ഇ.എം.എസ്: ചിത്രങ്ങള്‍, പ്രതീതികള്‍

രവീന്ദ്രന്‍

31 Oct 2012

നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്താണ് സ്‌കൂളിലേക്കുള്ള വഴിയില്‍ പൊതുകിണറിന്റെ ആള്‍മറഭിത്തിയില്‍ ഇ.എം.എസ്സിന്റെ ഒരു ചിത്രം ആദ്യമായി കാണുന്നത്. തുറന്നു ചിരിച്ചുകൊണ്ടുള്ള, കണ്ണാടിയില്ലാത്ത, അസ്വാഭാവികമായി മുഖാകൃതി സ്വല്പം നീണ്ട മട്ടില്‍ കാണുന്ന, ആ മുഖചിത്രം ഐക്യകേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയതിനെത്തുടര്‍ന്നായിരുന്നു കിണര്‍ച്ചുമരിന്മേല്‍ പ്രത്യക്ഷപ്പെട്ടത്. ആ പഴയ ചിത്രസ്മൃതിക്കും എ.കെ.ജി. സെന്ററില്‍ ഒരുവശത്ത് കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖഭരിതമായ സാന്നിധ്യത്തിനും മറുവശത്ത്, അവിചാരിതമായി അനാഥരാക്കപ്പെട്ടവരെന്നപോലെ നിലവിളിച്ചും തേങ്ങിയും നടന്നുപോയ അനുയായികളുടെ അവിരാമമായ നിരയ്ക്കും ഇടയില്‍, കഴുത്തറ്റം ചുകപ്പു പതാകയാല്‍ മൂടപ്പെട്ടും ഒരു അന്ത്യയാത്രാനിബന്ധത്തില്‍ നിശ്ചലമാക്കപ്പെട്ടും മരണത്താല്‍ ദൂരീകരിക്കപ്പെട്ടും ഛായ ഒടുങ്ങിയും കണ്ട ഇ.എംന്റെ മുഖാകൃതിക്കും ഇടയ്ക്ക്, എന്റെ ഓര്‍മയില്‍ അദ്ദേഹത്തിന്റെ അനേകം ബിംബങ്ങളുണ്ട്. കാലത്തിനു കുറുകെ, തലങ്ങും വിലങ്ങും രശ്മികള്‍ വീശിനില്ക്കുന്ന പ്രതിബിംബങ്ങള്‍.

ഇ.എം.എസ്സിനെയും അദ്ദേഹത്തിന്റെ കാലത്തെയും കുറിച്ച് എട്ട് ഉപാഖ്യാനങ്ങളില്‍ തീരുന്ന ഒരു ഹ്രസ്വ ഖണ്ഡശഃ നിര്‍മിക്കുവാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ടായിരുന്നു. കുറെയേറെ ചിത്രീകരിക്കുകയും ചെയ്തു. ഇ.എംനെ വളരെ വര്‍ഷമായി പരിചയമുണ്ടെങ്കിലും അദ്ദേഹത്തെ ഒരു പ്രമേയപുരുഷനായി, കഥാപുരുഷനായി നിരീക്ഷിക്കുവാനിടവന്നത് ഈ ഖണ്ഡശഃ ചിത്രീകരണവേളയിലാണ്. ക്യാമറയുടെ യാന്ത്രികമായ കാര്യക്ഷമതയിലൂടെ കാണുമ്പോള്‍ ഇ.എംന്റെ രീതികളും സമ്പ്രദായങ്ങളും വിശേഷമാണ്. അദ്ദേഹത്തിന്റെ കണിശമായ ദിനചര്യാക്രമങ്ങള്‍, ആഹാരവിധങ്ങള്‍, വിശ്രമം, വായന, ആളുകളുമായുള്ള സമ്പര്‍ക്കം, യാത്രകള്‍, കണ്ടുമുട്ടലുകള്‍ എന്നിവയ്‌ക്കെല്ലാം
നേരത്തേ വിചാരിച്ചുറച്ചവയെന്നപോലെയുള്ള സുനിശ്ചിതത്വവും സ്​പഷ്ടതയുമുണ്ടായിരുന്നു. ഓരോ ദൃശ്യമാത്രകളും ഏതോ പൂര്‍വാപരബന്ധങ്ങളെ
പരാമര്‍ശിക്കുന്ന ചരിത്രബിംബങ്ങളായി സ്വയം അര്‍ഥംകൊള്ളുകയും പ്രതീതികള്‍ ഉളവാക്കുകയും ചെയ്യുന്നു.

