യാത്ര തുടരുന്നു

പി.എസ്. രാകേഷ്‌

12 Mar 2013

ഭൂപടത്തില്‍ മാത്രം കണ്ടുപരിചയിച്ച വിദൂരദേശങ്ങളിലേക്കുള്ള യാത്രാനുഭവങ്ങള്‍ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച എഴുത്തുകാരന്‍
എസ്.കെ. പൊറ്റെക്കാട്ട് ഓര്‍മയായിട്ട് ആഗസ്ത് 6-ന് 33 വര്‍ഷം. അതിര്‍ത്തികളും കടലുകളും കടന്നുള്ള യാത്രകള്‍ക്കൊപ്പം ഈ നാട്ടിലെ ഗ്രാമവഴികളിലൂടെയുള്ള സഞ്ചാരവും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

പ്രപഞ്ചം മുഴുവന്‍ പരന്നൊഴുകുന്ന പൂനിലാവ്. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രജാലങ്ങള്‍. നാലുപാടും വിളഞ്ഞുനില്‍ക്കുന്ന നെല്‍വയലുകള്‍. വിദൂരത്ത് കറുത്തിരുണ്ട പാറക്കെട്ടുകള്‍. വയല്‍വരമ്പിലൂടെ ഒരു മധ്യവയസ്‌കന്‍ മന്ദംമന്ദം നടന്നുവരുന്നുണ്ട്. അയാളുടെ ചുമലില്‍ ഒരു കുഞ്ഞിരിപ്പുണ്ട്. ആറേഴു വയസ്സു കാണും. രണ്ടു കൈകൊണ്ടും അയാളുടെ കഷണ്ടിത്തല പിടിച്ചിട്ടുണ്ട്. കാലുകള്‍ രണ്ടും ചുമലിനിരുവശവും തൂക്കിയിട്ടിരിക്കുന്നു. കുഞ്ഞ് മെല്ലെ പറഞ്ഞു:
''ഒരു കഥ പറയോ?''
''കുഞ്ഞ് പേടിക്ക്വോ?''
''ഏയ്''
''എന്നാ കേട്ടോ. പണ്ട്, വളരെ പണ്ട് നടന്ന കാര്യമാ. ഏഴുനിലയുള്ള ഒരു സ്വര്‍ണക്കൊട്ടാരം. അതിന്റെ ഏഴാം നിലയില്‍ മാണിക്യക്കല്ലുവാതില്‍ക്കല്‍ ഒരു രാജകുമാരി നില്‍ക്കുന്നു...''
''കൊട്ടാരം പൊന്ന് കൊണ്ടാ?''
''പിന്നല്ലാതെ. അതിന്റെ ചുമരും പടിപ്പുരവാതിലുംകൂടി കട്ടപ്പൊന്ന് കൊണ്ടാ കുട്ടീ.''
ആ രാജകുമാരിയെ കല്യാണം കഴിക്കാന്‍ വന്ന രാജകുമാരന്‍മാര്‍ ആയിരം ശൂലങ്ങളുടെ കുത്തേറ്റു ചോരചിന്തി പിടഞ്ഞുമരിച്ചു. പാവങ്ങള്‍! എങ്കിലും അവളെ ഒരാട്ടിടയന്‍ ഒരിക്കല്‍ കല്യാണം കഴിക്കുക തന്നെ ചെയ്തു!
കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ കുഞ്ഞിനാശ്വാസമായി. അവന്‍ ചിരിച്ചുപോയി. കഥ ഭേഷായി.
കഥകളിനിയുമുണ്ട് ഒട്ടേറെ. കേള്‍ക്കാത്ത അതിമധുരമായ കഥകള്‍. മന്ത്രവാദിക്കുരങ്ങന്റെയും യക്ഷിയുടെയും നാഗകന്യകയുടെയും ഇട്ടിച്ചിരുതയുടെയും മറ്റും മറ്റും..
(എസ്.കെ. പൊറ്റെക്കാട്ട് ജീവിതവും കൃതികളും - പ്രൊഫ. പി. കൃഷ്ണന്‍)

