അവസാനത്തെ 'ഭരത്' അഥവാ ഭരത് ഗോപി
29 Jan 2013
ജനുവരി 29- അഭിനയമാന്ത്രികന് ഭരത് ഗോപി ഓര്‍മയായിട്ട് 5 വര്‍ഷം. സത്യന് അന്തിക്കാടിന്റെ ഓര്മ.
ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു അദ്ദേഹം. ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോള്‍ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോള്‍ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആണ് അദ്ദേഹം.
ഭാവങ്ങളുടെ ഗൂഢമായ സന്തുലിതത്വമാണ് അഭിനയം. ഇത് വലിയ നടന്മാര് അവരുടെ അസാധാരണമായ ആത്മസിദ്ധിയിലൂടെ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു. ഒരു നടനോ നടിയോ അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ അപരരാവുകയാണ്. തന്റെ ആത്മഭാവത്തെ, പഴയ ബുദ്ധസന്ന്യാസി ചെയ്തതുപോലെ, കോപ്പയില്‍നിന്ന് ആദ്യമേ കാലിയാക്കുന്നു. ഒഴിഞ്ഞ കോപ്പയില്‍ അനുഭവത്തിന്റെ പുതിയ ചൂടും മധുരവും നിറയ്ക്കുന്നു. ഒരുപക്ഷേ, ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അഭിനയിക്കുന്നയാള്‍ തീവ്രമായ ഒരു ഏകാന്തതയിലൂടെ കടന്നുപോകുന്നു. ക്യാമറാമാനും സംവിധായകനും മുമ്പില്‍ മറ്റേതൊക്കെയോ ഭാവപ്പകര്‍ച്ചകളോടെ നില്ക്കാന് വിധിക്കപ്പെട്ട അഭിനേതാക്കള്‍, ഒരുപക്ഷേ, ജീവിതത്തെ മറ്റാര്‍ക്കും കഴിയാത്തവിധം തന്നില്‍ പലതായി അനുഭവിച്ചുതീര്‍ക്കുന്നു. മറ്റൊരു തൊഴിലും ഇവ്വിധമുള്ള തീക്ഷ്ണവും വൈവിധ്യവുമാര്‍ന്ന മേഖലയിലൂടെ കടന്നുപോകുന്നില്ല.
'കൊടിയേറ്റ'ത്തിലെ ശങ്കരന്‍കുട്ടിയും 'യവനിക'യിലെ തബലിസ്റ്റ് അയ്യപ്പനും ഒരാളാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. അത്രയേറെ വൈരുധ്യമുണ്ട് ആ കഥാപാത്രങ്ങള്‍ക്ക്. നേരിട്ടു പരിചയപ്പെട്ടാല്‍ ഇതുരണ്ടും ഗോപി എന്ന വ്യക്തിയാണെന്നു വിശ്വസിക്കാനും. ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു ഗോപിച്ചേട്ടന്. അതിനുശേഷം ദേശീയ അവാര്‍ഡ് നേടിയവരെ പഴയ ഓര്‍മയില്‍ ഭരത് എന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോള്‍ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോള്‍ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആണ് അദ്ദേഹം.
മദിരാശിയില്‍ വെച്ചാണ് ഗോപിച്ചേട്ടനെ ഞാനാദ്യം കാണുന്നത്. ഒരു ഫിലിം ഫെസ്റ്റിവലില്‍വെച്ചായിരുന്നു അത്. കൊടിയേറ്റത്തിന്റെ പ്രദര്‍ശനത്തിനുമുമ്പ് സുന്ദരമായ കഷണ്ടിയുടെ പിറകിലെ നീണ്ടമുടി കൈകൊണ്ട് ഒതുക്കി, ആള്‍ക്കൂട്ടത്തിനിടയിലൂടെ ആരെയും കൂസാതെ നടന്നുപോയ ആളെ കാണിച്ച് എന്റെ സുഹൃത്ത് പറഞ്ഞു: ''അയാളാണ് സിനിമയിലെ നായകന്''. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ നായകനെ നേരിട്ടുകണ്ടൊന്ന് അഭിനന്ദിക്കാന്‍ ആവേശമായി. പക്ഷേ, ആ പരിസരമാകെ തിരഞ്ഞിട്ടും ആളെ കണ്ടുകിട്ടിയില്ല. സാധാരണഗതിയില്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഫെസ്റ്റിവലിനെത്തിയിട്ടുണ്ടെങ്കില് പടം കണ്ട് ഇറങ്ങി വരുന്ന വാതിലിനടുത്തുതന്നെ നില്‍പ്പുണ്ടാവും; 'എന്നെ അഭിനന്ദിച്ചോളൂ' എന്ന ഭാവത്തോടെ. കൊടിയേറ്റത്തിലെ നായകനെ അന്വേഷിച്ചുനടന്നവരൊക്കെ അന്ന് നിരാശരായി. ഒരാളെയും കാണാതെ ഒരു സ്നേഹപ്രകടനങ്ങള്‍ക്കും നില്‍ക്കാതെ അദ്ദേഹം എങ്ങോട്ടോ മുങ്ങിക്കളഞ്ഞിരുന്നു.
