എഴുത്തുപുരയില്‍ ആരോ ഒരാള്‍

ബീനാഗോവിന്ദ്‌

04 Jun 2013

ജൂണ്‍ 4- മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി ഓര്‍മയായിട്ട് 8 വര്‍ഷം.

തുരുമ്പുപിടിച്ച ഗേറ്റ് കടന്നാല്‍ ഓര്‍മകളുടെ വിശാലമായ മുറ്റം. പൊളിഞ്ഞ തുളസിത്തറയില്‍ ഇലയൊഴിഞ്ഞ തുളസിയുടെ വാട്ടം. നെറുകയില്‍ നട്ടുച്ച വീണു പൊള്ളുന്നു.

ചാരുകാലും പാടിയുമുള്ള വരാന്തയ്ക്കു പുറത്ത് പഴയ ഫോട്ടോകളും മരസാമാനങ്ങളും ഇറക്കിവച്ചിരുന്നു. ''വീട് പൊളിക്ക്യാണ്. മാഷ്‌ടെ പുസ്തകങ്ങളും അവാര്‍ഡുകളും വായനശാലയിലേക്ക് മാറ്റി'' യുവപ്രഭാത് വായനശാലയുടെ പ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍ വിഷമത്തോടെ പറഞ്ഞു.

പഴമയുടെ നിറംബാധിച്ച വിണ്ട ചുമര്. പൊടിയും മാറാലയും പിടിച്ച ജനാലകള്‍. ഇരട്ടുകയറിയ കോണി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷുടെ 'എഴുത്തുപുര' ഇതായിരുന്നു. ഒരു കൊല്ലം മുമ്പുവരെയുണ്ടായിരുന്ന മുണ്ടൂരിലെ അനുപുരം പിഷാരം ഇപ്പോഴില്ല. തറവാട് പൊളിച് പുതിയ വീടുയരുന്നു. അടുക്കളപ്പുറത്തെ ചായ്പില്‍ തൊടിയിലെ വെളിച്ചം കയറിവന്ന് കുശലം ചോദിച്ചു. പിന്നില്‍ ആരോ അനങ്ങി. കണ്ണട. മുന്‍വരിയിലെ മുറിഞ്ഞ പല്ല്കാട്ടിയ ചിരി. നിഴല്‍പോലെ തൊട്ടടുത്ത്. പരിഭ്രമിച്ചപ്പോള്‍ അതൊഴിഞ്ഞു. ആരുമില്ല.

ഉമ്മറത്തുനിന്ന് കൃഷ്ണന്‍കുട്ടിമാഷുടെ അനിയന്‍ ഭരതന്‍ ഇറങ്ങിവന്നു. തൊടിയുടെ മടിയില്‍ പെരുങ്കുളം ഉറങ്ങിക്കിടക്കുന്നു. അനിയന്‍ ചായ്പിലെ തൂണുചാരിനിന്നു.

''അമ്മ ഇബടെനിന്ന് നോക്കും. രാധേട്ടത്തി മരിച്ചതിന്റെ മൂന്നാംദിവസം. ഏട്ടന്‍ ഒന്നും പൊറത്ത് കാണിക്കില്യ. ന്നാലും ഉള്ളില് കരച്ചില് തന്നെയായിരുന്നു. ഏട്ടത്തീടെ അസുഖത്തിനെ കുറിച്ച് മൂപ്പര് ആരോടും പറഞ്ഞിര്ന്നില്യ. അവര്‍ മരിച്ചപ്പോ ഏട്ടന് വല്ലാത്ത കുറ്റബോധം ഉണ്ടായ്‌രുന്നു. ആരോടെങ്കിലും പറഞ്ഞിര്‌ന്നെങ്കില്‍ ഏട്ടത്തിയെ ശ്രദ്ധിക്കുമായിരുന്നൂലോ എന്ന ചിന്ത. പെലര്‍ച്ചെ മൂന്നോ നാലോ മണിയായിട്ട്ണ്ടാവും. അമ്മ വന്നു നോക്കിയപ്പോ ഏട്ടന്‍ ദാ കൊളത്തിന്റെ പടവില് നിന്ന് ഒറക്കെയൊറക്കെ കരയ്യാണ്. ഒരു മാതിരി ചങ്ക്‌പൊട്ടിയപോലെ. അമ്മ അത് നോക്കി ഇബടെനിന്ന് കരയ്യായ്‌രുന്നു. പിന്നെപ്പോഴും എന്നെ ഏട്ടന്റെ പിന്നാലെ അയക്കും. വല്ല അബദ്ധോം കാണിക്ക്വോന്ന് പേടിയായ്‌രുന്നു അമ്മയ്ക്ക്.''