ഒരിക്കല്‍ വടക്ക് മാഹിവരെ ചെന്ന ഒരു യാത്രയില്‍ ഞങ്ങള്‍ ക്യാമറയുമായി ഇ.എംനെ അനുഗമിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പൊതുസമ്മേളനം, മാഹിയില്‍ ചിത്രകലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ഡി.വൈ.എഫ്.ഐ. സമ്മേളനം എന്നിങ്ങനെ എന്തെല്ലാമോ പരിപാടികള്‍. എക്കാലവും ഇ.എം.എസ്സിനോട് ജനനിബിഡമായും ആഘോഷമായും പ്രതികരിക്കുന്ന ഒരു മൈതാനമാണ് മുതലക്കുളം. അന്ന് അവിടെ കൂടിയ സമ്മേളനത്തിന് അമ്പതുകളിലും മറ്റും നടന്ന കമ്യൂണിസ്റ്റ് മഹാസമ്മേളനങ്ങളുടെ ഉത്കടതയുണ്ടായിരുന്നു; വേദിയില്‍വെച്ച് ഇം.എം. ആരംഭകാല സഹപ്രവര്‍ത്തകനായ സഖാവ് പി.കെ. ബാലകൃഷ്ണനെ കണ്ടു. ഇരുവരും കൈ പിടിച്ച് ഒരു നിമിഷം പരസ്​പരം മുഖംനോക്കിനിന്നു. വിസ്മയപൂര്‍വമായ ഒരു മന്ദഹാസത്തോടെ ഇ.എംന്റെ മുഖം വികസിച്ചു. വര്‍ത്തമാനം വലുതായില്ല. ബാലേട്ടന്റെ മുഖത്തും ഒരു പതിഞ്ഞ ചിരി ദീര്‍ഘിച്ചു. ഇരുവരും ഏതാണ്ട് സമപ്രായക്കാരാണ്. പിന്നീട് അടുത്തെത്തുവാനും കാഴ്ചയില്‍പ്പെടുവാനും വ്യഗ്രതപ്പെടുന്ന ജനക്കൂട്ടത്തിനു മധ്യത്തിലേക്ക് ഒരു പാട്രിയാര്‍ക്കിന്റെ സൗമനസ്യത്തോടെ വേണുവിന്റെ കൈകളില്‍ തൂങ്ങി ഇ.എം. വേദിയിറങ്ങി. രാത്രി ഗസ്റ്റ്ഹൗസില്‍ പകര്‍ച്ച വന്ന അത്താഴം. വായന, ഉറക്കം. പിറ്റേന്നു വീണ്ടും യാത്ര. മാഹിയില്‍, എന്തുകൊണ്ടെന്നറിയില്ല ഒരു ക്ഷേത്രമുറ്റത്തായിരുന്നു, ചിത്രകാരന്മാരുമായി കൂടിക്കാഴ്ച. അവിടെവെച്ച് ചിത്രകാരന്‍ നമ്പൂതിരി ഇ.എംന്റെ ഒരു ഛായാചിത്രം വരച്ചു. ഏതാനും നിമിഷങ്ങള്‍ വലിയ കൗതുകത്തോടെ ഇ.എം. നമ്പൂതിരിക്കു മുന്നില്‍ മോഡലായി ഇരുന്നു. ഇടയ്ക്ക് കൈതപ്രം വന്നു പരിചയപ്പെട്ടു. ഇ.എം.എസ്. ചിരിച്ചു. വായ തുറന്ന് അദ്ഭുതംകൂറുന്ന അതേ ചിരിതന്നെ. തിരിച്ചറിഞ്ഞു; മനസ്സിലായില്ലല്ലോ, കണ്ടതില്‍ സന്തോഷം എന്നിങ്ങനെ എന്തുമാവാം ആ ചിരി. തന്റെ വഴിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പലപ്പോഴും ആകസ്മികവും ആനുഷംഗികവും ആയ കാര്യങ്ങളെങ്കിലും ഇ.എംന്റെ പ്രവേശനത്തോടെ അവ പൂര്‍വനിശ്ചിതങ്ങളെന്നതുപോലെ സുതാര്യവും സ്വച്ഛവും ആയി മാറുന്നു. സീക്വന്‍സുകള്‍ എന്ന നിലയ്ക്ക് വിശേഷാല്‍ എഡിറ്റിങ് പോലും ആവശ്യമില്ലാത്ത സ്വാശ്രിതരൂപകങ്ങളായി അവ തന്മയീഭവിക്കുന്നു.

