ഡ്രാക്കുളയുടെ പിതാവ്

08 Nov 2012

ഏപ്രില്‍ 20- ലോകവായനസമൂഹത്തെ ഭീതിയുടെ കാര്‍പാത്യന്‍ മലനിരകളിലേക്ക് ഡ്രാക്കുള എന്ന നോവലിലൂടെ വലിച്ചുകൊണ്ട് പോയ ബ്രാംസ്‌റ്റോക്കര്‍ ഓര്‍മയായിട്ട് 103 വര്‍ഷം.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ അബ്രഹാം ബ്രാംസ്‌റ്റോക്കര്‍ 1847 നവംബര്‍ 8-ന് അയര്‍ലന്റിലെ ക്ലോന്‍ടാര്‍ഫിലാണ് ജനിച്ചത്. അബ്രഹാം എന്നതിന്റെ ചുരുക്കപ്പേരാണ് ബ്രാം. എഴ് മക്കളില്‍ മൂന്നാമത്തെ മകനായിരുന്നു ബ്രാംസ്റ്റോക്കര്‍ .

'ഡ്രാക്കുള : ചെകുത്താന്റെ പുത്രന്‍ '

'ഡ്രാക്കുള' വാങ്ങാം

ഏഴാം വയസ്സ് തൊട്ട് മാറാരോഗവ്യാധി പിടിപെട്ട് എട്ട് വര്‍ഷത്തിലേറെക്കാലം കിടപ്പിലായ ബ്രാംസ്റ്റോക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അവശ്വസനീയമായിരുന്നു. അസുഖബാധിതനായി കിടക്കുന്ന സമയത്ത് ജീവിതത്തിനപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് താന്‍ ചിന്തിക്കുക പതിവായിരുന്നെന്ന് ബ്രാംസ്റ്റോക്കര്‍ പറയുന്നു. സാധാരണജീവിതങ്ങളിലേക്ക് അസാധാരണമായ കഥകളും കൊണ്ട് വിറപ്പിക്കാനുള്ള തീരുമാനം ബ്രാംസ്റ്റോക്കറിലുണ്ടായത് അങ്ങനെയാവണം.

1870-ല്‍ കണക്കിലും ചരിത്രത്തിലും ഫിസിക്‌സിലും ഓണേഴ്‌സ് ബിരുദം നേടിയ ബ്രാംസ്‌റ്റോക്കര്‍ ഏറെക്കാലം ഡബ്ലിന്‍ കാസിലില്‍ സിവില്‍സര്‍വ്വീസില്‍ ജോലി ചെയ്തു. ഡബ്ലിനില്‍ വെച്ചാണ് സാഹിത്യരചനകള്‍ തുടങ്ങുന്നത്. അവിടെ എട്ടുവര്‍ഷക്കാലം ജോലി ചെയ്തു. ദി ക്രിസ്റ്റല്‍ കപ്പ്, ദി ചെയിന്‍ ഓഫ് ഡെസ്റ്റിനി, ദി ഡ്യൂട്ടീസ് ഓഫ് ക്ലാര്‍ക്ക് ഓഫ് പെറ്റി തുടങ്ങിയ പുസ്തകങ്ങള്‍ രചിക്കുന്നത് അവിടെ വെച്ചാണ്. ഇതിനിടയില്‍ ഡബ്ലിനിലെ ഈവനിംഗ് ഡെയിലിയില്‍ തീയറ്റര്‍വിമര്‍ശകനായും പ്രവര്‍ത്തിച്ചു. പ്രശസ്ത നടന്‍ ഹെന്റി ഇര്‍വിങ്ങുമായുള്ള സൗഹൃദം രൂപപ്പെടുന്നത് അങ്ങനെയാണ്.

