അപ്പനാണപ്പാ അപ്പന്‍

ഇന്നസെന്റ്‌

15 Jun 2013

ജൂണ്‍ 16- അച്ഛന്മാരുടെ ദിനം. ഇന്നസെന്റിന്റെ അപ്പനോര്‍മ്മ.

എന്റെ ഓര്‍മകള്‍ മൂന്നാം വയസ്സില്‍ തുടങ്ങുന്നു. ആ ഓര്‍മകളുടെ മധ്യത്തില്‍ വണ്ണം കുറഞ്ഞ്, കഷണ്ടിയായി, ഇരുനിറത്തില്‍ ഒരാള്‍തെക്കെത്തല വറീത്, എന്റെ അപ്പന്‍. തൈറോയ്ഡിന്റെ അസുഖമുള്ളതിനാല്‍ സംസാരിക്കുമ്പോള്‍ അപ്പന്റെ തൊണ്ടയില്‍ ഒരു മുഴ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം അത്ഭുതത്തോടെ ഞാന്‍ നോക്കിനില്‍ക്കും.

ഞാന്‍ ഉണരും മുന്‍പ് അപ്പന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല; ചോദിക്കാനുള്ള ശേഷിയുമായിട്ടില്ല. രാത്രി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ടുമുന്‍പ് അപ്പന്‍ പടികയറി വരും. അപ്പന്റെ കൂടെ ചില മണങ്ങളും വീട്ടിലേക്കെത്തും: ചിലപ്പോള്‍ ബീഡിയുടെ, മറ്റുചിലപ്പോള്‍ കള്ളിന്റെ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന പുതിയൊരു ഗന്ധം.

ചിരിക്ക് പിന്നില്‍ വാങ്ങാം

ആറു വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ രാത്രി അപ്പനെ കാത്തിരുന്നു തുടങ്ങി. അപ്പന്‍ തരുന്ന ഒരു ചോറുരുളയ്ക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. അപ്പന്‍ അത് ഉരുട്ടുന്നത് കാണാന്‍തന്നെ ഒരു ചന്തമുണ്ടായിരുന്നു. അങ്ങനെ ഉരുട്ടിയുണ്ടാക്കിയ ഉരുള എന്റെ ഉള്ളംകൈയില്‍ വെച്ചുതരും. ആ ഉരുളയ്ക്ക് ഞാന്‍ സ്വയം ഉണ്ണുന്ന ചോറിനേക്കാള്‍ സ്വാദുണ്ടായിരുന്നു. അപ്പന് മണം മാത്രമല്ല സ്വാദുമുണ്ട് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.

വയറുനിറച്ചുണ്ട് ഒരു ബീഡി വലിച്ചുകഴിഞ്ഞാല്‍ അപ്പനില്‍ പുതിയൊരു ഊര്‍ജം നിറയും. പിന്നെ സംസാരമാണ്. സംസാരം എന്നതിനേക്കാള്‍ അതിനെ പ്രസംഗം എന്നു പറയുന്നതായിരിക്കും ശരി.

റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവയെല്ലാമാണ് അപ്പന്റെ ഈ രാത്രിപ്രസംഗത്തിന്റെ വിഷയം. അമ്മയും ഞങ്ങള്‍ എട്ട് മക്കളും എല്ലാം കേട്ടിരിക്കും. എനിക്കൊന്നും മനസ്സിലായിരുന്നില്ല. അപരിചിതമായ കുറേ വാക്കുകള്‍. അവ പറയുമ്പോള്‍ അപ്പനുള്ള ആവേശം. അതെന്നെ അത്ഭുതപ്പെടുത്തി. സുഖമായി കിടന്നുറങ്ങേണ്ട സമയത്ത് അപ്പനിങ്ങനെ ആവേശപ്പെടുന്നതിലെ പൊരുള്‍ എനിക്ക് പിടികിട്ടിയതേയില്ല. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ മനസ്സിലായിഎന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.