നാട്ടുവഴികളിലൂടെയും വയല്‍വരമ്പുകളിലൂടെയും വാല്യക്കാരന്റെ ചുമലിലിരുന്ന് കഥകേട്ട് സഞ്ചരിച്ച ശങ്കരന്‍കുട്ടി എന്ന കൊച്ചുപയ്യന്‍ വളര്‍ന്നപ്പോള്‍ എസ്.കെ. പൊറ്റെക്കാട്ട് എന്ന ലോകസഞ്ചാരിയായത് സ്വാഭാവികം. കണ്ട കാര്യങ്ങള്‍ മനോഹരമായ ഭാഷയില്‍ രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല. അങ്ങനെ കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും നൈല്‍ നദിക്കരയിലെയും കഥകള്‍ മലയാളി അറിഞ്ഞുതുടങ്ങി. മൂന്ന് ഭൂഖണ്ഡങ്ങള്‍ ചുറ്റിസഞ്ചരിച്ച് കണ്ട കാഴ്ചകള്‍ 2700 പുറങ്ങളിലായി എസ്.കെ. പൊറ്റെക്കാട്ട് എഴുതിത്തീര്‍ത്തു. ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊന്നുമില്ലാത്ത കാലത്ത് എസ്.കെ.യുടെ എഴുത്തിലൂടെയാണ് കേരളം ലോകത്തെ പരിചയപ്പെട്ടത്.

വിദൂരദേശങ്ങളിലെ യാത്രകളെപ്പോലെത്തന്നെ സ്വന്തം നാട്ടിലൂടെയുള്ള കാല്‍നടസഞ്ചാരവും ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു എസ്.കെ. എന്നത് കുടുംബാംഗങ്ങള്‍ക്കും ഉറ്റസുഹൃത്തുക്കള്‍ക്കും മാത്രമറിയുന്ന കാര്യം. അതിരാവിലെ എഴുന്നേറ്റ് ബസ് സ്റ്റാന്‍ഡില്‍ ചെന്ന് ഒട്ടും പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കുള്ള ബസ്സില്‍ കയറി ടിക്കറ്റെടുക്കുക. അവിടെയിറങ്ങി വഴിക്കു കാണുന്നവരോടു കുശലം പറഞ്ഞും നാട്ടുകിസ്സകള്‍ കേട്ടും കുറേദൂരം നടക്കുക. പത്തുമണിയാകുമ്പോഴേക്ക് നടത്തം നിര്‍ത്തി അടുത്തുകാണുന്ന ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്കുള്ള ബസ് പിടിക്കുക... ഇതായിരുന്നു രീതി. എവിടെച്ചെന്നാലും ആ പ്രദേശത്തെ ചായക്കടയില്‍ കയറി അല്പനേരമിരിക്കാതെ മടങ്ങാറില്ല. നാട്ടുമ്പുറത്തെ വാര്‍ത്തകളും വിശേഷങ്ങളും ചൂടോടെ അറിയാന്‍ അതിലും നല്ലൊരു സ്ഥലമില്ല. കോഴിക്കോട്ടാണെങ്കിലും തൃശ്ശൂരാണെങ്കിലും കോട്ടയത്താണെങ്കിലും രാവിലത്തെ നടത്തം തുടര്‍ന്നു. യാത്രയ്ക്കിടയില്‍ കണ്ട മനുഷ്യരെയും സഞ്ചരിച്ച വഴികളെയും കഴിച്ച ഭക്ഷണത്തെക്കുറിച്ചുമെല്ലാം ഡയറിയില്‍ വിസ്തരിച്ചെഴുതിയശേഷമേ അന്നുരാത്രി ഉറങ്ങുകയുള്ളൂ. ഇങ്ങനെയറിഞ്ഞ പല സംഭവങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും എസ്.കെ.യുടെ പില്‍ക്കാല രചനകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ആ ഡയറിക്കുറിപ്പുകള്‍ പരിശോധിച്ചാല്‍ പഴയ ഗ്രാമീണ ജീവിതവ്യവസ്ഥകളെക്കുറിച്ചുള്ള മനോഹരങ്ങളായ ചിത്രം ലഭിക്കും. കേരളത്തെ നടന്നുകണ്ടറിയാന്‍ ശ്രമിച്ച എസ്.കെ.യുടെ ദിനസരിക്കുറിപ്പുകളിലൂടെ ഒരു യാത്ര...