തബലിസ്റ്റ് അയ്യപ്പനായി വീണ്ടും അദ്ദേഹത്തെ തിരശ്ശീലയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. തികച്ചും മറ്റൊരാള്‍തന്നെ. അഭിനയത്തില്‍, ശരീരഭാഷയില്‍-ഒക്കെ വിശ്വസിക്കാനാവാത്ത മാറ്റം. കഥാപാത്രങ്ങളാല്‍ ടൈപ്പുചെയ്യപ്പെടുക എന്ന ദുരന്തത്തെ സ്വന്തം പ്രതിഭകൊണ്ട് മറികടന്ന നടനാണ് ഗോപി. 'കള്ളന് പവിത്ര'നിലെ മാമച്ചനെ കണ്ടാല്‍ തോന്നുമോ, 'യവനിക'യിലൂടെ നമ്മെ പേടിപ്പിച്ച രൂപമാണതെന്ന്? 'കാറ്റത്തെ കിളിക്കൂടി'ലെ ഷേക്സ്പിയര് കൃഷ്ണപ്പിള്ളയ്ക്ക് മാമച്ചനുമായി വല്ല സാമ്യവുമുണ്ടോ?
'അപ്പുണ്ണി'യിലെ അയ്യപ്പന്‍നായരായി ഗോപിയെ നിശ്ചയിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ നേരിട്ടു പരിചയമില്ലായിരുന്നു. ജോണ്‍പോളായിരുന്നു മീഡിയേറ്റര്‍. ഷൂട്ടിങ്ങിന് പുറപ്പെടുംമുമ്പ് അന്നത്തെ യുവ സംവിധായകനെ കാണാനിടയായി. അദ്ദേഹത്തിന്റെ സിനിമയില്‍ ഗോപി അഭിനയിച്ചിട്ടുണ്ട്. ഗോപിയാണെന്ന് 'അപ്പുണ്ണി'യിലെ ഒരു പ്രധാനവേഷം ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ സംവിധായകന് പറഞ്ഞു- 'സൂക്ഷിക്കണം. നല്ല നടനാണ്. പക്ഷേ, അതിനേക്കാള്‍ നല്ല അഹങ്കാരിയുമാണ്. സത്യന് മാനേജുചെയ്യാന്‍ പറ്റുമോ എന്നറിയില്ല.'' സത്യമായും ഞാനൊന്നു ഭയന്നു. ഷൂട്ടിങ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതീവ ശ്രദ്ധയോടെ ആസ്വദിച്ചു ചെയ്യുന്ന ജോലിയാണ്. സഹകരിക്കാത്ത ഒരാളുണ്ടായാല്‍ മതി-മനസ്സമാധാനം നഷ്ടപ്പെടും. ഗോപി അഹങ്കാരിയാണെങ്കില്‍, ആര്‍ക്കറിയാം, എങ്കില്‍, അതിനുള്ള കാരണങ്ങളും ഞാന്‍ കണ്ടുപിടിച്ചു.
കമേഴ്സ്യല്‍ സിനിമയോട് പുച്ഛമാണ് എന്നതായിരിക്കാം ഒന്നാമത്തെ കാര്യം. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ വിശ്വപ്രശസ്തനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ച ആളായതുകൊണ്ട് നമ്മുടെ രീതികളുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. നിര്‍മാതാവ് രാമചന്ദ്രനും ജോണ്‍പോളും ധൈര്യം തന്നു.
''ഒരു പ്രശ്നമുണ്ടാവില്ല''
എങ്കിലും മനസ്സിലൊരു 'പരിച'യുമായാണ് ഞാന്‍ ലൊക്കേഷനിലേക്കു തിരിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്നു രാത്രി ഏറെ വൈകി, നെടുമുടി വേണുവിനോടൊപ്പമാണ് ഗോപി വന്നത്. അതുകൊണ്ട് ഷൂട്ടിങ്സെറ്റില്‍ വെച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടല്‍. കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊടുത്ത് മേക്കപ്പ്മാനും കോസ്റ്റ്യൂമര്‍ക്കും നിര്‍ദ്ദേശം നല്കി. ഞാന്‍ എന്റെ ജോലികളിലേക്കുനീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മേക്കപ്പ്മാന് പാണ്ഡ്യന് ഓടിയെത്തി ആദ്യത്തെ വെടിപൊട്ടിച്ചു.
''ഗോപിസാര്‍ മീശയെടുക്കാന്‍ സമ്മതിക്കുന്നില്ല.''
