഴി അവസാനിക്കുന്നേടത്തുനിന്ന് തുടങ്ങുന്ന കുറ്റിക്കാട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ കുറുക്കന്മാരുടെ സംഘനിലവിളി കേള്‍ക്കാം. വടക്കുഭാഗത്താണ് റെയിലും അതിന് ചേര്‍ന്നൊരു റെയില്‍വേ കോര്‍ട്ടും. മരത്തിന്റെ മനോഹരമായ മച്ചുള്ള ആ വീട്ടില്‍ ഇരുപതുവര്‍ഷവും ഞങ്ങള്‍ ഫാന്‍ ഉപയോഗിച്ചതേയില്ല.

ആ വീടിന്റെ തറ അച്ഛന്‍ സിമന്റ് ചെയ്യിച്ചു. വീട്ടില്‍ വൈദ്യുതി കൊണ്ടുവന്നു. അന്നത്തെ രീതിയില്‍ ആധുനികമായ ഒരു കക്കൂസ് ഉണ്ടാക്കി. അച്ഛന്റെ കുറഞ്ഞ വരുമാനത്തില്‍ നിന്നാണ് ഇതെല്ലാം ചെയ്യിച്ചിരുന്നത്. വീട്ടുടമസ്ഥന്‍ നാണുവേട്ടന്‍ ഒരിക്കലും വാടക കൂട്ടിത്തരാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അച്ഛന്‍ സ്വയം കൂട്ടിക്കൊടുക്കുകയാണ് ചെയ്തത്. ഒടുവില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ കല്യാണാവശ്യങ്ങള്‍ക്കായി വീടുവില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ നാണുവേട്ടന്‍ ആദ്യം അച്ഛനോടാണ് എടുക്കുന്നോ എന്ന് ചോദിച്ചത്. ഞങ്ങളോടാവുമ്പോള്‍ നാണുവേട്ടന് അധികം വില ചോദിക്കാനാവില്ല എന്നും അത് അങ്ങേര്‍ക്ക് വലിയ നഷ്ടമാകും എന്നുംകണ്ട് അച്ഛന്‍ അത് വേണ്ടെന്ന് വെച്ചു.

അങ്ങനെ എണ്‍പതില്‍ ഞങ്ങള്‍ 6/107 എന്ന നമ്പറിലുള്ള വീട് വിട്ടിറങ്ങി. പിന്നെയാണ് 'കരുണ'യിലെത്തിയത്. അനുജത്തി സുനീത ഓമനിച്ച് 'കൃമി' എന്ന് വിളിച്ചിരുന്ന സുന്ദരന്‍ പൂച്ച തീര്‍ത്തും അവിശ്വസനീയമായി ഞങ്ങളുടെ കൂടെ 'കരുണ'യിലേക്കുവരാന്‍ കൂട്ടാക്കിയില്ല. പിന്നെ അതിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ 'കരുണ'യില്‍ നിന്ന് അത് ഓടിപ്പോകുകയാണ് ചെയ്തത്. താമസിയാതെ അത് മരിച്ചു. 6/107 ല്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നതില്‍ ഒരിക്കലുംതീരാത്ത നിരാശ എനിക്കും ഉണ്ടായിരുന്നു. ധര്‍മടത്തുതന്നെയുള്ള അധികം ദൂരത്തിലല്ലാത്ത മറ്റൊരു വീട്ടിലേക്കാണല്ലോ വന്നത് എന്ന ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കളി കൂടിപ്പോയതിന് എനിക്ക് വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. വാസ്തവത്തില്‍ ആ വീടിന്റെ പറമ്പും മുറ്റങ്ങളും കോലായയും അകമുറികളും അട്ടവുമെല്ലാം ഞങ്ങളുടെ കളിക്കളങ്ങളായിരുന്നു. ഒളിച്ചുകളിക്കുമ്പോള്‍ വീട്ടിനകത്തെ കട്ടില്‍ച്ചുവടുകളും അലമാരികളുടെ പിന്‍പുറങ്ങളും അടുക്കളയും കുളിമുറിയുമെല്ലാം, വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ കാല്‍ച്ചുവടടക്കം ഒളിയിടങ്ങളായിരുന്നു. ധൈര്യമുള്ളവര്‍ അട്ടത്തുകയറി ഒളിക്കും. ഒരു ക്രിക്കറ്റ് പിച്ചിന്റെ നീളവും വീതിയുമുള്ള പിന്‍മുറ്റത്ത് ക്രിക്കറ്റ് കളി നടക്കുമ്പോള്‍ മുറ്റത്തും പറമ്പിലുമായി ചിലപ്പോള്‍ പത്തിരുപത് പേര്‍ ആര്‍ത്തലയ്ക്കുന്നുണ്ടാവും. മൂന്ന് മുറികളുടെ ജനലുകള്‍ പന്തടിയേറ്റ് ഞെട്ടിത്തെറിക്കും. എതിര്‍പ്പുകള്‍ ഉണ്ടാകാറില്ല. കോലായയിലും മുറ്റത്തുമൊക്ക നാടകം കളിക്കാനും മറ്റും സ്റ്റേജും പന്തലും കെട്ടുന്നതും വീട്ടിലെ കിടക്കവിരിപ്പുകളും പഴയ സാരികളുംകൊണ്ടുതന്നെ. എന്ത് നാടകമാണ് കളിച്ചതെന്നോര്‍മയില്ല. ബാക്കിയുള്ളവര്‍ ഉച്ചയൂണിന് പോയപ്പോള്‍ കോലായയിലെ സ്റ്റേജില്‍ ഒറ്റയ്ക്ക് 'മാനസ മൈനേ വരൂ...' എന്ന് പാടി അഭിനയിച്ച എന്നെ എനിക്കോര്‍മയുണ്ട്.