1960, ഫിബ്രവരി 22. മാഹി

രാവിലെ ആറര മണിക്ക് ഇറങ്ങി. പുലര്‍വെളിച്ചം പുറപ്പെടുന്നേയുള്ളൂ. പള്ളിമൂലയില്‍നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ വണ്ടി പ്ലാറ്റ്‌ഫോറത്തില്‍ നില്ക്കുന്നുണ്ടായിരുന്നു. കിഴക്കേ പാടത്തിറങ്ങി കടവിനു നേര്‍ക്ക് നടന്നു. പയറും വെണ്ടയും നട്ടു പിടിപ്പിച്ച പാടങ്ങള്‍. തവിട്ടുനിറമുള്ള ബ്ലൗസ് ധരിച്ച ഒരു യുവതി മരമേട്ടികൊണ്ട് ഒറ്റയ്ക്ക് കട്ടയുടച്ചുകൊണ്ടിരുന്നു. കടവിലെത്തി. മെലിഞ്ഞ് വിഷാദച്ഛായ കലര്‍ന്ന മുഖവുമായി ഒരു പെണ്‍കുട്ടി കടവുതോണിയും കാത്തുനിന്നിരുന്നു. കുട്ടിയെ ചുമലിലെടുത്ത് ഒരു മധ്യവയസ്‌കന്‍ പുഴക്കരയിലൂടെ വന്ന് അവളോട് അന്വേഷിക്കുന്നത്‌കേട്ടു- ''നിന്റെ ഗോപാലന്‍ വന്നില്ലേ?'' വിഷാദത്തോടെ അവള്‍ പറഞ്ഞു: ''ഇല്ല. സമ്മേളനത്തിന്റന്ന് മൈതാനത്ത് കണ്ടു.'' ഒരു തകര്‍ന്ന വിവാഹബന്ധത്തിന്റെ കഥയായിരിക്കാം. പാവം അവള്‍ എന്തോ ഓര്‍ത്ത് നെടുവീര്‍പ്പയച്ചു. കടവുതോണി, അക്കരെനിന്നു പത്തുപന്ത്രണ്ടു പേരെ കയറ്റി വന്നണഞ്ഞു. ചെട്ടിയാരുടെ തുണിക്കെട്ടുകളും രണ്ടു പെട്രോമാക്‌സ് വിളക്കുകള്‍ തൂക്കിപ്പിടിച്ച ഒരു മാപ്പിളച്ചെറുക്കനും കാല്‍മുട്ടിനു കീഴ്‌പ്പോട്ട് മുഴുവനും ചൊറിപിടിച്ചു പുള്ളിച്ചേമ്പിന്‍ തണ്ടുപോലെയായിത്തീര്‍ന്ന ഒരു ചാലിയച്ചെക്കനും അക്കൂട്ടത്തിലുണ്ടായിരുന്നു. അക്കരയ്ക്ക് 'വിരഹിണി'യും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തവിട്ടുനിറമുള്ള സിപ്പ് വെച്ച രോമ സ്വെറ്ററും വെള്ള മുണ്ടുകൊണ്ട് വിസ്തരിച്ച തലക്കെട്ടും കൈക്ക് വിലയേറിയ റിസ്റ്റ് വാച്ചും ധരിച്ച തോണിക്കാരന്‍. (കടവ് ലേലം വിളിച്ചെടുത്തത് അവന്‍തന്നെയായിരിക്കണം)

പുഴയില്‍നിന്ന് കിഴക്കോട്ട് നോക്കിയപ്പോള്‍ കാര്‍മേഘപടലങ്ങള്‍ മൂടി സൂര്യന്റെ കാഴ്ച അലങ്കോലപ്പെട്ടു കിടന്നിരുന്നു. തെളിഞ്ഞ പ്രഭാതങ്ങള്‍ അവസാനിച്ചുതുടങ്ങുന്ന കാലമായെന്നു തോന്നുന്നു.

അക്കരെയെത്തി, കടത്തുകൂലി അരയണയും കൊടുത്തു. പുഴക്കരയിലൂടെ പടിഞ്ഞാറു നടന്നു. വിരഹിണി വടക്കുവശത്തെ വയലുകളുടെ വിശാലതയെ വെട്ടിമുറിച്ചു പോകുന്നു. വലിയ വരമ്പുപാതയെ ലക്ഷ്യമാക്കി നടന്നു തെങ്ങിന്‍തോപ്പിലൂടെ മറഞ്ഞു.
ചകിരി തല്ലുന്ന സ്ഥലം-ചകിരിച്ചവറുകള്‍ തള്ളി തൂര്‍ന്നുകിടക്കുന്ന കുണ്ടുകള്‍ നടവഴിയായിത്തീര്‍ന്നിരിക്കുന്നു. കുറേ നടന്നപ്പോള്‍ പെട്ടെന്ന് ചെങ്കല്‍ക്കുന്ന് വഴിമുടക്കി. കുന്നിന്റെ ഒരു വശത്തുനിന്ന് ചെങ്കല്ലുകള്‍ വെട്ടിപ്പൊളിച്ചെടുത്ത പാടുകളും പിളര്‍പ്പുകളും തെളിഞ്ഞുകാണാം.