ഏട്ടത്തി മരിച്ചപ്പോഴും കരയാതെ പിടിച്ചു നിന്ന ഉണ്ണിയേട്ടന്‍ തന്റെ സങ്കടം മുഴുവന്‍ രാത്രിയുടെ മറവില്‍ ഒറ്റയ്ക്ക്‌നിന്ന് പെരുങ്കുളത്തിന്റെ നെഞ്ചിലേക്കൊഴുക്കുന്നതു കണ്ടുനിന്ന ഭരതന്‍ ഇപ്പോഴും അതോര്‍ത്തു കരയുന്നു.

ജൂണ്‍ നാലിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മരിച്ചിട്ട് എട്ടുകൊല്ലം തികയുകയാണ്. ഇനി അനുപുരം പിഷാരവും ഓര്‍മകളിലേ ഉണ്ടാവൂ. അക്ഷരങ്ങളെ പ്രസവിച്ച ചുമരകളും മരയഴികളും പൊളിച്ചു നീക്കി. പരിപാലിക്കാന്‍ വയ്യാത്ത വിധം പഴക്കം തട്ടിയിരിക്കുന്നു. പോരാത്തതിന് മകനും കുടുംബവും ദൂരെ.
മാഷുടെ ഭാര്യ രാധ ദിലീപനെ പ്രസവിച്ചത് ഇവിടെയായിരുന്നു. അമ്മക്കായിരുന്നു നിര്‍ബന്ധം. നാലാണും നാലുപെണ്ണും പിറന്നുവീണ വീട്. അകം നിറയെ ചിരിപൊഴിയണം. മുറ്റം നിറയെ പേരക്കുട്ടികള്‍ ഓടിക്കളിക്കണം. എഴുത്തിനെപറ്റി മിണ്ടാനും പറയാനും മകന്റെ ചങ്ങാതിമാരെത്തണം. മാഷുടെ കഥകളൊക്കെ നാമ്പെടുത്തത് ഇവിടെയാണ്.

അമ്മയും അമ്മിണിയേടത്തിയും വിളമ്പിക്കൊടുത്ത ഊണിന്റെ മണം തങ്ങിനില്‍ക്കുന്ന അടുക്കള. അമ്മ മരിച്ചപ്പോഴും അമ്മിണിയേടത്തി ഉണ്ണിയ്ക്ക് തുണയായിരുന്നു. അവര്‍ കൊളുത്തിവച്ച വിളക്കായിരുന്നു മാഷുടെ ഈശ്വരന്‍. കുടുംബമായിരുന്നു ക്ഷേത്രം. എന്നിട്ടും മാഷിന് സ്വസ്ഥതയുണ്ടായിരുന്നില്ല. പെങ്ങന്മാരും അവരുടെ മക്കളും തറവാട്ടില്‍ത്തന്നെ നില്‍ക്കേണ്ടി വന്നു. കുട്ടിമാമ ശമ്പളം വാങ്ങി വരുന്നതും കാത്ത് മരുമക്കള്‍ വഴിയില്‍ കണ്ണുനട്ടിരിക്കും. വെറുംകയ്യോടെ വന്നുകയറിയാല്‍ അമ്മ മകനോട് പറയും, ഉണ്ണീ, അച്ഛനില്ലാത്ത കുട്ട്യോളാ ഇവര്.. എന്തെങ്കിലും വാങ്ങിക്കൊണ്ടുവരണം.
മാഷിന് അങ്ങനെ ചിന്തയൊന്നും പോകില്ല. വലിയ സ്‌നേഹമാണ്. എന്നാലും ഒരു സ്വപ്നലോകത്തിലാണ് നടപ്പ്. വരമ്പില്‍ കൂടി ഒറ്റയ്ക്ക് ചിരിച്ചും വര്‍ത്തമാനം പറഞ്ഞും വരുന്നത് നോക്കി മരുമക്കള്‍ ചിരിക്കും, മുത്തശ്ശിയമ്മയോട് പറയും, നോക്കൂ കുട്ടിമാമ.... സ്വന്തം തൊടിയുടെ അതിരറിയാത്ത മാഷെപ്പറ്റി കൂടപ്പിറപ്പുകള്‍ക്ക് പറഞ്ഞാലും തീരാത്ത അത്ഭുതം.