കള്ളുകുടിച്ചുവരുന്ന ദിവസം അപ്പന്റെ പ്രസംഗത്തിന് അല്പം വീര്യം കൂടും. ശുദ്ധമായ കമ്യൂണിസത്തില്‍ ശുദ്ധമായ കള്ള് കലര്‍ന്നാലുള്ള അവസ്ഥ അപ്പനിലൂടെ ഞാന്‍ നേരിട്ടുകണ്ടു. അതെനിക്കിഷ്ടവുമായിരുന്നു. കമ്യൂണിസ്റ്റ് മാത്രമായാല്‍ പോരാ, കള്ളുകുടിച്ച് മരനീരിന്റെ മണംകൂടിയായാലേ അപ്പന്‍ അപ്പനാവൂ എന്നെനിക്ക് ബോധ്യമായി.

അപ്പന്‍ എത്രവരെ പഠിച്ചു എന്ന കാര്യം പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി. ആറാം ക്ലാസ് കഴിഞ്ഞിട്ടില്ല. എന്നിട്ടും അപ്പന്‍ വിപ്ലവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും സംസാരിക്കുന്നു! കവിതകള്‍ പലതും കാണാപ്പാഠം ചൊല്ലുന്നു! കൂടല്‍മാണിക്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറഞ്ഞുതരുന്നു! ഗൗരവമുള്ള നാടകങ്ങള്‍ കണ്ടുവന്ന് കഥ പറഞ്ഞുതരുന്നു! ഇരിങ്ങാലക്കുടയിലെ 'മഹാത്മാ റീഡിങ്‌റൂം' ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും അപ്പന് അറിവുകളും കമ്യൂണിസ്റ്റാവാനുള്ള കരുത്തും നല്‍കിയത്.

ഞായറാഴ്ച പോയി അപ്പന്‍ എല്ലാ പത്രങ്ങളും വായിക്കും. വായിച്ച കാര്യങ്ങള്‍ ഇരിങ്ങാലക്കുട പാര്‍ക്കില്‍ ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യും. ഈ ചര്‍ച്ച കൂടിയായപ്പോള്‍ സ്വത
വേതന്നെ സരസനായ അപ്പന് കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യവും അവ വെടിപ്പോടെ പറയാനുള്ള സംഭാഷണചാതുരിയുമുണ്ടായി.

ഒരുദിവസം ആദ്യമായി അപ്പന് ഉച്ചഭക്ഷണം കൊണ്ടുപോയിക്കൊടുക്കാന്‍ അമ്മ എന്നെ അയച്ചു. അന്നാണ് ഞാന്‍ അപ്പന്റെ കട ആദ്യമായി കാണുന്നത്. പലചരക്ക്, സാരി, ബ്ലൗസ് തുണി, സ്‌റ്റേഷനറി തുടങ്ങി ഒരു ഗ്രാമത്തിനുവേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം അപ്പന്റെ കടയില്‍ കിട്ടുമായിരുന്നു. കടയുടെ പുറംതിണ്ണയില്‍ ബീഡിതെറുപ്പുകാര്‍ ഇരിപ്പുണ്ട്. കച്ചവടം കുറവാണ്. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതില്‍ അപ്പന് വലിയ താത്പര്യവുമില്ലായിരുന്നുവെന്ന് എനിക്ക് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍തന്നെ മനസ്സിലായി. ബീഡിതെറുപ്പുകാരുമായുള്ള രാഷ്ട്രീയചര്‍ച്ചയാണ് അവിടത്തെ പ്രധാന കലാപരിപാടി. അപ്പനാണ് സംസാരിക്കുക. ബാക്കിയുള്ളവര്‍ 'സ്വന്തം ജോലിചെയ്തുകൊണ്ട്' കേട്ടിരിക്കും. ഇടയ്ക്കിടെ അപ്പന്‍ പറയും 'അമേരിക്ക ചെയ്തത് ശരിയായില്ല. റഷ്യയെ കണ്ടുപഠിക്കണം...' 'അത് വറീത് ചേട്ടന്‍ പറഞ്ഞതാ ശരി.' കേട്ടിരിക്കുന്നവര്‍ സമ്മതിക്കും. അതു കണ്ടുനിന്നപ്പോള്‍ അപ്പന്‍ കട നടത്തുന്നതുതന്നെ കുറേ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാണ് എന്നെനിക്കു തോന്നി.