മുകളിലേക്ക് ചില പടവുകളും വെട്ടിയുണ്ടാക്കിയിട്ടുണ്ട്. ആ ചുകന്ന് ചെങ്കുത്തായ ചേടിക്കുന്നു കണ്ടപ്പോള്‍, ഇംഗ്ലണ്ടിലെ ഡോവര്‍ തീരത്തെ ചുകന്ന കുന്നുകളെ ഞാന്‍ ഓര്‍ത്തുപോയി.
ഇടവഴികളിലൂടെ കുറുക്കുവഴിക്ക് റെയില്‍പ്പാതയിലെത്തി. അവിടെ പാലത്തിനടുക്കല്‍ പുതിയ പാലയാട് മാഹി ടൗണ്‍ ബസ് പുറപ്പെട്ട് നില്ക്കുന്നുണ്ടായിരുന്നു. അതില്‍ കയറി മാറത്ത് നിബിഡമായി വളര്‍ന്ന രോമങ്ങള്‍ തലോടിക്കൊണ്ട് അര്‍ധനഗ്‌നനായൊരു മധ്യവയസ്‌കന്‍ മാതൃഭൂമി വായിച്ചുകൊണ്ടിരുന്നു- 'പട്ടം മുഖ്യമന്ത്രി; ലീഗ് പുറത്ത് നിന്നു പിന്തുണ' എന്ന വാര്‍ത്ത. മാഹി റോഡ് പാലം വരെ ബസ്സില്‍.

1974, ഫിബ്രവരി 17. തൃശ്ശൂര്‍

ഇന്നു രാവിലെ 5 മണിക്കു സാഹിത്യ അക്കാദമി റൂമില്‍നിന്നുണര്‍ന്നു, അഞ്ചരമണിക്കു നടക്കാനിറങ്ങി. (ബഷീറും സുകുമാര്‍ അഴീക്കോടും മുറിയില്‍ സുഖമായുറങ്ങുന്നുണ്ടായിരുന്നു) ദേവസ്വം ബില്‍ഡിങ്‌സ് റോഡിലൂടെ തിരുവമ്പാടി ക്ഷേത്ര പരിസരത്തിലൂടെ പൂങ്കുന്നത്തെത്തി. റെയില്‍ കടന്നു വയല്‍ക്കരയിലൂടെ നടന്നു. (30 കൊല്ലം മുന്‍പ് എന്‍.വി. കൃഷ്ണവാരിയരും റെയില്‍വേ ഉദ്യോഗസ്ഥന്മാരും ഇവിടെ വാടകവീട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ ഞാന്‍ ഇവിടെ ഒരു രാത്രി ശീട്ടുകളിച്ചു പുലര്‍ത്തിയതും മറ്റും ഓര്‍ത്തു.) ആ വയല്‍ക്കരവീടിന്റെ സ്ഥാനത്ത് വലിയൊരു മണിമാളിക പൊങ്ങിനില്ക്കുന്നു. നടന്നുനടന്നു കാനാട്ടുകരയിലെത്തി. ചെന്നുചേര്‍ന്നത് കേരളവര്‍മ കോളേജിന്റെ മുന്‍പിലാണ്. അയ്യന്തോള്‍ സിവില്‍ ലൈന്‍സിലേക്കു വഴിയന്വേഷിച്ചു. തെക്കോട്ട് ഒരിടവഴി ഒരാള്‍ കാട്ടിത്തന്നു. ആ വഴിക്കു പോകാതെ വടക്കോട്ട് ഒരു റോഡിലൂടെ കുറെ നടന്നു, ഒരിടവഴിയിലൂടെ പ്രവിശാലമായ കാനാട്ടുകര പാടത്തുചെന്നു ചാടി (അതിനു മുന്‍പ് ശങ്കരംകുളങ്ങര ഭഗവതിക്ഷേത്രം കണ്ടു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education