വയസ്സു കൂടുമ്പോള്‍ അനിയന്‍ ഓര്‍മ്മിപ്പിച്ചു, കല്ല്യാണക്കാര്യം. എടത്തിമാരൊക്കെ ഭര്‍ത്താക്കന്മാരില്ല്യാണ്ട് തറവാട്ടില്‍ നില്‍ക്കുമ്പോ എങ്ങനെയാടോ ഞാനെന്റെ ഭാര്യയെയും കൊണ്ടിവിടെ വന്നുസുഖമായി കഴിയ്യ? നിങ്ങളൊക്കെ ദൂരത്ത്. ഞാനല്ലേ ഇവര്‍ക്കുള്ളൂ?

പട്ടാളക്കാരനായ അനിയന് ഉത്തരമുണ്ടായില്ല. പിന്നൊരിക്കല്‍ അനിയനെ ഒരു കത്ത് കാണിച്ചു. ബന്ധുവായ രാധയുടെ കൈപ്പട. ഉണ്ണിയേട്ടാ, നമ്മള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ട്. പ്രായവും കഴിയുന്നു. നമുക്ക് വിവാഹം കഴിച്ചുകൂടേ?

മാഷിന് സംശയമായിരുന്നു. അനിയനെ കത്തുകാണിച്ചു. എന്താ വേണ്ടത്, നീ തന്നെ മറുപടി പറയ്. അനിയന് സന്തോഷമായിരുന്നു. ഒന്നും ആലോചിക്കാനില്യ. ഉണ്ണിയേട്ടനും വേണം ഒരു കുടുംബം.

കൃഷ്ണന്‍കുട്ടിമാഷ് നേരെ ചെന്ന്, അമ്മേ ഞാന്‍ കല്ല്യാണം കഴിക്കാനൊറച്ചു. കേട്ടപാതി അമ്മ ഉറപ്പിക്കാന്‍ പുറപ്പെട്ടു. കേലുപ്പണിക്കര്‍ മകന്റെ ജാതകം നോക്കിപ്പറഞ്ഞത് മാത്രം ആരോടും പറഞ്ഞില്ല. മകന്‍ സമര്‍ത്ഥനാവും. പക്ഷേ ദാമ്പത്യയോഗം കുറവാണ്. ഏറിയാല്‍ പത്ത് വര്‍ഷം.

അമ്മ രഹസ്യമായി സൂക്ഷിച്ചവിവരം കൃഷ്ണന്‍കുട്ടി മാഷിനും അറിയാമായിരുന്നു. അതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ലെങ്കിലും.
ഭാര്യയുടെ മരണശേഷം മാഷ് അത് ഓര്‍ത്തിരിക്കണം. 'പുരാതനമായ മണം നിറഞ്ഞു നില്‍ക്കുന്ന പത്തായപ്പുര. മാറാല കെട്ടിയ തട്ടില്‍ കാലം തലകീഴായി തൂങ്ങിക്കിടന്നു. മലര്‍ന്നുകിടക്കുന്ന എന്റെ മാറില്‍ ചൂടുള്ള കണ്ണീര് വീഴുന്നു. എനിയ്ക്ക് സുഖാവില്ല്യേ ഏട്ടാ? നിനക്കതിന് അസുഖോന്നൂല്യാലോ കുട്ടീ.... എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്യല്ലോ ഏട്ടാ...പുറത്തെതൊടിയില്‍ ഇരുട്ടു പിടയുന്നു. തെക്കേത്തൊടിയിലെ മുളങ്കൂട്ടം കാറ്റില്‍ നിര്‍ത്താതെ കരയുന്നു'. (മൂന്നാമതൊരാള്‍)

അകത്തെ അറയിലെ ഇരുട്ടത്ത് പെട്ടെന്നാരോ നീങ്ങിയെന്നു തോന്നി. നനവുള്ള ശബ്ദം. തളര്‍ന്ന നിശ്വാസം. അമ്മയും അത്തി എന്നു വിളിക്കുന്ന ചേച്ചിയു കിടന്നിരുന്നു മുറിയിലേക്ക് എപ്പോഴും ഒരു കാവല്‍ക്കാരന്റെ ശ്രദ്ധയോടെ മാഷ് നോക്കി നിന്ന ജനാലയുടെ മരയഴികള്‍. കാന്‍സര്‍ ബാധിച്ചു മരണത്തെ കാത്തുകിടന്ന അത്തിയെ നോക്കി മാഷ് കരഞ്ഞുനിന്നത് ഇവിടെയാണ്. ഭാര്യക്ക് പിന്നാലെ അമ്മയും അത്തിയും പോയതോടെ ഒറ്റപ്പെട്ടു. അത് മറക്കാന്‍ യാത്രകള്‍, സീരിയല്‍ സിനിമാഭിനയം...., വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ അയല്‍പക്കത്തുള്ള അനിയനും മരുമക്കളും ആഹാരം കൊണ്ടുവരും.