ഞങ്ങളുടെ മറ്റു ചില തിരക്കുകളും ഇ.എംന്റെ അസൗകര്യങ്ങളും കാരണം ഖണ്ഡശഃ പൂര്‍ത്തിയായില്ല. നേരത്തേ ഇ.എംനെക്കുറിച്ചൊരു ഹ്രസ്വചിത്രം അരവിന്ദനും തുടങ്ങിയിരുന്നു. മറ്റൊരു പദ്ധതി ഷാജിക്കും ഉണ്ടായിരുന്നു.

എല്ലാം അല്പസ്വല്പം ചിത്രീകരണങ്ങള്‍ക്കു ശേഷം നിര്‍ത്തിവെച്ചു. തന്റെ ചില സിനിമകള്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ (ജി. കൃഷ്ണമൂര്‍ത്തി, സ്മിതാപാട്ടീല്‍) മരിക്കുന്നതു കണ്ട അരവിന്ദന്‍, അത്തരമൊരു ദുര്‍നിമിത്തത്തിന്റെ ആവര്‍ത്തനം ഭയന്നാണ് തന്റെ ഇ.എം.എസ്. ചിത്രം പൂര്‍ത്തിയാക്കാന്‍ മടിച്ചത്.
സാഹിത്യത്തിലെയും ചിത്രകലയിലെയും മറ്റും അത്യാധുനികപ്രവണതകളെക്കുറിച്ച് ഇ.എം.എസ്സിനു സന്ദേഹങ്ങളുണ്ടായിരുന്നു. ഭാഷയും ഇതര
മാധ്യമങ്ങളും വിനിമയകാര്യത്തില്‍ ക്ലിഷ്ടവും ജടിലവുമായിക്കൊണ്ടിരിക്കുന്നതിനെ അദ്ദേഹം അവിശ്വസിച്ചു. എങ്കിലും ഈ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹത്തിനു ചില തിരിച്ചറിവുകള്‍ ഉണ്ടായിരുന്നു. മാര്‍ക്‌സിസം ഒരു പാഠപുസ്തകം എന്ന ഇ.എംന്റെ പുസ്തകത്തിന്റെ ഉത്പാദനച്ചുമതലയുമായാണ് ചിന്തയുമായി ഞാന്‍ ആദ്യം ബന്ധപ്പെടുന്നത്. സി.എന്‍. കരുണാകരനും ഞാനും ചേര്‍ന്നായിരുന്നു പുസ്തകത്തിന്റെ കവര്‍ചിത്രത്തെക്കുറിച്ച് ആലോചിച്ചത്. പരിമിതമായ ഒരുതരം സ്ഥൂലരേഖയില്‍ മാര്‍ക്‌സിന്റെ താടിരോമങ്ങള്‍ പെരുപ്പിച്ചും ശൈലീകരിച്ചും വരച്ച മാര്‍ക്‌സിന്റെ ഒരു ശിരോസൂചനയായിരുന്നു ചിത്രം. പുസ്തകം അച്ചടിച്ചുവന്നപ്പോള്‍ ദേശാഭിമാനിയിലെയും ചിന്തയി
ലെയും പല സുഹൃത്തുക്കള്‍ക്കും പഥ്യമായില്ല. മാര്‍ക്‌സിനെ ഞാന്‍ ഹിപ്പിയാക്കി എന്നവര്‍ ആരോപിച്ചു. ഞാന്‍ അന്നു മുടി വളര്‍ത്തി നടന്ന കാലമായിരുന്നു. എന്നാല്‍ പുസ്തകം കണ്ട ഇ.എം. കവര്‍ അസ്സലായിരിക്കുന്നുവെന്നു പറഞ്ഞു. ആ അഭിപ്രായപ്രകടനമാണ് പിന്നീട് സി.എന്‍. കരുണാകരനെ ചിന്തയുമായി അടുപ്പിക്കുവാനും ചിന്ത വിശേഷാല്‍പ്രതിയുടെ ഒരു സ്ഥിരം കവര്‍ ചിത്രകാരനായി അദ്ദേഹം മാറുവാനും ഇടയായത്. പിന്നീടൊരിക്കല്‍ കരുണാകരന്റെ ഒരു പ്രദര്‍ശനം ഇ.എം.എസ്. എറണാകുളത്തു ചെന്ന് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.