''അതെന്താ?''
''അതറിയില്ല. മീശയെടുക്കാന്‍ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു''. ഞാന്‍ സംശയാലുവായി. ഗോപി അഹങ്കാരിയാണെന്നു പറഞ്ഞ സംവിധായകന്റെ മുഖം മനസ്സില്‍ തെളിഞ്ഞു. തുടക്കത്തില്‍തന്നെ ഇങ്ങനെയായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്തായിരിക്കും സ്ഥിതി?
ചെന്നുനോക്കുമ്പോള്‍ അയ്യപ്പന്‍നായരുടെ കുപ്പായം മാത്രമിട്ട് മേക്കപ്പിടാതെ ഗോപി ഇരിക്കുന്നു.
നാട്ടിന്‍പുറത്തെ ആ ചായക്കടക്കാരന് മീശയില്ലാത്ത ഒരു മുഖമാണ് എന്റെ മനസ്സില്‍. മീശയെപ്പറ്റി ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അദ്ദേഹം പറഞ്ഞു- ''മീശയെടുക്കാന്‍ പറ്റില്ല.'' തര്‍ക്കിക്കാന്‍ പോയില്ല.
''എന്നാലിന്ന് വിശ്രമിച്ചോളൂ. നമുക്ക് നാളെ തുടങ്ങിയാല്‍ മതി'' എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. നിര്‍മാതാവ് രാമചന്ദ്രനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു.
''ശരിയാവില്ല. അടൂര്‍ഭാസിയുടെ ഡേറ്റുണ്ടോ എന്ന് വിളിച്ചു ചോദിക്കൂ''. അപകടം മണത്തറിഞ്ഞ് നെടുമുടി എത്തി. കാര്യം കേട്ടപ്പോള്‍ വേണു ഒരൊറ്റ ചിരി. ''എനിക്കറിയാമായിരുന്നു. ഇതിങ്ങനെതന്നെ സംഭവിക്കുമെന്ന്''. വേണു വിശദീകരിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ഷൂട്ടിങ്ങിന് കോഴിക്കോട്ടേക്കുള്ള കാര്‍യാത്രയ്ക്കിടയില്‍ വടക്കാഞ്ചേരിയിലെത്തിയപ്പോള്‍ അവര്‍ ഭരതന്റെ വീട്ടിലൊന്നു കയറി. 'കാറ്റത്തെ കിളിക്കൂടി'ന്റെ കുറച്ചു സീനുകള്‍ ബാക്കിയുണ്ടായിരുന്നു. മൂന്നു നാലു ദിവസത്തെ വര്‍ക്ക്. അതുകൊണ്ട് ഭരതേട്ടന് ഗോപിയോടു പറഞ്ഞു-
''ദയവായി മീശയെടുക്കരുത്. കണ്ടിന്യൂവിറ്റിയാണ്. ഗോപിയുടെ ഒരുപാടു ക്ലോസ് ഷോട്ടുകള്‍ എടുക്കാനുള്ളതാണ്. സത്യനോട് അതൊന്നു പറയണം''.
ആ പറഞ്ഞതാണ് നേരത്തേ കണ്ടത്. അഹങ്കാരമല്ല, ഗോപിയേട്ടന്റെ ഒരു രീതിയാണത്. ചോദിച്ചപ്പോള്‍ ഒരു ഭാവവ്യത്യാസവും കൂടാതെ അദ്ദേഹം അതുതന്നെ പറഞ്ഞു.
''മീശയിലെന്തെങ്കിലും വ്യത്യാസം വരുത്തിയാല്‍ ഭരതന് കുഴഞ്ഞുപോകും അതുകൊണ്ടാ.''
എന്റെ മനസ്സ് തണുത്തു. അയ്യപ്പന് നായരുടെ രൂപത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പം കേട്ടപ്പോള്‍ എന്തുചെയ്യാം എന്ന് ഗോപിച്ചേട്ടനും ആലോചിച്ചുതുടങ്ങി. ഒടുവില്‍ അദ്ദേഹം പറഞ്ഞു-
''അയ്യപ്പന്‍നായര്‍ക്ക് ഞാനൊരു രൂപമുണ്ടാക്കട്ടെ?'' പാണ്ഡ്യനെയും വിളിച്ച് അദ്ദേഹം അകത്തേക്കു പോയി. അരമണിക്കൂറിനുള്ളില്‍ സിനിമയിലെ അയ്യപ്പന് നായരായി അദ്ദേഹമെന്റെ മുമ്പില്‍ വന്നുനിന്നു. ''പേരാറുപടവീട്ടിലെ അംഗമായതിന്റെ വീറാണ് ഈ മീശ''.
അദ്ദേഹം മീശയൊന്നു പിരിച്ചുവെച്ചു.
Tags :