പി.എ. വാര്യരുടെ 'പൂമ്പാറ്റ' തന്റെ ഷര്‍ട്ട്ജൂബയുടെ പോക്കറ്റിലിട്ട് അച്ഛന്‍ കൊണ്ടുവരുന്ന ദിവസം ഞങ്ങള്‍ മൂന്നുപേരും കാത്തിരിക്കും. ആദ്യം ആര് വായിക്കണമെന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങളുണ്ടാകും. മൂന്നുനാലുമാസം ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്ത ലക്കത്തിന്റെ മൂന്ന് കോപ്പികളുമായാണ് അച്ഛന്‍ ടൗണില്‍ നിന്നുവന്നത്. അതിനുശേഷം അങ്ങനെയൊരു തര്‍ക്കം ഞങ്ങളുടെ ഇടയില്‍ ഉണ്ടായില്ല. 'പൂമ്പാറ്റ'യുടെ എണ്ണം ഒന്നായി ചുരുങ്ങുകയും ചെയ്തു. പിന്നീട് 'പൂമ്പാറ്റ'യില്‍ എന്റെ ആദ്യ കഥ അച്ചടിച്ചു വന്നു.

ശനിയാഴ്ചകളില്‍ 'ശിശുലോക'വും ഞായറാഴ്ചകളില്‍ 'ബാലലോക'വും ആകാശവാണിയിലൂടെ ഞങ്ങള്‍ കൃത്യമായി കേള്‍ക്കും. അതില്‍ പങ്കെടുക്കന്നവരോടൊപ്പം 'നമസ്‌കാരം ചേച്ചീ' എന്നും 'നമസ്‌കാരം ബാലേട്ടാ' എന്നും ഞങ്ങളും വിളിച്ചു പറയും. ആ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം റേഡിയോയുടെ താഴെ ഇരുന്നിട്ടാണ്. ഞങ്ങളെ ചുറ്റിപ്പറ്റി അച്ഛനും അവിടെ എവിടെയെങ്കിലും ഉണ്ടാവും. ഒരു ദിവസം വൈലോപ്പിള്ളിയുടെ 'കടലിലെ കവിതകള്‍' എന്ന കവിത എടുത്തുതന്ന് എന്നോട് പഠിക്കാന്‍ പറഞ്ഞു. ''കൊച്ചീനാടും കോഴിക്കോടും കണ്ണൂരും കടന്നു ഞങ്ങള്‍...'' ഇന്നും ആ കവിത മുഴുവനും മനഃപാഠം ചൊല്ലാന്‍ എനിക്ക് കഴിയും.