രാധയും ഗുപ്തനും അനിയനും ശശിയും മറ്റുമായുള്ള സൗഹൃദംവഴിയാണ് എനിക്ക് ഇ.എംന്റെ കുടുംബവുമായുള്ള പരിചയം. രാധയും ഗുപ്തനും
വിവാഹം കഴിഞ്ഞു മാറിത്താമസിച്ചുതുടങ്ങിയപ്പോള്‍, മുന്‍കാലങ്ങളില്‍ ഞാന്‍ തിരുവനന്തപുരത്തു ചെല്ലുമ്പോള്‍, അവര്‍ക്കൊപ്പമായിരുന്നു താമസിക്കുക പതിവ്. പിന്നീടും ഏതു നേരവും ചെല്ലാവുന്നതും ചെല്ലുന്നതുമായ ഒരു സുഹൃദ്ഭവനമാണ് എനിക്കത്. ഒട്ടും കറപുരളാത്ത വിസ്മയകരമായ മനസ്സും വിചാരങ്ങളുമുള്ള രാധയുടെ അമ്മ (ആര്യ അന്തര്‍ജനം) യുമായി കുടുംബത്തെക്കുറിച്ചും ആനുകാലികങ്ങളിലെ തുടര്‍ക്കഥകളെക്കുറിച്ചും ടെലിവിഷന്‍ പരിപാടികളെക്കുറിച്ചും തെല്ലുനേരം വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് ഉന്മേഷപ്രദമാണ്.

മദ്യപിക്കുന്നത് ഇ.എംന് വിരോധമായിരുന്നു. ആരും മദ്യപിച്ച് അദ്ദേഹത്തിനു മുന്നില്‍ ചെല്ലാറില്ല. എന്നാല്‍ ഞാന്‍ ചിലപ്പോള്‍ മദ്യപിച്ച് അദ്ദേഹത്തിനു മുന്നില്‍ ചെന്നുപെട്ടിട്ടുണ്ട്. തമാശയായി ലാഘവമനസ്‌കനായി എന്റെ മദ്യപാനത്തെക്കുറിച്ച് അതിശയോക്തീകരിച്ച കഥകള്‍ മക്കള്‍ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടായിരുന്നു. അതെല്ലാം ഇ.എം. വിശ്വസിച്ചിരുന്നതായും സംശയമുണ്ട്. കോട്ടയത്തുവെച്ച് സുരേഷ്‌കുറുപ്പിന്റെ വിവാഹദിവസം. വിവാഹം കഴിഞ്ഞ്, ഊണു കഴിക്കുവാന്‍ കുടമാളൂരിലെ അമ്മയുടെ വീട്ടിലേക്കു പോകുമ്പോള്‍ ഇ.എംന്റെ കുടുംബത്തോടൊപ്പം ഞാനും ഉണ്ടായിരുന്നു. അന്ന് ഇ.എംന്റെ ഒരു പിറന്നാള്‍ ആയിരുന്നുവെന്നാണ് ഓര്‍മ. കുടമാളൂര്‍ക്കുള്ള വഴിയില്‍ ഒരിടത്ത് കടമ്മനിട്ട നില്ക്കുന്നതു കണ്ട്, ഊണാവുമ്പോഴേക്കും എത്തിക്കോളാം എന്നു പറഞ്ഞ് ഞാന്‍ കാറില്‍നിന്നിറങ്ങി. ഇനി ഞാനെത്തുന്നത്
തലതിരിഞ്ഞാവുമെന്ന് അനിയനും കൂട്ടരും പറഞ്ഞുകാണണം, ഉച്ചയോടെ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ രാവിലെത്തന്നെ മദ്യപിച്ചുതുടങ്ങുമോ എന്ന് ഇ.എം. വിസ്മയപൂര്‍വം എന്നോടു ചോദിച്ചു. ഞാന്‍ മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നില്ല. അതുപോലെ ഞാന്‍ കൂടക്കൂടെ യാത്രകളിലാണെന്നും കോയമ്പത്തൂരിലെ എന്റെ വീട്ടില്‍ വല്ലപ്പോഴുമാണ് ചെല്ലുന്നതെന്നും രാധയും ഗുപ്തനും പറഞ്ഞുകേട്ടാവണം എന്റെ ദാമ്പത്യം ഉദാസീനമാണെന്ന് ഇ.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education