ഈ വീടുനിറയെ, മുറ്റംനിറയെ കുട്ടികള്‍ ഓടിക്കളിക്കണമെന്ന് ആശിച്ചിരുന്ന മാഷ് അവസാന കാലത്ത് ഇവിടുത്തെ ഒറ്റപ്പെടല്‍ സഹിക്കാതെ ഇറങ്ങിപോകും. ഇടയ്ക്ക് മകന്റെയടുക്കല്‍ കുറച്ചുകാലം ചെന്നു നില്‍ക്കും. പിന്നെയും തിരിച്ചു വരും.

എന്നാലും എഴുത്തുപുരയെന്ന് സ്‌നേഹിതര്‍ വിളിച്ച അനുപുരത്തെത്താതെ മാഷുടെ മനസ്സ് സ്വസ്ഥമാവില്ല. പശുക്കളൊഴിഞ്ഞ തൊഴുത്തും ഓര്‍മകള്‍ക്ക് മണം പകരുന്ന ഭസ്മക്കൊട്ടയും അനുഭവങ്ങളൂറുന്ന തിരികല്ലും അമ്മ നട്ടുനനച്ച തുളസിയും... ഒക്കെ മാഷുടെ ഭാഗമായിരുന്നു. രാവിലെ കുളികളിഞ്ഞാല്‍ മാധവി പിഷാരസ്യാരുടെ ആദ്യജോലി മുറ്റത്തെ തുളസിക്ക് വെള്ളം കൊടുക്കലായിരുന്നു. അമ്മ തന്നെയായിരുന്നു തുളസി. മാഷുടെ മരണം വരെ അത് വാടാനനുവദിച്ചതുമില്ല.

തറവാട്ടിനോടുചേര്‍ന്നുള്ള പുതിയ മട്ടിലുള്ള വീട്ടിലായിരുന്നു ഭാര്യയുണ്ടായിരുന്നപ്പോള്‍ മാഷുടെ താമസം. ഒരിക്കല്‍ കുഞ്ഞുണ്ണിമാഷ് കയറി വന്നു. ജനലിലൂടെ നോക്കിയപ്പോള്‍ കൃഷ്ണന്‍കുട്ടി മാഷ് തലകീഴായി യോഗാഭ്യാസം ചെയ്യുന്നു. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന എ.പി. (മാഷെ അങ്ങനെയാണ് ചങ്ങാതിമാര്‍ വിളിച്ചിരുന്നത്) യെ കണ്ട് കുഞ്ഞുണ്ണി മാഷ് അന്തംവിട്ടു.

വരാന്തയില്‍ പഴയതെന്തോ ഓര്‍മിപ്പിച്ച് ഗൗളി ചിലച്ചു. വാതിലില്‍ ചാരിനിന്ന് മാഷുടെ പെങ്ങളുടെ മകള്‍ ജ്യോതി പഴയൊരു സംഭവം പറഞ്ഞു. പടികടന്നുവന്ന കാക്കനാടനെ കണ്ട് മുത്തശ്ശിയമ്മ അകത്തേക്കോടി. അന്നൊന്നും വീട്ടിലിരിക്കുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന പതിവില്ല. മകന്റെ ചങ്ങാതിയെ കണ്ടപ്പോള്‍ ഒരു തോര്‍ത്ത് മാറത്തിടാന്‍ പോയതാണ്. മുത്തശ്ശിയമ്മ അകത്തേക്കു പോകുന്നത് കണ്ട് കാക്കനാടന്റെ അപേക്ഷ, അമ്മ പുതച്ചുവരരുത്. അങ്ങനെതന്നെ മുന്നിലേക്ക് വരൂ... കൃഷ്ണന്‍കുട്ടി മാഷ് ചോദിച്ചു, അമ്മ കേട്ടിട്ടില്ല്യേ? കാക്കനാടനെ.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education