വൈകുന്നേരം അഞ്ചര കഴിയുന്നതോടെയാണ് കടയില്‍ തിരക്കു തുടങ്ങുക. ആ സമയത്താണ് ഞാന്‍ അപ്പനെ ഏറ്റവും വിഷാദവാനായി കണ്ടിട്ടുള്ളത്. കാരണം, കമ്യൂണിസപ്രസംഗം മുടങ്ങും. വാങ്ങാന്‍ വരുന്നവരെല്ലാം കൂട്ടത്തോടെ വരുന്നതുകൊണ്ട് അവരോട് ഒന്നും പറയാന്‍ പറ്റില്ല. 'ഇവര്‍ക്കൊക്കെ ഒന്ന് ഒറ്റയ്ക്ക് വന്നാലെന്താ?' എന്നായിരിക്കും അപ്പോള്‍ അപ്പന്റെ മുഖത്തെ ഭാവം.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പീടികയുടെ പലക നിരത്തിയിട്ട് അപ്പനൊന്ന് മയങ്ങും. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും. വല്ലപ്പോഴും ഒരു ബസ് കടന്നുപോകും. ഒരുതവണ അങ്ങനെയിരിക്കുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കൊണ്ടുവെച്ച ഓലപ്പടക്കം എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'പതുക്കെ പൊട്ടണേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അതില്‍ ഒന്നെടുത്ത് കത്തിച്ചു. അത് ഉറക്കെത്തന്നെ പൊട്ടി. അപ്പന്‍ ഉണര്‍ന്നു. എന്റെ ചെവിക്കു പിടിച്ച് പടക്കപ്പാക്കറ്റ് മാറ്റിവെച്ചു. സാധ്യമല്ലാത്ത കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചിട്ടും കാര്യമില്ല എന്നെനിക്ക് അന്ന് മനസ്സിലായി.
അന്ന് വൈകുന്നേരം വീട്ടില്‍വന്ന് അപ്പന്‍ ഈ സംഭവം പറഞ്ഞു. 'ഞാന്‍ ഉറങ്ങുമ്പോള്‍ ഇവന്‍ പടക്കം പൊട്ടിച്ചു' എന്നല്ല പറഞ്ഞത്. മറിച്ച്, 'കച്ചവടം നടത്തുമ്പോള്‍ പടക്കം പൊട്ടിച്ചു' എന്നാണ്. മറ്റെല്ലാ കാര്യവുമെന്നപോലെ അല്പം നുണപറയാനും ഞാന്‍ അപ്പനില്‍നിന്നു തന്നെയാണ് പഠിച്ചത്.

നിശ്ശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്‍. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടെത്തീര്‍ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും.

റഷ്യ അപ്പനെന്നും ഒരു ആവേശമായിരുന്നു. റഷ്യയിലെ കമ്യൂണിസത്തെയും പള്ളിയെയും ബന്ധിപ്പിച്ച് അപ്പന്‍ പല കഥകളും പറയും. അതില്‍ ഒന്നിതായിരുന്നു: സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അച്ചന്മാരെ കൊന്ന് തള്ളിയിരുന്നു. വീഞ്ഞ് നിരോധിച്ചതോടെ ശേഷിച്ച അച്ചന്മാര്‍ക്ക് കുര്‍ബാന മുടങ്ങി. അപ്പോള്‍ യൂറോപ്പില്‍ നിന്ന് വലിയ മത്തങ്ങയില്‍ വീഞ്ഞ് നിറച്ച് റഷ്യയിലേക്ക് കടത്തിയിരുന്നുവത്രേ. വീഞ്ഞുള്ള മത്തനുമേല്‍ ഒരു അടയാളമുണ്ടാകും. അച്ചന്മാര്‍ അത് നോക്കി വാങ്ങും; കുര്‍ബാന കൂടും.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education