അച്ഛന്റെ ചില പൊടിക്കൈകളെകുറിച്ചും ഓര്‍മ വരുന്നു. പല്ലുതേക്കുമ്പോള്‍, ബ്രഷ് ഉരച്ചുകൊണ്ട് അ, ആ, ഇ, ഈ, എ, ഏ എന്ന് പറഞ്ഞുകൊണ്ട് തേക്കാന്‍ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. അതുപോലെ ഒരു ചെറിയ ഗ്ലോബ് വാങ്ങി ജനലടച്ച് മുറിയില്‍ ഇരുട്ടാക്കി, ഒരു മെഴുകുതിരി കത്തിച്ച് സൂര്യനാക്കി ഗ്ലോബ് തിരിച്ച് എങ്ങനെയാണ് ഉദയാസ്തമയങ്ങള്‍ ഉണ്ടാകുന്നതെന്ന് അച്ഛന്‍ വിവരിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടും കേട്ടും ഇരുന്നു.

ചിലപ്പോള്‍ അച്ഛന്‍ ഞങ്ങളെ ടൗണില്‍ കൊണ്ടുപോകും. കടപ്പുറത്തും കടല്‍പ്പാലത്തിലും പോയി ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് കാപ്പിയും കുടിച്ച് തിരിച്ചുവരും. ഒരു രാത്രി അങ്ങനെ ഒന്നാം നമ്പര്‍ എം.ആര്‍.എസ്. ബസ്സില്‍ തിരിച്ചുവരുമ്പോള്‍ ഒരു പ്രശ്‌നമുണ്ടായി. ആളുകുറഞ്ഞ ബസ്സില്‍ വഴിക്കുനിന്ന് കയറിയ അടിക്കാരന്‍ രാമന്‍ (ഗുണ്ടകളെ അന്ന് അടിക്കാരന്‍ എന്നാണ് വിളിക്കുക) മദ്യപിച്ച് അമ്മയും അനുജത്തിമാരും ഇരിക്കുന്ന സീറ്റിനുപിന്നില്‍ ചെന്നിരുന്ന് ബഹളമുണ്ടാക്കാന്‍ തുടങ്ങി.

അടിക്കാരന്‍ രാമനെ ധര്‍മടത്തുള്ളവര്‍ക്കെല്ലാം ലേശം ഭയമായിരുന്നു. അച്ഛന്‍ പെട്ടെന്ന് എഴുന്നേറ്റ് അമ്മയിരിക്കുന്ന ഇരിപ്പിടത്തിലേക്ക് ചെല്ലുകയും അമ്മയെയും അനുജത്തിമാരെയും തോളിലൂടെകൈയിട്ട് പിടിക്കുകയും ചെയ്തു. അടിക്കാരന്‍ രാമന്റെ കൂട്ടുകാര്‍ അയാളെ പെട്ടെന്ന് ബലമായി ബസ്സില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി.

ഒരിക്കല്‍ മാത്രമേ എന്റെ ജീവിതത്തില്‍ അച്ഛന്‍ കഠിനമായി ഇടപെട്ടിട്ടുള്ളൂ. പൂമ്പാറ്റ, മാതൃഭൂമി ബാലപംക്തി എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ച് മഹാസാഹിത്യകാരനായി മാറിയ എനിക്ക് സാഹിത്യം പഠിക്കണം എന്ന മോഹം തോന്നി. മലയാളം ബി.എയ്ക്ക് ചേരാന്‍ പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. ഏതെങ്കിലും സയന്‍സ് വിഷയം എടുത്താല്‍ മതിയെന്ന് അച്ഛന്‍ ശഠിച്ചു. അങ്ങനെയാണ് ബിരുദപഠനത്തിന് ജന്തുശാസ്ത്രം എടുത്തത്.

അച്ഛന്‍, എം.എന്‍. വിജയന്‍ ആയിത്തീര്‍ന്നത് ആ വീട്ടില്‍ വെച്ചാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education