1878-ല്‍ ബ്രാംസ്റ്റോക്കര്‍ ഫ്‌ളോറന്‍സ് ബാല്‍കോമ്പെയിനെ വിവാഹം ചെയ്തു. വിഖ്യാത എഴുത്തുകാരനായിരുന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ മുന്‍കാമുകിയായിരുന്നു ഫ്‌ളോറന്‍സ്. ഫ്‌ളോറന്‍സിനെ ജീവിതസഖിയാക്കുവാന്‍ ബ്രാംസ്റ്റോക്കറിന് ഓസ്‌കാര്‍ വൈല്‍ഡുമായി ചെറുതല്ലാത്ത വിധം ഏറ്റുമുട്ടേണ്ടിയും വന്നു.

വിവാഹശേഷം സ്‌റ്റോക്കര്‍ ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേക്ക് പോയി. അവിടെ ഇര്‍വിങിന്റെ ലൈസീയം തീയേറ്ററിന്റെ ബിസിനസ് മാനേജറായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇര്‍വിങ്ങിലൂടെ ലണ്ടനിലെ മുഖ്യധാരഎഴുത്തുകാരും പ്രഭുക്കന്മാരും ബ്രാംസ്റ്റോക്കറിന്റെ സുഹൃത്തുക്കളായി. ബ്രാംസ്റ്റോക്കറിന്റെ ജീവിതം മാറ്റിമറിച്ചത് ഇര്‍വിങ് തന്നെയാണെന്ന് പറയാം. ഇര്‍വിങ്ങിനോടൊപ്പം വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യുവാന്‍ ബ്രാംസ്റ്റോക്കറിന് സാദ്ധ്യമായി. ഇര്‍വിങിന്റെ മരണം ബ്രാംസ്‌റ്റോക്കറിന് കനത്ത ആഘാതമായിരുന്നു.

തന്റെ മാസറ്റര്‍ പീസ് നോവലിന്റെ പശ്ചാത്തലമായ കിഴക്കന്‍യൂറോപ്പില്‍ യാത്ര പോകുവാന്‍ ബ്രാംസ്റ്റോക്കറിന് അവസരം കിട്ടിയില്ല.

1890-ല്‍ പുറത്തിറങ്ങിയ ദി സ്‌നേക്കസ് പാസ്സ് എന്ന നോവലിന് ശേഷമാണ് ബ്രാംസ്‌റ്റോക്കറിന്റെ വിഖ്യാതരചന ഡ്രാക്കുള പുറത്തിറങ്ങുന്നത്. ഡ്രാക്കുള എഴുതുന്നതിന് മുമ്പ് ഹങ്കേറിയന്‍ എഴുത്തുകാരനും യാത്രികനുമായ അര്‍മിന്‍ വമ്പേരിയുമായി കൂടിക്കാഴ്ച നടത്താന്‍ ബ്രാംസ്റ്റോക്കറിന് അവസരമുണ്ടായി. കാര്‍പാത്യന്‍ മലനിരകള്‍ അടിസ്ഥാനമാക്കി അര്‍മിന്‍ വമ്പേരി എഴുതിയ ഭീകരകഥകളില്‍ നിന്നാണ് ഡ്രാക്കുള ബ്രോംസ്‌റ്റോക്കറിലേക്ക് കത്തിപ്പടരുന്നത്.

ദി ഷോള്‍ഡര്‍ ഓഫ് ശാസ്ത, ദി മാന്‍ , ദി ജ്യുവല്‍ ഓഫ് സെവന്‍ സ്റ്റാര്‍സ്, പേഴ്‌സണല്‍ റെമിനിസെന്‍സസ് ഓഫ് ഹെന്റി ഇര്‍വിങ്‌സ്, ദി ലെയര്‍ ഓഫ് ദി വൈറ്റ് വേം, അണ്ടര്‍ ദി സണ്‍സെറ്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനകൃതികളില്‍ പെടുന്നു.

1912 ഏപ്രില്‍ 20ന് ലണ്ടനില്‍ വെച്ച് ബ്രാംസ്റ്റോക്കര്‍ ഓര്‍മയായി.

'ഡ്രാക്കുള : ചെകുത്താന്റെ പുത്രന്‍ '- പി.പി.രവീന്ദ്രന്‍ എഴുതിയ ലേഖനം വായിക്കാം
'ഡ്രാക്കുള' വാങ്ങാം
Tags :
Print
SocialTwist Tell-a-Friend